ആ താരദർശനത്തിനു വീണ്ടും...
ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യു​ടെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ദാ​ന്തെ അ​ലി​ഗ്ഗിയേ​രി ക​ൺ​മ​റഞ്ഞി​ട്ട് 2021 സെ​പ്റ്റം​ബ​ർ 21-ന് ​ഏ​ഴു ശ​ത​ക​ം പൂ​ർ​ത്തി​യാ​യി. ക​വി​യും ഗ​ദ്യ​കാ​ര​നും ചി​ന്ത​ക​നു​മാ​യ ദാ​ന്തെ ഇ​റ്റാ​ലി​യ​നി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ കൃ​തി​യു​ടെ ര​ച​യി​താ​വു​മാ​ണ്- ഡി​വൈ​ൻ കോ​മ​ഡി എ​ന്ന ഇ​തി​ഹാ​സകാ​വ്യം. 1265-ലാ​ണ് ദാ​ന്തെ​യു​ടെ ജ​ന​നം എ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ന​വോ​ത്ഥാ​ന​ത്തി​ന്‍റെ കേ​ളി​കൊ​ട്ടു​യ​ർ​ന്ന ഇ​റ്റ​ലി​യി​ലെ ഫ്ളോ​റ​ൻ​സ് ന​ഗ​ര​ത്തി​ൽ (അ​ന്ന​ത്തെ ഫ്ളോ​റ​ൻ​സ് റി​പ്പ​ബ്ലി​ക്കി​ൽ) രാ​ഷ്്‌ട്രീയ​പ്രാ​ധാ​ന്യ​മു​ള്ള ഒ​രു കു​ടും​ബ​ത്തി​ലാ​ണു ദാ​ന്തെ ജ​നി​ച്ച​ത്. ദാ​ന്തെ​ക്കു പ​ത്തു വ​യ​സു​ള്ള​പ്പോ​ൾ അ​മ്മ ബെ​ല്ലാ നി​ര്യാ​ത​യാ​യി. ദാ​ന്തെ​യു​ടെ ഭാ​ര്യ ജെ​മ്മാ ദൊ​ണാ​ത്തി എ​ന്ന ധ​നി​ക യു​വ​തി​യാ​യി​രു​ന്നു. മൂ​ന്നു മ​ക്ക​ളാ​ണു ദാ​ന്തെ ദ​ന്പ​തി​ക​ൾ​ക്കു​ണ്ടാ​യ​ത്- പി​യെ​ത്രോ, ജ​ക്കോ​പ്പോ, അ​ന്തോ​ണി​യാ. ഇ​റ്റ​ലി​ക്കാ​ർ സ്വ​ന്തം നാ​ടി​നെ വി​ളി​ക്കു​ന്ന​ത് "ലാ ​ബെ​ല്ലാ പ​യേ​സേ' എ​ന്നാ​ണ്. സു​ന്ദ​ര​മാ​യ രാ​ജ്യം എ​ന്ന​ർ​ഥം. ഇ​റ്റ​ലി​യു​ടെ​ത​ന്നെ ഏ​റ്റ​വും വ​ശ്യ​മ​നോ​ഹ​ര​മാ​യ ഭൂ​വി​ഭാ​ഗ​മാ​ണു രാ​ജ്യ​ത്തി​ന്‍റെ ഏ​ക​ദേ​ശം മ​ധ്യ​ഭാ​ഗ​ത്തു കി​ട​ക്കു​ന്ന ട​സ്ക്ക​ണി. ട​സ്ക്ക​ണി പ്ര​വി​ശ്യ​യു​ടെ (ഇ​റ്റാ​ലി​യ​നി​ൽ തൊ​സ്ക്കാ​ന) ത​ല​സ്ഥാ​ന​ന​ഗ​ര​മാ​ണു ഫ്ളോ​റ​ൻ​സ് (ഫി​രേ​ൻ​സേ). ആ​ർ​നോ ന​ദി​ക്ക​ര​യി​ലു​ള്ള ഫ്ളോ​റ​ൻ​സ് ന​ഗ​രം​ത​ന്നെ ഒ​രു തു​റ​ന്ന മ്യൂ​സി​യം​പോ​ലെ സ​മാ​ക​ർ​ഷ​ക​മാ​ണ്.
മ​ധ്യ​ശ​ത​ക​ങ്ങ​ളി​ലെ ക​ലു​ഷ​മാ​യ രാ​ഷ്്‌ട്രീയ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദാ​ന്തെ​യും ഒ​രുപ​ക്ഷം പി​ടി​ക്കേ​ണ്ടി​വ​ന്നു. പേ​പ്പ​ൽ അ​ധി​കാ​ര​ത്തി​ന് അ​നു​കൂ​ല​മാ​യി പോ​രാ​ടി​ക്കൊ​ണ്ടി​രു​ന്ന ഗ്വെ​ൽ​ഫി​ക​ളു​ടെ കൂ​ടെ​യാ​യി​രു​ന്നു ദാ​ന്തെ. എ​തി​ർ​വി​ഭാ​ഗ​ക്കാ​രാ​യി​രു​ന്ന ഗെ​ബെ​ല്ലീ​നി​ക​ളെ തോ​ൽ​പ്പി​ച്ച ക​ന്പാ​ൽ​ദി​നോ യു​ദ്ധ​ത്തി​ൽ (1289) ദാ​ന്തെ​യും പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ക്ഷേ, യു​ദ്ധ​വും രാ​ഷ്്‌ട്രീയ​വു​മാ​യി​രു​ന്നി​ല്ല ദാ​ന്തെ​യു​ടെ താത്​പ​ര്യ​ങ്ങ​ൾ. ട​സ്ക്ക​ണി​യി​ലെ ക​വി​ക​ളു​ടെ നാ​ട​ൻ ഭാ​ഷാ​ഭേ​ദ​ങ്ങ​ളി​ലു​ള്ള കാ​വ്യ​ങ്ങ​ൾ അ​ദ്ദേ​ഹം വാ​യി​ച്ചു​തീ​ർ​ത്തു. ഒ​പ്പം വ​രേ​ണ്യ ജ​ന​ത​യു​ടെ ഭാ​ഷ​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ല​ത്തീ​നിലെയും.
പ്രാണപ്രിയയായിരുന്ന ബി​യാ​ട്രീ​സി​ന്‍റെ മ​ര​ണം സ​മ്മാ​നി​ച്ച വി​ര​ഹ​വേ​ദ​ന​യി​ൽ അ​ദ്ദേ​ഹ​ത്തെ സ​മാ​ശ്വ​സി​പ്പി​ച്ച​തും ല​ത്തീ​ൻ സാ​ഹി​ത്യ​മാ​ണ്. ഇ​തി​നി​ടെ ത​ത്വശാ​സ്ത്ര പ​ഠ​ന​വും അ​ദ്ദേ​ഹം ന​ട​ത്തി. ഫ്രാ​ൻ​സി​സ്ക​ൻ സ​ന്യാ​സി​മാ​ർ ന​ട​ത്തി​യി​രു​ന്ന താ​ത്വി​ക ത​ർ​ക്ക​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ ആ​ക​ർ​ഷി​ച്ചു. സെ​ന്‍റ് തോ​മ​സ് അ​ക്വി​നാ​സി​ന്‍റെ ത​ത്വശാ​സ്ത്ര- ദൈ​വ​ശാ​സ്ത്ര കൃ​തി​ക​ള​ിൽ അ​ദ്ദേ​ഹ​ത്തി​ന് ആ​ഴ​മാ​യ താ​ത്പ​ര്യ​മു​ണ്ടാ​യി.
ദാ​ന്തെ അം​ഗ​മാ​യി​രു​ന്ന ഗ്വെ​ൽ​ഫി​ക​ളു​ടെ പാ​ർ​ട്ടി ഇ​തി​ന​കം ഫ്ളോ​റ​ൻ​സി​ലെ രാഷ്‌ട്രീയ​ത്തി​ൽ മാ​ർ​പാ​പ്പ ഇ​ട​പെ​ടു​ന്ന​ത് അ​നു​കൂ​ലി​ക്കു​ന്ന ക​റു​ത്ത ഗ്വെ​ൽ​ഫി​ക​ളും പ്ര​തി​കൂ​ലി​ക്കു​ന്ന വെ​ളു​ത്ത ഗ്വെ​ൽ​ഫി​ക​ളു​മാ​യി പി​ള​ർ​ന്നി​രു​ന്നു. വെ​ളു​ത്ത​വ​രു​ടെ കൂ​ട്ട​ത്തി​ലാ​യി​രു​ന്ന ദാ​ന്തെ​യെ ഫ്ളോ​റ​ൻ​സി​ൽ ഭ​ര​ണം പി​ടി​ച്ച ക​റു​ത്ത ഗ്വെ​ൽ​ഫി​ക​ളു​ടെ ഭ​ര​ണ​കൂ​ടം ര​ണ്ടു വ​ർ​ഷ​ത്തെ വി​പ്ര​വാ​സ​ത്തി​നും വ​ൻ തു​ക പി​ഴ​യ​ട​യ്ക്കാ​നും വി​ധി​ച്ചു. രാ​ഷ്്‌​ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി റോ​മി​ലെ​ത്തി​യി​രു​ന്ന ദാ​ന്തെ പാ​പ്പാ​യു​ടെ താ​ത്പ​ര്യ​പ്ര​കാ​രം അ​വി​ടെ താ​മ​സി​ക്ക​വെ​യാ​ണ് ഈ ​വി​ധി വ​രു​ന്ന​ത്. ഫ്ളോ​റ​ൻ​സി​ന്‍റെ അ​ധി​കാ​രം വ​ഹി​ച്ചി​രു​ന്ന ര​ണ്ടു മാ​സ​ക്കാ​ലം അ​ദ്ദേ​ഹം അ​ഴി​മ​തി ന​ട​ത്തി​യ​ത്രെ! പി​ഴ​യ​ട​യ്ക്കാ​തി​രു​ന്ന ദാ​ന്തെ​യെ ഭ​ര​ണ​കൂ​ടം ഫ്ളോ​റ​ൻ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കു​ക മാ​ത്ര​മ​ല്ല, പ്ര​വേ​ശി​ച്ചാ​ൽ ജീ​വ​നോ​ടെ ദ​ഹി​പ്പി​ക്കാ​ൻ ക​ല്പി​ക്കു​ക​യും​ചെ​യ്തു.
ജ​ന്മ​നാ​ടി​നെ പ്രാ​ണ​നു​തു​ല്യം സ്നേ​ഹി​ച്ചി​രു​ന്ന ദാ​ന്തെ​യ്ക്ക് വി​പ്ര​വാ​സം ക​ന​ത്ത ശി​ക്ഷ​യാ​യി​രു​ന്നു. പ​ക്ഷേ, അ​വി​ടെ കാ​ലു​കു​ത്താ​നാ​വാ​തെ മ​രി​ക്കാ​നാ​യി​രു​ന്നു ദാ​ന്തെ​യു​ടെ നി​യോ​ഗം. റോം, ​വെ​റോ​ണ, സ​ർ​സാ​ന, ലൂ​ക്കാ, റാ​വെ​ന്നാ മു​ത​ലാ​യ ന​ഗ​ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം മാ​റി​മാ​റി താ​മ​സി​ച്ചു. ഈ ​പ്ര​വാ​സജീ​വി​ത​കാ​ല​ത്താ​ണ് കോ​മ​ഡി​യു​ടെ ര​ച​ന. കാ​വ്യ​സ​പ​ര്യ​യ്ക്കൊ​പ്പം താ​ത്വി​ക വി​ശ​ക​ല​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം മു​ഴു​കി. ല​ക്സം​ബ​ർ​ഗി​ലെ ഹെ​ൻ​റി ഏ​ഴാ​മ​ൻ ച​ക്ര​വ​ർ​ത്തി ഫ്ളോ​റ​ൻ​സ് ന​ഗ​രം കീ​ഴ​ട​ക്കി​യ​തോ​ടെ അ​വി​ടെ തി​രി​ച്ചെ​ത്താ​മെ​ന്നു ദാ​ന്തെ മോ​ഹി​ച്ചെ​ങ്കി​ലും ച​ക്ര​വ​ർ​ത്തി​യു​ടെ അ​കാ​ല​ച​ര​മം ആ ​പ്ര​തീ​ക്ഷ​ക​ളെ ത​ക​ർ​ത്തു​ക​ള​ഞ്ഞു. 1321 സെ​പ്റ്റം​ബ​ർ 14-ന് ​മ​ഹാ​ക​വി റാ​വെ​ന്നാ​യി​ൽ​വ​ച്ചു മ​രി​ച്ചു. വെ​നീ​സ് റി​പ്പ​ബ്ലി​ക്കി​ലേ​ക്കു ന​ട​ത്തി​യ യാ​ത്ര​യി​ൽ മ​ല​ന്പ​നി ബാ​ധി​ച്ചു രോ​ഗി​യാ​യാ​ണു മ​ര​ണം. മ​ഹാ​ക​വി​യു​ടെ മ​ഹ​ത്വം തി​രി​ച്ച​റി​ഞ്ഞ റാ​വെ​ന്നായി​ലെ പൗ​ര​ന്മാ​ർ അ​വി​ട​ത്തെ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ വ​ലി​യ പ​ള്ളി​യി​ൽ അ​ദ്ദേ​ഹ​ത്തെ സം​സ്ക​രി​ച്ചു (ഇ​പ്പോ​ഴ​ത് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ബ​സി​ലി​ക്ക എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്).
ദാ​ന്തെ​യു​ടെ മൃ​ത​ദേ​ഹ​മെ​ങ്കി​ലും തി​രി​ച്ചു​ത​ര​ണ​മെ​ന്നു​ള്ള ഫ്ളോ​റ​ൻ​സി​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​ഭ്യ​ർ​ഥ​ന​ക​ൾ ഒ​രി​ക്ക​ലും സ​ഫ​ല​മാ​യി​ല്ല. ഫ്ളോ​റ​ൻ​സു​കാ​ർ മോ​ഷ്ടി​ക്കു​മോ എ​ന്ന പേ​ടി​കൊ​ണ്ട് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ റാ​വെ​ന്ന​ായി​ൽ ഒ​രു ആ​ശ്ര​മ​ഭി​ത്തി​യി​ൽ ഒ​ളി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​രാ​ശ​രാ​യ ഫ്ളോ​റ​ൻ​സു​കാ​ർ 1829-ൽ ​വി​ശു​ദ്ധ കു​രി​ശി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ ദാ​ന്തെ​യ്ക്കു​വേ​ണ്ടി ഒ​രു സ്മാ​ര​ക​കു​ടീ​രം​ത​ന്നെ പ​ണി​തു; “ഏ​റ്റ​വും മ​ഹാ​നാ​യ ക​വി​ക്കു​ള്ള ആ​ദ​രം’’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഫ്ളോ​റ​ൻ​സി​നെ ‘സ്നേ​ഹ​ര​ഹി​ത​യാ​യ മാ​താ​വ്' എ​ന്ന് റാ​വെ​ന്നാ​യി​ലെ ശ​വ​കു​ടീ​ര ലി​ഖി​ത​ത്തി​നു​ള്ള മ​റു​പ​ടി. മാ​ത്ര​മ​ല്ല ഫ്ളോ​റ​ൻ​സ് മു​നി​സി​പ്പാ​ലി​റ്റി 700 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ദാ​ന്തെ​യെ നാ​ടു​ക​ട​ത്തി​യ​തി​നു മാ​പ്പു​ചോ​ദി​ക്കു​ക​യും ചെ​യ്തു, 2008-ൽ. 2021 ​മേ​യ്മാ​സ​ത്തി​ൽ ഫ്ളോ​റ​ൻ​സി​ൽ ഒ​രു വി​ചാ​ര​ണ​കൂ​ടി ന​ട​ന്നു. ദാ​ന്തെ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കാ​ൻ.

ദാ​ന്തെ​യും ബി​യാ​ട്രീ​സും

വി​ശ്വ​സാ​ഹി​ത്യ​കാ​ര​നാ​യ ദാ​ന്തെ അ​ലി​ഗ്ഗിയേരി​യു​ടെ പ്ര​ണ​യ​സാ​ഫ​ല്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​സ്റ്റ​ർ​പീ​സായ ‘ഡി​വൈ​ൻ കോ​മ​ഡി.' ഒ​ന്പ​തു വ​യ​സു​കാ​ര​നാ​യ ദാ​ന്തെ സ​മ​പ്രാ​യ​ക്കാ​രി​യാ​യ ബി​യാ​ട്രീ​സി​നെ ജ​ന്മ​ന​ഗ​ര​മാ​യ ഫ്ളോ​റ​ൻ​സി​ൽ​വ​ച്ചു​ത​ന്നെ​യാ​ണു ക​ണ്ടു​മു​ട്ടു​ന്ന​ത്. പ്ര​ഥ​മ​ദ​ർ​ശ​ന​ത്തി​ൽ​ത്ത​ന്നെ ഉ​റ​വ​പൊ​ട്ടി​യൊ​ഴു​കി​യ അ​നു​രാ​ഗ​ന​ദി ബി​യാ​ട്രീ​സി​ന്‍റെ 24-ാം വ​യ​സി​ലെ അ​കാ​ല​മൃ​ത്യു​വോ​ടെ അ​വ​സാ​നി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല കൂ​ടു​ത​ൽ ശ​ക്ത​മാ​യി ദാ​ന്തെ​യു​ടെ കാ​വ്യ​ഭാ​വ​ന​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ചെ​യ്തു. ബി​യാ​ട്രീ​സ് ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ​ത്ത​ന്നെ അ​വ​ളു​ടെ ബ​ഹു​മാ​നാ​ർ​ഥം എ​ഴു​തി​യ ഭാ​വ​ഗീ​ത​ങ്ങ​ളാ​ണ് ല ​വീ​ത്ത നു​വോ​വ (ന​വ​ജീ​വി​തം) എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ബി​യാ​ട്രീ​സി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു മ​ഹാ​കാ​വ്യം ര​ചി​ക്കു​മെ​ന്നു​ള്ള ദാ​ന്തേ​യു​ടെ പ്ര​ണ​യ​ശ​പ​ഥ​മാ​ണ് ഡി​വൈ​ൻ കോ​മ​ഡി​യു​ടെ പ്ര​ചോ​ദ​ന​മെ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഡി​വൈ​ൻ കോ​മ​ഡി​യി​ൽ ക​ഥാ​പാ​ത്ര​മാ​യ​ല്ല ബി​യാ​ട്രീ​സ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ആ​ദ്യ​ദ​ർ​ശ​നം ക​ഴി​ഞ്ഞു വീ​ണ്ടും ദാ​ന്തെ​യും ബി​യാ​ട്രീ​സും ത​മ്മി​ൽ കാ​ണു​ന്ന​ത് ഒ​ന്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ്. ര​ണ്ടേ ര​ണ്ടു സ​മാ​ഗ​മ​ങ്ങ​ൾ! പ​ക്ഷേ, അ​ന​ശ്വ​ര​വും അ​ന​ന്യ​വു​മാ​യ ഒ​രു സാ​ഹി​ത്യ​സൃ​ഷ്ടി​ക്ക് അ​വ നി​മി​ത്ത​മാ​യി.

ഡി​വൈ​ൻ കോ​മ​ഡി

വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ​ത​ന്നെ അ​ന​ർ​ഘ​ കൃ​തി​ക​ളി​ലൊ​ന്നാ​യ ഡി​വൈ​ൻ കോ​മ​ഡി 14,233 വ​രി​ക​ളു​ള്ള ഒ​രു മ​ഹാ​കാ​വ്യ​മാ​ണ്. ല​ത്തീ​ൻ ഭാ​ഷ​യി​ൽ ക​വി​ത​ക​ളും സാ​ഹി​ത്യ​കൃ​തി​ക​ളും ര​ചി​ക്ക​പ്പെ​ട്ടി​രു​ന്ന ഒ​രു കാ​ല​ത്ത് ദാ​ന്തെ ട​സ്ക്ക​ണി​യി​ലെ പ്രാ​ദേ​ശി​ക ഭാ​ഷാ​ഭേ​ദ​ത്തി​ൽ (ഡ​യ​ല​ക്‌​ട്്) ക​വി​ത​യെ​ഴു​താ​ൻ തു​നി​ഞ്ഞ​ത് ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യു​ടെ ഭാ​ഗ്യ​മാ​യി.
ദാ​ന്തെ ത​ന്‍റെ മ​ഹാ​കാ​വ്യ​ത്തി​നു ന​ൽ​കി​യ ത​ല​ക്കെ​ട്ട് ‘കൊ​മേ​ഡി​യ' എ​ന്നാ​യി​രു​ന്നു. ഒ​രു ശു​ഭാ​ന്ത​ക​ഥ എ​ന്ന​തി​നെ​ക്കാ​ൾ, സ​ക​ല​തും ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ ക്ര​മീ​ക​രി​ച്ചു നി​ർ​വ​ഹി​ക്കു​ന്ന ദൈ​വി​ക​പ​ദ്ധ​തി​യു​ടെ ആ​വി​ഷ്കാ​ര​മാ​ണ് ഈ ​പ​ദം​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ദൈ​വി​ക​മാ​യ ഈ ​പ​ദ്ധ​തിനി​വ​ർ​ത്ത​നം മു​ൻ​നി​ർ​ത്തി​യാ​ണ് ബൊ​ക്കാ​ച്ചി​യോ ‘ഡി​വൈ​ൻ' എ​ന്ന വി​ശേ​ഷ​ണം ‘കോ​മ​ഡി'​ക്കു മു​ന്പി​ൽ ചാ​ർ​ത്തി​യ​ത്. ‘ദി​വീ​ന കോ​മേ​ഡി​യ' എ​ന്ന ഈ ​ത​ല​ക്കെ​ട്ടോ​ടെ പു​സ്ത​കം ആ​ദ്യം ഇ​റ​ങ്ങു​ന്ന​ത് 1555-ലാ​ണ്. ആ​ദ്യം അ​ച്ച​ടി​ച്ച​താ​ക​ട്ടെ പു​സ്ത​കം എ​ഴു​തി​ക്ക​ഴി​ഞ്ഞ് 150 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 1472-ലും. ​അ​ന്ന് ആ​കെ അ​ച്ച​ടി​ച്ച 300 പ്ര​തി​ക​ളി​ൽ 14 എ​ണ്ണം ഇ​പ്പോ​ഴും ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യു​ണ്ട്.

കാ​വ്യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം

മ​ര​ണാ​ന​ന്ത​രം മ​നു​ഷ്യാ​ത്മാ​വി​ന് എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​ത്? മ​ധ്യ​ശ​ത​ക​ങ്ങ​ളി​ലെ ക​ത്തോ​ലി​ക്കാ വി​ശ്വ​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​വി​ർ​ഭ​വി​ച്ച ചി​ന്ത​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​തു ചി​ത്രീ​ക​രി​ക്കാ​നാ​ണു ദാ​ന്തെ​യു​ടെ ശ്ര​മം. ഭൂ​മി​യി​ലെ ജീ​വി​ത​ത്തി​ൽ തി​ന്മ​ക​ൾ ചെ​യ്ത​വ​ർ​ക്കു നി​ത്യ​ശി​ക്ഷ (ന​ര​കം), പ​ശ്ചാ​ത്ത​പി​ച്ചു മ​രി​ച്ച​വ​രെ​ങ്കി​ലും പാ​പ​ത്തി​ന്‍റെ ഫ​ല​മാ​യി ക​ട​ന്നു​പോ​കേ​ണ്ട ഒ​രു ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ (ശു​ദ്ധീ​ക​ര​ണ സ്ഥ​ലം), ന​ന്മ​ക​ൾ മാ​ത്രം ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കും പാ​പ​ങ്ങ​ൾ​ക്കു ഭൂ​മി​യി​ൽ​ത​ന്നെ ഉ​ചി​ത​മാ​യ പ​രി​ഹാ​രം ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കും നി​ത്യ​സൗ​ഭാ​ഗ്യം എ​ന്നി​ങ്ങ​നെ​യാ​ണു മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തെ സ​ങ്ക​ൽ​പി​ച്ച​ത്.
മ​ര​ണാ​ന​ന്ത​രലോ​ക​ത്തി​ലെ ഈ ​മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ൽ ദാ​ന്തെ ന​ട​ത്തു​ന്ന ഒ​രു യാ​ത്ര​യാ​യാ​ണ് അ​ദ്ദേ​ഹം മ​ഹാ​കാ​വ്യ​ത്തെ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. ദൈ​വ​ത്തി​ന്‍റെ നീ​തി​യു​ടെ നി​വ​ർ​ത്ത​ന​മാ​ണ​ല്ലോ അ​ന്ത്യ​വി​ധി​യി​ൽ സം​ഭ​വി​ക്കു​ക. പാ​പ​ത്തെ തി​ര​സ്ക​രി​ച്ച്, അ​നു​താ​പാ​ർ​ദ്ര​മാ​യ ജീ​വി​തം ന​യി​ച്ച് ദൈ​വ​സ​ന്നി​ധി​യി​ലെ​ത്തു​ന്ന ഒ​രാ​ത്മാ​വ് ദൈ​വ​നീ​തി​ക്കു പാ​ടു​ന്ന ഒ​രു സ്തു​തി​കീ​ർ​ത്ത​ന​മാ​യി ഡി​വൈ​ൻ കോ​മ​ഡി​യെ വി​ശേ​ഷി​പ്പി​ക്കാം. മൂ​ന്നു ച​രി​ത്ര​പു​രു​ഷ​ന്മാ​രാ​ണ് മ​ര​ണാ​ന​ന്ത​ര ലോ​ക​ത്ത് ദാ​ന്തെ​യെ വ​ഴി​കാ​ട്ടു​ന്ന​ത്- ന​ര​ക​ത്തി​ലും ശു​ദ്ധീ​ക​ര​ണ​സ്ഥ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും പു​രാ​ത​ന ല​ത്തീ​ൻ ക​വി​യാ​യ വെ​ർ​ജി​ൽ, തു​ട​ർ​ന്നു പ​റു​ദീ​സ​യു​ടെ ആ​ദ്യ​ഭാ​ഗം​വ​രെ ദാ​ന്തെ​യു​ടെ പ്രേ​മ​ഭാ​ജ​ന​മാ​യ ബി​യാ​ട്രീ​സ്, പ​റു​ദീ​സ​യു​ടെ അ​വ​സാ​ന സോ​പാ​ന​ങ്ങ​ളി​ൽ ക്ലെ​യ​ർ​വോ​യി​ലെ വി​ശു​ദ്ധ ബ​ർ​നാ​ർ​ഡ്. ഇ​വ​ർ യ​ഥാ​ക്ര​മം മ​നു​ഷ്യ​യു​ക്തി, ദൈ​വി​ക വെ​ളി​പാ​ടും ദൈ​വ​ശാ​സ്ത്ര​വും വി​ശ്വാ​സ​വും കൃ​പ​യും, ധ്യാ​നനി​ഷ്ഠ​മാ​യ മ​താ​ത്മ​ക​ത​യും മ​രി​യ​ഭ​ക്തി​യും എ​ന്നി​വ പ്ര​തീ​ക​വ​ത്ക​രി​ക്കു​ന്നു. വി​ശു​ദ്ധ തോ​മ​സ് അ​ക്വീ​നാ​സി​ന്‍റെ ചി​ന്ത​ക​ളോ​ടു​ള്ള സാ​ധ​ർ​മ്യം​മൂ​ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ്യ​കൃ​തി​യാ​യ ‘സു​മ്മാ തെ​യോ​ള​ജി​ക്കാ'​യെ (ദൈ​വ​ശാ​സ്ത്ര​സാ​ര​സം​ഗ്ര​ഹം) മുൻനിർത്തി കോമഡി യെ ‘സു​മ്മാ ഇ​ൻ വേ​ഴ്സ്' എ​ന്നു വിശേഷിപ്പിക്കാറുണ്ട്. തന്‍റെ ശത്രുക്കളെയും മിത്രങ്ങ​ളെ​യു​മൊ​ക്കെ ന​ര​ക​ത്തി​ലും സ്വ​ർ​ഗ​ത്തി​ലു​മൊ​ക്കെ​യാ​യി വി​ന്യ​സി​പ്പി​ക്കു​ന്ന ന​ർ​മ​ബോ​ധ​വും ദാ​ന്തെ​യ്ക്കു​ണ്ട്. ‘അ​ന്ത്യ​വി​ധി​’യി​ൽ മൈ​ക്ക​ലാ​ഞ്ച​ലോ ചെ​യ്ത​തു​പോ​ലെ.
കാ​വ്യ​ത്തി​നു മൂ​ന്നു കാ​ണ്ഡ​ങ്ങ​ളും (ഇ​ൻ​ഫേ​ർ​ണോ- ന​ര​കം; പു​ർ​ഗാ​ത്തോ​റി​യോ- ശു​ദ്ധീ​ക​ര​ണ സ്ഥ​ലം; പ​റ​ദീ​സോ- സ്വ​ർ​ഗം) ഓ​രോ​ന്നി​നും 33 സ​ർ​ഗ​ങ്ങ​ളും വീ​ത​മു​ണ്ട്. ഒ​രു ആ​മു​ഖ സ​ർ​ഗം​കൂ​ടി​യാ​കു​ന്പോ​ൾ ആ​കെ 100 സ​ർ​ഗ​ങ്ങ​ൾ.

ന​ര​കം

1300ലെ ​പെ​സ​ഹാ​വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണു ദാ​ന്തെ​യു​ടെ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ക്കു​ന്ന​ത്. മൂ​ന്നു ഹിം​സ്ര​മൃ​ഗ​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ട് ഒ​രു കൊ​ടും​കാ​ട്ടി​ൽ വ​ഴി​തെ​റ്റി​യ​വ​നാ​യി വി​ല​പി​ക്കു​ക​യാ​ണു ക​വി. താ​ൻ സൂ​ര്യ​പ്ര​കാ​ശ​മി​ല്ലാ​ത്ത, താ​ഴ്ന്നു​കി​ട​ക്കു​ന്ന ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​താ​യി ക​വി​ക്കു തോ​ന്നു​ന്നു. ഒ​ടു​വി​ൽ റോ​മ​ൻ ക​വി​യാ​യ വെ​ർ​ജി​ൽ രം​ഗ​ത്തെ​ത്തി ദാ​ന്തെയെ ര​ക്ഷി​ക്കു​ക​യും അ​വ​രൊ​ന്നി​ച്ചു ന​ര​ക​സ​ന്ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക​യും​ചെ​യ്യു​ന്നു. ന​ര​ക​ത്തി​നു നി​ര​വ​ധി മേ​ഖ​ല​ക​ളു​ണ്ട്. വ്യ​ത്യ​സ്ത പാ​പ​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത ശി​ക്ഷ​ക​ളാ​ണു​ള്ള​ത്. 14-ാം സ​ർ​ഗ​ത്തി​ൽ ക​വി ഇ​ന്ത്യ​യെ​യും പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.
പീ​ഡ​യേ​റ്റ​പ്പൂ​ഴി​യി​ൽ മേ​വു​ന്ന ചി​ല​രു​ടെ
നാ​വു​ക​ള​ട​ങ്ങീ​ല, മു​ഴ​ങ്ങീ നി​ല​വി​ളി
മ​ണ​ലി​ൽ തീ​ക്ക​ട്ട​ക​ൾ പ​തി​ച്ചു കാ​റ്റേ​ൽ​ക്കാ​തെ
ഹി​മ​ഖ​ണ്ഡ​ങ്ങ​ളാ​ൽ​പ്സി​ൽ പ​തി​ക്കു​ന്ന​തു​പോ​ലെ
ത​പ്ത​മാ​മി​ന്ത്യ​ൻ മ​ണ്ണി​ൽ സ്വ​ന്ത​സൈ​ന്യ​ത്തി​ൻ മീ​തേ
ശ​ക്ത​മാ​യി പ​തി​ച്ച തീ​ക്ക​ട്ട​പോ​ൽ, അ​ല​ക്സാ​ണ്ട​ർ
സേ​ന​യാ​ൽ നി​ലം​മെ​തി​ച്ച​ങ്ങി​നെ പ​ട​രാ​തെ
തീ​യി​നെ നി​യ​ന്ത്രി​ക്കാ​നൊ​രു​ങ്ങീ, യാ​വേ​ള​യി​ൽ
(കി​ളി​മാ​നൂ​ർ ര​മാ​കാ​ന്ത​ന്‍റെ വി​വ​ർ​ത്ത​നം)

ശു​ദ്ധീ​ക​ര​ണ സ്ഥ​ലം

ന​ര​ക​ത്തി​ലെ ക​ഠോ​ര​ദൃ​ശ്യ​ങ്ങ​ൾ​ക്കു​ശേ​ഷം ലോ​ക​ത്തി​ന്‍റെ അ​ങ്ങേ​യ​റ്റ​ത്തു​ള്ള വി​ശു​ദ്ധീ​ക​ര​ണ​മ​ല​യി​ലേ​ക്കാ​ണ് വെ​ർ​ജി​ൽ ദാ​ന്തെ​യെ ന​യി​ക്കു​ന്ന​ത്. ഏ​ഴു മൗ​ലി​ക​പാ​പ​ങ്ങ​ൾ​ക്കു സ​മാ​ന്ത​ര​മാ​യി ഏ​ഴു ത​ട്ടു​ക​ളു​ള്ള മ​ല​യാ​ണ​ത്. ഇ​വ​യി​ൽ​പ്പെടാ​ത്ത പാ​പ​ങ്ങ​ൾ​ക്കു​ള്ള ശു​ദ്ധീ​ക​ര​ണവേ​ദി​ക​ൾ പു​റ​മേ​യു​ണ്ട്. പാ​പ​ത്തി​ന്‍റെ അ​ന്ധ​കാ​ര​ത്തി​ൽ​നി​ന്നു ദൈ​വ​കൃ​പ​യു​ടെ സ്വ​ച്ഛ​ത​യി​ലേ​ക്കു​ള്ള മ​നു​ഷ്യാ​ത്മാ​വി​ന്‍റെ യാ​ത്ര​യാ​ണ് അ​വി​ടെ ന​ട​ക്കു​ക. പ്ര​തീ​കാ​ത്മ​ക​മാ​യി ഉ​യി​ർ​പ്പു​തി​രു​നാ​ളി​ലാ​ണ് ക​വി​ദ്വ​യം അ​വി​ടെ​യെ​ത്തു​ന്ന​ത്. ജ​റു​സ​ലെ​മി​ൽ സൂ​ര്യാ​സ്ത​മ​യ​വും ഗം​ഗാ​ത​ട​ത്തി​ൽ പാ​തി​രാ​വും ശു​ദ്ധീ​ക​ര​ണ​സ്ഥ​ല​ത്തു സൂ​ര്യോ​ദ​യ​വു​മാ​ണ് അ​പ്പോ​ൾ.

പ​റു​ദീ​സ

മൂ​ന്നാ​മ​താ​യി മ​ഹാ​ക​വി കാ​ണു​ന്ന​തു സ്വ​ർ​ഗ​ദൃ​ശ്യ​ങ്ങ​ളാ​ണ്. ഇ​വി​ട​ത്തെ വ​ഴി​കാ​ട്ടി​യാ​ക​ട്ടെ ബി​യാ​ട്രീ​സും. സ്വ​ർ​ഗ​ത്തി​ന് ഏ​ഴു നി​ല​ക​ളു​ണ്ട്. ഓ​രോ പു​ണ്യ​ത്തി​നും ഓ​രോ​ന്നു​വീ​തം. വീ​രോ​ചി​ത​മാ​യവി​ധ​ത്തി​ൽ സു​കൃ​ത​ജീ​വി​തം ന​യി​ച്ച​വ​ർ​ക്കു​വേ​ണ്ടി ഇ​നി​യു​മു​ണ്ട് മൂ​ന്നു വ്യ​ത്യ​സ്ത ത​ല​ങ്ങ​ൾ​കൂ​ടി. എ​ല്ലാ കു​റ​വു​ക​ളി​ൽ​നി​ന്നും ക​ഴു​കി ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട സ​ഭ​യെ​യാ​ണു ദാ​ന്തെ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. പ​ത്രോ​സ്, യോ​ഹ​ന്നാ​ൻ, തോ​മ​സ് അ​ക്വീ​നാ​സ്, ബൊ​ന​വ​ന്തു​ര മു​ത​ലാ​യ​വരെ കവി കാണുന്നു. ദാ​ന്തെ​യു​ടെ ത്രി​ത്വൈ​ക ദൈ​വ​ദ​ർ​ശ​ന​ത്തോ​ടെ കോ​മ​ഡി അ​വ​സാ​നി​ക്കു​ന്നു. ക്രി​സ്തു​വി​ന്‍റെ ദൈ​വ​ത്വം, മ​നു​ഷ്യ​ത്വം എ​ന്നീ ര​ഹ​സ്യ​ങ്ങ​ൾ ക​വി​ക്കു മ​ന​സി​ലാ​കു​ന്നു.
കി​ളി​മാ​നൂ​ർ ര​മാ​കാ​ന്ത​ൻ മ​ഹാ​കാ​വ്യം മ​ല​യാ​ള​ത്തി​ലേ​ക്കു മൊ​ഴി​മാ​റ്റം ന​ട​ത്തി 2001-ൽ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

ദാ​ന്തെ​യും സ​ഭ​യും

മാ​ർ​പാ​പ്പ​മാ​ർ രാ​ഷ്‌ട്രീ​യ​ഭ​ര​ണ​വും കൈ​യാ​ളി​യി​രു​ന്ന മ​ധ്യ​ശ​ത​ക​ങ്ങ​ളി​ലാ​ണു ദാ​ന്തെ​യു​ടെ ജീ​വി​തം. മ​ത​വും രാ​ഷ്്‌ട്രവും ത​മ്മി​ൽ ഒ​രു വി​ഭ​ജ​നം വേ​ണ​മെ​ന്നു ദാ​ന്തെ വി​ശ്വ​സി​ച്ചു. അ​താ​ണു ദൈ​വ​നി​ർ​ദി​ഷ്ട​മാ​യ പ​ദ്ധ​തി. ദാ​ന്തെ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ ആ​ദ്യ​മാ​യി ഒ​രു പ​ഠ​ന​കേ​ന്ദ്രം സ്ഥാ​പി​ച്ച​ത് ലെ​യോ 13-ാമ​ൻ പാ​പ്പാ​യാ​ണ്, 1887-ൽ. ​തു​ട​ർ​ന്നു​വ​ന്ന മാ​ർ​പാ​പ്പ​മാ​രെ​ല്ലാം ദാ​ന്തെ​യെ ഉ​ദ്ധ​രി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​റാം ച​ര​മ​ശ​താ​ബ്ദി​യി​ൽ (1921) ബ​ന​ഡി​ക്ട് 15-ാമ​ൻ മാ​ർ​പാ​പ്പ ഒ​രു ചാ​ക്രി​ക​ലേ​ഖ​നം​ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ലി​ൽ പ​ങ്കെ​ടു​ത്ത പി​താ​ക്ക​ന്മാ​ർ​ക്ക് പോ​ൾ ആ​റാ​മ​ൻ പാ​പ്പാ സ​മ്മാ​നി​ച്ച​ത് ‘കോ​മ​ഡി​’യു​ടെ ഓ​രോ പ്ര​തി​യാ​യി​രു​ന്നു. ജോ​ൺ പോ​ൾ ര​ണ്ടാ​മ​നും ബ​ന​ഡി​ക്ട് പ​തി​നാ​റാ​മാ​നും പോ​പ് ഫ്രാ​ൻ​സി​സും ദാ​ന്തെ​യെ ഉ​ദ്ധ​രി​ച്ചു സം​സാ​രി​ച്ചി​ട്ടു​ണ്ട്.

ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ

ഇ​റ്റ​ലി​യി​ലെ​ന്പാ​ടും 2021-ൽ ​നൂ​റു​ക​ണ​ക്കി​നു പ​രി​പാ​ടി​ക​ളാ​ണു ദാ​ന്തെ​യു​ടെ ച​ര​മ​ത്തി​ന്‍റെ ഏ​ഴാം ശ​താ​ബ്ദി പ്ര​മാ​ണി​ച്ചു ന​ട​ത്തി​യ​ത്. പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ട് സാം​സ്കാ​രി​ക വ​കു​പ്പു​മ​ന്ത്രി ദാ​രി​യോ ഫ്രാ​ഞ്ചെ​സ്ക്കീ​നി പ​റ​ഞ്ഞു: "ആ ​ന​ക്ഷ​ത്ര​ങ്ങ​ളെ കാ​ണാ​ൻ നാ​മെ​ല്ലാം കാ​ത്തി​രി​ക്കു​ക​യാ​ണ്.' ന​ക്ഷ​ത്ര​ങ്ങ​ൾ എ​ന്ന വാ​ക്കാ​ണ് ദാ​ന്തെ മൂ​ന്നു കാ​ണ്ഡ​ങ്ങ​ളു​ടെ​യും സ​മാ​പ​ന​ത്തി​ൽ കു​റി​ക്കു​ന്ന​ത്.
ഫ്ളോ​റ​ൻ​സി​ലെ ഉ​ഫീ​റ്റ്സി ഗാ​ല​റി​യി​ൽ ന​ട​ത്ത​പ്പെ​ട്ട, കോ​മ​ഡി​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഒ​രു ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ​യും പേ​ര് ‘താ​ര​ങ്ങ​ളെ വീ​ണ്ടും കാ​ണാ​ൻ' എ​ന്നാ​യി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ൾ ര​ചി​ച്ച​ത് 16-ാം നൂ​റ്റാ​ണ്ടി​ലെ ന​വോ​ത്ഥാ​ന ക​ലാ​കാ​ര​നാ​യ ഫെ​ദ​റി​ക്കോ സു​ക്കാ​രി​യാ​ണ്.
ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി ഫ്ളോ​റ​ൻ​സി​ലെ സാ​ന്താ മ​രി​യ നൊ​വേ​ല്ല ബ​സി​ലി​ക്കാ സ​മു​ച്ച​യ​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യു​ടെ മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്നു​ണ്ട്. സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 45 ല​ക്ഷം യൂ​റോ ചെ​ല​വി​ൽ സ്ഥാ​പി​ക്കു​ന്ന ഈ ​മ്യൂ​സി​യം ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യു​ടെ ച​രി​ത്ര​വും വി​കാ​സ​വും അ​ട​യാ​ള​പ്പെ​ടു​ത്തും.
ഇ​റ്റാ​ലി​യ​ൻ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളും റേ​ഡി​യോ സ്റ്റേ​ഷ​നു​ക​ളും മ​ഹാ​കാ​വ്യ​ത്തിന്‍റെ പാ​രാ​യ​ണ​ത്തി​നു സ​മ​യം മാ​റ്റി​വ​ച്ചു. ഓ​രോ വ​ർ​ഷ​വും മാ​ർ​ച്ച് 25 ‘ദാ​ന്തെ ദി​ന'​മാ​യി ആ​ച​രി​ക്കും.
ദാ​ന്തെ​യോ​ടൊ​പ്പം ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള ന​ട​പ്പാ​യി​രു​ന്നു മ​റ്റൊ​രു സു​പ്ര​ധാ​ന പ​രി​പാ​ടി. അ​തി​വി​ശി​ഷ്ട​മാ​യ മൊ​സൈ​ക് ചി​ത്ര​ങ്ങ​ൾ​ക്കു പ്ര​സി​ദ്ധ​മാ​യ രാ​ജ​കീ​യ ​ന​ഗ​ര​മാ​യ റാ​വെ​ന്ന​ായി​ലെ മ​ഹാ​ക​വി​യു​ടെ അ​ന്ത്യ​വി​ശ്ര​മസ്ഥാ​ന​ത്തു​നി​ന്ന് ആരം​ഭി​ച്ച് അ​ദ്ദേ​ഹം ഭൂ​ജാ​ത​നാ​യ ഫ്ളോ​റ​ൻ​സി​ൽ അ​വ​സാ​നി​ക്കു​ന്ന പാ​ത​യാ​ണി​ത്. 235 മൈ​ൽ നീ​ളം​വ​രു​ന്ന ഒ​രു പാ​ത. ദാ​ന്തെ​യു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന ഈ ​യാ​ത്രാ​പ​ഥം മ​ഹാ​ക​വി​ക്കു പ്ര​ചോ​ദ​ന​മേ​കി​യ ഇ​റ്റാ​ലി​യ​ൻ ഗ്രാ​മ-ന​ഗ​ര​ദൃ​ശ്യ​ങ്ങ​ളു​ടെ ചാ​രു​ത​കൊ​ണ്ട് അ​വി​സ്മ​ര​ണീ​യ​മാ​ണ്. ഈ ​യാ​ത്ര​യും ശ​താ​ബ്ദി​യാ​ച​ര​ണ​വും ഡി​വൈ​ൻ കോ​മ​ഡി​യെ വീ​ണ്ടും ക​ണ്ടെ​ത്താ​ൻ ഉ​ത​ക​ട്ടെ​യെ​ന്നു ഫ്രാ​ൻ​സി​സ് പാ​പ്പാ ആ​ശം​സി​ക്കു​ക​യു​ണ്ടാ​യി.

ജെ​റി ജോ​ർ​ജ്