ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും
Thursday, December 14, 2017 7:04 PM IST
തിരുവനന്തപുരം: ഒരാഴ്ചക്കാലം തലസ്ഥാന നഗരത്തിൽ കാഴ്ചയുടെ വിരുന്നൊരുക്കിയ രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. ഇനി സുവർണ്ണ-രചത-ചകോര അവാർഡുകൾ ഏതു സിനിമക്കായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പ്. ഇത്തവണ പ്രമേയത്തിനു പുറമെ പുതുമയുള്ള ആവിഷ്കാരവും സിനിമകളെ ആകർഷകമാക്കി.

കണ്‍ട്രി ഫോക്കസ്, ഹോമേജ്, റീസ്റ്റോർഡ് ക്ലാസിക്സ്, കണ്ടംപററി മാസ്റ്റേഴ്സ് ഇൻ ഫോക്കസ് തുടങ്ങിയ വിഭാഗങ്ങളിലായി 65 രാജ്യങ്ങളിൽ നിന്നുള്ള 190 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചത്. ഏഷ്യൻ ഫിലിംസ് അവാർഡ്സ് അക്കാഡമി ക്യുറേറ്റ് ചെയ്ത ഏഷ്യൻ സിനിമ വിഭാഗവും മലയാള സിനിമയിലെ പെണ്ണിടങ്ങൾ ചർച്ച ചെയ്ത അവൾക്കൊപ്പം എന്ന വിഭാഗവും ഇത്തവണത്തെ മേളയുടെ സവിശേഷതയായിരുന്നു.

വൈകുന്നേരം ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊകുറോവിന് മന്ത്രി എ.കെ. ബാലൻ സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.