മനുഷ്യത്വം വീണ്ടെടുക്കണം, മനുഷ്യരാകണം!
Monday, May 31, 2021 12:13 AM IST
പാർട്ടിയുടെ തലപ്പത്തും ഭരണ നേതൃത്വത്തിലും ആര് എന്നതിനപ്പുറം അവരുടെ വീക്ഷണവും അതിന്റെ ഗുണപരമായ പ്രായോഗികതയും സാധാരണക്കാരിൽ എങ്ങനെ അനുഭവവേദ്യമാകുന്നുവെന്നതാണു പ്രധാനം. പൊതുജനത്തെ യജമാനന്മാരായി കരുതിപ്പോരുന്ന ജനാധിപത്യത്തിന്റെ ബലം ജനങ്ങളിലേക്ക് ഇറങ്ങിവരുന്ന ജീവിതസുരക്ഷയിലേക്കെത്തിപ്പെടണം. പ്രഖ്യാപനങ്ങളും ഫണ്ട് അനുവദിക്കലിനുമപ്പുറം യഥാർഥ വികസനമുഖത്ത് പ്രായോഗികതയുടെ വിജയം സാധ്യമാക്കുന്നുണ്ടോയെന്നു വിലയിരുത്തപ്പെടണം. സുഖകരമായ പത്രസമ്മേളനങ്ങളും ‘മന്ത്രിയോടു ചോദിക്കാം’ എന്ന പരിപാടികൾക്കുമപ്പുറം ജനസാമാന്യങ്ങളുടെ ക്ഷേമം സെക്രട്ടേറിയറ്റിന്റെ ആസൂത്രണങ്ങളുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നുണ്ടോയെന്നും പഠിക്കണം. യഥാർഥ വികസന ചിന്തകൾ വികസിതമുഖത്ത് എത്തുന്പോഴേക്കും യഥാർഥ ലക്ഷ്യം കാണാതെപോകുന്നില്ലേയെന്നു ചിന്തിക്കണം.
ഭരണപക്ഷത്തിന്റെ വീക്ഷണങ്ങൾ ദീർഘകാല രാഷ്ട്രീയ അജന്ഡകൾ മുൻനിർത്തിയാകരുത്. പാർട്ടിയുടെ ആജ്ഞാനുവർത്തികളായി ഉദ്യോഗസ്ഥരെ മാറ്റുന്നതിലും പ്രവർത്തനങ്ങളെല്ലാം ഒരു ഭരണകക്ഷി രാഷ്ട്രീയ വീക്ഷണത്തിലേക്കു മാറ്റുന്നതിലും വിചിന്തനം ആവശ്യമാണ്.
രാഷ്ട്രീയപാർട്ടികളുടെ വളർച്ചയെക്കാൾ സമൂഹത്തിന്റെ വളർച്ചയ്ക്ക് മുൻതൂക്കം കൊടുക്കണം. രാഷ്ട്രീയത്തിനപ്പുറമാണല്ലോ ജനക്ഷേമമെന്നത്. സകലർക്കും ലഭ്യമാകേണ്ട ജീവിതക്ഷേമം നിശ്ചയിക്കപ്പെട്ട തത്പരകക്ഷികൾക്കായി നീക്കിവയ്ക്കുന്ന നീതികേട് ഭരണതലത്തിൽനിന്ന് ഉണ്ടാകരുത്. ഭൂരിപക്ഷമെന്നത് അധികാരഗർവിനുള്ളതല്ല, സ്വൈരജീവിതവും സാമാന്യനീതിയും സമാധാനവും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കലാണ്.
വികസനവും ആനുകൂല്യങ്ങളുമൊക്കെ ഭരണകക്ഷിയോടു ചേർന്നുപോകുന്നവർക്കു മാത്രമല്ല, പ്രതിപക്ഷമെന്ന് വ്യാഖ്യാനമുള്ള ജനപക്ഷത്തുള്ള ജനപ്രതിനിധികൾക്കുംകൂടി നീതിപൂർവം അവകാശപ്പെട്ടതാണ്.
ഇതു ജീവന്റെ വിലയുള്ള ജാഗ്രതയുടെ കാലം! ഏറ്റവും പ്രധാനമായി ജീവന്റെ നിലനിൽപ്പിനായുള്ള പൊരുതലിൽ സർക്കാർ ജനങ്ങൾക്കൊപ്പമാകേണ്ട കരുതലിന്റെ കാലം! ജീവന് ചെറുതും വലുതും എന്ന വ്യത്യാസമില്ലെന്നറിയാനുള്ള സാമാന്യ മനുഷ്യത്വം നാം വച്ചുപുലർത്തേണ്ടത് ആരോഗ്യരംഗത്തിന്റെ അലംഭാവമോ പക്ഷപാതമോ സാന്പത്തിക പരിഗണനകളോ ഉണ്ടാകാത്തവിധം ആരോഗ്യരംഗം ആരോഗ്യം വീണ്ടെടുക്കണം.
നടപടിക്രമങ്ങൾപോലെ ചെയ്തുപോരുന്ന ചികിത്സകളും താങ്ങാനാകാത്ത ആശുപത്രിച്ചെലവുകൾക്കുമാണ് പരിഹാരമാകേണ്ടത്. ഏതുവിധേനയും മനുഷ്യരെ ജീവിതത്തിലേക്കു തിരികെയെത്തിക്കാനുള്ള തീക്ഷ്ണത ഉണ്ടാകണം. ഇത്രമാത്രം ശാസ്ത്രപുരോഗതി കൈവരിച്ചെന്ന് അഭിമാനിക്കുന്പോഴും കോവിഡ് മഹാമാരിയിൽ ജീവനും ജീവിതവും ഒരുപക്ഷേ മരണംപോലും അവഗണനയുടെ പരമാവധിയിലാണെന്നു പറയാം. ഒന്നിനും ഒരു വ്യക്തതയില്ല. രോഗവ്യാപനം കൂടുന്പോഴും അലംഭാവത്തിന് കുറവില്ല. അനീതി, അക്രമം, സാന്പത്തിക തിരിമറി, കള്ളവാറ്റ്, കള്ളക്കടത്ത് തുടങ്ങി കോവിഡുപോലും ഒരുനിമിഷം തരിച്ചിരുന്നുപോകുന്ന നമ്മുടെ സാമൂഹികാന്തരീക്ഷത്തിനും മാറ്റമില്ല.
തൊഴിലും തൊഴിൽമേഖലയും നിർജീവമാകുന്നതോടൊപ്പം സാധാരണക്കാരന്റെ സാന്പത്തിക ഉറവിടവും അടയുകയാണ്. ജീവിക്കാൻ നെട്ടോട്ടമോടുന്നതിനിടെ ആശുപത്രികളുടെ കരുണയാണ് കരുതലാകേണ്ടത്. എന്തിനും ഇളവുകളുള്ള മഹാമാരിക്കാലത്ത് ആരോഗ്യരംഗത്തെ പരിശോധനകളും ഡോക്ടറുടെ കൺസൾട്ടിംഗ് ഫീസുൾപ്പെടെയുള്ള അത്യന്താധുനിക പരിശോധനാഫീസുകളും ആശുപത്രി വാടകയുമൊക്കെ മനുഷ്യത്വത്തിന്റെ റേഞ്ചിലേക്ക് മാറ്റാനാകില്ലേ? സമസ്ത രംഗവും ഭീതിയിലാകുന്പോൾ ആശുപത്രികളും മഹാമാരിയുടെ തോരാപെയ്ത്തിൽ ഉൾപ്പെടുന്നതല്ലേ? ഉപകരണങ്ങളുടെയും പരിശോധനകളുടെയും ഡ്യൂപ്ലിക്കറ്റ് പോലും വിപണിയിൽ സജീവമാകുന്ന ഈ കാലം ഒരു മഹാകാലമല്ലേയെന്നു വിലയിരുത്തുന്നതും നന്നാകും!
ഭരണകർത്താക്കൾ സമസ്ത ജനങ്ങളുടെയും ആരോഗ്യസുരക്ഷയിൽ ശ്രദ്ധാലുക്കളാകേണ്ട കാലം മാത്രമാണിത്. അതിവേഗ വികസനപാതയേക്കാൾ അദ്ഭുതപ്പെടുത്തുന്നതാണ് സാമാന്യജനങ്ങളുടെ സംതൃപ്തിയും സുരക്ഷയുമെന്ന് ഓർക്കുക. ഡിജിറ്റൽ യുഗം നമ്മെ അദ്ഭുതപ്പെടുത്തുന്നുവെങ്കിലും മഹാമാരി നമ്മെ ഞെട്ടിക്കുന്നില്ലേ?
സത്യധർമാദികളുടെ സൂക്ഷിപ്പുകേന്ദ്രമായ നമ്മുടെ മനഃസാക്ഷിയിൽ എവിടെയൊക്കെയോ സ്വാർഥതയുടെ ചിതലരിച്ചിരിക്കുന്നു. കരുതലോടെ നമ്മുടെ ധാർമികത കൈവിടാതെ ആരോഗ്യത്തിനും ആയുസിനുംവേണ്ടി ദൈവാഭിമുഖ്യത്തിൽ പരസ്പരം താങ്ങാകുക, തണലാകുക. ചൂഷണം വെടിഞ്ഞ് ജീവിതത്തിന്റെയും ജീവന്റെയും വിലയറിഞ്ഞ് അധികാരകേന്ദ്രങ്ങൾ ജനസാമാന്യങ്ങളുടെ ചങ്കിടിപ്പിനോടു ചേർന്നുനിൽക്കണം. സകല രംഗത്തും മനുഷ്യത്വം വീണ്ടെടുക്കണം. ഈ മഹാമാരിയിലെങ്കിലും നമുക്ക് മനുഷ്യരാകാൻ പരിശ്രമിക്കാം.
ടോം ജോസ് തഴുവംകുന്ന്