ഡൽഹിയിലെ വായു ഗുണനിലവാരം ബദൽ മാർഗങ്ങൾ നിർദേശിക്കാൻ ആവശ്യപ്പെട്ടു സുപ്രീംകോടതി
Thursday, September 18, 2025 3:17 AM IST
ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാര പ്രശ്നത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് പൂർണനിരോധനം ഏർപ്പെടുത്തുന്നതിനു പകരം ബദൽമാർഗങ്ങൾ നിർദേശിക്കാൻ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് ആവശ്യപ്പെട്ടു സുപ്രീംകോടതി.
നിർമാണപ്രവർത്തനങ്ങൾക്കു നിരോധനം ഏർപ്പെടുത്തുന്നത് ദിവസവേതന തൊഴിലാളികളുടെ ഉപജീവനമാർഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും മറ്റു പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്നും ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ശൈത്യകാലം ആരംഭിക്കുന്പോൾ രാജ്യതലസ്ഥാനത്ത് പതിവായ വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന് ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ (ഗ്രാപ്പ്) നടപ്പാക്കുകയാണു പതിവ്. ഇതുപ്രകാരം ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾ അടക്കമുള്ളവയ്ക്ക് നിശ്ചിതകാലത്തേക്കു നിരോധനം ഏർപ്പെടുത്തും.
ഈ നടപടികൾ നിമിത്തം ബുദ്ധിമുട്ടുന്ന നിർമാണതൊഴിലാളികൾക്കു നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞവർഷം സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ബദൽ മാർഗങ്ങൾ സ്വീകരിക്കാനാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.
അതേസമയം വായുമലിനീകരണ തോത് ഉയർത്തുന്നതിനു കാരണമാകുന്ന വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരേ നടപടി സ്വീകരിക്കുന്നതിനുള്ള ആവശ്യകത കോടതി പറഞ്ഞു. ഇത്തരത്തിൽ വൈക്കോൽ കത്തിക്കുന്നവർക്കെതിരേ ശിക്ഷാനടപടികളെടുക്കുന്നത് ഫലപ്രദമായ പ്രതിരോധമാർഗമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.