മുതിര്‍ന്ന കമ്യൂണിസ്റ് നേതാവ് പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു
Monday, March 28, 2016 8:51 PM IST
കൊച്ചി: സ്വാതന്ത്യ്ര സമരസേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ് നേതാവും പ്രശസ്ത എഴുത്തുകാരനുമായ പയ്യപ്പിള്ളി ബാലന്‍ (91) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കളമശേരി ഏരിയ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അബുദാബി ശക്തി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളി പോലീസ് സ്റേഷന്‍ ആക്രമണക്കേസിലും പിന്നീട് അടിയന്തരാവസ്ഥയിലും തടവിലാക്കപ്പെട്ടു.

ആലുവ അദ്വൈതാശ്രമം സംസ്കൃതപാഠശാല വിദ്യാര്‍ഥിയായിരിക്കെ 13-ാം വയസ്സില്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ചാണ് പൊതുരംഗത്ത് എത്തിയത്. പിന്നീട് ഇടപ്പള്ളി ഇംഗ്ളീഷ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1942 ഓഗസ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും പങ്കാളിയായി. 1945ല്‍ ആലുവ യുസി കോളേജില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായി. ഇടപ്പള്ളി സംഭവവും ഈ കേസിലെ പ്രതികള്‍ തടവറയില്‍ അനുഭവിച്ച പീഡനങ്ങളും വിവരിച്ച 'ആലുവാപ്പുഴ പിന്നെയും ഒഴുകി' ആണ് പയ്യപ്പിള്ളി ബാലന്റെ പ്രധാന കൃതി. 'ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍', 'മായാത്ത സ്മരണകള്‍ മങ്ങാത്ത മുഖങ്ങള്‍(രണ്ടുഭാഗം)', 'പാലിയം സമരകഥ', 'പൊരുതിവീണവര്‍', 'സ്റാലിന്റെ പ്രസക്തി', ചരിത്രം പൊളിച്ചെഴുതുകയോ, എന്നീ പുസ്തകങ്ങളും രചിച്ചു.

പരേതയായ ശാന്താദേവിയാണ് ഭാര്യ. മക്കള്‍: ഡോ. ജ്യോതി (തൃപ്പൂണിത്തുറ അനുഗ്രഹ ക്ളിനിക്), ബിജു(കെല്‍), ദീപ്തി (റിനൈ മെഡിസിറ്റി). മരുമക്കള്‍: ആര്‍.എസ്.ശ്രീകുമാര്‍(കൊച്ചി റിഫൈനറി), വി.എ.ശ്രീകുമാര്‍(അബുദാബി), സന്ധ്യ(കെല്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.