കട്ടച്ചിറയിൽ യാക്കോബായ വിഭാഗം പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്
Friday, March 22, 2019 12:46 PM IST
കായംകുളം: തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയുടെ വാതിൽ തകർത്ത് ഓർത്തഡോക്സ് വിഭാഗം പള്ളിക്കുള്ളിൽ കയറി പ്രാർഥന നടത്തിയ സംഭവത്തിൽ യാക്കോബായ വിഭാഗം വൈദികരും വിശ്വാസികളും നടത്തുന്ന പ്രതിഷേധ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച രാവിലെ പത്തിന് ആരംഭിച്ച പ്രതിഷേധമാണ് ഇപ്പോഴും തുടരുന്നത്.

സ്ത്രീകൾ അടക്കമുള്ള വിശ്വാസികളും വിവിധ ഇടങ്ങളിൽ നിന്നെത്തിയ ബിഷപ്പുമാരും വൈദികരും പള്ളിക്ക് സമീപം പ്രാർഥനാ യജ്ഞവുമായി നിലയുറപ്പിച്ചിച്ചിരിക്കുകയാണ്. ഇതിനിടെ കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയുടെ നിയന്ത്രണം രണ്ട് മാസത്തേക്ക് താത്ക്കാലികമായി ജില്ലാ ഭരണകൂടം ഏറ്റെടുത്തതായി കളക്ടർ ഉത്തരവിട്ടു. ആലപ്പുഴ ജില്ലാ കളക്ടർ എസ്.സുഹാസാണ് ഇരുവിഭാഗവുമായി ചർച്ച നടത്തിയശേഷം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഉത്തരവിട്ടത്.

ഈ കാലയളവിൽ ഇരു വിഭാഗത്തിനും പള്ളിയിൽ ആരാധന നടത്താൻ അവകാശമില്ല .ഇടവക അംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ സംസ്ക്കാരത്തിന് പള്ളി തുറന്ന് നൽകും. അടുത്ത ബന്ധുക്കളായ 20 പേർക്ക് പള്ളിയിൽ പ്രവേശിച്ച് സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ അനുവാദം നൽകും. പ്രദേശത്ത് നിരോധനാജ്ഞ തുടരാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

കളക്ടർ നടത്തിയ ചർച്ചയിൽ ഇരു വിഭാഗവും നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ച് നിന്നതോടെയും തെരഞ്ഞെടുപ്പ് കാലഘട്ടവും പരിഗണിച്ചാണ് നിരോധനാജ്ഞ തുടരാൻ തീരുമാനിച്ചത്.

പള്ളിയിൽ പ്രവേശിക്കാൻ കോടതി നൽകിയ അവകാശം സാധ്യമാകുന്നതു വരെയും പള്ളിയിൽ അതിക്രമിച്ചു കടന്ന ഓർത്തഡോക്സ് വിഭാഗത്തിനെതിരേ നടപടി സ്വീകരിക്കുന്നതു വരെയും പ്രതിഷേധം തുടരുമെന്ന് യാക്കോബായ വിഭാഗം വൈദിക സെക്രട്ടറി സ്ലീബാ വട്ടവേലിൽ കോർ എപ്പിസ്ക്കോപ്പ വ്യക്തമാക്കി.

നിരോധനാജ്ഞ നിലനിൽക്കുന്നിടത്ത് 150 ഓളം വരുന്ന ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ വാതിൽ തകർത്ത് അകത്തുകയറി വിശുദ്ധന്മാരുടെ ചിത്രങ്ങൾ തകർക്കുകയും കൊടികളും ഉപകരണങ്ങളും തീയിട്ട് നശിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുകെ ഭദ്രാസനാധിപൻ ബിഷപ്പ് മാത്യുസ് മാർ അന്തിമോസ്, ബിഷപ്പ് ഗീവർഗീസ് മാർ ദിവന്നാസിയോസ്, സഭാ വർക്കിംഗ് കമ്മിറ്റി അംഗം കെ. ഏലിയാസ് എന്നിവർ പ്രാർഥന യജ്ഞത്തിൽ പങ്കെടുത്തു. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര, കായംകുളം ഡിവൈഎസ്പി ആർ. ബിനു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.