വിശ്വാസികളുടെ ഹൃദയത്തിനേറ്റത് വലിയ മുറിവ്
Thursday, July 15, 2021 11:32 PM IST
ഡൽഹിയിൽ ദേവാലയം തകർത്തത് രാജ്യത്തുടനീളമുള്ള ക്രൈസ്തവ സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പ്രദേശം മറ്റെല്ലാവർക്കും നിരുപാധികം ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കെ, കത്തോലിക്കാ ദേവാലയത്തിന് മാത്രം അനുമതി നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ട്? ഈ ദേവാലയത്തില്‍ ആരാധന തടസപ്പെടുത്തരുതെന്ന ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവ് നിലനിൽക്കെ സ്വാഭാവിക നീതി നിഷേധിച്ച് നടത്തിയ ഈ അതിക്രമം ഇടവകയിലെ 450 കുടുംബങ്ങളിലായി രണ്ടായിരത്തോളം വിശ്വാസികളെ മാത്രമല്ല, ഭാരതത്തിലെ എല്ലാ ക്രൈസ്തവരെയും ആശങ്കയിലാഴ്ത്തുന്നു. ക്രൈസ്തവര്‍ നേരിട്ട പല വിഷയങ്ങളിലും സംയമനം പാലിച്ചത് നിസംഗതയും നിഷ്ക്രിയത്വവുമായി കണ്ട് ഈ സമുദായത്തോട് എന്തുമാകാം എന്ന അവസ്ഥ അനുവദിക്കാനാവില്ല.
ഭരണസംവിധാനങ്ങളുടെ സമസ്തമേഖലകളിലും ഉദ്യോഗസ്ഥതലത്തിലും ക്രൈസ്തവ വിരുദ്ധത വളരാൻ ഡൽഹിയിൽ വാതില്‍ തുറന്നു കൊടുത്തിരിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത് ജനങ്ങളില്‍ ആശങ്കയും ഭീതിയും ഉണര്‍ത്തുന്നു. ക്രൈസ്തവര്‍ ദേവാലയം നിര്‍മിക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അസഹിഷ്ണുത, കൊറോണ വൈറസിനേക്കാള്‍ മനുഷ്യത്വരഹിതമാണ്. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ തീവ്ര വർഗീയതയ്ക്ക് കീഴ്പെടുന്നു എന്നുള്ളതിന്റെ ഒടുവിലെ ഉദാഹരണമാണിത്. ഭരണഘടന ഉറപ്പുതരുന്ന സ്വാതന്ത്ര്യം പോലും കാറ്റിൽ പറത്തിയാണ് ദേവാലയം തകർത്തത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ ഇങ്ങനെയൊരു നടപടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
കട്ടക്ക്ഭുവനേശ്വര് അതിരൂപതയുടെ മധ്യസ്ഥനായ വിശുദ്ധ തോമാ ശ്ലീഹായുടെ ഓര്മതിരുനാളായ ജൂലൈ മൂന്നിന്, ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ സെന്റ് വിന്‍സെന്റ് കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് രണ്ടു കോടി രൂപ അനുവദിച്ചത് ഭാരതസമൂഹം കണ്ടുപഠിക്കണം. ജാതിയോ മതമോ ഗോത്രമോ കണക്കിലെടുക്കാതെ എല്ലാ ജനവിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാൻ ഒഡീഷ സർക്കാർ കാണിക്കുന്ന മതസൗഹാർദ ശ്രമങ്ങൾ അഭിനന്ദനീയമാണ്.
വര്‍ഗീയവാദവും മതസ്പര്‍ധയും ഒരിക്കലും ഉയര്‍ത്താത്തവരാണ് ക്രൈസ്തവര്‍. എല്ലാ മതങ്ങളെയും ഏറെ ആദരവോടെ കാണുകയും മനുഷ്യനെന്ന ദൈവത്തിന്റെ മഹത്തരസൃഷ്ടിക്ക് ഏറ്റവുമധികം വില കല്പിക്കുകയും ചെയ്യുന്ന സമൂഹമാണിത്. ആരാധനാ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടാൻ ഭാരതത്തിൽ മനുഷ്യത്വമുള്ള ഏവരും ശ്രമിക്കേണ്ടിയിരിക്കുന്നു.
ഡൽഹിയിലെ ദേവാലയം തകർത്തത് ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിനേറ്റ വലിയ മുറിവാണ്. കോവിഡിനിടയിലും ഡൽഹിയിലെ ആശുപത്രികളിൽ നിസ്വാർഥ സേവനം ചെയ്യുന്ന ലിറ്റിൽ ഫ്ലവർ ഇടവകയിലെയും മറ്റു സ്ഥലങ്ങളിലെയും ക്രൈസ്തവരായ ആരോഗ്യ പ്രവർത്തകരുടെയടക്കം മനോവീര്യം തകർക്കുന്ന നടപടിയാണ് ഡൽഹിയിൽ ഉണ്ടായിരിക്കുന്നത്. വേണ്ട രീതിയിലുള്ള തിരുത്തൽ നടപടികളും മതസൗഹാർദം പരിരക്ഷിക്കുന്ന പ്രവർത്തനങ്ങളും ഡൽഹി സർക്കാർ അധികാരികളിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി