കോണ്‍ഗ്രസിൽ തീപ്പൊരി പടർത്തി വീണ്ടും സോളാര്‍ കേസ്
Friday, June 9, 2023 4:57 PM IST
കോട്ടയം: ഏറെനാളുകള്‍ക്കുശേഷം സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയിലേക്ക്. സിപിഐ നേതാവ് സി. ദിവാകരന്റെയും മുൻ ഡിജിപി എ.ഹേമചന്ദ്രന്റെയും പുസ്തകങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളാണു സോളാര്‍ കേസ് വീണ്ടും സജീവമാക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കവും ഇതിനൊപ്പം തലപൊക്കുന്നു.
ദിവാകരന്റെയും ഹേമചന്ദ്രന്റെയും വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നു കെ.സി. ജോസഫും സോളാര്‍ കമ്മീഷനായി ജസ്റ്റീസ് ശിവരാജനെ നിയമിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നതായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും പറഞ്ഞതോടെ കോൺഗ്രസിൽ ഗ്രൂപ്പ് പോരുകൾ സജീവമായേക്കുമെന്നാണു സൂചന. ഗ്രൂപ്പ് സമവാക്യങ്ങളിൽ പൊളിച്ചെഴുത്തും ഉണ്ടായേക്കാം.
ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ജസ്റ്റീസ് ശിവരാജൻ കമ്മീഷനെ നിയമിക്കാന്‍ മുന്‍കൈയെടുത്തത് ആരെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. മധ്യകേരളത്തിൽനിന്നുള്ള ഒരു മന്ത്രിയാണു ജസ്റ്റീസ് ശിവരാജനെ സോളാര്‍ കമ്മീഷനായി നിയമിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
സോളാര്‍ കമ്മീഷനായി ജസ്റ്റീസ് ശിവരാജനെ നിയമിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. മറ്റൊരു ജഡ്ജിയായിരുന്നു മനസില്‍. അദ്ദേഹത്തോട് നേരില്‍ സംസാരിച്ച് അനുവാദവും വാങ്ങിയിരുന്നു.
തന്റെ എതിര്‍പ്പ് മറികടന്ന് ജസ്റ്റീസ് ശിവരാജനെ കമ്മീഷനായി നിയോഗിച്ചു. ഇപ്പോള്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹേമചന്ദ്രന് പുസ്തകത്തിലൂടെ വെളിപ്പെടുത്തിയതെല്ലാം സത്യമാണ്.
കമ്മീഷന് ഉന്നയിച്ച ചോദ്യങ്ങള്‍ ടേംസ് ഓഫ് റഫന്സിലെ കാര്യങ്ങള്‍ വേണ്ടവിധം അന്വേഷിച്ചില്ല. മാംസളമായ ചോദ്യങ്ങളാണു ചോദിച്ചത്. ടേംസ് ഓഫ് റഫന്സിനു പുറത്തേക്കു പോകാന്‍ ആരുടെ പ്രേരണയാണ് ഉണ്ടായതെന്ന് അന്വേഷിക്കണം. സി. ദിവാകരന് പറഞ്ഞത് സത്യമാണ്.
സോളാര്‍ കേസിന്റെ പേരില്‍ നടന്നത് പൊളിറ്റിക്കല്‍ പ്ലേയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത് അറിഞ്ഞിരുന്നില്ല. അറസ്റ്റിനുശേഷമാണു തന്നോട് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പറഞ്ഞത്.
കെ.സി. ജോസഫ്
സോളര്‍ കേസുമായി ബന്ധപ്പെട്ട് ഉയർന്ന വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. വെളിപ്പെടുത്തലുകളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പ്രതികരിച്ചില്ല. രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനു പകരം ഈ വെളിപ്പെടുത്തലുകളെ ലാഘവത്തോടെ തള്ളി.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും താനുമാണ് പ്രതികരണം നടത്തിയത്.
ഒരു പാര്‍ട്ടിയെ ഭരണത്തില്‍നിന്നു താഴെയിറക്കാനും പിണറായി വിജയനെ ഭരണത്തിലേറാനും സഹായിച്ച കേസാണിത്. അന്നുണ്ടായ അപവാദപ്രചാരണങ്ങളാണു ഭരണമാറ്റത്തിനു പിന്നില്‍.
ഉമ്മന്‍ ചാണ്ടിയുടെ സത്യസന്ധതയും സംശുദ്ധമായ പൊതുജീവിതവും വെളിപ്പെടുന്ന അവസരത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിത്. ഇതു പറഞ്ഞത് സിപിഐ നേതാവും കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനുമാണ്.
ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്കാന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നു പരാതിക്കാരിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതല്ലാതെ, സിപിഎം പോലും കൃത്യമായ മറുപടി നല്‍കിയില്ല.