ഉണ്ണീശോപ്പുല്ലും ഈന്തിലകളും
Saturday, December 24, 2022 11:41 PM IST
ക്രിസ്മസ്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
മനുഷ്യരക്ഷയ്ക്കായി ദൈവപുത്രനായ ഈശോമിശിഹ മനുഷ്യാവതാരം ചെയ്ത തിരുനാളാണ് ക്രിസ്മസ് അഥവാ പിറവിത്തിരുനാൾ. ഇതു ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരമാണ്. മറ്റു സുവിശേഷകരിൽനിന്ന് വ്യത്യസ്തമായി പിറവിത്തിരുനാളിനെക്കുറിച്ചു വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ‘ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു... വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു; കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം... അവൻ ജനിച്ചതു രക്തത്തിൽനിന്നോ ശാരീരികാഭിലാഷത്തിൽനിന്നോ പുരുഷന്റെ ഇച്ഛയിൽനിന്നോ അല്ല, ദൈവത്തിൽനിന്നത്രേ’ (യോഹ. 1:1-13). ഈ വാക്യങ്ങളിലൂടെ ജനിച്ചവൻ ദൈവമാണെന്നും അവൻ ദൈവത്തിന്റെ ഏകജാതനാണെന്നും യോഹന്നാൻശ്ലീഹ വ്യക്തമാക്കുന്നു.
ഇതു ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരമാണ്. കാരണം, ദൈവം സ്നേഹമാണ്. പിതാവായ ദൈവത്തിന്റെ സ്നേഹം കാലത്തിന്റെ പൂർണതയിൽ മനുഷ്യാവതാരം ചെയ്തതാണ് ക്രിസ്മസ്. വിശുദ്ധ യോഹന്നാൻതന്നെ ഇതിനെക്കുറിച്ച് ഇപ്രകാരമാണു കുറിക്കുന്നത്: ‘അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു’ (3:16). ദൈവസ്നേഹത്തിന്റെ നീളമോ വീതിയോ ആഴമോ അളക്കാൻ സാധിക്കില്ല. എന്തെന്നാൽ പുൽക്കൂടുമുതൽ കാൽവരിവരെയുള്ള ദൂരമാണത്! ദൈവസ്നേഹത്തിന്റെ കർമസാക്ഷ്യം!
ദരിദ്രനായ മനുഷ്യപുത്രൻ
കാലിത്തൊഴുത്തിൽ പിറന്നതിലൂടെ ദൈവപുത്രൻ സ്വയം ഏറ്റെടുത്ത ദാരിദ്ര്യം തിരുപ്പിറവിയുടെ സാമൂഹികമാനത്തെ ഉണർത്തുന്നതാണ്. ഇക്കാലഘട്ടത്തിലെ മനുഷ്യർ ദ്വിവിധ ദാരിദ്ര്യത്തിന്റെ ഉടമകളാണ്: ആത്മീയവും ഭൗതികവും. സത്രത്തിൽ സ്ഥലം ലഭിക്കാതെ കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രൻ തലചായ്ക്കാൻ ഇടമില്ലാത്ത, സ്വന്തമായി ഒരു ഭവനമില്ലാത്ത, അനേകരുടെ പ്രതീകമാണ്. രാഷ്ട്രീയനേതൃത്വവും ഭരണഘടനയും വികസനത്തിന്റെ നാൾവഴികൾ അക്കമിട്ടു നിരത്തുന്പോഴും കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവർ എത്രയോ ലക്ഷങ്ങൾ.
വികസിത-വികസ്വര-അവികസിത രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമല്ല. മനുഷ്യന്റെ ഭൗതികദാരിദ്ര്യം പോലെ തന്നെ ഗൗരവകരമാണ് മനുഷ്യൻ അനുഭവിക്കുന്ന ആത്മീയദാരിദ്ര്യവും. മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കൊലപാതകങ്ങളും കൊലപാതകരീതികളും തികഞ്ഞ അസഹിഷ്ണുതയും മനുഷ്യബന്ധങ്ങളുടെ തകർച്ചയുമെല്ലാം ഈ ആത്മീയദാരിദ്ര്യത്തിന്റെ ആവിഷ്കാരങ്ങൾ മാത്രമാണ്. യൗസേപ്പിനും മറിയത്തിനും സത്രത്തിൽ സ്ഥലം ലഭിച്ചില്ല എന്നത് ഇന്നും ആവർത്തിക്കപ്പെടുന്ന ചരിത്രം. നമ്മുടെ ജീവിതമാകുന്ന സത്രത്തിൽ സ്ഥലം ലഭിക്കാത്തവർ -മാതാപിതാക്കൾ, സഹോദരങ്ങൾ, അയൽവാസികൾ.
നമ്മുടെ ഹൃദയമാകുന്ന സത്രത്തിൽ സ്ഥലം ലഭിക്കാത്തവർ-ഭാര്യ, ഭർത്താവ്, കുഞ്ഞുങ്ങൾ. വിശപ്പിന്റെ വിളിയുടെ നിത്യസ്മാരകങ്ങളായി ജീവിക്കുന്ന എത്രയോ കുഞ്ഞുങ്ങൾ. വിവിധ കാരണങ്ങളാൽ നാടും വീടും സ്വന്തമായതെല്ലാം ഉപേക്ഷിച്ചു തെരുവിലലയുന്നവർ. നല്ല ജീവിതം കെട്ടിപ്പടുക്കാൻ സ്വന്തം നാടുവിട്ട് അഭയാർത്ഥികൾ.
തിരുക്കുടുംബം നൽകുന്ന പാഠം
‘അപ്പത്തിന്റെ ഭവനം’ എന്നർഥമുള്ള ബെത്ലഹേമിൽ പിറന്നു നസ്രത്തിൽ വളർന്ന തിരുക്കുടുംബമാണ് ഈ ക്രിസ്തുമസ് നാളിൽ നമ്മുടെ ശ്രദ്ധയർഹിക്കുന്ന മറ്റൊരു കാര്യം. കുടുംബത്തിന്റെ ശ്രദ്ധാകേന്ദ്രം ജോസഫും മറിയവും തന്നെ. ജോസഫിന്റെയും മറിയത്തിന്റെയും വ്യക്തിജീവിതത്തിലെ നന്മകളാണ് ദൈവപുത്രന്റെ മാതാവും വളർത്തുപിതാവുമാകാൻ അവർ തെരഞ്ഞെടുക്കപ്പെട്ടതിന്റെ അടിസ്ഥാനം.
മറിയവും യൗസേപ്പും ഉണ്ണീശോയും ചേർന്നു സ്നേഹത്തിന്റെ സന്തോഷമനുഭവിക്കുന്ന ഒരു യഥാർഥ കുടുംബമായിത്തീർന്നു. കാരണം, അവരെപ്പോഴും പരിശുദ്ധ മറിയം പറഞ്ഞതുപോലെ അവൻ (ഈശോ) പറയുന്നതു കേൾക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും സദ്ധരായിരുന്നു. മറ്റൊരു വിധത്തിൽ അവർ പ്രാർഥനയിൽ ഒരുമിച്ചിരുന്നു. അതുതന്നെയാണല്ലോ തലമുറകളുടെ സുകൃതം നമുക്കു പറഞ്ഞുതരുന്ന പാഠവും. ഒരുമിച്ചു പ്രാർഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനിൽക്കുന്നു.
ക്രിസ്മസ് തരുന്ന പ്രത്യാശ
ഇന്നു ക്രിസ്മസും അതിന്റെ ആഘോഷങ്ങളും ആത്മാവു നഷ്ടപ്പെട്ടതോ നിറം മങ്ങിയതോ ആയിട്ടുണ്ടോ എന്നു സംശയിക്കണം. തിരുപ്പിറവിയുടെ ആത്മീയവശം കാണാതെ ആഘോഷങ്ങളിൽ മുഴുകുന്നു. സർവലോകത്തിനും വേണ്ടിയുള്ള സദ്വാർത്ത ഉൾക്കൊള്ളാൻ പറ്റാത്തവിധം നമ്മുടെ ഹൃദയവും മനസ്സും ചുരുങ്ങിപ്പോയിരിക്കുന്നു.
ആത്മീയതയുടെ നിറവും മണവുമുള്ള, അതിർവരന്പുകൾ തീർക്കാത്ത സർവജനത്തിനും രക്ഷയുടെ വാതിൽ തുറക്കുന്ന ഒരു ക്രിസ്മസ് ഇനിയും നമുക്കു സാധ്യമോ? സാധ്യമാണെന്നാണ് ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നത്. അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനതയ്ക്ക് പ്രകാശമായി രക്ഷകൻ വരുമെന്നാണ് മിശിഹായുടെ ജനനത്തിന് ആറു നൂറ്റാണ്ടുകൾ മുന്പേ ഏശയ്യാ പ്രവാചകൻ ഉദീരണം ചെയ്തത്. ഉന്നതങ്ങളിൽ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദർശിച്ചുകഴിഞ്ഞിരിക്കുന്നു.
തിന്മയുടെയും നിരാശയുടെയും സ്വാർഥതയുടെയുമൊക്കെ ഇരുൾ തിങ്ങിയിരിക്കുന്ന നമ്മുടെ ഹൃദയാകാശങ്ങളിൽ മനുഷ്യാവതാരം ചെയ്ത സമാധാനരാജാവ് ഉദയസൂര്യനായി വിരാജിക്കട്ടെ. സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ, ക്ഷമയുടെ, പൊൻവെളിച്ചംകൊണ്ട് ഈ ഉലകമാകെ പ്രകാശപൂരിതമാകട്ടെ. ഏവർക്കും അനുഗ്രഹപ്രദമായ പിറവിത്തിരുനാൾ നേരുന്നു.
മാർ തോമസ് പാടിയത്ത് ഷംഷാബാദ് രൂപത സഹായമെത്രാൻ
ഉണ്ണീശോപ്പുല്ലും ഈന്തിലകളും
മകരക്കുളിരിൽ ഉണ്ണീശോപ്പുല്ല് കിളിർത്തുപടരുന്പോഴേ ക്രിസ്മസിന് ഇനി എത്ര നാൾ ബാക്കിയെന്നതായിരുന്നു ബാലകാല്യത്തെ ചിന്ത. പിറവിത്തിരുന്നാളിനു തലേന്ന് ഇല്ലിക്കന്പുകൾ വെട്ടിയൊരുക്കി ഈന്തിലകൾ മറച്ച് ഇളംപുല്ല് മേഞ്ഞ് പുൽക്കൂടുണ്ടാക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻവയ്യ.
പടങ്ങളും പൂക്കളുമല്ലാതെ ഇക്കാലത്തേതുപോലെ രൂപങ്ങളോ നക്ഷത്രങ്ങളോ പുൽക്കൂട്ടിൽ പതിവില്ല. കരോളും കേക്കും സദ്യയുമില്ലായിരുന്നെങ്കിലും ക്രിസ്മസ് പാവനമായ ഒരനുഭവമായിരുന്നു. നൂലിൽ കെട്ടിയുണ്ടാക്കിയ പടക്കം അപൂർവമായി അക്കാലത്ത് വാങ്ങാൻ കിട്ടും. ഏറിയാൽ നാലഞ്ചു പടക്കം വാങ്ങി പൊട്ടിക്കും.
ഇടവക പള്ളിയായിരുന്നു ഞങ്ങളുടെയൊക്കെ ആത്മീയഭവനം. ചെറുപ്പത്തിൽ ചൂട്ടുകറ്റ കത്തിച്ചാണ് പാതിരാകുർബാനയ്ക്കു മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്കുള്ള ഓട്ടം. ഒന്നാം മണിയടിക്കുന്നതിനു മുന്നേ പള്ളിയിലെത്തിയാലേ മുൻനിരയിൽ നിലത്തിരിക്കാൻ ഇടം കിട്ടൂ. ക്ലോക്ക്, വാച്ച്, ടൈം പീസ് എന്നിവ ഒരാൾക്കുമില്ല. ഉണർത്താനും ഉറക്കാനും പ്രാർഥിപ്പിക്കാനുമൊക്കെ പള്ളിമണി മാത്രം.
പാതിരാകുർബാന കൂടാൻ രാത്രി പത്തോടെ കുട്ടികളൊന്നാകെ പുറപ്പെടുകയായി. ചൂട്ടുമിന്നിച്ചുള്ള വേഗനടത്തത്തിന്റെ ആവേശവും അനുഭവവും പറഞ്ഞറിയിക്കാനാവില്ല. ആകാശത്തെ പൊതിഞ്ഞ അനേകായിരം നക്ഷത്രങ്ങൾ താഴേക്കിറങ്ങിവരുന്നപോലെ തോന്നും. അകലെ ഓരോ കുന്നുകളിൽനിന്നും അനേകം ചൂട്ടുകറ്റകൾ മിന്നിമിന്നി വരും. ഓരോ വീട്ടുകാരുടെയും പള്ളിയിലേക്കുള്ള വരവറിയിക്കുന്നതാണ് ഓരോ ചൂട്ടുവെട്ടവും.
ടോർച്ച്, ബാറ്ററി എന്നിവ നാട്ടിലൊരാൾക്കുമില്ല. പള്ളിയിൽ രണ്ടു മൂന്നു പെട്രോമാക്സ് തെളിക്കും. അൾത്താരയിൽ മെഴുതിരികളും. പള്ളിയുടെ പരിമിതികൾക്കുള്ളിൽ എല്ലാവരും മുട്ടുകുത്തി നിൽക്കും. കുട്ടികൾ മുന്നിൽ, അപ്പച്ചൻമാർ പിന്നിൽ. അവർക്കു പിന്നിൽ സ്ത്രീകൾ. ഇരിക്കാൻ കസേരയും ബഞ്ചുമൊന്നുമൊന്നുമില്ല. ഈണത്തിലുള്ള സുറിയാനി പാട്ടു കുർബാന ഓർമയിൽ ഇപ്പോഴും മങ്ങിയിട്ടില്ല.
പള്ളിയിൽ വികാരിയച്ചനെ കൂടാതെ വേറെയും വൈദികരുണ്ടാകും. പാതിരാകുർബാന കഴിഞ്ഞാൽ അടുത്ത കുർബാനയായി. അങ്ങനെ രണ്ടുമൂന്നു കുർബാനകളിൽ ഒരുമിച്ച് പങ്കെടുക്കാമെന്നതും വലിയ സന്തോഷമായിരുന്നു. നേരം വെളുക്കുന്പോൾ ഞങ്ങൾ വീട്ടിലേക്കു മടങ്ങും. അക്കാലത്തെ മകരത്തണുപ്പിൽ മുറ്റത്ത് തീകാഞ്ഞിരിക്കുക നാട്ടിലെവിടെയും പതിവായിരുന്നു. ഇപ്പോഴാവട്ടെ തണുപ്പില്ല, തീ കായാൻ ആളുമില്ല.
ക്രിസ്മസ്, ഈസ്റ്റർ വിശേഷവേളകളിൽ മാത്രമാണ് വീടുകളിൽ ഇറച്ചിക്കറി വയ്ക്കുക. വിശേഷവേളകളിലേക്കായി ഒരു പൂവൻകോഴിയെ അമ്മ കരുതിയിട്ടുണ്ടാകും. പുട്ട്, അപ്പം, അട എന്നിവയിലൊന്നായിരിക്കും വിഭവം. കൂടെ ഇറച്ചിക്കറിയും. ക്രിസ്മസ് ഭക്ഷണം അക്കാലത്ത് വലിയ ആർഭാടമൊന്നുമല്ല. കൃഷിയുമായി ബന്ധപ്പെട്ട ലളിത ജീവിതമായിരുന്നല്ലോ അന്നുണ്ടായിരുന്നത്. ഇഞ്ചിയും കച്ചോലവും ചേനയും ചേന്പും കാച്ചിലും കുരുമുളകും നെല്ലും തെങ്ങുമാണ് പ്രധാന കൃഷി. റബറും കപ്പയുമൊക്കെ പിന്നീടാണ് നാട്ടിലെത്തിലെത്തിയത്.
ക്രിസ്മസ് കഴിഞ്ഞാൽ അടുത്ത കാത്തിരിപ്പായിരുന്നു പള്ളിയിലെ പെരുന്നാളിലേക്ക്. അപ്പച്ചൻ പെരുന്നാളു കൂടാൻ ഒരു ചക്രം തരും. 28 ചക്രമാണ് അക്കാലത്തെ ഒരു രൂപ. കിട്ടുന്ന ഒരു ചക്രത്തിൽ കാൽ ചക്രം നേർച്ചയിടും. കാൽ ചക്രത്തിന് വെന്തിങ്ങാ വാങ്ങും. കാൽ ചക്രത്തിന് മിഠായി. ഫോട്ടോ വലുതായി കാണിക്കുന്ന സ്ലൈഡ് ഷോക്കാർ പെരുന്നാളിന് വരിക പതിവായിരുന്നു. കാൽ ചക്രം കൊടുത്ത് സ്ലൈഡ് ഷോ കാണും.
ഓരോ ആണ്ടിലും അപ്പച്ചൻ രണ്ടു ഷർട്ട് തുന്നിത്തരും. കൂത്താട്ടുകുളത്തുനിന്നും തുന്നൽക്കാരൻ കുട്ടപ്പൻ വന്ന് ആളെ നോക്കി അളവ് മനസിൽ കണ്ട് കുപ്പായം എത്തിക്കുകയാണ് പതിവ്. ഷർട്ടിനൊപ്പം രണ്ട് ഒറ്റമുണ്ടുകളും വാങ്ങിത്തരും. സ്കൂൾ പഠനം പൂർത്തിയാക്കി ഞാൻ ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളജിലും തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിലും മദ്രാസ് ലയോള കോളജിലുമായി എംഎ വരെയും പിന്നീട് ചങ്ങാനാശേരി പാറേൽ പെറ്റി സെമിനാരിയിലും മംഗലാപുരം സെന്റ് ജോസഫ്സ് മേജർ സെമിനാരിയിലും പഠിക്കുന്ന കാലത്തുവരെ മുണ്ടും ഷർട്ടുമായിരുന്നു വേഷം. പാന്റ്സ് ധരിച്ചുതുടങ്ങിയത് റോമിൽ പഠിക്കാൻ പോയപ്പോഴാണെന്നാണ് ഓർമ.
അക്കാലത്തെ ഏറ്റവും വിലയേറിയ സാമഗ്രികളിലൊന്നാണ് വാച്ച്. മദ്രാസ് ലയോളയിൽ എംഎ ഇക്കണോമിക്സിനു പഠിന്പോൾ 95 രൂപയ്ക്കാണ് വെസ്റ്റ് എൻഡ് കന്പനിയുടെ വാച്ച് ബോംബെയിൽനിന്ന് അയച്ചുവരുത്തിയത്. തപാൽചെലവ് 2.5 രൂപയായി. പോസ്റ്റ് ഓഫീസിൽ ചെന്ന് വാച്ച് കൈപ്പറ്റി മടങ്ങുന്പോൾ ഇന്ത്യാ കോഫി ഹൗസിൽനിന്ന് കൂട്ടുകാർക്ക് കാപ്പി വാങ്ങിക്കൊടുത്തതിന് 2.5 രൂപയും.
എന്റെ ബാല്യത്തിൽ ക്രിസ്മസിനും പെരുന്നാളിനും ഈസ്റ്ററിനുമാണ് നാട്ടിലെ കാരണവൻമാർ പള്ളിയിൽ ഷർട്ട് ധരിക്കുക. അതിനായി വെള്ള മുണ്ടും ഷർട്ടും അലക്കി നീലം മുക്കി കരുതിവയ്ക്കും. സാധാരണ ചടങ്ങുകളിൽ ഒറ്റമുണ്ടാണ് ധരിക്കുക. തോളിൽ ഒരു നേര്യതോ തോർത്തോ കാണും. പ്രായഭേദമന്യേ സ്ത്രീകളുടെ വേഷം ചട്ടയും മുണ്ടുമാണ്. പളളിയിൽ വരുന്ന എല്ലാവരുടെയും കഴുത്തിൽ വെന്തിങ്ങയുണ്ടാകും. ക്രിസ്ത്യാനിയുടെ അടയാളമായിരുന്നു അക്കാലത്ത് വെന്തിങ്ങ.
എത്രയോ ചിട്ടവട്ടങ്ങളുള്ള ജീവിതമായിരുന്നു ഞങ്ങളുടെ ബാല്യത്തിലേതെന്നോ. രാത്രി കുരിശുമണിയടിച്ചാലുടൻ വീടുകളിൽ കുരിശുവര തുടങ്ങും. മുട്ടിൽ നിന്നാണ് ഒരു മണിക്കൂർ പ്രാർഥന. അത്താഴത്തിന് കഞ്ഞിയോ പുഴുക്കോ ഉണ്ടാവും. അതു കഴിച്ചാലുടൻ ഉറങ്ങാൻ കിടക്കും.
അപ്പച്ചൻമാരും അമ്മച്ചിമാരും പുലർച്ചെ രണ്ടിനും മൂന്നിനുമൊക്കെ ഉണർന്ന് പള്ളിയിൽ ഉണർത്തു മണിയടിക്കുംവരെ മുട്ടിൽനിന്ന് കുരിശുവരയും പ്രാർഥനയും നടത്തും. പതിവായി കുന്പസാരിക്കുക, വെള്ളിയാഴ്ച ഉപവസിക്കുക, ആദ്യവെള്ളിയാഴ്ചകളിൽ പള്ളിയിൽ പോവുക, നോന്പുകൾക്കു മുടക്കം വരുത്താതിരിക്കുക തുടങ്ങി എത്രയോ നല്ല അനുഷ്ഠാനങ്ങൾ. അവർക്ക് ആചാരങ്ങളായിരുന്നു ആഘോഷങ്ങൾ. പെണ്മക്കളെ കെട്ടിച്ചയച്ചാൽ ആഭരണവും തുണിപ്പെട്ടിയും പോലെ പ്രധാനമായിരുന്നു സമ്മാനമായി കൊടുക്കുന്ന നിത്യാരാധന പുസ്തകവും വണക്കമാസങ്ങളും. അക്കാലത്ത് എഴുത്തും വായനയും പഠിക്കുന്നതുതന്നെ നിത്യാരാധന പുസ്തകം വായിക്കാമല്ലോ എന്ന സന്തോഷത്തിലാണ്.
പ്രധാന റോഡുകളിൽകൂടി മാത്രമേയുള്ളു അക്കാലത്ത് ബസ് സർവീസ്. രണ്ടാം ലോകയുദ്ധത്തിന്റെ വറുതിക്കാലമായിരുന്നു അത്. കൽക്കരിയിൽ ഓടുന്ന ഏതാനും ബസുകൾ. വശങ്ങളിൽ മൂടിമറവില്ലാത്ത തുറന്ന വണ്ടികളിൽ ഇരിപ്പിടം തടിബഞ്ചായിരുന്നു. നാട്ടിലൊരാളും അക്കാലത്ത് പട്ടിണി അനുഭവിച്ചിരുന്നതായി ഓർമയില്ല. പണിക്കാർക്ക് കൂലിയും കൂടെ നെല്ലും ചേനയുമൊക്കെ നൽകിയിരുന്നതിനാൽ ആർക്കും അല്ലലില്ലായിരുന്നു.
വിദൂര ദേശത്തുനിന്ന് കച്ചവടക്കാർ ഉണക്കമീൻ, കുട്ട, വട്ടി, പായ, ചവിട്ടി എന്നിവയൊക്കെയുമായി വീടുകളിലെത്തും. അവർക്കൊക്കെ അന്നംകൊടുക്കുക ഒരു പുണ്യമായി കരുതിയിരുന്നു. തലച്ചുമട് ഇറക്കി മോന്താൻ അൽപം തരുമോ എന്നു ചോദിക്കേണ്ട താമസം, അമ്മച്ചിമാർ കഞ്ഞിവെള്ളത്തിൽ ഒരു തവി ചോറിട്ട് അൽപം മോരൊഴിച്ച് അവർക്ക് കൊടുക്കും.
വീടുകളില് മുതിര്ന്നവര്ക്കൊപ്പം കുട്ടികളും കൃഷികാര്യങ്ങളില് സഹകരിക്കും. ഒരുമിച്ചുള്ള കാര്ഷികാധ്വാനത്തിന്റെ ഫലമായിരുന്നു കഴിഞ്ഞ തലമുറയ്ക്കുണ്ടായ ഭദ്രതയും സമൃദ്ധിയും. വീട്ടിലേക്കു വേണ്ട എല്ലാ വിഭവങ്ങളും അതാതു വീടുകളില് വിളയിച്ചെടുക്കുക എന്നതായിരുന്നു രീതി. കാർഷിക വിളവെടുപ്പ് ക്രിസ്മസ് കാലത്താണ് വരിക. ഫലമൂലാദികൾ കൂലിക്കാർക്കും പാവങ്ങൾക്കും ദാനംകൊടുക്കുന്നതും വീതം വയ്ക്കുന്നതുമൊക്കെ ക്രിസ്മസ്കാല അനുഭവമായിരുന്നു.
96-ാം വയസിലെത്തിയിരിക്കുന്ന എനിക്ക് ബാല്യകാലത്തെ ക്രിസ്മസ് പറഞ്ഞറിയാക്കാൻ വയ്യാത്ത സന്തോഷത്തിന്റെയും ഹൃദയനിറവിന്റെയും അനുഭവമാണ്. കുന്പസാരിച്ചും നോന്പ് നോക്കിയും കുർബാനയിൽ പങ്കെടുത്തും സുകൃതജപം ചൊല്ലിയും ഹൃദയത്തിൽ പൂജ്യമായ പുൽക്കൂടു പണിതിരുന്ന ബാല്യം.
മുത്തോലപുരത്തെ കുന്നുകളും തോടുകളും പാടങ്ങളും കൃഷിയിടങ്ങളുമാണ് എന്റെ ഓർമച്ചെപ്പിലെ ബദ്ലഹേം. മഞ്ഞിൽ കുതിർന്ന ഉണ്ണീശോ പുല്ലുകളും ഈന്തിലകളും മുളങ്കന്പുകളും എവിടെ കണ്ടാലും മനസിലേക്ക് വരിക കുഞ്ഞുന്നാളിലെ പുൽക്കൂടൊരുക്കലും പാതിരാക്കുർബാനയുമാണ്.
കാലം മുന്നോട്ടുപോയപ്പോൾ പുൽക്കൂടുകൾക്ക് മാറ്റം വന്നു. മാതാവിന്റെയും യൗസേപ്പിതാവിന്റെയും നടുവിലെ ഇളംപുല്ലിൻ പുഞ്ചിരിച്ചു കിടക്കുന്ന പൈതലേശു. മുന്നിലും പിന്നിലും ആട്ടിയൻമാർ. പൂജരാജാക്കൻമാരും അവരുടെ ഒട്ടകങ്ങളും. കുന്നോരം നിറയെ ചെമ്മരിയാടുകൾ.
ഇക്കാലത്തും ക്രിസ്മസ് അടുത്തു വരുന്പോൾ രാത്രി ഞാൻ ആകാശത്തേക്കു നോക്കാറുണ്ട്. ബാല്യത്തിൽ പള്ളിയിലേക്ക് ആനയിച്ച നക്ഷത്രക്കൂട്ടങ്ങൾ ഇപ്പോഴും അകാശത്ത് തിളങ്ങി നിൽക്കുന്നതായി എനിക്കു തോന്നും.
ഏവർക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങൾ.
മാർ ജോസഫ് പള്ളിക്കാപറന്പിൽ