സഞ്ജുവിന് ഇന്നും സാധ്യതയില്ല; രാഹുൽ ഓപ്പണറാകും
Friday, December 6, 2019 1:37 PM IST
ഹൈദരാബാദ്: ടീം ഇന്ത്യയുടെ അന്തിമ ഇലവനിൽ സ്ഥാനം നേടാൻ സഞ്ജു സാംസണ്‍ ഇനിയും കാത്തിരിക്കേണ്ടി വരും. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്‍റി-20യിൽ സഞ്ജുവിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരമാണ് സഞ്ജു ടീമിലെത്തിയതെങ്കിലും കളിക്കാൻ അവസരമുണ്ടാകില്ലെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.

ധവാന് പകരം കെ.എൽ.രാഹുൽ ഓപ്പണറാകുമെന്നാണ് സൂചന. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ വിശ്രമത്തിലായിരുന്ന നായകൻ വിരാട് കോഹ്ലി തിരിച്ചെത്തിയതിനാൽ മൂന്നാം നമ്പറിൽ ആരെന്ന കാര്യവും ടീം ഇന്ത്യയ്ക്ക് ചിന്തിക്കേണ്ട. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ എന്നിവരുടെ സ്ഥാനത്തിനും നിലവിൽ ഭീഷണിയില്ല. രണ്ടു പേരും മികച്ച ഫോമിൽ.

മോശം ഫോമിലുള്ള വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ടീം മാനേജ്മെന്‍റിന്‍റെ അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നതിനാൽ സ്ഥാന ചലനമുണ്ടാകില്ല. ബംഗ്ലാദേശിനെതിരായ അവസാന ട്വന്‍റി-20യിൽ തിളങ്ങിയ ശിവം ദുബയ്ക്കും അവസരം ലഭിക്കും. ഇനി ദുബെയ്ക്ക് സ്ഥാനം പോയാൽ ഓൾറൗണ്ടർ എന്ന നിലയിൽ രവീന്ദ്ര ജഡേജ ടീമിലുണ്ട്. ഈ ലൈനപ്പ് പരമ്പരയിൽ പിന്തുടരാൻ ടീം മാനേജ്മെന്‍റ് തീരുമാനിച്ചാൽ ഇന്ത്യൻ ജഴ്സിയിൽ വീണ്ടും കളത്തിലിറങ്ങാൻ സഞ്ജു ഇനിയും കാത്തിരിക്കേണ്ടി വരും.

2015-ലെ സിംബാബ്‌വെ പര്യടനത്തിലാണ് സഞ്ജു ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം നടത്തിയത്. ഒരു മത്സരം മാത്രം കളിച്ച സഞ്ജുവിന് പിന്നീടൊരിക്കലും ടീം ഇന്ത്യ അവസരം നൽകിയില്ല. ബംഗ്ലാദേശ് പരമ്പരയിൽ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിലും കളത്തിലിറക്കിയില്ല. വിൻഡീസിനെതിരായ ടീമിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും ധവാന് പരിക്കേറ്റതോടെ സഞ്ജുവിനെ സെലക്ടർമാർ വിളിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.