ജനസംഖ്യാനയത്തിൽ കരുതൽ വേണം
Friday, August 6, 2021 11:38 PM IST
2019 ജൂലൈ ആദ്യവാരം പാർലമെന്റിൽ അവതരിപ്പിച്ച സാന്പത്തിക അവലോകന രേഖയിൽ ഒരു സുപ്രധാന വെളിപ്പെടുത്തലുണ്ട്: രാജ്യത്തെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്കും ശിശുജനനനിരക്കും ആശങ്കാജനകമായി അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ പ്രത്യുത്പാദന നിരക്കു ത്വരിത ഗതിയിൽ കുറഞ്ഞു വരികയായിരുന്നു. ഒരു സ്ത്രീ തന്റെ ജീവിതകാലത്തു ജന്മം നല്കാൻ സാധ്യതയുള്ള കുട്ടികളുടെ എണ്ണമാണ് പ്രത്യുത്പാദന നിരക്ക് അഥവാ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) എന്നതുകൊണ്ട് അർഥമാക്കുന്നത്. 1970കളുടെ ആരംഭത്തിൽ പ്രത്യുത്പാദന നിരക്ക് ഒരു സ്ത്രീക്ക് ശരാശരി അഞ്ചു കുട്ടികളിൽ അധികം ആയിരുന്നെങ്കിൽ ഇപ്പോൾ അതിന്റെ പകുതിയിൽ താഴെയാണ്.
ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ ഒരേ നിലയിൽ നിൽക്കണമെങ്കിൽ പ്രത്യുത്പാദന നിരക്ക് 2.1 ആണെന്നിരിക്കെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മറ്റു പല സംസ്ഥാനങ്ങളിലും ഇത് പുനരുത്പാദന നിരക്കായ (റിപ്ലേസ്മെന്റ് ലെവൽ ഫെർട്ടിലിറ്റി) 2.1ലും വളരെ കുറവാണ്.
പ്രത്യുത്പാദന നിരക്ക് 2.1 ലും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഇത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനസംഖ്യാ വർധന നിരക്ക് 20012011 കാലഘട്ടത്തിൽ 1.77 ശതമാനം ആയിരുന്നത് 20112021ൽ 1.12 ശതമാനം ആയും 2031 41 കാലത്ത് 0.5 ശതമാനം ആയും കുറയും എന്നും കണക്കാക്കപ്പെടുന്നു.
ജനസംഖ്യാ വർധന നിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും മൊത്തം ജനസംഖ്യ ഇപ്പോഴും വലിയ തോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു. അടുത്ത അഞ്ചോ ആറോ വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ജനസംഖ്യ ചൈനയുടേതിനെ മറികടന്നേക്കാം.
ഏതാനും ദശകങ്ങൾ കൂടി ഇന്ത്യയുടെ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കും. അതായത് കുറഞ്ഞു വരുന്ന പ്രത്യുത്പാദന നിരക്ക് മൊത്തം ജനസംഖ്യ കുറയുന്ന സ്ഥിതിയിൽ എത്തണമെങ്കിൽ കുറെകാലം കൂടി കഴിയണം. പക്ഷേ, പ്രത്യുത്പാദന നിരക്ക് ആശങ്കാജനകമായി കുറഞ്ഞുകൊണ്ടിരിക്കുന്പോൾ ജനസംഖ്യ നിയന്ത്രണത്തെപ്പറ്റി മുറവിളി കൂട്ടുന്നത് അസ്ഥാനത്താണ്.
സാന്പത്തിക വളർച്ചയിൽ ഇന്ത്യയെ മുന്നിലെത്തിച്ച ഒരു പ്രധാന ഘടകം മാനവശേഷിയുടെ മേന്മയാണ്. ആകെ ജനസംഖ്യയിൽ ജോലി ചെയ്യാവുന്ന പ്രായത്തിലുള്ളവരുടെ മുൻതൂക്കം. ജനസംഖ്യാ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇന്ത്യക്ക് ഈ മേൽക്കോയ്മ നഷ്ടമാക്കും. ജോലി ചെയ്യാവുന്ന പ്രായത്തിലുള്ളവരുടെ അനുപാതം കുറയുകയും ആശ്രിതരുടെ അനുപാതം കൂടുകയും ചെയ്യും.
ജനനനിരക്ക് കുറച്ചതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചു തുടങ്ങിയപ്പോൾ ചൈന നയത്തിൽ മാറ്റം വരുത്തി. ജനനനിരക്ക് ഗണ്യമായി വർധിപ്പിക്കാനുള്ള നയമാണ് ചൈന ഇപ്പോൾ നടപ്പാക്കുന്നത്. കോവിഡ് മഹാമാരി ജനസംഖ്യ നിലയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. വിദഗ്ധർ എല്ലാ വശങ്ങളും ശരിയായി അപഗ്രഥിച്ചു രൂപംനൽകേണ്ട ഒന്നാണ് ജനസംഖ്യാ നയം. അല്ലാതെ രാഷ്ട്രീയസാമുദായ തിമിരത്താൽ കലുഷമാക്കപ്പെടേണ്ട ഒന്നല്ല.
ഡോ. ഫ്രാൻസിസ് ചെറുനിലം