കടലാണ് ജീവിതം
ഞ​ങ്ങ​ളു​ടെ ക​ട​ൽ വ​റ്റി​ച്ച​തു​പോ​ലെ അ​ധി​കാ​രി​ക​ൾ ഞ​ങ്ങ​ളു​ടെ ക​ണ്ണീ​രും വ​റ്റി​ച്ചു. ക​ര​യാ​ൻ ക​ണ്ണീര് ബാ​ക്കി​യി​ല്ലാ​തെ ഞ​ങ്ങ​ൾ കടലിന്‍റെ മക്കൾ നീ​തി​ക്കാ​യു​ള്ള സഹനപോ​രാ​ട്ട​ത്തി​ലാ​ണ്. അതു ന​ട​പ്പാ​കുംുവ​രെ ഒറ്റക്കെട്ടായി ഈ ​സ​മ​ര​മുഖത്തുണ്ടാ​വും.
ആ​കെ​യു​ള്ള ​ക​രു​ത​ലാ​യ വീ​ടി​ന്‍റെ ചു​വ​രു​ക​ളി​ലേ​ക്കും അടിത്തറയിലേക്കും തി​ര​മാ​ല​ക​ൾ തുടരെ ആ​ർ​ത്ത​ല​ച്ചു ​ക​യ​റു​ന്പോ​ൾ വി​ഴി​ഞ്ഞ​ത്തെ തീ​ര​മ​ക്ക​ളു​ടെ നെ​ഞ്ചുപി​ട​യു​ന്നുണ്ട്. തീ​ര​ങ്ങ​ളെ ക​ട​ൽ വി​ഴു​ങ്ങു​ന്പോ​ൾ‌, വീ​ടു​ക​ളോരോ​ന്ന് കല്‌ക്കൂ​ന​ക​ളാ​യി നി​ലം​പൊ​ത്തു​ന്പോ​ൾ ഓരോ കാലത്തും ഇ​വ​രെ എ​വി​ടെ​യെ​ങ്കി​ലും അ​ഭ​യാ​ർ​ഥി​ക​ളാ​യി ത​ള്ളു​ക​യാ​ണ് സ​ർ‌​ക്കാ​രുകൾ‌. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൈ​ന്യ​മെ​ന്ന് വാ​നോ​ളം പു​ക​ഴ്ത്ത​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​ഴി​ഞ്ഞ​ത്തി​ന്‍റെ മ​ണ​ൽ​പ്പ​ര​പ്പി​ൽ പ​ന്ത​ൽ​കെ​ട്ടി അ​തി​ജീ​വ​ന പോ​രാ​ട്ടം ന​ട​ത്തി​വ​രു​ന്ന​ത്.
മ​റ്റാരുടെയും സ്വ​ത്ത് കൈ​യേ​റാ​നോ വെ​ട്ടി​പ്പി​ടി​ക്കാ​നോ വേ​ണ്ടി​യ​ല്ല ഈ ജനതതി നിലവിളിയും മുറവിളിയും ന​ട​ത്തു​ന്ന​ത്. കരുതലായി കടൽ മാത്രം സ്വന്തമുള്ളവരുടെ രോ​ദ​നം കേ​ൾ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്കാ​കുന്നില്ലെങ്കി​ൽ കാ​ലം അവർക്ക് മാ​പ്പ്് നൽ‌കില്ലെന്നു വി​ഴി​ഞ്ഞത്തെ സ​മ​രമുഖത്തുള്ള 80 കാ​രി​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ഫി​ലോ​മി​നയുടെ ഹൃദയം പിളരുന്ന വാക്കുകൾ.
അ​ഭ​യാ​ർ​ഥി ക്യാ​ന്പ്
വ​ലി​യ​തു​റ സി​മ​ന്‍റ് ഗോ​ഡൗ​ണി​ലെ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ അ​മ്മ ശാ​ലു​വി​ന്‍റെ കൈ​ക​ളി​ൽ പി​ച്ച​വ​യ്ക്കു​ന്ന പ​ത്തു മാ​സം പ്രാ​യ​മു​ള്ള മകൻ ഏ​ദ​ൻ . ഇ​വ​രി​പ്പോ​ൾ കഴിയുന്ന​ത് ദുരിതങ്ങളുടെ ര​ണ്ടാ​മ​ത്തെ ക്യാ​ന്പി​ലാ​ണ്. ഏ​ദ​നെ ഏ​ഴു​മാ​സം ഗ​ർ​ഭ​ത്തി​ലാ​യി​രി​ക്കെ​യാ​ണ് ശാ​ലു​വി​നു വീ​ട് ക​ട​ൽ​ശോ​ഷ​ണ​ത്തി​ൽ ന​ഷ്ട​മാ​യ​ത്. അ​തി​നെ​ക്കു​റി​ച്ച് ശാ​ലു​ പ​റ​യു​ന്ന​തി​ങ്ങ​നെ.
“2020 ഒ​ക്ടോ​ബ​ർ.​ ഭ​ർ​ത്താ​വ് വി​ൻ​സെ​ന്‍റ്് ക​ട​ലി​ൽ മീ​ൻ ​പി​ടി​ക്കാ​ൻ പോ​യ രാ​ത്രി. പാതിരായോ​ടെ അ​തിശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​മു​ണ്ടാ​യി. വീ​ടി​ന്‍റെ ഭി​ത്തി​യി​ലേ​ക്ക് ക​ട​ൽ ആ​ർ​ത്ത​ല​ച്ചു വ​ന്ന​പ്പോ​ൾ ആ​ദ്യ​മൊ​ന്നും ഭ​യം തോ​ന്നി​യി​ല്ല. തു​ട​ർ​ച്ച​യാ​യി കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ഭി​ത്തി​ക​ളെ ഉ​ല​ച്ച​തോ​ടെ പു​റ​ത്തേക്ക് ഇ​റ​ങ്ങി​യോ​ടി. ത​ള​ർ​ന്നുപോ​യ ആ നി​മി​ഷം നി​റ​വ​യ​റു​മാ​യി തീ​ര​ത്തെ മ​ണ​ൽ​പ​ര​പ്പി​ൽ ഇ​രു​ന്നു. ഹു​ങ്കാ​ര​ശ​ബ്ദ​ത്തോ​ടെ ക​ട​ൽ വീ​ണ്ടും​വീ​ണ്ടും ക​രു​ണ​യി​ല്ലാ​തെ ക​ട​ന്നേ​റ്റം തു​ട​ർ​ന്നുകൊണ്ടിരുന്നു. പു​ല​ർ​ച്ചെ​യാ​യ​പ്പോ​ഴേ​ക്കും വീ​ടൊ​ന്നാ​കെ ക​ട​ൽ​വി​ഴു​ങ്ങി. മ​ട​ങ്ങി​യെ​ത്തി​യ വി​ൻ​സെ​ന്‍റി​നു കാ​ണാ​നാ​യ​ത് ത​ലേ ദി​വ​സം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വലയുമായി പ​ടി​യി​റ​ങ്ങി​പ്പോ​യ വീ​ടി​ന്‍റെ സ്ഥാ​ന​ത്ത് പൊ​ട്ടി​ത്ത​ക​ർ​ന്ന കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​ത്രം.”
പി​റ്റേ​ദി​വ​സം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തി വ​ലി​യ​തു​റ സെ​ന്‍റ് ക്രോ​സ് സ്കൂ​ളി​ൽ താ​ത്കാ​ലി​ക ക്യാ​ന്പ് തു​റ​ന്നു. ഈ ​ക്യാ​ന്പി​ൽ ക​ഴി​യ​വെ​യാ​ണ് ശാ​ലു ഏ​ദ​ന് ജ​ൻ‌​മം ന​ല്കി​യ​ത്. വൈ​കാ​തെ സ്കൂ​ൾ തു​റ​ന്ന​തോ​ടെ ​അ​ന്തേ​വാ​സി​ക​ളെ വ​ലി​യ​തു​റ സി​മ​ന്‍റ് ഗോ​ഡൗ​ണി​ലേ​യ്ക്കു മാ​റ്റി. ഇ​വി​ടെ​യാ​ണ് ശാ​ലു​വും വി​ൻ​സെ​ന്‍റും അ​മ്മ​യും ഏ​ദ​നും കാ​ല​ങ്ങളാ​യി ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്.
അ​ഭ​യാ​ർ​ഥിക്യാ​ന്പി​ൽ പി​റ​ന്ന ഏ​ദ​നെ അരികിലി രുത്തി സ്വന്തം ദൈന്യതയും ആകുലതകളും ശാലു വി​വ​രി​ക്കു​ന്പോ​ൾ അ​ത് തീ​ര​ദേ​ശ​ത്തെ നൂറു നൂറു അ​ഭ​യാ​ർ​ഥി​ കുടുംബങ്ങളുടെ തീരാനൊന്പരങ്ങളുടെ നേർചിത്രമാണ്.
സെ​ന്‍റ് ക്രോ​സ് സ്കൂ​ളി​ലെ ക്യാ​ന്പി​ൽനി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത സാഹചര്യം. ഒ​ടു​വി​ൽ വ​ലി​യ​തു​റ സി​മ​ന്‍റ് ഗോ​ഡൗണി​ൽ ഇ​ടം ന​ല്കാ​മെ​ന്ന അ​ധി​കാ​രി​ക​ളു​ടെ വാ​ഗ്ദാ​നം. കൈ​ക്കു​ഞ്ഞു​മാ​യി ഗോ​ഡൗ​ണി​ലെ​ത്തി​യ​പ്പോ​ൾ കി​ട​ക്കാ​ൻ ഉ​ള്ളി​ൽ ഒ​രി​ട​വും കി​ട്ടി​യി​ല്ല. മാ​രി​ടൈം​ ബോ​ർ​ഡി​ന്‍റെ കെ​ട്ടി​ട​ വ​രാ​ന്ത​യി​ലാ​ണ് ശാ​ലു​വും കു​ഞ്ഞും ഒ​രാ​ഴ്ച്ച​ അ​ന്തി​യു​റ​ങ്ങി​യ​ത്. ക​ട​ൽ​കാ​റ്റും മ​ഞ്ഞും വെ​യി​ലും മ​ഴ​യു​മെ​ല്ലാം നേരിട്ട് അ​മ്മ​യും ന​വ​ജാ​ത​നും ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കി. കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാണ് സി​മ​ന്‍റ് ഗോ​ഡൗ​ണി​നു​ള്ളി​ൽ‌ കി​ട​ക്കാ​ൻ അ​ൽ​പം ഇ​ടം ഔ​ദാ​ര്യ​ത്തോ​ടെ കി​ട്ടിയിരിക്കുന്നത്.

ന​ര​ക​യാ​തന
സി​മ​ന്‍റ് ചാ​ക്കു​ക​ൾ സൂ​ക്ഷി​ക്കാ​ൻ കെ​ട്ടി​പ്പൊ​ക്കി​യ കൂ​റ്റ​ൻ ഗോ​ഡൗ​ണ്‍ . വ​ലി​യ​തു​റ തീ​ര​ത്തി​ന് സ​മീ​പം പ​തി​റ്റാ​ണ്ടു​ക​ൾക്ക് മു​ന്പു കോ​ട്ട​പോ​ലെ ഉ​യ​ര​ത്തി​ൽ‌ പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ങ്ങൾ. ഇ​വി​ടെ​യു​ള്ള നാ​ലു കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് പു​ന​ര​ധി​വാ​സം ല​ഭി​ക്കാ​തെ പാ​ർ​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ വി​ണ്ടുകീ​റി മാ​റാ​ലകെ​ട്ടി​യ മേ​ൽ​ക്കൂ​ര​യി​ൽ പൊട്ടലുകൾ വീ​ണി​രി​ക്കു​ന്നു. ചാ​റ്റ​ൽമ​ഴ പെ​യ്താ​ൽ തു​ള്ളി വെ​ള്ളം പു​റ​ത്തു​പോ​കാ​തെ ഗോ​ഡൗ​ണി​നു​ള്ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി. ഓ​രോ ഗോ​ഡൗ​ണു​ക​ളി​ലും 16 ക്യാ​ബി​നു​ക​ളാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റി​യൊ​രു മു​റി​യു​ടെ വ​ലി​പ്പം മാ​ത്ര​മാ​ണ് ഒ​രു ക്യാ​ബി​നു​ള്ള​ത്. ഇ​തി​നു​ള്ളി​ലാ​ണ് കു​റ​ഞ്ഞ​ത് അ​ഞ്ച് അം​ഗ​ങ്ങ​ളു​ള്ള ഓ​രോ കു​ടും​ബ​ത്തെ​യും കു​ത്തി​നി​റ​ച്ചു താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​യ ര​ണ്ടു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾവരെ ഈ ​കു​ടു​സുമു​റി​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.
വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ സൃ​ഷ്ടി​ക്കു​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഒ​രു ദി​വ​സ​മെ​ങ്കി​ലും ഈ ​ ഗോ​ഡൗ​ണി​ൽ താ​മ​സി​ച്ചാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദൈ​ന്യ​ത വ്യ​ക്ത​മാ​കു​മെ​ന്നു ​അ​ന്തേ​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു. ഗോ​ഡൗ​ണി​ൽ വേ​ണ്ട​ത്ര ശൗ​ചാ​ല​യ​ങ്ങ​ളി​ല്ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വാ​ഗ്ദാ​ന​പെ​രു​മ​ഴ​ക​ള​ല്ലാ​തെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളൊ​ന്നും ചെ​വി​ക്കൊ​ള്ളാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​വു​ന്നി​ല്ല. കാ​ല​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന​തും ന്യാ​യ​മാ​യി ല​ഭി​ക്കേ​ണ്ട​തു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നാ​യു​ള്ള അ​തി​ജീ​വ​ന പോ​രാ​ട്ട​മാ​ണ് വി​ഴി​ഞ്ഞ​ത്തി​ന്‍റെ മ​ണ്ണി​ൽ വാ​ർ​ത്ത​യാ​കു​ന്ന​ത്. അ​തി​നെ ഏ​തെ​ങ്കി​ലും ജാതി‍യുടെയോ വിശ്വാസത്തിന്‍റെയോ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ദ്ര കു​ത്താ​ൻ നീ​ക്ക​മു​ണ്ടാ​യാ​ൽ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​ര​സ​മി​തി.

മ​റ​ക്ക​രു​ത്, ഇ​വ​രു​ടെ ത്യാ​ഗം

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ശാ​സ്ത്രക്കു​തി​പ്പി​ലേ​ക്കു​ള്ള പി​ച്ച​വ​യ്പ്പി​ന് ഈ തീ​ര​ദേ​ശ ജ​ന​ത ന​ല്കി​യ സ​ഹ​നവും ത്യാഗവും അ​ധി​കാ​രി​ക​ൾ എ​ന്തേ ബോ​ധ​പൂ​ർ​വം വി​സ്മ​രി​ക്കു​ന്നു. 1960 ക​ളി​ലേ​ക്കു തി​രി​ഞ്ഞു​നോ​ട്ടം ന​ട​ത്തി​യാ​ൽ ഇവരുടെ രാ​ജ്യ​ത്തോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത പൂ​ർ​ണ​മാ​യി വെ​ളി​പ്പെ​ടു​ന്ന​താ​ണ്. ഇ​ന്ന് ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ​ ഗ​വേ​ഷ​ണ​രം​ഗ​ത്ത് കു​തി​ച്ചു ചാ​ട്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ തു​ട​ക്കം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ‌ തി​ങ്ങി​പ്പാ​ർ​ത്തി​രു​ന്ന തു​ന്പ​യി​ൽനി​ന്നാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ​ക്കുതിപ്പിന്‍റെ അമരക്കാരനായിരുന്ന ഡോ. ​വി​ക്രം സാ​രാ​ഭാ​യ് അന്ന​ത്തെ ലാറ്റിൻ കാത്തലിക് ബി​ഷ​പ് ഡോ. ​പീ​റ്റ​ർ ബ​ർ​ണാ​ഡ് പെ​രേ​ര​യെ സ​ന്ദ​ർ​ശി​ച്ചു മു​ന്നി​ൽ വച്ച അ​ഭ്യ​ർ​ഥ​ന ചെ​റു​താ​യി​രു​ന്നി​ല്ല. റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ അ​നു​യോ​ജ്യ​മെ​ന്നു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന തു​നയി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച് ഗ്രാ​മം വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്ന ആ​വ​ശ്യം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ചെറിയ കൂരയും അൽപം മണ്ണുമായി അ​ധി​വ​സി​ക്കു​ന്നയിടം. സെ​ന്‍റ് മേ​രീ​സ് മ​ഗ്ദ​ല​ന പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച കു​ർ​ബാന​ക്കി​ട​യി​ൽ ബി​ഷ​പ് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണകേ​ന്ദ്രം വ​രു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ദേശവാസികളെ ബോ​ധ്യ​പ്പെ​ടു​ത്തി. പ​ള്ളി​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​തുൾ​പ്പെ​ടെ 600 ഏ​ക്ക​ർ ഭൂ​മി​യും ഇടവക സന്തോഷത്തോടെ സർ‌ക്കാരിന് വി​ട്ടു ന​ല്കി. 200 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തി​നാ​യി മഹത്തായ ത്യാഗം അനുഷ്്ഠിക്കാൻ തയാറായത്. തി​രു​വ​ന​ന്ത​പു​ര​ത്തെ മ​റ്റു പ്ര​ധാ​ന വി​ക​സ​ന സം​രം​ഭ​ങ്ങ​ളാ​യ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും ടൈ​റ്റാ​നി​യ​ത്തി​നും ബ്ര​ഹ്മോ​സ് എ​യ​റോ​സ്പേ​സ് സെ​ന്‍റ​റി​നു​മെ​ല്ലാം അതാത് കാലങ്ങളിൽ കിടപ്പാടം വി​ട്ടു ന​ല്കി​യ​ത് ഈ ​ ജ​ന​ത​യു​ടെ ത്യാ​ഗ​മൊ​ന്നു മാ​ത്ര​മാ​യി​രു​ന്നു.
അ​തി​ജീ​വ​ന​പോ​രാ​ട്ടം
വി​ഴി​ഞ്ഞം ജ​ന​ത​യെ അ​ധി​കാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നുവെന്നതാണ് വസ്തുത. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​ർ​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത് വി​ടും വ​ഴി​യും സ്ഥാ​പ​ന​ങ്ങ​ളും മാ​ത്ര​മ​ല്ല ജീ​വി​തമായ ക​ട​ലും ക​ട​ലി​ലേ​ക്കു​ള്ള തീ​ര​വും​കൂ​ടി​യാ​ണ്.
ഏ​ഴി​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ആ​രം​ഭി​ച്ച സ​മ​ര​ത്തെ അ​ധി​കാ​രി​ക​ൾ വേ​ണ്ട രീ​തി​യി​ൽ പ​രി​ഗ​ണി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്രക്ഷോഭം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നാ​യി കടലിന്‍റെ മക്കൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു ത​ങ്ങ​ളു​ടെ യാ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ത​ട​ഞ്ഞി​ട്ടു. ജ​നാ​ധി​പ​ത്യ രീതിയിൽ സമാധാനപരമായി പ്രതിഷേധം ന​ട​ത്താ​നു​ള്ള അ​വ​കാ​ശ​ത്തെ​ കാ​റ്റി​ൽ​പ്പ​റ​ത്തു​ന്ന രീ​തി​യാ​യി​രു​ന്നു അ​ന്ന് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​മ​രം ആ​രം​ഭി​ക്കു​ന്ന​തി​നും എ​ത്ര​യോ മു​ന്പേ തീ​ര​ശോ​ഷ​ണം ഉ​ൾ​പ്പെ​ടെ​ കാ​ര്യ​ങ്ങ​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ആവശ്യ​പ്പെ​ട്ട് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ച്ചിരുന്നു. എ​ന്നാ​ൽ അ​വി​ടെ നി​ന്നൊ​ന്നും അവരുടെ ആ​വ​ലാ​തി​ക​ൾ​ക്കും മുറവിളികൾക്കും പ​രി​ഹാ​രമു​ണ്ടാ​യി​ല്ല. അ​തോ​ടെ​യാ​ണ് പ്ര​ത്യ​ക്ഷ​സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തേ​യ്ക്ക് ഇ​റ​ങ്ങാൻ പ്രായഭേദമന്യേ ഇവർ നിർബന്ധിതരായത്.
ഏ​ഴി​ന ആ​വ​ശ്യ​ങ്ങ​ൾ
തീ​ര​ശോ​ഷ​ണത്തിൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​​ വർ‌ക്ക് സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ , വാ​ട​ക ഒ​ഴി​വാ​ക്കി താ​ത്കാ​ലി​ക​ താ​മ​സ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ഒ​ന്നാ​മ​ത്തെ ആ​വ​ശ്യം. എ​ന്നാ​ൽ ഈ ​ആ​വ​ശ്യ​ത്തോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം നി​രാ​ശാ​ജ​ന​ക​മാ​യി​രു​ന്നെ​ന്നു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര വ്യ​ക​ത​മാ​ക്കി.
താ​ത്കാ​ലി​ക താ​മ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ 5500 രൂ​പ ന​ല്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഈ തുച്ഛമായ ​തു​ക ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​ത്തി​ലോ പ്രാന്തപ്രദേശത്തോ എ​വി​ടെ​യാ​ണ് വീ​ട് വാ​ട​ക​യ്ക്ക് ല​ഭി​ക്കു​ക. ശം​ഖു​മു​ഖം ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നുള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ൾ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ക്യാ​ന്പു​വാസികളെ വാ​ട​ക വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തു​ട​ർ​ ച​ർ​ച്ച​ക​ൾ ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി സ​മ​രസ​മി​തി​ക്ക് ഉ​റ​പ്പ് ന​ല്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​വ​യൊ​ന്നും ന​ട​പ്പാ​യി​ല്ല.
വീ​ടും സ്ഥ​ല​വും ന​ഷ്്ട​പ്പെ​ട്ട​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്കി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ ആ​വ​ശ്യം. ര​ണ്ടു സെ​ന്‍റു മു​ത​ൽ ആ​റു സെ​ന്‍റു​വ​രെ മ​ണ്ണും ത​ര​ക്കേ​ടി​ല്ലാ​ത്ത വീ​ടു​മു​ള്ള​വ​രാ​യി​രു​ന്നു വിവിധ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെത്തുട​ർ​ന്നു​ണ്ടാ​യ തീ​ര​ശോ​ഷ​ണ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ലേ​റെ​യും വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ശേ​ഷ​മു​ണ്ടാ​യ തീ​ര​ശോ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​വ​രാ​ണ്. മൂ​ന്നു​ സെ​ന്‍റി​ൽ കു​റ​യാ​ത്ത സ്ഥ​ല​വും അ​തി​ൽ വീ​ടും നി​ർ​മി​ച്ചു ന​ല്ക​ണ​മെ​ന്ന​താ​ണ് സ​മ​ര​വേ​ദി​യി​ൽ ഉ​യ​രു​ന്ന ന്യാ​യ​മാ​യ ആ​വ​ശ്യം. മ​ത്സ്യ​ബ​ന്ധ​നം ഏ​ക ഉ​പ​ജീ​വ​ന​മാ​യവർക്ക് അ​വ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലു​ള്ള വീ​ടു​ക​ൾ വേ​ണം തീ​ര​ത്തുനി​ന്ന് അ​ക​ലെ​യ​ല്ലാ​തെ നി​ർ​മി​ച്ചു ന​ല്കേ​ണ്ട​ത്.
തീ​ര​ശോ​ഷ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി പ​ഠി​ക്കാ​നാ​യി അ​ദാ​നി ഗ്രൂപ്പ് തു​റ​മു​ഖ​നി​ർ​മാ​ണം നി​ർ​ത്തി​ വ​ച്ച് ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്ത​ണം. ഈ ​പ​ഠ​നം ന​ട​ത്താ​നാ​യി രൂ​പീ​ക​രി​ക്കു​ന്ന സം​ഘ​ത്തി​ൽ സ​മ​ര​സ​മി​തി മു​ന്നോ​ട്ടു​ വയ്ക്കു​ന്ന വി​ദഗ്ധരെയും തൊഴിലാളി പ്ര​തി​നി​ധി​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രാ​വ​ശ്യം. ഇ​തി​നു പ്ര​ധാ​ന​മാ​യും പ​റ​യു​ന്ന കാ​ര​ണം വി​ഴി​ഞ്ഞം തു​റ​മു​ഖ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ ശം​ഖു​മു​ഖം ബീ​ച്ച്ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​യി എന്നതാണ്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വീ​ടു​ക​ളെ​ല്ലാം തീ​ര​ശോ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ലെ​ടു​ത്തുപോയിക്കഴിഞ്ഞു. പൂ​ന്തു​റ​യി​ലേ​യും വ​ലി​യ​തു​റ​യി​ലേ​യും ജ​ന​ങ്ങ​ൾ ഇപ്പോൾ‌ ഏ​റെ ഭീ​തി​യി​ലാ​ണ്. ഏ​ഴു​വ​രി വീ​ടു​ക​ൾ വ​രെ തീ​ര​ശോ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഷ്ട​മാ​യിക്കഴിഞ്ഞു. ഇ​നി​യും വീ​ടു​ക​ൾ ന​ഷ്ട​മാ​കു​മോയെന്ന ആധിയിലും ആ​ശ​ങ്ക​യി​ലുമാ​ണ് തീ​ര​വാ​സി​ക​ൾ. ഗ്രീ​ൻ ട്രൈബ്യൂ​ണ​ൽ റി​പ്പോ​ർ​ട്ടും സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശവും പ​രി​ഗ​ണി​ച്ചു​വേ​ണമായിരുന്നു സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വേ​ണ്ടി​യി​രു​ന്ന​തെന്നിരിക്കെ അത്തരത്തിൽ യാതൊന്നുമുണ്ടായില്ലെന്നു സ​മ​ര​സ​മി​തി കു​റ്റ​പ്പെ​ടു​ത്തു​ന്നു.
സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു മൂ​ലം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ ക​ഴി​യാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ തൊഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം വേ​ത​നം ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉയർത്തി​ക്കാ​ട്ടു​ന്നു. മു​ത​ല​പ്പൊ​ഴി​യി​ൽ തു​ട​ർ​ച്ച​യാ​യി മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെടു​ന്ന സ്ഥി​തി​യാ​ണ്. നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നാ​ണ് ഇവിടെ അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. ഇ​വി​ടെ ഡ്ര​ഡ്ജിം​ഗ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി ആഴം വർധിപ്പിച്ച് മ​ത്സ്യ​ബ​ന്ധ​നം സു​ഗ​മ​മാ​ക്കു​ക​യും ജീ​വ​ന് സു​ര​ക്ഷ​ ഉ​റ​പ്പു വ​രു​ത്തു​ക​യും വേ​ണം.
ഈ ​ആ​വ​ശ്യ​ങ്ങ​ളി​ലേ​റെ​യും അം​ഗീ​ക​രി​ച്ചു​വെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു​വെ​ങ്കി​ലും ഇ​ത് സം​ബ​ന്ധി​ച്ച് ഒ​രു ഉ​ത്ത​ര​വുപോ​ലും ഇ​റ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സ​മ​രം ആ​സൂ​ത്രി​ത​മെ​ന്ന പ്ര​ചാ​ര​ണം പ്രചരിപ്പിക്കുന്നത് തീ​ര​ദേ​ശ ജ​ന​ത​യ്ക്ക് നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.
ക​രു​ത​ലാ​യി കാ​വ​ലാ​യി
തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ മു​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം പ്രാ​യ​വും ആ​രോ​ഗ്യ​പ​രി​മി​തി​യും വ​ക​വെ​യ്ക്കാ​തെ​യാ​ണ് സ​മ​ര​മു​ഖ​ത്ത് സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്. അ​ര നൂ​റ്റാ​ണ്ടോ​ളം തീ​ര​ദേ​ശ​മ​ക്ക​ളു​ടെ ദു​രി​ത​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ദു​ഖ​ങ്ങ​ളും നേ​രി​ൽ കാ​ണു​ക​യാ​ണ് പി​താ​വ്.
തു​റ​മു​ഖ ക​വാ​ട​ത്തി​നു മു​ന്നി​ലേ​ക്ക് സ​മ​രം മാ​റ്റു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ മ്യൂ​സി​യം മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ വ​രെ പ​ദ​യാ​ത്ര​​യിൽ പ​ങ്കെ​ടു​ത്താ​ണ് ഡോ.​സൂ​സ​പാ​ക്യം താൻ ജീവനോടു ചേർത്തു പിടിക്കുന്ന ജ​ന​തയോ​ട് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച​ത്. വി​ഴി​ഞ്ഞം പോ​ർ​ട്ടി​നു മു​ന്നി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ലും ആര്‌ച്ച്ബിഷപ് പ​ങ്കെ​ടു​ത്തു. ‌
തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ, സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ​ക്രി​സ്തു​ദാ​സ് തു​ട​ങ്ങി​യവരുടെയും സമുദായസംഘടനകളുടെയും ശ​ക്ത​മാ​യ പി​ന്തു​ണ നിലനിൽപ്പിനായുള്ള ഈ ​സ​ഹ​ന സ​മ​ര​ത്തി​നൊപ്പമുണ്ട്. സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യ​തോ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നാ​നാ​ജാ​തി​മ​ത​സ്ഥ​ർ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്നു​ണ്ട്.
കേ​ര​ള റീ​ജ​ണ​ൽ ലാ​റ്റി​ൻ കാ​ത്ത​ലി​ക് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ല​ന്പി​ള്ളി​യി​ൽനി​ന്ന് വി​ഴി​ഞ്ഞ​ത്തേ​ക്ക് പ​ദ​യാ​ത്ര​ കടന്നുവരുന്നതോടെ സമരം ഇനിയും ശക്തിപ്പെടും.
വി​ഴി​ഞ്ഞ​ത്തും പൂ​ന്തു​റ​യി​ലും അ​ഞ്ചു​തെ​ങ്ങി​ലും പൊ​ഴി​യൂ​രി​ലു​മു​ള്ള​വ​ർ പ​റ​യു​ന്നു. “ഞ​ങ്ങ​ളു​ടെ തീ​രം ഞങ്ങ​ൾ​ക്കു വേ​ണം. അ​തു ഞ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​തു​മാ​ണ്. ജീ​വി​തം നി​ല​നി​റു​ത്താ​നു​ള്ള​താ​ണ് ഈ ​ധ​ർ​മസ​മ​രം. ആ​ഹാ​രം, വ​സ്ത്രം, പാ​ർ​പ്പി​ടം, തൊ​ഴി​ൽ ​എ​ന്നി​വ മ​നു​ഷ്യ​ന്‍റെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​ണ്. ഒ​രു ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ ​അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ശേ​ഷം വേ​ണം വി​ക​സ​ന​ത്തി​നാ​യി കൈ​കോ​ർ​ക്കാ​ൻ. പ്ര​ത്യേ​കി​ച്ചു പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​ത​തി​യെ ക​രു​ത​ലോ​ടെ കാ​ക്കാനു​ള്ള ധാ​ർ​മി​ക​ ഉ​ത്ത​ര​വാ​ദി​ത്വം മ​റ​ന്ന​ല്ല വി​ക​സന​പ​ദ്ധ​തി​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കേ​ണ്ട​ത്.”

തോ​മ​സ് വ​ർ​ഗീ​സ്