സഹകരണ വകുപ്പിൽ ഓഡിറ്റ് കാര്യക്ഷമമാക്കാൻ നിയമനിർമാണം വേണം
Wednesday, August 11, 2021 11:13 PM IST
സഹകരണ പ്രസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള വിശ്വാസത്തിന് ഏറ്റവും അടിസ്ഥാനഘടകം സർക്കാരിന് സഹകരണ സംഘങ്ങളിൽ ഉള്ള നിയന്ത്രണമാണ്. സഹകരണ വകുപ്പിന്റെ രണ്ട് വിഭാഗങ്ങളായ ഭരണ വിഭാഗവും ഓഡിറ്റ് വിഭാഗവും ഫലപ്രദമായി തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരും വകുപ്പ് മേധാവിയുമാണ്. എങ്കിൽ മാത്രമേ സഹകരണ സംഘങ്ങളുടെ പ്രവർത്തനം സുതാര്യവും അഴിമതിരഹിതവും ആക്കുവാനും ജനവിശ്വാസം ഉൗട്ടി ഉറപ്പിക്കുവാനും കഴിയൂ. സംഘങ്ങളുടെ പ്രവർത്തനങ്ങൾ നിയമനാനുസൃതമാണോ എന്ന പരിശോധനയും അതോടൊപ്പം ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റും ഫലപ്രദമായി നടത്തുകയും ചെയ്യുകയാണ് സഹകരണ വകുപ്പിന്റെ പ്രധാന ഉത്തരവാദിത്വം.
വകുപ്പ് തല പരിശോധനകളിലേക്കും ഓഡിറ്റിലേക്കും കടക്കുന്പോൾ 1981ലെ ജീവനക്കാരുടെ എണ്ണം മാത്രമാണ് ഇപ്പോഴും വകുപ്പിനുള്ളത്. സംഘങ്ങളിൽ പരിശോധന നടത്താൻ 276 യൂണിറ്റ് ഇൻസ്പെക്ടർമാരും 376 യൂണിറ്റ് ഓഡിറ്റർമാരും 1875ൽപ്പരം കണ്കറന്റ് ഓഡിറ്റർ/ഇൻസ്പെക്ടർമാരും അടക്കം ആകെ 3500 ൽപ്പരം ജീവനക്കാർ മാത്രമാണ് ഉള്ളത്. സാന്പത്തിക വർഷം അവസാനിച്ച് ആറു മാസത്തിനകം 23,417 ചെറുതും വലുതുമായ സംഘങ്ങളുടെ ഓഡിറ്റ് പൂർത്തീകരിക്കേണ്ടതുണ്ട്. കൂടാതെ ക്ഷേമ പെൻഷൻ, കെഎസ്ആർടിസി പെൻഷൻ, കെയർഹോം പദ്ധതി, വിദ്യാഭ്യാസ പദ്ധതികൾ തുടങ്ങി ഒട്ടനവധി പദ്ധതിളും ഏറ്റെടുത്ത് നടപ്പിലാക്കുന്നത് ഈ ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ്. എല്ലാ വർഷവും സെപ്റ്റംബർ 30 നകം ഓഡിറ്റ് പൂർത്തീകരിക്കണം. എന്നാൽ വകുപ്പിന്റെ ആധുനികവത്കരണം വളരെ പിന്നിലാണ്.
സഹകരണ മേഖലയിൽ ഒട്ടനവധി വ്യത്യസ്ത സോഫ്റ്റ്വേറുകളാണ് ഉപയോഗിക്കുന്നത്. സർക്കാരിനോ സഹകരണ വകുപ്പിനോ യാതൊരു നിയന്ത്രണവും ഇക്കാര്യത്തിൽ ഇല്ല. ബാങ്കിന്റെ ആവശ്യങ്ങൾ അനുസരിച്ച് കന്പനികൾ സോഫ്റ്റ്വേറിൽ മാറ്റങ്ങൾ വരുത്തുന്ന രീതിയാണ് സാധാരണയായി കണ്ടുവരുന്നത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണം. സുതാര്യമായി പരിശോധന നടത്തുന്നതിന് ഏതെല്ലാം തരത്തിലുള്ള സ്റ്റേറ്റ്മെന്റുകൾ സോഫ്റ്റ്വേറിൽനിന്ന് ലഭ്യമാക്കണമെന്ന് വകുപ്പ് തലത്തിൽ നിർദേശം നൽകണം. സുതാര്യ പരിശോധനക്ക് അതത് ഓഡിറ്റർമാർ നിർദ്ദേശിക്കുന്ന തരത്തിലുള്ള സ്റ്റേറ്റ്മെന്റുകൾ ലഭ്യമാക്കുവാൻ സോഫ്റ്റ്വേർ കന്പനികൾക്ക് ബാദ്ധ്യതയുണ്ടാകണം. സോഫ്റ്റ്വേർ ഇടപാടുകളിൽ പിന്നീട് മാറ്റം വരുത്തുന്ന സാഹചര്യം ഉണ്ടായാൽ സോഫ്റ്റ്വേർ കന്പനിക്കും ചീഫ് എക്സിക്യൂട്ടീവിനും കൂടി ഉത്തരവാദിത്വം വരുന്ന രീതിയിൽ നിയമ നിർമാണവും സഹകരണ മേഖലയിൽ നടപ്പിലാക്കണം. എങ്കിലേ ഓഡിറ്റർമാർക്കും ഇൻസ്പെക്ടർമാർക്കും യഥേഷ്ടം പരിശോധനകൾ നടത്തുവാനും സോഫ്റ്റ്വേർ വഴിയുള്ള ക്രമക്കേടുകൾ ഒരുപരിധിവരെ തടയുവാനും കഴിയൂ.
ബേബി തോമസ്
(മുൻ സംസ്ഥാന പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഇൻസ്പെക്ടേഴ്സ് ആൻഡ്
ഓഡിറ്റേഴ്സ് അസോസിയേഷൻ)