പടക്ക വിൽപന: ഡൽഹിയിൽ 29 പേർ അറസ്റ്റിൽ
Tuesday, October 17, 2017 2:37 PM IST
ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ പടക്ക വിൽപന നടത്തിയതിന് 29 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ 1,200 കിലോയിലേറെ പടക്കം കണ്ടെടുത്തെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തെ ദീപാവലി ആഘോഷങ്ങ‍ൾക്ക് ഇത്തവണ പടക്ക വിൽപന പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഇതേത്തുടർന്നാണ് വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തിയത്.

പരിശോധനയുടെ ഭാഗമായി 15 കടകൾ അടപ്പിക്കുകയും ചെയ്തെന്നാണ് വിവരം. അതേസമയം, അതിവേഗമുള്ള നടപടി തങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിയത്. നവജാത ശിശുക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

പടക്കങ്ങൾ വിൽക്കുന്നതിന് 2016ൽ ഏർപ്പെടുത്തിയ വിലക്ക് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കോടതി പിൻവലിച്ചിരുന്നു. ഈ നടപടി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വീണ്ടും വിലക്കേർപ്പെടുത്തിയത്. ആഘോഷവേളകളിൽ പടക്കം കത്തിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിന് ഒരു കമ്മീഷനെയും കോടതി നിയോഗിച്ചിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...