ഇന്ത്യൻ ജനാധിപത്യവും ഫ്രീഡം ഹൗസിന്റെ കണ്ടെത്തലും
Friday, July 9, 2021 11:45 PM IST
ജനാധിപത്യം ജീവിതശൈലിയും ഭരണക്രമവുമായി കരുതുന്നവരെ ആശങ്കപ്പെടുത്തുന്നതാണ് ഫ്രീഡം ഹൗസ് എന്ന സ്വതന്ത്ര എൻജിഒ, ഇന്ത്യയെ സ്വതന്ത്ര ജനാധിപത്യത്തിൽനിന്ന് ഭാഗികമായ സ്വതന്ത്ര ജനാധിപത്യ രാജ്യമായി തരംതാഴ്ത്തിയെന്ന റിപ്പോർട്ട്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നീ വിഷയങ്ങൾ വിലയിരുത്തിയാണ് ഫ്രീഡം ഹൗസ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ഫ്രീഡം ഹൗസിന്റെ വിലയിരുത്തൽ മാത്രമല്ല വെറൈറ്റീസ് ഓഫ് ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഏജൻസിയും സമാനമായ ഒരു കാഴ്ചപ്പാടാണ് ഇന്ത്യൻ ജനാധിപത്യത്തോടു പുലർത്തുന്നത്.
ബിജെപിക്ക് നല്ല ഭൂരിപക്ഷം കിട്ടുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ചെയ്ത തെരഞ്ഞെടുപ്പിന്റെ പ്രചാരണവേലയിൽ, നടക്കാൻ ഒരു സാധ്യതയുമില്ലാത്ത ചില പ്രഖ്യാപനങ്ങൾ മോദി നടത്തിയിരുന്നത് മറക്കാറായിട്ടില്ല. ഓരോ വ്യക്തിയുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ, പെട്രോൾ അന്പത് രൂപയ്ക്ക്, ഗ്യാസ് 300 രൂപയ്ക്ക്... എന്നൊക്കെയായിരുന്നല്ലോ വാഗ്ദാനങ്ങൾ.
മോദി ഭരണത്തിന്റെ ആരംഭത്തിൽ ഗ്യാസിന് 600 രൂപയോ മറ്റോ നിശ്ചയിച്ചിട്ട് വില അതിലും കൂടിയാൽ കൂടിയ തുക സബ്സിഡിയായി അക്കൗണ്ടിലെത്തുമെന്നു തന്നെ ഉറപ്പ് ജനം വിശ്വസിച്ചു. ദോഷം പറയരുതല്ലോ, കുറച്ചു നാളത്തേക്ക് ഇങ്ങനെ തുക അക്കൗണ്ടിലെത്തുകയും ചെയ്തിരുന്നു. പിന്നീട് സബ്സിഡി പിൻവലിച്ചു. ഇപ്പോൾ ഗ്യാസ് വില 900 രൂപയോട് അടുത്തപ്പോളും സബ്സിഡിയെപ്പറ്റി മിണ്ടുന്നില്ല. പെട്രോൾ വില 100നു മുകളിലെത്തിയപ്പോൾ വിലനിർണയാവകാശം എണ്ണക്കന്പനികൾക്ക് അടിയറവു വച്ചത് യുപിഎ സർക്കാരായിരുന്നു എന്നു പറഞ്ഞു കൈ കഴുകുന്നു. പക്ഷേ, ഉള്ളിൽ നിഗൂഢമായൊരു ചിരിയും വിടരുന്നുണ്ട്. കാരണം, മാർക്കറ്റ് വിലയ്ക്കനുസരിച്ച് സർക്കാരിനു ചുമത്താവുന്ന നികുതിയും സ്വാഭാവികമായും കൂടുമല്ലോ. തന്ത്രപൂർവം നികുതിനിർണയം പഴയ വാറ്റ് സംവിധാനത്തിൽ നിലനിർത്തുകയും ചെയ്യുന്നു. ജിഎസ്ടിയിലായിരുന്നെങ്കിൽ ഏറിയാൽ 28 ശതമാനം നികുതിയല്ലേ ചുമത്താൻ പറ്റൂ. വാറ്റിലാണെങ്കിൽ ഒരു പരിധിയുമില്ലാതെ നികുതിനിരക്ക് നിശ്ചയിക്കാം.
സ്വതന്ത്ര ജനാധിപത്യത്തിൽനിന്ന് ഇന്ത്യയെ ഭാഗിക സ്വതന്ത്ര ജനാധിപത്യ രാജ്യമായുള്ള ഫ്രീഡം ഹൗസിന്റെ തരം താഴ്ത്തൽ എത്ര വസ്തുനിഷ്ഠമാണ്. ഇപ്പോൾ ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യധ്വംസനംതന്നെ മതിയല്ലോ ഈ തരംതാഴ്ത്തലിനെ ഉദാഹരിക്കാൻ. ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപുസമൂഹത്തിൽ ഇലക്ടറൽ ഓട്ടോക്രസിയുടെ വേരിറക്കി പരീക്ഷിച്ചുനോക്കുകയാണ് കേന്ദ്ര ഗവൺമെന്റ്.
കേന്ദ്രസർക്കാരിന്റെ സഹിഷ്ണുതയില്ലായ്മയാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. എല്ലാവിധ വിമർശനങ്ങളെയും അവർ ഭയപ്പെടുന്നു, വിമർശിക്കുന്നവരെ ഏതെങ്കിലും വകുപ്പു ചുമത്തി കേസെടുക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എത്ര മാധ്യമ പ്രവർത്തകരാണ് ഗുണ്ടകളാൽ കൊല്ലപ്പെട്ടത്. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. മാധ്യമ പ്രവർത്തനം എന്നത് സർക്കാരിനെ ചോദ്യംചെയ്യൽ എന്നതുകൂടിയാണ് എന്ന് അവർ നിലപാടെടുക്കുന്പോൾ വിമർശനങ്ങളോട് സഹിഷ്ണുത കാട്ടാത്ത ഒരു ഭരണകൂടത്തിന്റെ നടപടി എന്തായിരിക്കും എന്ന് അവർ ന്യായമായും സംശയിക്കണം.
ജനാധിപത്യത്തിന്റെ ജിഹ്വകളായിരിക്കേണ്ട മാധ്യമങ്ങളെ നിശബ്ദമാക്കാൻ ഭരണകൂടത്തിനു കഴിഞ്ഞിരിക്കുന്ന ഒരവസ്ഥയാണിപ്പോൾ. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളോട് മുട്ടുകുത്താൻ കല്പിച്ചപ്പോൾ പലരും മുട്ടിൽ ഇഴയാൻ മാത്രം വിധേയത്വമാണ് കാട്ടിയത് എന്ന് അക്കാലത്തെ ഒരു പ്രമുഖ മാധ്യമപ്രവർത്തകൻ എഴുതിയത് മുതിർന്ന തലമുറ മറന്നുകാണില്ല. ഇന്നും അതു പ്രസക്തം.
ജോ മുറികല്ലേൽ