മാതാപിതാക്കൾക്കു സംരക്ഷണത്തിനു നിയമമോ?
Wednesday, July 21, 2021 10:12 PM IST
‘മനുഷ്യസമുദായത്തെ നന്നാക്കുവാൻ വളരെപ്പേർ ഓടിനടക്കുന്നുണ്ട്. സ്വയം നന്നാകാൻ ഒരുക്കമില്ല.’ ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകളാണ് മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ബിൽ 2019 എന്നു കേട്ടപ്പോൾ ഓർമ വന്നത്. ഒരു നിയമംകൊണ്ടു മാത്രം സ്നേഹത്തിനു വിലയിടാനാകുമോ? അഥവാ ക്രൂരത കാണിക്കുന്നവർക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവും ഒരു പ്രശ്നമാകാനിടയുണ്ടോ? അല്ലെങ്കിൽതന്നെ നിയമത്തിന്റെ പിൻബലത്തിൽ ലഭിക്കുന്ന ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, സുരക്ഷ എന്നിവയ്ക്ക് സംതൃപ്തിയുടെ സായൂജ്യം വച്ചുനീട്ടാനാകുമോ? വൃദ്ധർക്കു പരിഗണന നൽകേണ്ട യുവത്വത്തിന് വാർധക്യം അന്യമാണോ? ഇന്നത്തെ മക്കളുടെ ജീവന്റെ കാവലിരിപ്പുകാരായിരുന്ന മാതാപിതാക്കൾക്ക് കഞ്ഞി കിട്ടണമെങ്കിൽ പാർലമെന്റും കോടതിയും പറയണമെന്നു വരുന്നത് യുവത്ക്ക് ഭൂഷണമാണോ? വയ്യാത്തവരെയും വാർധക്യത്തിലെത്തിയവരെയും ശുശ്രൂഷിക്കേണ്ടത് ആരോഗ്യമുള്ളവരുടെ കടമയാണെന്ന ബോധ്യം ഉണ്ടാകണം. ഇതിനുതക്ക ബോധ്യവും മാതൃകയും നിലപാടുകളും ഉണ്ടാവണം.
അവഗണനയുടെ ആരംഭം
എന്നു മുതലാണ് നാം മാതാപിതാക്കളെയും വൃദ്ധജനങ്ങളെയും അലോസര കണ്ണുകളോടുകൂടി കാണാൻ തുടങ്ങിയതെന്ന് ഓർക്കുന്നതു നല്ലതാണ്. കൂട്ടുകുടുംബവും കൂട്ടുത്തരവാദിത്വവും പടിയിറങ്ങിയപ്പോൾ അണുകുടുംബവും സ്വാർഥതയും പടികയറിവന്നു. ഞാൻ മാത്രമുള്ള ലോകം സ്വന്തം വിരൽത്തുന്പിൽ വളരാൻ തുടങ്ങി. പിടിച്ചുനിൽക്കാൻ ആരെയും പടിക്കു പുറത്തു നിർത്തുന്ന മത്സരത്തിൽ വയോധികർ ഇരകളായി മാറി.
മാതാപിതാക്കളുടെ തേങ്ങലുകൾ അങ്ങിങ്ങ് കണ്ണീർ വീഴ്ത്തുന്പോൾ നിയമസംഹിതയുടെ പുതിയ ബിൽ സാന്ത്വനമാകുമോ? ജീവനാംശത്തിന്റെ ധാരാളിത്തത്തെക്കാൾ ഉറ്റവരുടെയും ഉടയവരുടെയും മക്കളുടെയും ഒരു സ്നേഹസ്പർശമാണ് മുതിർന്നവർക്ക് അനുഭവവേദ്യമാകേണ്ടത്.
പഠനം
വിദ്യാലയം വെറുമൊരു അക്ഷരശാലയല്ല. സകല പാഠങ്ങളുടെയും രത്നച്ചുരുക്കം സന്മാർഗശാസ്ത്രത്തിലൊതുക്കണം. ഏതു പഠനവും തൊഴിലധിഷ്ഠിതമെന്നതിനെക്കാൾ തോളോടു തോൾ ചേർന്നുനിൽക്കുന്ന മനുഷ്യത്വത്തിലൂന്നണം.
തൊഴിലും പണവും തേടിയുള്ള ഓട്ടത്തിൽ പാർശ്വവത്കരിക്കപ്പെടുന്ന വാർധക്യം അവഗണിക്കപ്പെടാതിരിക്കണമെങ്കിൽ കുടുംബാന്തരീക്ഷവും ക്ലാസുമുറികളിൽ ചർച്ചചെയ്യപ്പെടണം. അവരിലെ കരുണയുടെ വികാരത്തെ ഉദ്ദീപിപ്പിക്കാൻ പഠനമുറികൾക്കു കഴിയണം. നന്മ ചെയ്യാനും കുടുംബത്തിനു താങ്ങാകാനും പഠനം ക്രമീകരിക്കപ്പെടണം.
വീട്
നമ്മുടെ വീടുകൾ അപ്പനും അമ്മയും കുട്ടികളുമടങ്ങുന്ന വെറും പക്ഷിക്കൂടുകൾക്കു സമാനമാകരുത്. മുത്തച്ഛനും മുത്തശ്ശിയും പേരക്കിടാങ്ങളുമൊക്കെ വേണം. സ്നേഹമെന്നതിന് ആഴവും പരപ്പും വിശാലതയുമൊന്നും അളവുകോലല്ല. നിസീമമായ സ്നേഹത്തിനു കോടതിയുടെ അനുവാദവും പ്രശ്നമല്ല. വീട്ടിലും മനുഷ്യത്വമാണു വേരൂന്നേണ്ടത്. കോടതിയും പാർലമെന്റും പറയുന്ന വൃദ്ധ പരിപാലനം വെറും യാന്ത്രികമോ മനുഷ്വത്വഹീനമോ ആണ്. മൃഗപരിപാലനവും നിയമങ്ങളും ശക്തമാക്കുന്നതുപോലെയാണോ മനുഷ്യർക്കിടയിലെ കൂട്ടായ്മ? ചരിത്രവും ശാസ്ത്രവും ഭൂമിശാസ്ത്രവും പുസ്തകത്താളിൽനിന്നു കാണാപാഠം പഠിക്കാൻ മക്കളെ നിർബന്ധിക്കുന്ന വീടുകളിൽ എന്തേ മാതാപിതാക്കൾ തങ്ങൾ വന്ന വഴിയും വളർന്ന രീതിയും തങ്ങളുടെ മാതാപിതാക്കളുടെ സഹനവും മക്കൾക്കു പറഞ്ഞുകൊടുക്കാൻ മടിക്കുന്നത്? നാമെന്താണു മക്കളിലേക്കു പകർന്നു നൽകുന്നതെന്ന് സമൂഹം പഠനത്തിനു വിധേയമാക്കണം.
നാളെയെന്ത്?
ഇന്നത്തെ ചിന്താധാരയിൽ നാളെ എന്നൊന്നില്ല. ഇന്നു മാത്രമുള്ള ലോകത്ത് തച്ചുടച്ചും തകിടം മറിച്ചും തനിക്കു മാത്രം കെങ്കേമമായി ജീവിക്കണമെന്നാണു ചിന്ത. നിയമം കൊണ്ട് അല്പം കഞ്ഞിയും വറ്റും കിട്ടിയാലും ജീവിതം സന്തോഷപൂർണമാകില്ല. മക്കളുടെ പരിചരണവും സാമീപ്യവും ഉള്ളു നിറഞ്ഞതാകുന്പോൾ നിയമം സ്നേഹത്തെ അനുശാസിക്കേണ്ടിവരില്ല. വാർധക്യത്തെ നിന്ദിക്കുന്നവർ ചിന്തിക്കുക, നിങ്ങൾക്കും ഒരു വാർധക്യം ഉണ്ടെന്നും നിങ്ങളെ നിരീക്ഷിക്കുന്ന കുഞ്ഞുമക്കൾ ഉണ്ടെന്നും. പഴുത്തയില പൊഴിയുന്പോൾ പച്ചില ചിരിക്കുന്നെങ്കിൽ അതു വെറും മണ്ടൻചിരിയെന്നേ പറയേണ്ടൂ.
ടോം ജോസ്, തഴുവംകുന്ന്