ബൗദ്ധിക വെല്ലുവിളികളും സങ്കീർണ ന്യൂറോ രോഗങ്ങളുമുള്ള നിരവധി കുട്ടികൾ വേദിയിലും അണിയറയിലും അത്ഭുതങ്ങൾ തീർക്കുകയാണ്. വയ്യാത്തവരും കൊള്ളാത്തവരുമെന്നു പറഞ്ഞു തഴയപ്പെട്ടവവർ മികവാർന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
മാജിക്കിന്റെ ടെക്നിക് കാണികൾ തിരിച്ചറിഞ്ഞാൽ മാജിക് പൊളിയും. അമാനുഷികനായ മാന്ത്രികൻ സാധാരണ മനുഷ്യൻ മാത്രമായി മാറും. പക്ഷേ, ഭിന്നശേഷിക്കാരായ കുട്ടികളെ ജാലവിദ്യക്കാരും കലാപ്രതിഭകളുമായി വളർത്തിയെടുക്കുന്ന ഗോപിനാഥ് മുതുകാടിന്റെ ഇന്ദ്രജാലത്തിനു പിന്നിലെ വിസ്മയ രഹസ്യം പിടികിട്ടിയാൽ, കാണികൾപോലും മാന്ത്രികരാകാൻ കൊതിച്ചുപോകും.
അത്രമേൽ ഹൃദ്യമാണ് മജീഷ്യൻ മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷി കുട്ടികളുടെ പ്രകടനം. മമ്മൂട്ടിയെയും മോഹൻലാലിനെയും രജനികാന്തിനെയും അനുകരിച്ച് സദസിനെ ഇളക്കിമറിക്കുന്ന എൽദോ കുര്യാക്കോസിന്റെ ഫിഗർ ഷോ, കേൾവി പരിമിതരായ ആർദ്രയുടെയും അപർണയുടെയും മാജിക് ഷോ, കാഴ്ചപരിമിതിയുള്ള ശ്രീകാന്തിന്റെ ആലാപനത്തിന് താളമിടുന്ന കാശിനാഥൻ... ഇങ്ങനെ പോകുന്നു വിസ്മയങ്ങൾ.
ബൗദ്ധിക വെല്ലുവിളികളും സങ്കീർണ ന്യൂറോ പ്രശ്നങ്ങളുമുള്ള വേറെയും കുട്ടികൾ ഇവർക്കൊപ്പം വേദിയിലും അണിയറയിലും അത്ഭുതങ്ങൾ തീർക്കുകയാണ്. വയ്യാത്തവരും കൊള്ളാത്തവരുമെന്നു പറഞ്ഞു തഴയപ്പെട്ടവരുടെ മികവുകൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഇത്തരത്തിൽ നേടുന്ന വരുമാനത്തിലൂടെ ഇവർ പുതുജീവിതത്തിലേക്കു ചുവടു വയ്ക്കുന്പോൾ അതു മറ്റൊരു മായാജാലം.
ഇവിടെ പ്രപഞ്ചം മാന്ത്രികക്കോട്ടയായും ഭൂമി വിസ്മയചെപ്പായും മാറുകയാണ്. മാന്ത്രികവടി കൊണ്ട് തൊടുന്പോൾ മനസിന്റെ ഉള്ളറയിൽനിന്ന് പുതിയ മനുഷ്യർ ചിറകുവിരിച്ചുയരുന്നത് അതിശയത്തോടെ കാണികൾ തിരിച്ചറിയും. ഈ ജാലവിദ്യയ്ക്കു പിന്നിലെ തന്ത്രം സ്നേഹം മാത്രമാണെന്നു മുതുകാട് വെളിപ്പെടുത്തുകയാണ്.
ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവയ്ക്കുന്നതായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മുതുകാടിനെ ആദരവോടെയാണ് സമൂഹം ഇപ്പോൾ കാണുന്നത്. ഒരു വർഷത്തിനുള്ളിൽ ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനുമായി യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ യാഥാർഥ്യമാക്കിയിരിക്കുകയാണ് മജീഷ്യൻ. മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ മാജിക് പ്ലാനറ്റിനു സമീപം അഞ്ചേക്കറിലാണ് ഈ വിസ്മയലോകം അണി യിച്ചൊരുക്കിയിരിക്കുന്നത്.
എംപവർമെന്റ് സെന്റർ
ശാരീരിക ന്യൂതനകളുള്ള കുട്ടികളുടെ സാധ്യതകൾ പോഷിപ്പിച്ച് സമഗ്ര പരിശീലനങ്ങളിലൂടെ തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ളവരാക്കുകയാണ് യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ. കലാവാസനകളെ പോഷിപ്പിക്കുന്നതിനും ഭയാശങ്കകളില്ലാതെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണിവിടെ.
ഭിന്നശേഷിക്കാരിൽ എന്തെങ്കിലുമൊരു പ്രത്യേക കഴിവ് ഒളിഞ്ഞു കിടപ്പുണ്ടാകും. അതു കണ്ടെത്തി വിദഗ്ധ പരിശീലനം നൽകിയാൽ അതിൽനിന്നു വരുമാനം നേടി ജീവിതം മുന്നോട്ടു കൊണ്ടുപോകാം.
ഇവിടെ നൃത്തം, സംഗീതം, മാജിക്, ചിത്രരചന, പാവകളി, നിഴൽ നാടകം തുടങ്ങിയവയിൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾ വേദികളിൽ കലാപ്രകടനങ്ങൾ നടത്തുന്പോൾ ബന്ധപ്പെട്ട അണിയറ പ്രവർത്തനങ്ങൾ ഇവർക്കൊപ്പമുള്ള കുട്ടികൾതന്നെ നിർവഹിക്കും. ഭാവിയിൽ ഈ സ്ഥാപനത്തിന്റെ പൂർണ ഉത്തരവാദിത്വം ഇവിടത്തെ കുട്ടികൾത്തന്നെ നിർവഹിക്കുന്ന നിലയിലേക്ക് വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കുട്ടികളെ സംരംഭകരാക്കി മാറ്റുകയെന്നതും മറ്റൊരു ചുവടുവയ്പാണ്.
മൂന്നു തിയറ്ററുകൾ
കുട്ടികളുടെ കലാപ്രകടനങ്ങൾക്കായി മൂന്നു മിനി തിയറ്ററുകളും വിശാലമായ മറ്റൊരു തിയറ്ററും സജ്ജമാക്കിയിട്ടുണ്ട്. ഇവിടത്തെ കുട്ടികൾക്കു പുറമെ ലോകത്ത് എവിടെയുമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരവർക്ക് ഇഷ്ടപ്പെട്ട കലാപ്രകടനം ഈ തിയറ്ററുകളിൽ പ്രതിഫലത്തോടെ നടത്താൻ അവസരമുണ്ട്. കാഴ്ച പരിമിതിക്കാർക്ക് മാജിക് ഓഫ് ഡാർക്നെസ് എന്ന തിയറ്ററാണ് ഒരുക്കിയിട്ടുള്ളത്. കേൾവി പരിമിതിയുള്ളവർക്ക് മാജിക് ഓഫ് സൈലൻസ്, ചലന പരിമിതിയുള്ളവർക്ക് മാജിക് ഓഫ് മിറക്കിൾ എന്നീ വേദികൾ.
ചിത്രകലാപ്രദർശനത്തിന് ആർട്ടീരിയ എന്ന കേന്ദ്രവും ഉപകരണസംഗീതത്തിന് സിംഫോണിയ എന്ന വേദിയും ഗവേഷണ കുതുകികളായ കുട്ടികൾക്ക് സയൻഷ്യ എന്ന കേന്ദ്രവുമുണ്ട്. ഗ്രാന്റ് തീയറ്റർ ഭിന്നശേഷിക്കുട്ടികളുടെ കലാസംഗമ വേദിയാണ്. ഇവരുടെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മെഗാ ഷോയാണ് അരങ്ങേറുക.
അത്യാധുനിക തെറാപ്പി സെന്റർ
വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ബൗദ്ധിക ചിന്താ തലങ്ങളെ സ്പർശിക്കുന്ന നവീന ഉപകരണങ്ങളുമായി ലോകോത്തര തെറാപ്പി സെന്ററാണ് പ്രവർത്തിക്കുന്നത്. സൈക്കോ തെറാപ്പി, ബിഹേവിയർ തെറാപ്പി, വെർച്വൽ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പീച്ച് ആന്റ് ഓഡിയോ തെറാപ്പി, സെൻസറി തെറാപ്പി എന്നിവയ്ക്കു പുറമെ ഡെന്റൽ വിഭാഗവുമുണ്ട്. സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡോക്ടർമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. കാർഷികജോലിയിലൂടെ കുട്ടികളിൽ മാറ്റമുണ്ടാ ക്കുന്നതിന് ഹോർട്ടികൾച്ചറൽ തെറാപ്പി സെന്ററുണ്ട്.
ഹാപ്പിനെസ് ട്രെയിൻ
ഭിന്നശേഷിക്കാർ നേരിടുന്ന പല തരത്തിലുള്ള ഭയം അവരുടെ വളർച്ചയ്ക്കും വികാസത്തിനും തടസമാണ്. ചിലർക്ക് ഉയരം പേടി, ചിലർക്ക് വേഗം പേടി, മറ്റു ചിലർക്ക് ഇടിയും മിന്നലും പേടി. ഇതു തിരിച്ചറിഞ്ഞ് ഭയാശങ്കകൾ അകറ്റാൻ ഹാപ്പിനെസ് ട്രെയിൻ എന്ന പേരിൽ പ്രത്യേക ട്രെയിൻ യാത്ര സജ്ജമാക്കിയിട്ടുണ്ട്. സെന്ററിനു ചുറ്റും നിർമിച്ചിരിക്കുന്ന ട്രാക്കിലൂടെ വിവിധ കാലാവസ്ഥകളിലൂടെയാണ് ഇതിന്റെ സഞ്ചാരം. ഇതിനായി ഇരുണ്ട ഗുഹകളും ഇടിമിന്നലും മഴയും മലവെള്ളപ്പാച്ചിലും ഒരുക്കിയിട്ടുണ്ട്.
ഡിഫറന്റ് സ്പോർട്സ് സെന്ററിൽ അത്ലറ്റിക്സ്, ഇൻഡോർ ഗെയിമുകൾ എന്നിവയിൽ പ്രാവീണ്യം നേടാം. ഇതിനായി വിശാലമായ മൈതാനവും ടർഫുകളും സജ്ജമാക്കിയിട്ടുണ്ട്. സ്പെയിന് ജിബ്രാൾട്ടർ സ്വദേശിയും ഗോകുലം ഫുട്ബോൾ അക്കാദമി ഹെഡ് കോച്ചുമായ ജോയൽ റിച്ചാർഡ് വില്യംസാണ് കായിക പരിശീലനം നൽകുന്നത്.
അമ്മമാർക്കും സാന്ത്വനം
ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് കരിസ്മ എന്ന പേരിൽ തൊഴിൽ സംരംഭവും ഒരുക്കിയിട്ടുണ്ട്. പരിശീലനവും പഠനവും കലാപ്രകടനവുമായി മക്കൾ തിരക്കിലാകുന്പോൾ അമ്മമാർക്ക് തൊഴിലുകളിൽ വ്യാപൃതരായി വരുമാനം നേടാനാകും. ബാഗ്, മെഴുകുതിരി, കേക്ക്, ബ്രെഡ്, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ നിർമാണ യൂണിറ്റുകളാണുള്ളത്. ഉത്പന്നങ്ങൾ വിൽക്കാനുള്ള സ്റ്റോറുകളും ഓണ്ലൈൻ വിൽപ്പന സംവിധാനവുമുണ്ട്.
ഇവിടെയെത്തിയാൽ കുട്ടികൾ അവരുടെ ലോകത്തേക്കും അമ്മമാർ അവരുടെ ജോലിയിലേക്കും കടക്കും. വൈകുന്നേരം തിരിച്ചുപോകുന്പോൾ മാത്രമേ ഇരുവരും കണ്ടുമുട്ടുകയുള്ളു. ആവശ്യമെങ്കിൽ അമ്മയ്ക്കും കുട്ടിക്കും താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. സമാനസാഹചര്യക്കാരായ എല്ലാ അമ്മമാർക്കും കുട്ടികൾക്കും ഇവിടെയെത്തി നിശ്ചിത കാലം താമസിച്ചു പരിശീലനം നേടി മടങ്ങാനുള്ള സൗകര്യവുമുണ്ട്. താമസവും ഭക്ഷണവും സൗജന്യമാണ്.
പ്രവേശനം
2023 ജനുവരിയിലാണ് മൂന്നാമതു ബാച്ച് ആരംഭിക്കുന്നത്. നൂറു കുട്ടികൾക്കാണ് പ്രവേശനം. പ്രവേശന നടപടികൾ ഡിസംബറിൽ തുടങ്ങും. 14 വയസു മുതൽ 24 വയസുവരെയുള്ളവർക്കാണ് ടാലന്റ് ഹണ്ടിലൂടെ അഡ്മിഷൻ. ഇവർക്ക് സൗജന്യ താമസവും ഭക്ഷണവും സ്റ്റൈപ്പന്റും ലഭിക്കും.
2019ൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മജീഷ്യൻ ഗോപിനാഥ് മുതുകാട് ആരംഭിച്ച ഡിഫറന്റ് ആർട്ട് സെന്ററിന്റെ തുടർച്ചയായാണ് യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ. വെല്ലുവിളികളുള്ള 200 കുട്ടികൾക്കാണ് വിവിധ കലകളിൽ ഇപ്പോൾ പരിശീലനം നൽകിവരുന്നത്. സന്ദർശകർക്കു മുന്നിൽ കലകൾ അവതരിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന പ്രോത്സാഹനവും അംഗീകാരവും കുട്ടികളിൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് കാരണമാകുന്നു.
മുതുകാടിന്റെ സ്വപ്നം
മാജിക് ഉപേക്ഷിച്ചതിൽ ദുഃഖമുണ്ടെങ്കിലും അതിൽ നിന്നുള്ള വരുമാനത്തെക്കാൾ ആത്മസംതൃപ്തി ഇപ്പോഴുണ്ടെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു. യൂണിവേഴ്സൽ എംപവർമെന്റ് സെന്ററിനെ ഭിന്നശേഷിക്കാർക്കുള്ള സർവകലാശാലയായി വളർത്തിയെടുക്കുകയാണ് ഇദ്ദേഹത്തിന്റെ സ്വപ്നം.
‘ജീവിതത്തിൽ മൂന്നു തലങ്ങളിലൂടെ കടന്നു പോയ വ്യക്തിയാണ് ഞാൻ. മാജിക്കിലേക്കു വന്ന കാലം പാഷന്റെ കാലമായിരുന്നു. സാന്പത്തിക നേട്ടമില്ലെങ്കിലും അവതരിപ്പിക്കാൻ വേദി കിട്ടിയാൽ മതിയെന്ന് കൊതിച്ചിട്ടുണ്ട്. പിന്നീട് സ്റ്റേജ് ഷോകളിലേക്കു മാറിയപ്പോൾ കാണികളുടെ കയ്യടികളും സാന്പത്തിക നേട്ടവും ഉണ്ടായി. ഇപ്പോൾ അതൊന്നുമില്ലാത്ത ഒരു കാലമാണ്. പക്ഷേ വലിയ സംതൃപ്തിയും നിർവൃതിയും ഈ കുഞ്ഞുങ്ങളോടും അവരുടെ രക്ഷിതാക്കളോടുമൊപ്പം ചെലവഴിക്കുന്പോൾ ലഭിക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരം ഭിന്നശേഷി കുട്ടികളുടെ ഒരു കലാമേള സംഘടിപ്പിക്കാൻ കേന്ദ്രസർക്കാരുമായി ആലോചിക്കുകയാണ്. ഇതോടനുബന്ധിച്ച് യൂണിവേഴ്സൽ എംപവർമെന്റ് സെന്ററിന്റെ ഉദ്ഘാടനവും നടക്കും. ഇവിടുത്തെ സിലബസും മൊഡ്യൂളുകളും അടിസ്ഥാനമാക്കി പരിശീലനത്തിന് സിംഗപ്പൂർ യൂണിവേഴ്സിറ്റിയുമായി സഹകരിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ പഠനം, കലാകായിക പരിശീലനം, മാനസികാരോഗ്യ പുരോഗതി എന്നിവ ലക്ഷ്യമാക്കുന്ന സംരംഭമാണ് യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ. ഭിന്നശേഷി മേഖലയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളാണ് നോർവേയും ജപ്പാനും അമേരിക്കയും. അവിടെ സന്ദർശനം നടത്തി കൂടുതൽ കാര്യങ്ങൾ പഠിക്കാനുള്ള ശ്രമത്തിലാണ്’.
ഡി. ദിലീപ്