ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ
Tuesday, May 30, 2023 6:45 PM IST
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം അനിൽ കുംബ്ലെ. ഗുസ്തി താരങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് അനിൽ കുംബ്ലെ ആവശ്യപ്പെട്ടു.
മേയ് 28ന് നമ്മുടെ ഗുസ്തിക്കാർക്കുനേരെ ഉണ്ടായ ബലപ്രയോഗത്തെ കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. ശരിയായ സംവാദത്തിലൂടെ എന്തും പരിഹരിക്കാം. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുംബ്ലെ ട്വീറ്റ് ചെയ്തു.
അതേസമയം ബ്രിജ് ഭൂഷണെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് തങ്ങൾ രാജ്യത്തിനായി നേടി മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം പ്രതിഷേധ സമരവുമായി ഇന്ത്യാ ഗേറ്റിലേക്ക് എത്തുമെന്ന് നേരത്തെ ഗുസ്തിതാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് താരങ്ങൾ അറിയിച്ചത്
ഞങ്ങളുടെ കഴുത്തിൽ അലങ്കാരമായി കിടക്കുന്ന ഈ മെഡലുകൾക്ക് ഇനി അർഥമില്ല. അവ തിരിച്ചു നൽകുക എന്നത് ചിന്തിക്കുന്നതു പോലും എന്നെ കൊല്ലുന്നതിന് തുല്യമാണെന്ന് സാക്ഷി മാലിക് പറഞ്ഞിരുന്നു.