മരംമുറി വിവാദത്തിന്റെ പേരിലും കർഷകദ്രോഹം
Thursday, July 8, 2021 12:15 AM IST
നിയമാനുസൃതം മുറിക്കുന്നതിന് അനുമതിയുള്ള വൃക്ഷങ്ങൾ പോലും മുറിച്ചു നീക്കുന്നതിന് കർഷകനെ അനുവദിക്കാതെ കള്ളക്കേസുകൾ എടുത്തു പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം.
നിലവിലുള്ള കർഷകവിരുദ്ധമായ നിയമങ്ങളെ പൂർണമായും പൊളിച്ചെഴുതി പുതിയ നിയമം കർഷകർക്ക് അനുകൂലമായി നിർമിക്കണം എന്നാണ് കർഷകരുടെ ആവശ്യം. 1960 ഭൂപതിവ് നിയമം ഉണ്ടാകുമ്പോഴുള്ള ജീവിതസാഹചര്യങ്ങൾ അല്ല ഇന്ന് കേരളത്തിലുള്ളത്. ഒരു വിഷയത്തിൽ തന്നെ എന്തിനാണ് ഇത്രയും പരസ്പരവിരുദ്ധമായ നിയമങ്ങൾ.
1961 കേരള വനനിയമം വന്നതോടുകൂടി ട്രാവൻകൂർ കൊച്ചിൻ വനനിയമം ഇല്ലാതായി. യാതൊരുവിധ പ്രാദേശിക അടിസ്ഥാനവുമില്ലാതെ പട്ടയം പതിച്ചു നൽകുന്നതിന് ഉപയോഗിച്ച നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ ഭൂമിയുടെ ഉപയോഗത്തിൽ വേർതിരിവ് കൽപ്പിക്കുകയാണ്. ഇത് കർഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമല്ല. പരിസ്ഥിതി പ്രാധാന്യം ഒരു വസ്തുവിന്റെ ഉടമസ്ഥതാ രേഖ അടിസ്ഥാനമാക്കിയല്ല നിശ്ചയിക്കേണ്ടത്. 1964ലെ ചട്ടപ്രകാരമുള്ള ഭൂമിയുടെ തൊട്ടടുത്തു കിടക്കുന്ന ജന്മാവകാശമുള്ള ഭൂമിക്ക് ഇല്ലാത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ അത് ഉടമസ്ഥതാ രേഖയുടെ അടിസ്ഥാനത്തിൽ വസ്തുവിന്റെ ഉപയോഗത്തിനുമേൽ കർഷകരുടെ മുകളിൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.
കർഷകനു കൈവശഭൂമിയിൽ വൃക്ഷം വളർത്തുന്നതിന് പ്രോത്സാഹിപ്പിച്ച നിയമം വന്നത് 2005ലാണ്. ചട്ടം കൊണ്ടുവന്നത് 2006ലും തുടർന്ന് ചട്ടം ഭേദഗതി ചെയ്തത് 2011 ലും ആണ്. 2005ലെ ആക്ടിൽ ആറാം വകുപ്പിൽ കർഷകൻ കൃഷി ചെയ്യുന്ന മരങ്ങൾ മുറിക്കുന്നതിന് കർഷകന് അനുവാദമുണ്ട് എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ, ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിന്നീടു കൊണ്ടുവന്ന ചട്ടത്തിൽ മുറിക്കുന്ന മരങ്ങളുടെ വണ്ണത്തെ സംബന്ധിച്ചു വച്ചിരിക്കുന്ന നിർദേശങ്ങൾ കർഷകന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. 2006ലെ ചട്ടത്തിൽ നാലാം ചട്ടത്തിലും 2011ലെ ചട്ടത്തിന്റെ അഞ്ചാം ചട്ടത്തിലും ഈട്ടിയും തേക്കും മുറിക്കുന്നതിൽ വണ്ണത്തെ സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. അപ്പോൾ നാലു മരങ്ങൾ മുറിക്കാൻ പാടില്ല എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. അടിസ്ഥാനരഹിതമാണ്.
1964ലെ ഭൂപതിവ് ചട്ട പ്രകാരം പതിച്ചു നൽകിയിരിക്കുന്നത് വനഭൂമി അല്ല റവന്യൂ ഭൂമിയാണ്. അതിനുമുകളിൽ വനംവകുപ്പിന് യാതൊരുവിധ അധികാരവുമില്ല.1986 ലെ വൃക്ഷ സംരക്ഷണ നിയമ പ്രകാരം സംരക്ഷിത വിഭാഗങ്ങളിൽ പെടുത്തിയിരിക്കുന്നത് 10 മരങ്ങളാണ്. അത് പരിസ്ഥിതി പ്രാധാന്യം കണക്കാക്കിയല്ല മറിച്ച് ആ വൃക്ഷങ്ങളുടെ മാർക്കറ്റ് വില മാത്രം കണക്കാക്കിയാണ്. വിലപിടിപ്പുള്ള വൃക്ഷങ്ങൾ കൃഷി ചെയ്യാൻ പാടില്ല എന്നു പറയുന്നതിലെ യുക്തി എന്താണ്? ചന്ദന മരങ്ങൾ കൃഷി ചെയ്യാൻ അനുവാദം ഉണ്ടെങ്കിലും മുറിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതിനാൽ ഏതെങ്കിലും മരങ്ങൾ മോഷണം പോയിക്കഴിഞ്ഞാൽ ഉണ്ടാകാൻ സാധ്യതയുള്ള നിയമപ്രശ്നങ്ങൾ മൂലം കർഷകർ ചന്ദനം വളർത്തുന്നതിന് വിമുഖത കാണിക്കുന്നു.
റിസർവ് മരങ്ങൾ ആണെങ്കിൽ പതിച്ചുനൽകിയ പട്ടയത്തിൽ വ്യക്തമായി പറയും. അല്ലാതെ ഒന്നുംതന്നെ റിസർവ് മരമായി കണക്കാക്കാൻ കഴിയില്ല. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പലതരത്തിലുള്ള തെറ്റായ ഉത്തരവുകൾ കർഷക വിരുദ്ധമായി പാസാക്കപ്പെട്ടിട്ടുണ്ട് . കർഷകർ നട്ടു വളർത്താതെ ഇവിടെ വൃക്ഷങ്ങൾ ഉണ്ടാവുകയില്ല. മുറിക്കാൻ അനുമതിയില്ലാത്ത വൃക്ഷങ്ങൾ ആരാണു കൃഷി ചെയ്യുക. അത് ഫലത്തിൽ പരിസ്ഥിതിക്ക് വലിയ നാശം ചെയ്യും. കർഷകർ നട്ടുവളർത്തുന്ന ഒരു വൃക്ഷം മുറിക്കാൻ പാകമാകുന്നത് മുപ്പതും നാൽപ്പതും വർഷങ്ങൾക്കുശേഷമാണ്. അതിന്റെ വളർച്ചയുടെ 30 40 വർഷങ്ങൾ പ്രകൃതിക്ക് നൽകുന്ന സംഭാവനയെപ്പറ്റി നിയമനിർമാണം നടത്തുന്നവർ ചിന്തിക്കേണ്ടതാണ്.
അന്യായമായ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ മനസിലാക്കേണ്ടത് ട്രീ കവറിന്റെ 25 ശതമാനം കർഷകർ നട്ടുവളർത്തിയ മരങ്ങളാണ് എന്നുള്ളതാണ്. കേരളത്തിലെ ട്രീ കവർ 54 ശതമാനവും വനവിസ്തൃതി 29.2 ശതമാനവുമാണ്. ട്രീ കവറിൽ വനവിസ്തൃതി മാറ്റിനിർത്തിയാൽ ബാക്കി കർഷകർ കൃഷി ചെയ്യുന്ന മരങ്ങളാണെന്നതു മറക്കരുത്.
അഡ്വ. ജോണി കെ. ജോര്ജ് പത്തനംതിട്ട