ഫോണ്‍ ചോർത്തുന്നുവെന്ന മുകുൾ റോയിയുടെ ഹർജി തള്ളി
Wednesday, December 13, 2017 7:02 AM IST
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ തന്‍റെ ഫോണ്‍ ചോർത്തുന്നുവെന്ന് ആരോപിച്ച് മുൻ തൃണമൂൽ കോണ്‍ഗ്രസ് എംപിയും ബിജെപി നേതാവുമായ മുകുൾ റോയി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മുകുൾ റോയിയുടെ ഹർജിയിൽ ബംഗാൾ ഡിജിപി, കോൽക്കത്ത പോലീസ് കമ്മീഷണർ, കുറ്റാന്വേഷണ വിഭാഗം എന്നിവരോട് കോടതി വിശദീകരണം തേടിയിരുന്നു. മുകുൾ റോയിയുടെ ഫോണ്‍ പോലീസ് ചോർത്തുന്നില്ലെന്ന് പോലീസ് സത്യവാങ്മൂലം നൽകിയതോടെയാണ് ഹർജി കോടതി തള്ളിയത്. അടിസ്ഥാനമില്ലാത്ത തെറ്റായ പരാതിയാണ് മുകുൾ റോയി നൽകിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

അടുത്തിടെ എംപി സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്ന മുകുൾ റോയി മാസങ്ങളായി തന്‍റെ ഫോണ്‍ മമത സർക്കാർ ചോർത്തുന്നുവെന്നാണ് ആരോപണം ഉന്നയിച്ചത്. തൃണമൂൽ കോണ്‍ഗ്രസുകാർ അല്ലാത്ത നിരവധി പേരുടെ ഫോണ്‍ മമത സർക്കാർ ചോർത്തുന്നുണ്ടെന്നാണ് മുകുൾ റോയിയുടെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...