കോണ്‍ഗ്രസ് വോട്ട് തേടുന്നത് വികസനത്തിനും മതേതരത്വത്തിനും: കെ.ജെ.ജോർജ്
Saturday, April 21, 2018 5:44 PM IST
ബംഗളൂരു: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വികസനത്തിനും മതേതരത്വത്തിനുമാണ് കോണ്‍ഗ്രസ് വോട്ട് തേടുന്നതെന്ന് കർണാടക നഗരവികസനമന്ത്രി കെ.ജെ. ജോർജ്. രാജ്യത്ത് എല്ലാവിഭാഗം ജനങ്ങളേയും ഉൾക്കൊള്ളുന്ന ഏക രാഷ്ട്രീയപാർട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷത്തെ സിദ്ധരാമയ്യ സർക്കാരിന്‍റെ വികസനനേട്ടങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. ഇത്രമാത്രം വികസനം നടപ്പാക്കിയ ഒരു സർക്കാരും കർണാടകയിൽ ഉണ്ടായിട്ടില്ല. നഗരവികസനത്തിന് മുഖ്യമന്ത്രി മികച്ച സഹകരണമാണു നൽകിയത്.ബംഗളൂരുവിന്‍റെ മുഖഛായ മാറ്റാനാണു പരിശ്രമിച്ചത്. 15,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നഗരത്തിൽ നടത്തിയത്. മിക്ക പദ്ധതികളും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില പദ്ധതികൾ പാതിവഴിയിലാണ്. പദ്ധതി നടത്തിപ്പിലെ നൂലാമാലകളാണ് ഇതിനുകാരണം. പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാനുള്ള നടപടികൾക്ക് അടുത്ത സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിച്ചുകൊണ്ടുപോകാൻ കോണ്‍ഗ്രസിനേ കഴിയൂ. വിവിധ ഭാഷക്കാരും വിവിധ ജാതികളിലും മതങ്ങളിലും പെട്ടവരും ഐക്യത്തോടെ രാജ്യത്തിന്‍റെ വികസനത്തിനും നന്മയ്ക്കുമായി പ്രവർത്തിക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസാണ്. കാഷ്മീർ മുതൽ കന്യാകുമാരിവരെ വേരോട്ടമുള്ളതും കോണ്‍ഗ്രസിനു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയുടെ വികസനത്തിനാണ് താൻ പ്രഥമ പരിഗണന നൽകുന്നത്. മന്ത്രി എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളേയും പരിഗണിച്ചാണ് പ്രവർത്തിച്ചത്. അതിനാൽ ഈ തെരഞ്ഞെടുപ്പിലും എല്ലാവരുടേയും പിന്തുണ കിട്ടുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്. കോണ്‍ഗ്രസ് കൂടുതൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും. താൻ തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും ജോർജ് പറഞ്ഞു.

കർണാടകയിലെ ശക്തനായ കോണ്‍ഗ്രസ് നേതാവാണ് മലയാളിയായ കെ.ജെ. ജോർജ്. കോട്ടയം ചിങ്ങവനം കേളചന്ദ്ര കുടുംബാംഗമായ ജോർജ് കുടക് മേഖലയിലെ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്തുവളർന്നത്. 1968-ൽ കോണ്‍ഗ്രസിൽ ചേർന്ന ജോർജ് പിറ്റേവർഷം ഗോണിക്കുപ്പ് ടൗണ്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി. 1973ൽ കൂർഗ് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായി. 1975ൽ കർണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് ട്രഷററായ അദ്ദേഹം 1982ൽ യൂത്ത് കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും 1985ൽ സംസ്ഥാന കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയുമായി.

1985ൽ ഭാരതിനഗർ മണ്ഡസത്തിൽനിന്ന് എംഎൽഎ ആയ ജോർജ് വീരേന്ദ്ര പാട്ടീൽ, ബങ്കാരപ്പ മന്ത്രിസഭകളിൽ മന്ത്രിയായി. 2013-ൽ സർവജ്ഞനഗർ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥി പദ്മനാഭ റെഡ്ഡിയെയാണ് പരാജയപ്പെടുത്തിയത്. സിദ്ധരാമയ്യ സർക്കാരിൽ 2015 ഒക്ടോബർ വരെ ആഭ്യന്തരമന്ത്രിയായിരുന്നു ജോർജ്. ജി. പരമേശ്വരയെ മന്ത്രിസഭയിലെടുക്കാൻ തീരുമാനിച്ചപ്പോൾ ആഭ്യന്തരം വകുപ്പ് അദ്ദേഹത്തിനു നൽകി. ബംഗളൂരു നഗരവികസവും ടൗണ്‍ പ്ലാനിഗുമായി പിന്നീട് ജോർജിന്‍റെ വകുപ്പ്.

ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടർന്ന 2016 ജൂലൈയിൽ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും സെപ്റ്റംബറിൽ മന്ത്രിസഭയിൽ തിരിച്ചെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുപ്പക്കാരനായാണ് ജോർജ് അറിയപ്പെടുന്നത്.

സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.