ജനതാപരിവാര്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നു; പുതിയ പാര്‍ട്ടി സമാജ്വാദി ജനതാദള്‍
Thursday, December 4, 2014 5:30 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ജനതാപരിവാറിലെ അഞ്ചു പാര്‍ട്ടികള്‍ ലയിച്ച് ഒന്നാകാനാണ് തീരുമാനമായിരിക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് സുപ്രധാനമായ തീരുമാനം ഉണ്ടായത്. സമാജ്വാദി ജനതാദള്‍ എന്ന പേരിലാവും പുതിയ പാര്‍ട്ടി അറിയപ്പെടുക. ഒന്നിച്ചുനീങ്ങാന്‍ നേരത്തെ വിവിധ ജനതാപാര്‍ട്ടികള്‍ തമ്മില്‍ ധാരണയായിരുന്നു. ഇതിനുപിന്നാലെയാണ് ഒറ്റപാര്‍ട്ടിയെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.

മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി(എസ്പി), ശരത് യാദവും നിതീഷ്കുമാറും നേതൃത്വം നല്‍കുന്ന ജനതാദള്‍ -യുണൈറ്റഡ്(ജെഡിയു), എച്ച്.ഡി.ദേവഗൌഡ നേതൃത്വം നല്‍കുന്ന ജനതാദള്‍ -സെക്കുലര്‍ (ജെഡിഎസ്), ലാലുപ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), ഓംപ്രകാശ് ചൌട്ടാല നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) എന്നീ പാര്‍ട്ടികളാണ് ഒന്നാവുന്നത്. ലയനം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നതിന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ യോഗം നിയോഗിച്ചു. ജനതാപരിവാര്‍ പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായെന്ന് ജനാതദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ പറഞ്ഞു. വിദേശ ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ജനതാപാരിവാര്‍ പാര്‍ട്ടികള്‍ വരുന്ന 22 ന് യോജിച്ച് പ്രക്ഷോഭം നടത്തും.

ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികളുടെ ലയനം കേരളത്തിലെ മുന്നണി സമവാക്യങ്ങള്‍ക്കും മാറ്റം വരുത്തും. 2009 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ലഭിക്കാത്തതിനാല്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ വന്ന എം.പി. വിരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ് ജനതാദളും എല്‍ഡിഎഫില്‍ തന്നെ മാത്യു. ടി. തോമസിന്റെ നേതൃത്വത്തില്‍ തുടര്‍ന്ന ജനതാദള്‍ സെക്യുലറും ദേശീയ തലത്തിലെ ജനതാ പാര്‍ട്ടികളുടെ ലയനത്തോടെ ഒന്നാകേണ്ട സ്ഥിതിയാണ് കേരളത്തില്‍ വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളും ലയിച്ച് ഇടതു പക്ഷത്തു എത്തുവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമസഭയില്‍ നേരിയ ഭൂരിപക്ഷത്തിലെത്തും.