വെഞ്ഞാറമൂട്ടില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു
Friday, February 3, 2023 12:06 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഓടുന്ന കാറിന് തീപിടിച്ചു. അപകടസമയത്ത് കാറില്‍ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ അത്ഭുതകരമായി രക്ഷപെട്ടു.
ഇന്ന് രാവിലെ 8.30ഓടെ വെഞ്ഞാറമൂട് മൈലാക്കുഴിയില്വച്ചാണ് സംഭവം. നിലയ്ക്കാമുക്ക് മോഹന്‍ വില്ലയില്‍ ലിജോയുടെ സാന്‍ട്രോ കാറാണ് കത്തിനശിച്ചത്. ഇയാള്‍ ആറ്റിങ്ങലുള്ള വ്യാപാര സ്ഥാപനത്തിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്.
മുന്‍വശത്ത് നിന്ന് തീ ഉയരുന്ന കണ്ടയുടനെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചിരുന്നു. കുറ്റ്യാട്ടൂര്‍ സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. പൂര്ണഗര്ഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്.