ഭൂതകാലം വർത്തമാനകാലത്തെ കണ്ടുമുട്ടുന്ന ഇടമാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ പുരാവസ്തുക്കളുടെ അപൂർവ ശേഖരമാണ് ഡോ. മോൻസൻ മാവുങ്കലിന്റെ പക്കലുള്ളത്. ലോക ചരിത്രത്തിന്റെ കിളിവാതിലുകൾപോലെ എണ്ണമറ്റ ശേഷിപ്പുകൾ. നൂറോളം ലോകരാജ്യങ്ങൾ സന്ദർശിച്ച് ലേലം ചെയ്തു വാങ്ങിയ ശതകോടികൾ മൂല്യമുള്ള അംഗീകൃത പുരാവസ്തുക്കളുടെ ഉടമയാണ് മോൻസൻ എഡിഷൻ എന്ന കന്പനിയുടെ അധിപനായ ഡോ. മോൻസൻ മാവുങ്കൽ. അദ്ദേഹത്തിന്റെ അതിഥിയായി വീട് സന്ദർശിച്ചപ്പോഴാണ് ലോകചരിത്രത്തിന്റെ അപൂർവ്വ പ്രതീകങ്ങളായ പുരാവസ്തുശേഖരം എന്നെ അത്ഭുതപ്പെടുത്തിയത് .
ഈസ്റ്റിന്ത്യാ കന്പനിയുടെ ഇരുന്പുസീൽ...
കൈയിലെടുക്കുന്പോൾ വിറയ്ക്കും. തൊഴിലാളികളായ മനുഷ്യരുടെ ശരീരത്തിൽ ചാപ്പകുത്താനുപയോഗിച്ച സീൽ! ചുട്ടുപഴുപ്പിച്ച് മനുഷ്യശരീരത്തിൽ പതിപ്പിച്ചാൽ പിന്നീടു മായില്ലല്ലോ!
ടിപ്പുവിന്റെ വാളും കൈക്കത്തിയും
സ്വർണ്ണക്കവചമുള്ള വാളൂരി വെട്ടിയപ്പോൾ തെറിച്ചുവീണ ചോരയ്ക്ക് സ്വർണ നിറമായിരുന്നില്ലല്ലോ ഇന്ന് മൂർച്ച കളഞ്ഞ ഈ കൊലക്കത്തികൾ ചരിത്രത്തിലേക്ക് അരിഞ്ഞു വീഴ്ത്തിയത് എത്ര ശിരസുകൾ, എത്ര വിശ്വാസങ്ങൾ... എത്ര സ്വപ്നങ്ങൾ...!
രാജാക്കന്മാരുടെ ആയുധങ്ങൾ...
ഒരിക്കൽ ലോകം മുഴുവൻ അസമാധാനത്തിന്റെ അട്ടഹാസം മുഴക്കി അനേകരെ കൊന്നൊടുക്കിയ കൊടുവാളുകളും പീഡനയന്ത്രങ്ങളും ജർമ്മനിയിലെയും ഇംഗ്ലണ്ടിലെയും രാജാക്കന്മാരുടെ ഉൾപ്പെടെ ഇപ്പോൾ ഒരു കലഹവുമില്ലാതെ അടങ്ങിയൊതുങ്ങിയിരിപ്പാണ്, ഡോ. മോൻസന്റെ വീട്ടിൽ. ഹൈദരാബാദിലെ രാജാവായിരുന്ന നൈസാമിന്റെ വാൾ ഉൾപ്പെടെ ആയുധങ്ങൾ പലതും സ്വർണമാണ്, വെള്ളിയാണ്. എന്നാൽ, അവയ്ക്കു പറയുവാനുള്ള ചരിത്രങ്ങൾ കാരിരുന്പിനേക്കാൾ കഠിനവും കൊലവാൾ മിനുസത്തേക്കാൾ ക്രൂരവുമാണ്.
അത്യപൂർവ മതഗ്രന്ഥങ്ങൾ
ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളുടെ അതിപുരാതന വിശുദ്ധ ഗ്രന്ഥങ്ങൾ ഏറെ സൗഹാർദത്തോടെ തൊട്ടുരുമ്മിയിരിപ്പുണ്ടിവിടെ. അറുന്നൂറിലേറെ ഖുറാൻ പതിപ്പുകൾ, ഇരുന്നൂറിലേറെ ബൈബിൾ പതിപ്പുകൾ, മഹാഭാരതം, രാമായണം, വേദഗ്രന്ഥങ്ങൾ തുടങ്ങി എണ്ണമറ്റ ഹൈന്ദവ മതഗ്രന്ഥങ്ങൾ... എല്ലാം നൂറുകണക്കിന്, ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളവ...
ഛത്രപതി ശിവജിയുടെ ഭഗവത്ഗീത
ഛത്രപതി ശിവജി സ്വകാര്യസന്പാദ്യമായി സൂക്ഷിച്ച, വിരലിന്റെ നീളമുള്ള സ്വർണത്താളുകളിലെഴുതിയ ഭഗവത്ഗീത യുടെ ചെറുപതിപ്പ് ആരെയും ആകർഷിക്കും.
ഔറംഗസീബിന്റെ മുദ്രമോതിരം
മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ മുദ്രമോതിരം കണ്ടു. എന്നാൽ, കണ്ണുതള്ളിയത്, അതിന്റെ ചെപ്പിനകത്ത് സൂക്ഷിച്ച ഖുറാൻ കണ്ടപ്പോഴാണ്. ഏറ്റവും സൂക്ഷ്മലിപികളിൽ വിരചിതമായ അപൂർവ അദ്ഭുതമാണാഗ്രന്ഥം.

രക്തക്കുരിശിനുള്ളിലെ കുഞ്ഞു ബൈബിൾ
ക്രിസ്തുവിന്റെ കുരിശുയാത്രയുടെ വഴിയിലെ മണ്ണുരുക്കിയുണ്ടാക്കിയ ചൂണ്ടുവിരലിന്റെ നീളമുള്ള ആ കുരിശുകണ്ടപ്പോൾ പ്രത്യേകത തോന്നി. എന്നാൽ, ആ കുരിശിന്റെ ചുവടുതുറന്ന് ഒരു കുഞ്ഞു ബൈബിൾ പുറത്തെടുത്തപ്പോൾ അദ്ഭുതപ്പെട്ടുപോയി! അതിസൂക്ഷ്മാക്ഷരങ്ങൾകൊണ്ട് സ്വർണത്താളിലൊരുക്കിയ ദൈവവചനം!
മൂന്നു പ്രധാന മതങ്ങളുടെ അതിവിശിഷ്ട ഗ്രന്ഥങ്ങൾ അദ്ഭുതങ്ങളാണ്. ഇതാരാണു നിർമിച്ചത്! ഇവയുടെ നിർമ്മാണത്തിന് പിന്നിൽ ആരുടെ തപസ് ! പുരാതനകാലത്ത് ഇത്ര സൂക്ഷ്മതയോടെ, സ്വർണ്ണത്ത കിടിലും ആട്ടിൻതോലിലും കരടിത്തോലിലും വിവിധ പഴച്ചാറുകളുടെ നിറക്കൂട്ടിൽ ചാലിച്ചെടുത്ത ഈ ദിവ്യാക്ഷരങ്ങൾ കാലത്തിനു മായ്ക്കാൻ പറ്റാതെ ചരിത്രത്തെ പുണ്യപ്പെടുത്തി വാഴുകയാണ്.
ഭാരതം ഈ വീട്ടിലുണ്ട്!
ഭാരതീയ സംസ്കാരത്തിന്റെ അനവദ്യസൗന്ദര്യം വഴിയുന്ന അനുപമമായ ശില്പചാതുര്യമുള്ള നിരവധി ശില്പങ്ങൾ! ദേവരൂപങ്ങൾ എല്ലാം കാഴ്ചക്കാരനെ മൗനിയാക്കും! ഭാരതീയ ദേവസങ്കല്പത്തിലെ ആദ്യ ദാരുശില്പം കല്ലുകൊണ്ട് കൊത്തിയെടുത്തതാണത്രേ! 4500 വർഷത്തെ പഴക്കമാണ് ഈ ദേവശില്പത്തിന് പുരാവസ്തു വകുപ്പ് നിർണയിക്കുന്നത്! പഴയ നിയമത്തിലെ മോശയുടെ വടി, ശ്രീ നാരായണ ഗുരുവിന്റെ ഊന്നുവടി, മൈസൂർ കൊട്ടാരത്തിൽനിന്നും വിലയ്ക്കുവാങ്ങിയ 650 കിലോ പഞ്ചലോഹംകൊണ്ടു മെനഞ്ഞ ലോകത്തിലെ ഏറ്റവും വലിയ നന്ദിശില്പം, തിരുവിതാംകൂർ രാജാവിന്റെ ഇരിപ്പിടം, അംശവടികൾ, ഒറ്റത്തടിയിൽ തീർത്ത ചന്ദനശില്പങ്ങൾ, അപൂർവഭംഗിയുള്ള അദ്ഭുത നിർമിതികൾ, ഇതെല്ലാം മനുഷ്യനിർമിതമാണോ എന്ന് സംശയിപ്പിക്കുന്ന എണ്ണമറ്റ ശില്പങ്ങൾ, എല്ലാം ശേഖരിച്ച് സൂക്ഷിക്കുകയാണ്, അദ്ഭുതങ്ങളുടെ കാവൽക്കാരൻ, ഡോ. മോൻസൻ!
കേരള സംസ്കാരചിഹ്നങ്ങൾ
ഹൈന്ദവസംസ്കൃതിയുടെ ചിഹ്നങ്ങളായ തെയ്യക്കോലങ്ങളുടെ പുരാതന ശേഖരം, നിരവധി പുരാതന പാത്രങ്ങൾ, ഭരണികൾ, ഭീമാകാരങ്ങളായ തൂക്കുവിളക്കുകൾ, ആയുധങ്ങൾ, ആഭരണങ്ങൾ, എല്ലാം ഈ വീട്ടിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.
ആദ്യത്തെ കൺമണികൾ!
ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച ഗ്രാമഫോൺ ഇവിടെ കണ്ടു. പത്തു നന്പരുകളിലേക്ക് വിളിക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലഫോൺ എക്സ്ചെയ്ഞ്ച് ആരെയും അതിശയിപ്പിക്കും. പത്തു സ്വിച്ചുകളും സ്വർണ്ണമാണ്. ആ ഫോണിന്റെ റിസീവർ കാതോടുചേർത്തപ്പോൾ കാലത്തിന്റെ ഇരന്പൽ കരളിൽ പുളകമിളക്കി... എത്രയെത്ര സ്വരങ്ങൾ... ശബ്ദങ്ങൾ, സ്നേഹദ്വേഷങ്ങൾ, കുടുംബരഹസ്യങ്ങൾ, രാഷ്ട്രീയ രഹസ്യങ്ങൾ എല്ലാം ഈ റിസീവറിന്റെ അമൂല്യ സ്വരശേഖരത്തിലുറഞ്ഞിട്ടുണ്ടാകും!
ഇന്ത്യയിലെ ആദ്യത്തെ ഫാൻ!
മണ്ണെണ്ണയൊഴിച്ചു കറക്കുന്ന ഫാനും, മണ്ണെണ്ണയൊഴിച്ചു തീപിടിപ്പിക്കുന്ന തേപ്പുപെട്ടിയും ഇന്ത്യയിലെ ഏറ്റവും പഴകിയ കാമറകളും, സത്യസായി ബാബയുടെ ഒന്നരകിലോ തൂക്കമുള്ള തനി സ്വർണപാദുകവും കടലടിത്തട്ടിലെ ദൈവശില്പങ്ങളായ വർണ്ണപ്പുറ്റുകളുടെ ശേഖരങ്ങളും ഈ വീടകം ഒരു നാടകമാക്കി മാറ്റുകയാണ്.
ചിത്രവിസ്മയം!
ലിയനാർദോ ഡാവിഞ്ചിയുടെയും രാജാ രവിവർമ്മയുടെയും വിരൽത്തുന്പുകളിലൂർന്നുവീണ വർണവിസ്മയങ്ങൾ, ജീവൻ തുടിച്ച് ഇവിടെ ഭിത്തിയിൽ മുത്തമിടുന്നു! വലിയ മ്യൂസിയങ്ങളിൽ അകലെനിന്നുമാത്രം കാണാവുന്ന ഇത്തരം വൻ വിലയുള്ള ചിത്രങ്ങൾ അടുത്തുനിന്ന് ആസ്വദിക്കാൻ കഴിഞ്ഞത് അവിസ്മരണീയമാണ്.
ശതകോടി മൂല്യമുള്ള സമയം!

വാച്ച് മനുഷ്യന് സമയമറിയാനാണ്. എന്നാൽ വാച്ചിനാണോ സമയത്തിനാണോ കൂടുതൽ വില എന്നു ചോദിച്ചാൽ ഇവിടുത്തെ വാച്ചുകൾ പറയും ഞങ്ങൾക്കാണു വില എന്ന്! ഡോ. മോൻസന്റെ ലോകോത്തരമായ വാച്ചുകളുടെ അമൂല്യശേഖരത്തിൽ എല്ലാം വന്പൻസ്രാവുകളാണ്! വജ്രക്കല്ലുകൾ പൊതിഞ്ഞ ഒരു അത്യാഡംബര വാച്ചിന്റെ വില 40 കോടിയാണെന്ന് ഡോ. മോൻസൻ പറയും. 30 കോടിയുടെയും 10 കോടിയുടെയും വാച്ചുകൾ അരികിലുണ്ട്.
വാച്ചുമാത്രമല്ല, വാച്ചുഡോഗ്സുമുണ്ട്
വാച്ചുപോലെതന്നെ മോൻസന്റെ പുരാവസ്തു ശേഖരത്തെ വാച്ചുചെയ്യാൻ ഒരു നായസൈന്യമുണ്ടിവിടെ. മൂന്നു നായകളാണ് ശീതീകരിച്ച പട്ടിക്കൂട്ടിൽ ഉള്ളത്. മൂന്നും വിദേശികളാണ്. ഒരുത്തന്റെ വില ഒന്നരക്കോടിയാണത്രേ! 80 കി.മീ. വേഗതയിലോടുന്ന കാറിൽനിന്നു ചാടി ആരെയും പിടിക്കാനുള്ള പരിശീലനമാണത്രേ ഇവയ്ക്കു നൽകിയിട്ടുള്ളത്!
സ്വപ്നം
ലോകത്തിലെ ഏറ്റവും വലുതും ആധികാരകവുമായ ഒരു മ്യൂസിയം നിർമിച്ച് ചരിത്രത്തിന്റെ സൗന്ദര്യവത്കരണം സാധ്യമാക്കണം എന്നാണ് ഡോ. മോൻസൻ മാവുങ്കലിന്റെ സ്വപ്നം. ഒപ്പം, ഏറെ വിലപിടിപ്പുള്ള അമൂല്യനിധികൾ ആവശ്യമുള്ള മതവിഭാഗങ്ങൾക്കു വിൽക്കാനും അദ്ദേഹം ഒരുക്കമാണ്.
അദ്ഭുതങ്ങളുടെ സൂക്ഷിപ്പുകാരൻ: അഭിമുഖം
കോസ്മോസ് ഗ്രൂപ്പ് മോൻസന് എഡിഷൻ കലിങ്ക കല്യാൺ എന്നീ കന്പനികളുടെ ചെയർമാൻ. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ വൈസ് ചെയർമാൻ. വേൾഡ് പീസ് കൗൺസിൽ അംഗം. പ്രവാസി മലയാളി ഫെഡറേഷൻ ചീഫ് പേട്രൺ. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ ചീഫ് പേട്രൺ, ശ്രീ നാരായണ വേൾഡ് റിസർച്ച് ആന്റ് പീസ് സെന്റർ പേട്രൺ. എന്നീ നിലകളിലെല്ലാം സേവനമർപ്പിക്കുന്ന അങ്ങ് പ്രശസ്തനായ ഒരു കോസ്മറ്റോളജിസ്റ്റാണ്.
എന്താണ് ഈ മേഖല തെരഞ്ഞെടുക്കാൻ കാരണം?
* ബാല്യത്തിൽത്തന്നെ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. എം.ബി.ബി.
എസ്. കഴിഞ്ഞ്, ഡെർമറ്റോളജി പാസായി. പിന്നീട് സിംഗപ്പൂരിൽനിന്നു
കോസ്മറ്റോളജി പാസായി.
പുരാവസ്തുക്കളോട് (Antiques) എന്നു മുതലാണ് താത്പര്യം
തോന്നിയത്?
* 24-ാം വയസിൽ വിമാനത്തിൽവച്ച്, മൈസൂർ രാജാവായ നരസിംഹ വൊടയാർ മഹാ രാജാവിനെ പരിചയപ്പെടുവാനിടയായത് എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. അദ്ദേഹമാണ് എന്നെ ആന്റിക്സ് കളക്ഷൻ ഒരു ഹോബിയാക്കാൻ പ്രേരിപ്പിച്ചത്. അദ്ദേഹമെന്നെ മൈസൂർ കൊട്ടാരത്തിൽ കൊണ്ടുപോയി. ആ ബന്ധം ആന്റിക്സ്, ഡയമണ്ട്, വ്യാപാര മേഖലയിലേക്ക് വാതിൽതുറന്നു.
കൊട്ടാരങ്ങളിലാണോ കൂടുതൽ പുരാവസ്തുക്കളുള്ളത്?
* എല്ലാ കൊട്ടാരങ്ങളുംതന്നെ ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും. അവിടെയൊക്കെ വിൽക്കാൻ, വയ്ക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ലേലത്തിനു പിടിക്കും. അങ്ങനെ പല വർഷങ്ങൾ, നൂറോളം രാജ്യങ്ങൾ... ഇപ്പോൾ ഇത്രയും വലിയ ശേഖരമായി.
ആദ്യം പ്രചോദിപ്പിച്ച വടയാർ മഹാരാജാവിന്റെ കൊട്ടാരത്തിൽനിന്ന് എന്തൊക്കെ വാങ്ങി?
* ധാരാളം. പുരാണത്തിലെ കാള - നന്ദിയുടെ 650 കിലോയുള്ള ഒരു പഞ്ചലോഹ ശില്പമാണ് അതിൽ പ്രധാനം. ഇന്ത്യയിലെ ആദ്യത്തെ ടെലിഫോൺ എക്സ്ചെയ്ഞ്ചും കൊട്ടാരത്തിൽ നിന്നും വാങ്ങി.
മോശ ഉപയോഗിച്ച വടി അങ്ങയുടെ മ്യൂസിയത്തിൽ കണ്ടു. ഇവയൊക്കെ ഒറിജിനൽ ആണോ എന്നു സംശയമുയരില്ലേ?
* ഞാൻ എല്ലാംതന്നെ, ലണ്ടനിലെ ക്രിസ്റ്റീസ് എന്ന ലോകോത്തര ആധികാരിക പുരാവസ്തു ലേല കേന്ദ്രത്തിൽനിന്നാണ് വിലയ്ക്കുവാങ്ങുന്നത്. എല്ലാത്തിനും രേഖകളുമുണ്ട്. ക്രിസ്റ്റീസിന്റെ കലണ്ടറിൽ വരുന്ന വസ്തുക്കൾ ആധികാരികമാണ്.
ഇസ്ലാം മതവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളുടെ അപൂർവ ശേഖരമുണ്ടല്ലോ. എവിടെനിന്നാണ് അതൊക്കെ ലഭിക്കുന്നത്?
* ഇസ്ലാമിക് ഐറ്റംസ് എല്ലാംതന്നെ ഞാൻ തുർക്കിയിൽനിന്നാണ് ലേലത്തിലെടുത്തത്. അമൂല്യമായ നിരവധി ഖുറാൻ പ്രതികൾ എന്റെ കൈയിലുണ്ട്. അക്ബർ, ഷാജഹാൻ, ഒറംഗസീബ് തുടങ്ങിയ രാജാക്കന്മാർ ഉപയോഗിച്ചിരുന്ന സ്വർണ നിർമിതമായ ഖുറാൻ പ്രതികളും സദ്ദാം ഹുസൈൻ ഉപയോഗിച്ചിരുന്ന ഖുറാൻ പ്രതികളും ഇവിടെ എന്റെ ശേഖരത്തിലുണ്ട്.
എത്ര ഖുറാൻ കോപ്പികൾ അങ്ങയുടെ ശേഖരത്തിൽ ഉണ്ട്?
* അറുന്നൂറിൽ പരം അതിപുരാതനമായ ഖുറാൻ കോപ്പികൾ ഇവിടെ ഉണ്ട്. ആടിന്റെ തോലിലെഴുതിയത്, മാനിന്റെ തോലിലെഴുതിയത് തുടങ്ങി നമ്മെ അത്ഭുതപ്പെടുത്തുന്ന നിർമ്മിതികൾ എന്റെ ശേഖരത്തിലുണ്ട്. ഔറംഗസീബ് രാജാവിന്റെ മോതിരത്തിനുള്ളിലെ ഖുറാൻ ലോകത്തെ ഏറ്റവും ചെറിയ ഖുറാൻ ആയിരിക്കും.
വിശുദ്ധ ബൈബിളിന്റെ എത്ര പതിപ്പുകൾ ഇവിടെ ഉണ്ട്?
* ഇരുന്നൂറിലേറെ ബൈബിൾ പതിപ്പുകൾ ഞാൻ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ സ്വർണ ബൈബിൾ എന്റെ പക്കലാണ്. ഈശോയുടെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുള്ള ചെറിയ കുരിശിലാണ് ഈ സ്വർണ്ണതാളുകളുള്ള ബൈബിൾ. ഞാൻ ഏറ്റവും വിലമതിക്കുന്ന മറ്റൊന്നാണു വി. ചാവറപ്പിതാവ് ദീർഘകാലം വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിച്ച കാപ്പ എന്ന തിരുവസ്ത്രം, ഒരു ചാവറക്കുടുംബത്തിൽനിന്നാണ് എനിക്കു ലഭിച്ചത്. ഞാൻ വിശുദ്ധ ചാവറപ്പിതാവിന്റെ ഭക്തനാണ്.
പലതവണ താങ്കൾ വിശുദ്ധ ചാവറപ്പിതാവിനെപ്പറ്റി പറയുന്നു. വിശുദ്ധ ചാവറപ്പിതാവ് എങ്ങനെയാണ് ജീവിതത്തിൽ സ്വാധീനിച്ചത്?

* ഒരു കത്തോലിക്കാ സഭാവിശ്വാസിയായി ഞാൻ വളർന്നപ്പോൾ എന്റെ മൂല്യബോധത്തെ സ്വാധീനിച്ചത് വിശുദ്ധ ചാവറപ്പിതാവാണ്. ഞാൻ വളർന്നത് അമ്മവീട്ടിൽ നിന്നാണ്. ചങ്ങനാശേരി അതിരൂപതയിലെ മുഹമ്മ ആശ്രമത്തിനു സമീപത്തുള്ള ചാരമംഗലം ലൂർദ്മാതാ ദൈവാലയം ആയിരുന്നു എന്റെ ഇടവക. സിഎംഐ ആശ്രമത്തിലെ അച്ചന്മാരാണ് ചാവറപ്പിതാവിന്റെ ഒരു നല്ലയപ്പന്റെ ചാവരുൾ എന്ന ഗ്രന്ഥം എനിക്കു തന്നത്.
നിരവധി കാരുണ്യകർമ്മങ്ങൾ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്താണ് ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള പ്രചോദനം ?
* ഞാനൊരു ക്രൈസ്തവ വിശ്വാസിയാണ്. ക്രിസ്തുനാഥൻ പറഞ്ഞു, രണ്ടുള്ളവൻ ഒന്നില്ലാത്തവനു കൊടുക്കട്ടെ എന്ന്. അതുപോലെ എന്നെ ഏറെ സ്വാധീനിച്ച വിശുദ്ധ ചാവറപ്പിതാവിന്റെ ചാവരുളിലെ വാക്കുകൾ ""അന്യന് ഉപകാരം ചെയ്യാത്ത ദിവസം നിന്റെ ആയുസ്സിൽ എണ്ണെപ്പെടുകയില്ല.
അത് നമ്മുടെ നല്ല അപ്പൻ പഠിപ്പിച്ച വലിയ കാര്യമാണ്. ഞാൻ മാത്രമല്ല, ചാരമംഗലത്തുള്ള എല്ലാ ഇടവാംഗങ്ങളും പറ്റുന്ന രീതിയിൽ അങ്ങനെ ചെയ്യുന്നുണ്ട്.
താങ്കൾ ചെയ്യുന്ന സേവനകർമ്മങ്ങൾ ആരേയും അറിയിക്കുന്നില്ലല്ലോ.?
* ഈശോ പറയുന്നുണ്ടല്ലോ, നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന്. ഇതു നമ്മുടെ ഡ്യൂട്ടിയാണല്ലോ. നമ്മുടെ അരികിലുള്ള സഹോദരങ്ങൾക്കും നന്മയുണ്ടാകാൻ എന്നാലാവുന്നതു ചെയ്യുന്നു. രണ്ടുള്ളവർ ഒന്നില്ലാത്തവന് കൊടുക്കുക എന്നതല്ലേ, ക്രിസ്തുമതത്തിന്റെ സാരം.
ഒരു വലിയ മ്യൂസിയത്തിനുള്ളതെല്ലാം ഇവിടെയുണ്ടല്ലോ.?
* ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ഒരുക്കാനുള്ള വസ്തുക്കൾ എന്റെ പക്കലുണ്ട്. ക്രിസ്തുവിനു മുന്പ് ബി.സി. കാലഘട്ടത്തിലുള്ള ഉപകരണങ്ങൾ ശില്പങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുക്കൾ ഉണ്ട്.
എല്ലാ മതങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളും പവിത്രസ്മാരകങ്ങളും സൂക്ഷിക്കുന്ന ഡോ. മോൻസന്റെ ഈശ്വരസങ്കല്പം ഒന്നു വിശദീകരിക്കാമോ?

* എന്റെ പ്രാർത്ഥനാമുറിയിൽ കയറിയാൽ അതു വ്യക്തമാകും. ലോകത്തിലെ ആദ്യം പ്രിന്റുചെയ്ത ബൈബിൾ, ഖുറാൻ, രാമായണം എല്ലാം നിരത്തിവച്ചിട്ടുണ്ട്. ഞാൻ എന്റെ ക്രിസ്തുവിൽ വിശ്വസിക്കുന്നു. മറ്റു മതവിശ്വാസികളെ ആദരിക്കുന്നു. വിശുദ്ധ ചാവറപ്പിതാവാണ് നാനാത്വത്തിലെ മാനവിതയുടെ ഏകത്വം എന്ന ദർശനം നമുക്കു തന്നത്. എല്ലാവരേയും സഹോദരങ്ങളായി സ്നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനമാണല്ലോ അത്.
ഇശോയെ ക്രൂശുംതാങ്ങി എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവായ മാവുങ്കൽ അച്ചന്റെ കുടുംബാംഗമാണല്ലേ ?
*എന്നെ ഏറെ സ്വാധിനിച്ചിട്ടുള്ള പ്രശസ്തനായ മാവുങ്കലച്ചൻ എന്റെ ചിറ്റപ്പനാണ് (പിതാവിന്റെ അപ്പന്റെ അനുജൻ). എന്റെ ബാല്യം ചാരമംഗ ലത്തുള്ള അമ്മ വീട്ടിലായിരുന്നു. ഇപ്പോൾ പിതാവിന്റെ സ്ഥലമായ ചേർത്തല മുട്ടം ഇടവകയിലാണു താമസം. ഭാര്യ മോൻസി അധ്യാപികയാണ്. മക്കൾ: ഡോ. മാനസ്, ഡോ. മിമിഷ.
സഞ്ചാരവഴികൾ?
* നൂറോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വേൾഡ് പീസ് കൗൺസിലിൽ അംഗമായതുകൊണ്ട് എനിക്ക് വൈറ്റ് പാസ് ഉണ്ടായിരുന്നു. അതിനാൽ, വിസയില്ലാതെ ഏതു രാജ്യത്തും യാത്രചെയ്യാമായിരുന്നു! പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ചില രാജ്യങ്ങളൊഴികെ.
ബിസിനസ് തുടങ്ങിയത് ?
ആന്റിക്സ് ബിസിനസ് 24 വയസിൽ മെഡിസിനു പഠിക്കുന്പോൾ തുടങ്ങി. ചാച്ചന് താലൂക്ക് ആഫീസിലായിരുന്നു ജോലി. ദൈവാനുഗ്രഹത്തിൽ വിശ്വസിച്ചുകൊണ്ടുള്ള കഠിനാധ്വാനമാണ് എന്നെ ഇവിടെവരെ എത്തിച്ചത്. ഞാനൊരു മരിയ ഭക്തനാണ്. ഒരു ജപമാല എപ്പോഴും എന്റെ പോക്കറ്റിലുണ്ടാകും.
വിശ്വസൗഹൃദ ബോധം ജീവിതത്തിന്റെ ബോധ്യമാക്കുന്ന ഡോ. മോൻസന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്പോൾ, എന്റെ മനസ്സു നിറയെ ഈ അമൂല്യ ശേഖരം ലോകം അറിയണം ലോകത്തെ അറിയിക്കണം എന്ന ചിന്തയായിരുന്നു.
ഫാ. റോയി കണ്ണൻചിറ സിഎംഐ