കം​ഗാ​രു​ക്ക​ളെ വീ​ഴ്ത്തി ഇ​ന്ത്യ തു​ട​ങ്ങി
Friday, February 21, 2020 6:03 PM IST
സിഡ്നി: വനിതാ ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വപ്ന തുടക്കം. ഉദ്ഘാടന മത്സരത്തിൽ നാല് തവണ ജേതാക്കളും നിലവിലെ ചാമ്പ്യൻമാരുമായ ഓസ്ട്രേലിയയെ ഇന്ത്യ 17 റണ്‍സിന് തോൽപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത് 132 റണ്‍സ് നേടിയ ഇന്ത്യ ബൗളിംഗിൽ ഓസീസിനെ 19.5 ഓവറിൽ 115 റണ്‍സിന് ഓൾഒൗട്ടാക്കി. നാല് ഓവറിൽ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ പൂനം യാദവാണ് വിജയശില്പി. പൂനം കളിയിലെ താരവുമായി.

ഓപ്പണർ അലീസ ഹീലി അടിച്ചു തകർത്തതോടെ ഓസീസിന് മിന്നുന്ന തുടക്കം ലഭിച്ചിരുന്നു. 35 പന്തിൽ 51 റണ്‍സ് നേടിയ അലീസ ആറ് ഫോറും ഒരു സിക്സും നേടി. 55/1 എന്ന ശക്തമായ നിലയിൽ നിന്ന ഓസീസിനെ പൂനം യാദവാണ് കറക്കി വീഴ്ത്തിയത്. മധ്യനിരയിൽ ആഷ്‌ലി ഗാർഡ്നർ 34 പൊരുതിയെങ്കിലും ഓസീസിനെ തോൽവിയിൽ നിന്നും കരകയറ്റാൻ കഴിഞ്ഞില്ല. ഓസീസ് നിരയിൽ മാറ്റാർക്കും രണ്ടക്കം കടക്കാനും കഴിഞ്ഞില്ല.

നേരത്തെ ദീപ്തി ശർമ പുറത്താകാതെ നേടിയ 49 റണ്‍സാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. ജാമിയ റോഡ്രിഗസ് (26), സഫാലി വർമ (29) എന്നിവരും തിളങ്ങി. ഓസീസിനായി ജെസ് ജൊനാസൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.