വാര്‍ധക്യത്തിലും മണ്ണില്‍പൊന്നുവിളയിച്ച് വര്‍ക്കിചേട്ടന്‍
Thursday, June 12, 2014 1:47 PM IST
വാഴക്കുളം:വൃക്ഷലതാതികളെ പരിപാലിക്കുന്നതില്‍ 82-ാം വയസിലും ആനന്ദം കണ്െടത്തുകയാണ് കാവന ചുണ്ടംതടത്തില്‍ വര്‍ക്കി ഐപ്പ്. കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന വിപ്ളവകരമായ മാറ്റങ്ങളെല്ലാം പരീക്ഷിച്ചറിയുന്ന കാര്യത്തില്‍ ഇപ്പോഴും അതീവ തത്പരനായ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ഇല്ലാത്ത കൃഷികള്‍ ചുരുക്കമാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും മറ്റുഫലവൃക്ഷങ്ങളും കൃഷിചെയ്യുന്നകാര്യത്തില്‍ മറ്റുകര്‍ഷകര്‍ക്ക് മാതൃകയായി മാറുകയാണ് അദ്ദേഹം.

ഏഴു പതിറ്റാണ്ടുനീണ്ട കാര്‍ഷിക വൃത്തിയില്‍ കാലോചിതമായ മാറ്റങ്ങളെല്ലാം പരീക്ഷിച്ചറിഞ്ഞ് അരനൂറ്റാണ്ടിനപ്പുറത്തെ പച്ചില വളം, രാസവള-കീടനാശിനി പ്രയോഗത്തില്‍ നിന്ന് ഏറെ വ്യതിചലിച്ച് സീറോ ബജറ്റ് കൃഷിയില്‍ ഇന്ന് എത്തിനില്‍ക്കുകയാണ്. എഴുപത്തിയഞ്ചാംവയസില്‍ മികച്ച കര്‍ഷകനുള്ള ആവോലി കൃഷിഭവന്റെ അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയതോടൊപ്പം പ്രായം കൂടിയ ഏറ്റവും മികച്ച കര്‍ഷകനായി ഇന്‍ഫാം ഇദ്ദേഹത്തെ ആദരിച്ചിരുന്നു.ഒന്നരവര്‍ഷം മുന്‍പ് ടിഷ്യൂകള്‍ച്ചര്‍ പൂവന്‍വാഴ കൃഷിയില്‍ സമീപകാലത്തെ റിക്കാര്‍ഡ് നേട്ടവും കൈവരിച്ചിരുന്നു. പത്തടി ഉയരവും 54 കിലോതൂക്കവുമുള്ള പൂവന്‍ കുല സീറോ ബജറ്റ് കൃഷിയിലൂടെ ഉത്പ്പാദിപ്പിച്ചാണ് ഇദ്ദേഹം പ്രശംസനേടിയത്.മെയിന്‍ റോഡില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ സ്ഥലനഷ്ടമില്ലാതെയും ചെലവുകുറച്ചും വലിയൊരു ആദായ മാര്‍ഗം കണ്െടത്തിയിരിക്കുകയാണ് ഇപ്പോള്‍. കരിങ്കല്‍ കെട്ടിനുപുറത്തുനിന്ന് പാഷന്‍ഫ്രൂട്ട് ചെടികള്‍ വളര്‍ത്തി വഴിക്ക് തണലേകുന്നതിനു പുറമെ മികച്ച വിളവും നേടാമെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു.

തൈനട്ട് ഒന്‍പതുമാസം കൊണ്ട് പാഷന്‍ഫ്രൂട്ട്വളര്‍ന്ന് വഴിയില്‍ പന്തലിച്ചുനില്‍ക്കുന്നത് കൌതുകമായ കാഴ്ചയാണ്.വഴിയുടെ ഇരുവശവും തൂണുറപ്പിച്ച് മുകളില്‍ കമ്പിവല സ്ഥാപിച്ച് ബലപ്പെടുത്തിയാണ് ഇവയ്ക്ക് വളരാന്‍ സാഹചര്യമൊരുക്കിയിരിക്കുന്നത്. രണ്ടുമാസം കഴിയുമ്പോള്‍ വഴിനിറയെ മേല്‍വിരിപ്പില്‍ മഞ്ഞബള്‍ബുകള്‍ തെളിയുന്നതുപോലെ പഴം വിളയുന്നതിനുള്ള കാത്തിരിപ്പിലാണ് ഈ കര്‍ഷകന്‍. വൈറ്റമിന്‍ സിയുടെ കലവറയായ പാഷന്‍ഫ്രൂട്ട് നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധം കൂടിയാണ്.മാര്‍ക്കറ്റില്‍ കിലോയ്ക്ക് 40 മുതല്‍ 100 രൂപ വരെ വിലയും ലഭിക്കും. ചോലയില്ലാത്ത വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് പാഷന്‍ഫ്രൂട്ട് കൃഷി ചെയ്യാമെന്നും വര്‍ക്കിചേട്ടന്‍ പറയുന്നു.കൃഷിയില്‍ നിന്നും ഓടിയൊളിക്കുന്ന യുവതലമുറയ്ക്ക് വര്‍ക്കിച്ചേട്ടന്‍ മാതൃകയാണ്.
Loading...