ന്യൂഡൽഹി: മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത് ചൈനയ്ക്കു നേരെയുള്ള ഡിജിറ്റൽ മിന്നൽ ആക്രമണമായിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ഇതൊരു ഡിജിറ്റൽ മിന്നലാക്രമണമായിരുന്നു- രവിശങ്കർ പ്രസാദ് പറഞ്ഞു. പശ്ചിമ ബംഗാളിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചകളിലൂടെ പ്രശ്നങ്ങൾ സമാധനപരമായി പരിഹരിക്കാം എന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ദുഷ്ടലാക്കോടെ ഇന്ത്യയെ ആരെങ്കിലും നോക്കിയാൽ തക്കതായ മറുപടി നൽകും. നമ്മുടെ 20 ജവാൻമാർ ജീവത്യാഗം നടത്തിയിട്ടുണ്ടെങ്കിൽ ചൈനയുടെ ഭാഗത്ത് നഷ്ടം ഇരട്ടിയാണ്. അവരുടെ ഒരു കണക്കുകളും പുറത്തുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
യുവതലമുറയുടെ ഹരമായ ടിക് ടോക് മൊബൈൽ ആപ്ലിക്കേഷൻ അടക്കം 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഐടി വകുപ്പിലെ 69എ വകുപ്പുപ്രകാരമായിരുന്നു നടപടി.
രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, ദേശീയ സുരക്ഷ എന്നിവയ്ക്കു ഹാനികരമാണു ചൈനീസ് ആപ്ലിക്കേഷനുകളെന്ന് ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടി. ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ദുരുപയോഗം സംബന്ധിച്ചു നിരവധി പരാതികൾ വിവിധ മേഖലകളിൽനിന്നു ലഭിച്ചിരുന്നതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനാണ് ടിക് ടോക്. യുസി ബ്രൗസർ, ഷെയർ ഇറ്റ്, ഹലോ, കാം സ്കാനർ, എക്സെൻഡർ, വി ചാറ്റ്, വെയ്ബോ, വൈറസ് ക്ലീനർ, ക്ലീൻ മാസ്റ്റർ, എംഐ വീഡിയോ കോൾ-ഷവോമി, വിവ വീഡിയോ, ബിഗോ ലൈവ്, വീ ചാറ്റ്, യുസി ന്യൂസ്, ഫോട്ടോ വണ്ടർ, ക്യുക്യു മ്യൂസിക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിമേറ്റ്, വിഗോ വീഡിയോ, വണ്ടർ കാമറ തുടങ്ങിയ ജനപ്രിയ ആപ്പുകൾ നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.