ചഹലിന് ആറ് വിക്കറ്റ്; ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം
Friday, January 18, 2019 12:10 PM IST
മെൽബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് 231 റണ്‍സ് വേണം. പരന്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് 48.4 ഓവറിൽ 230 റണ്‍സിന് കൂടാരം കയറി.

ആറ് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹലാണ് ഓസീസിനെ തകർത്തത്. 10 ഓവറിൽ 42 റണ്‍സ് വഴങ്ങിയായിരുന്നു ചഹലിന്‍റെ നേട്ടം. ഇതോടെ മെൽബണ്‍ ഗ്രൗണ്ടിലെ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനം എന്ന അജിത് അഗാർക്കറുടെ റിക്കോർഡിന് ഒപ്പമെത്താനും ചഹലിന് കഴിഞ്ഞു.

ഓപ്പണർ അലക്സ് കാരി, നായകൻ ആരോണ്‍ ഫിഞ്ച് ഓപ്പണിംഗ് സഖ്യത്തെ മൂന്നാം മത്സരത്തിലും നിലയുറപ്പിക്കാൻ ഭുവനേശ്വർ കുമാർ അനുവദിച്ചില്ല. ഇരുവരെയും 27 റണ്‍സ് സ്കോർ ബോർഡിൽ വരുന്നതിനിടെ ഭുവി മടക്കിയയച്ചു. പതിവ് പോലെ രക്ഷാപ്രവർത്തനം ഏറ്റെടുത്ത കവാജ-ഷോണ്‍ മാർഷ് സഖ്യം മൂന്നാം വിക്കറ്റിൽ 73 റണ്‍സ് കൂട്ടിച്ചേർത്തു.

എന്നാൽ 39 റണ്‍സ് നേടിയ മാർഷിനെയും 34 റണ്‍സ് നേടിയ കവാജയെയും ഒറ്റ ഓവറിൽ വീഴ്ത്തി തുടങ്ങിയ ചഹൽ ഓസീസിനെ പിടിച്ചുകെട്ടി. പിന്നാലെ വന്ന സ്റ്റോയിനസിനെയും (10) വീഴ്ത്തി ചഹൽ ഓസീസിന് കൂടുതൽ സമ്മർദ്ദം നൽകി. ആക്രമണ മൂഡിൽ ക്രീസിലെത്തിയ മാക്സ്‌വെൽ 19 പന്തിൽ 26 റണ്‍സ് നേടിയെങ്കിലും ഷമിക്ക് മുന്നിൽ വീണു.

ഇതിനിടെ ക്ഷമയോടെ നിലയുറപ്പിച്ച പീറ്റർ ഹാൻഡ്സ്കോം അർധ സെഞ്ചുറി പൂർത്തിയാക്കി. ഏഴാം വിക്കറ്റിൽ ജയ് റിച്ചാർഡ്സണെ (16) കൂട്ടുപിടിച്ച് ഹാൻഡ്സ്കോം 45 റണ്‍സ് കൂട്ടിച്ചേർത്തതിനാൽ ഓസീസ് സ്കോർ 200 കടന്നു.

58 റണ്‍സ് നേടിയ ഹാൻഡ്സ്കോമും റിച്ചാർഡ്സണും ചഹലിന് മുന്നിൽ വീണു. ആദം സാംപയെ കൂടി വീഴ്ത്തി ചഹൽ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. ഷമിയും ഭുവനേശ്വറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.