കേരള കേഡറിലെ ഐപിഎസ് ദന്പതികളാണ് ആന്ധ്രയിൽനിന്നുള്ള സി.എച്ച്. നാഗരാജുവും ഹർഷിത അട്ടല്ലൂരിയും. പോലീസ് സർവീസിലെ മികവിന് ഏറെ അംഗീകാരവും ആദരവും ഇരുവരും നേടിയിട്ടുണ്ട്. കേരളത്തെയും കേരളീയരെയും ഹൃദയപൂർവം സ്നേഹിക്കുന്ന ദന്പതികൾ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഒൗദ്യോഗിക വസതിയായ എറണാകുളം മറൈൻ ഡ്രൈവിലെ ക്യാന്പ് ഹൗസിൽ ഐപിഎസ് ദന്പതികളായ സി.എച്ച്. നാഗരാജുവും ഹർഷിത അട്ടല്ലൂരിയും തിരുവനന്തപുരത്തേക്കുള്ള സ്ഥലംമാറ്റത്തിന്റെ തിരക്കിലായിരുന്നു. ഒരാഴ്ചയായി വിവിധ പോലീസ് സ്റ്റേഷനുകളിലും സാംസ്കാരിക സംഘടനകളിലും പോലീസ് കമ്മീഷണര് നാഗരാജുവിന് ഹൃദ്യമായ യാത്രയയപ്പാണ് ലഭിച്ചത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നാഗരാജുവും വിജിലൻസ് ഐജിയായി ഹർഷിതയും തലസ്ഥാനത്തെത്തുകയാണ്. പോലീസ് സർവീസിലേക്കുള്ള വഴികൾ, കേസ് അനുഭവങ്ങൾ, കുടുംബജീവിതം തുടങ്ങി തിരക്കു ജീവിതത്തിലെ വർത്തമാനങ്ങൾ ഇരുവരും പങ്കുവയ്ക്കുന്നു.
പോലീസ് പ്രഫഷനിലേക്ക്
ഹൈദരാബാദ് സ്വദേശിയായ സി.എച്ച്. നാഗരാജു കുടുംബാംഗങ്ങളായ നിരവധി പോലീസ് ഉദ്യോഗസ്ഥരെ അറിഞ്ഞാണ് വളർന്നത്. പിതാവ് ചക്കിലം റാം മോഹൻ റാവു സബ് ഇൻസ്പെക്ടറും മുത്തച്ഛൻ ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായിരുന്നു. പിതൃസഹോദരനും സഹോദരങ്ങളും ബന്ധുക്കളിൽ പലരും പോലീസ് സർവീസിലുണ്ടായിരുന്നു. അതിനാൽതന്നെ നാഗരാജുവിന് പോലീസ് മോഹം കുട്ടിക്കാലം മുതലേ മനസിലുണ്ടായിരുന്നു. ഇന്റർമീഡിയറ്റ് പഠനകാലത്താണ് സിവിൽ സർവീസ് സ്വപ്നമായതും അതിനായി പഠനം തുടങ്ങിയതും.
കൊച്ചുമകളെ പോലീസ് വേഷത്തിൽ കാണാനാഗ്രഹിച്ച മുത്തച്ഛന്റെ പ്രോത്സാഹനമാണ് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ ഹർഷിതയെ ഇന്നത്തെ നിലയിലെത്തിച്ചത്. അമ്മയും മുത്തശിയും ബന്ധുക്കളും ഏറെ പ്രോത്സാഹനം നൽകിയിരുന്നു. സിവിൽ സർവീസിനായി ഹൈദരാബാദിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. അവിടെ പരിചയപ്പെട്ട മറ്റു നാലു സുഹൃത്തുക്കളും ഇവർക്കൊപ്പം ചേർന്നതോടെ ആറു സുഹൃത്തുക്കൾ പരിശീലനത്തിൽ ഒരു സംഘമായി. ഹർഷിത അട്ടല്ലൂരി ആദ്യചാൻസിൽ 2002ലാണ് സിവിൽ സർവീസ് പാസായത്. 2003 ബാച്ചിൽ നാഗരാജുവും. ഐപിഎസ് നേടിയശേഷം ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിലായിരുന്നു ഇരുവരുടെയും പരിശീലനം.
പ്രണയം പൂത്ത കാലം
ഹൈദരാബാദ് പോലീസ് അക്കാദമിയിലെ പരിശീലനകാലത്ത് ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്കു വഴിമാറി. ഹർഷിതയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും നാഗരാജു പറഞ്ഞപ്പോൾ ഹർഷിതയ്ക്കും സമ്മതമായിരുന്നു. 2003ൽ ഇരുവരും വിവാഹിതരായി.
ഹൈദരാബാദിലെ ഐപിഎസ് പരിശീലനം കഠിനമായിരുന്നെങ്കിലും ഇരുവരും പോലീസ് പ്രഫഷൻ എന്ന സാക്ഷാത്കാരത്തിലേക്കെത്താൻ മനസുകൊണ്ടും ശരീരംകൊണ്ടും തയാറെടുക്കുകയായിരുന്നു. ട്രെയിനിംഗിലെ ചില ഇനങ്ങൾ ആദ്യഘട്ടം കഠിനമായി തോന്നിയെങ്കിലും പിന്നീട് വലിയ ആത്മവിശ്വാസം ഉണ്ടായതായി ഹർഷിത പറയുന്നു.
ഇടത്തരം കുടുംബത്തിൽനിന്നുള്ള ഞാൻ പുസ്തകവായന ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു. പോലീസ് ട്രെയിനിംഗിനോട് താതാത്മ്യപ്പെടാൻ ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പക്ഷേ ഒരു ജോലി ചെയ്യാൻ പറ്റില്ലെന്നു ചിന്തിപ്പിക്കുന്നത് നമ്മുടെ മനസാണ്, ശരീരമല്ല. ഏറ്റെടുത്ത ജോലിയുടെ ഗൗരവം ഉൾക്കൊണ്ടതോടെ പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ നൽകി. അക്കാദമിയിലെ പരിശീലനത്തിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ല. റോക്ക് ക്ലൈംപിംഗ്, കുതിര സവാരി, നീന്തൽ, ഫയറിംഗ് തുടങ്ങിയവയൊക്കെ വലിയ ആത്മവിശ്വാസമാണു നൽകിയത്’.
കേരളത്തിലേക്ക്
നാഷണൽ പോലീസ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കിയ ഐപിഎസ് ദന്പതികൾക്ക് കേരള കേഡർ ആണ് ലഭിച്ചത്. കേരള പോലീസ് അക്കാദമിയിൽ ഒരുമാസത്തെ പരിശീലനത്തിനുശേഷം കണ്ണൂർ കണ്ണവം പോലീസ് സ്റ്റേഷനിൽ ഹർഷിതയ്ക്കും എടക്കാട് പോലീസ് സ്റ്റേഷനിൽ നാഗരാജുവിനും പ്രാഥമിക പരിശീലനം ലഭിച്ചു.
തുടർന്ന് ഹർഷിത കണ്ണൂർ എഎസ്പി (അണ്ടർ ട്രെയിനിംഗ്), കണ്ണവം എസ്എച്ച്ഒ ചാർജ് , എഎസ്പിയായി ഷൊർണൂർ, അടൂർ, തിരുവനന്തപുരം എസ്എപി കമാൻഡന്റ്, തിരുവനന്തപുരം ഡിസിപി(ലോ ആൻഡ് ഓർഡർ), എസ്പി കൊല്ലം, എസ്പി എറണാകുളം റൂറൽ, എസ്പി ഹെഡ് ക്വാർട്ടേഴ്സ്, എസ്പി വിജിലൻസ്, എസ്പി ക്രൈംബ്രാഞ്ച്, എസ്പി മുംബൈ സിബിഐ ബാങ്കിംഗ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, ഡിഐജി സിബിഐ ആന്റി കറപ്ഷൻ ബ്രാഞ്ച്, തിരുവനന്തപുരം അഡീഷണൽ പോലീസ് കമ്മീഷണർ, ഡിഐജി ക്രൈംസ്, ഐജി ഇന്റലിജൻസ്, ഐജി ക്രൈംബ്രാഞ്ച്, ഐജി ഇക്കണോമിക്സ് ഒഫൻസസ് വിംഗ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്നാണ് ഇപ്പോൾ വിജിലൻസ് ഐജിയായി നിയമനം ലഭിച്ചിരിക്കുന്നത്.
നാഗരാജു എഎസ്പി കണ്ണൂർ, കണ്ണൂർ എടക്കാട് എസ്എച്ച്ഒ ചാർജ്, എഎസ്പി അഗളി, എഎസ്പി പുനലൂർ, തിരുവനന്തപുരം എസ്എപി കമാൻഡന്റ്, തിരുവനന്തപുരം ഡിസിപി(ലോ ആൻഡ് ഓർഡർ), എസ്പി ആലപ്പുഴ, എസ്പി ടെലി കമ്യൂണിക്കേഷൻസ്, എസ്പി റെയിൽവേസ്, എസ്പി മുംബൈ സിബിഐ ആന്റി കറപ്ഷൻ ബ്രാഞ്ച്, ഡിഐജി മുംബൈ സിബിഐ ബാങ്കിംഗ് ഫ്രോഡ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്, ഡിഐജി അഡ്മിനിസിട്രേഷൻ പോലീസ് ഹെഡ് ക്വാർട്ടേഴ്സ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാകുന്നത്.
ഇരുവരും ബംഗളൂരു ഐഐഎമ്മിൽ പബ്ലിക് പോളിസി ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനോളജിയിൽ ഇരുവരും എംഫിലും പൂർത്തിയാക്കി.
വെല്ലുവിളികൾ
പന്ത്രണ്ട് വർഷം മുന്പ് കൊല്ലം എസ്പിയായിരിക്കെ അന്വേഷിച്ച ഇരട്ടക്കൊലപാതക കേസാണ് കരിയറിൽ വെല്ലുവിളി നിറഞ്ഞതും ത്രില്ലിംഗുമായ അനുഭവമെന്നു ഹർഷിത അട്ടല്ലൂരി പറയുന്നു. കൊല്ലം ഹൈവേയോടു ചേർന്നാണ് ആദ്യ കൊലപാതകം നടന്നത്. രാത്രി നടന്ന കൊലപാതകം ആയതിനാൽ തെളിവൊന്നും ലഭിച്ചിരുന്നില്ല. ആദ്യകൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞപ്പോൾ രണ്ടാമത്തെ കൊലപാതകവും ഉണ്ടായി. ഹൈവേയോടു ചേർന്ന സ്ഥലത്തു തന്നെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടവർക്ക് ശത്രുക്കളാരുമില്ലെന്ന നിഗമനത്തിൽ നടത്തിയ അന്വേഷണത്തിലൂടെ, മനോരോഗിയായ കൊലയാളിയെ പിടികൂടാനായി. അയാൾ പിടിയിലായിരുന്നില്ലെങ്കിൽ മറ്റൊരു കൊലപാതകം കൂടി നടക്കുമായിരുന്നുവെന്ന് ഹർഷിത.
എറണാകുളം റൂറൽ എസ്പിയായിരിക്കെ തിരുവനന്തപുരത്തെ ഗുണ്ടാ നേതാവ് ശോഭാ ജോണിന്റെ പെണ്വാണിഭസംഘത്തിൽനിന്ന് 17കാരിയെ രക്ഷപ്പെടുത്താനായതും സംതൃപ്തി നൽകിയ കേസ് അനുഭവമായിരുന്നു. രക്ഷിതാക്കൾതന്നെ വാണിഭ സംഘത്തിനു കൈമാറിയ പെണ്കുട്ടി നാലു വർഷമായി ചൂഷണം അനുഭവിച്ചു വരികയായിരുന്നു. വിസ്മയ കൊലക്കേസിൽ പ്രതിക്ക് ശിക്ഷ നേടിക്കൊടുക്കാനായതും വലിയ അനുഭവമായിരുന്നു.
ബംഗളുരൂ സ്ഫോടനക്കേസിൽ പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയെ കൊല്ലത്തുനിന്ന് അറസ്റ്റു ചെയ്തതും വെല്ലുവിളി നിറഞ്ഞതായിരുന്നു. മദനിയെ അറസ്റ്റ് ചെയ്യുന്നതിനായി ബംഗളുരു പോലീസ് കൊല്ലത്തെത്തിയിരുന്നു. ശാസ്താംകോട്ടയിൽ മദനിക്ക് ഏറെ സ്വാധീനവും ജനപിന്തുണയുമുള്ള കാലമായിരുന്നു. അവിടെ 144 പ്രഖ്യാപിച്ച് വർഗീയ ലഹളയുണ്ടാകാത്ത രീതിയിൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കാനായി. കൊല്ലം ജില്ലയിൽ മാത്രമല്ല സംസ്ഥാനത്തുടനീളം ശക്തമായ സുരക്ഷ ഏർപ്പാടാക്കിയ ശേഷമായിരുന്നു ആ നടപടി.
നാഗരാജുവിനു പറയാൻ
അട്ടപ്പാടിയിൽ എഎസ്പി ആയിരിക്കെയുണ്ടായ അനുഭവമായിരുന്നു നാഗരാജുവിന് പറയാനുണ്ടായിരുന്നത്. ഏറെപ്പേരുടെ ചൂഷണങ്ങൾക്ക് ഇരയാകുന്നവരാണ് ആദിവാസികൾ. അവിടെ ഏതാനും പേർ ഒരു ആദിവാസി മൂപ്പന്റെ സ്ഥലം കൈയേറി റോഡ് നിർമിച്ചു. ആദിവാസിഭൂമി ഇത്തരത്തിൽ കൈയേറാനോ നിർമാണം നടത്താനോ പാടില്ലെന്നിരിക്കെ പോലീസ് ശക്തമായ ഇടപെടൽ നടത്തി. മറ്റാർക്കും ആദിവാസിഭൂമി സ്വന്തമാക്കാനാവില്ലെന്ന നിയമം പ്രാബല്യത്തിൽ വരുത്താനായത് അഭിമാനമായി കരുതുന്നുവെന്ന് നാഗരാജു പറഞ്ഞു.
എസ്എപി കമാൻഡന്റായിരിക്കെ ഗുജറാത്തിലെ ഗോദ്രയിൽ തെരഞ്ഞെടുപ്പിന് കേരളത്തിൽനിന്ന് ആയിരം പോലീസുകാരെ എത്തിച്ച് കലാപം ഉണ്ടാകാമായിരുന്ന സാഹചര്യം ഒഴിവാക്കിയതും നാഗരാജുവിന് കരിയറിലെ തിളക്കമാർന്ന അനുഭവമാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കെ ഇലന്തൂർ ഇരട്ട നരബലിക്കേസ്, സുനു മോഹൻ കേസ്, അർഷാദ് കൊലക്കേസ്, മാർട്ടിൻ ജോസഫ് കൊലക്കേസ് എന്നിവയ്ക്കെല്ലാം തെളിവു കണ്ടെത്താ നായതും പോലീസ് ഡയറിയിലെ തിളക്കമുള്ള താളുകളാണ്.
വീട്ടുകാര്യങ്ങൾ
ജോലിക്കുശേഷം വീട്ടിലെത്തിയാൽ ഓഫീസ് കാര്യങ്ങൾക്ക് ഇടവേള നൽകി കുടുംബവിശേഷങ്ങൾ മാത്രം പറയാനാണ് ആഗ്രഹിക്കുകയെന്ന് നാഗരാജുവും ഹർഷിതയും പറയുന്നു. വെല്ലുവിളിയും ടെൻഷനുമുള്ള കേസുകളുണ്ടാകുന്പോൾ മാത്രമാണ് അതേക്കുറിച്ച് വീട്ടിൽ ചർച്ച ചെയ്യാറുള്ളത്.
പോക്സോ കേസുകൾ അന്വേഷിക്കേണ്ട സാഹചര്യം ഉണ്ടാകുന്പോൾ ഒരു അമ്മകൂടിയായ തന്റെ മനസ് വല്ലാതെ വേദനിക്കാറുണ്ടെന്ന് ഹർഷിത പറഞ്ഞു.
ഇരയാക്കപ്പെട്ട കുട്ടികളെ കാണുന്പോൾ എനിക്കും ഒരു മകളുണ്ടല്ലോ എന്ന് ഓർത്തുപോകും. ആ സന്ദർഭങ്ങളിൽ അസന്തുഷ്ടിയും ഡിപ്രഷനും തോന്നാറുണ്ട്. സുരക്ഷയ്ക്കായി എല്ലാ പെണ്കുട്ടികളും ഏതെങ്കിലുമൊരു ആയോധനകല പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഹർഷിത പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ വളരെയധികം സമ്മർദം അനുഭവിക്കുന്നവരാണെന്ന് നാഗരാജുവും അഭിപ്രായപ്പെടുന്നു. സ്ട്രെസ് ലെവൽ കുറയ്ക്കാൻ കൗണ്സലിംഗും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ലീവും പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമാണെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം.
തിരക്കും ഉത്തരവാദിത്വവുമുള്ള ജോലിയാണെങ്കിലും മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങളിൽ ഹർഷിത പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. തിരക്കില്ലെങ്കിൽ വൈകുന്നേരം ആറിന് ഓഫീസിൽനിന്നിറങ്ങും. വീട്ടിലെത്തി മക്കളുടെ ഹോംവർക്ക്, പഠന കാര്യങ്ങളൊക്കെ ശ്രദ്ധിക്കും. സ്കൂളിലെ ചടങ്ങുകളിൽ ഞങ്ങൾ ഇരുവരും പോകാറുണ്ട്. മക്കളെ സ്കൂളിലേക്ക് അയച്ചശേഷം രാവിലെ ഒന്പതിന് ഓഫീസിലെത്തും. എത്ര തിരക്കുള്ള ജോലിയാണെങ്കിലും വർക്ക് ലൈഫ് ബാലൻസ് പ്രധാനമാണ്. ടൈം മാനേജ്മെന്റിന് പ്രാധാന്യം നൽകണം. ജോലിത്തിരക്കു മൂലം കുടുംബത്തെ ശ്രദ്ധിക്കാൻ പറ്റിയില്ലെന്നു പറയുന്നവരുണ്ട്. ജോലിക്കൊപ്പം കുടുംബത്തിനും പ്രാധാന്യം നൽകണമെന്നാണ് തന്റെ പക്ഷമെന്ന് ഹർഷിത.
യാത്രയുടെ ആനന്ദം
മാസത്തിലൊരിക്കൽ സകുടുംബം ജില്ലയ്ക്കകത്ത് ഒൗട്ടിംഗിനു പോകാറുണ്ടെന്ന് നാഗരാജു പറഞ്ഞു. ആറു മാസം കൂടുന്പോൾ ട്രെക്കിംഗ് നടത്തും. വർഷത്തിലൊരിക്കൽ നാട്ടിലോ വിദൂരത്തോ കുടുംബത്തോടൊപ്പം ഒരാഴ്ച കറക്കവുമുണ്ട്. മക്കൾക്ക് അച്ഛന്റെയും അമ്മയുടെയും സാമീപ്യം വേണം- നാഗരാജു പറഞ്ഞു.
‘ഹർഷു’വെന്ന് നാഗരാജു വിളിക്കുന്ന ഹർഷിത തയാറാക്കുന്ന സ്പെഷൽ ലെസിയാണ് നാഗരാജുവിന്റെ ഇഷ്ടവിഭവം. പാചക വിദഗ്ധയല്ലെങ്കിലും കുടംബത്തിനുവേണ്ടി വിവിധ വിഭവങ്ങൾ ഒരുക്കാറുണ്ടെന്ന് ഹർഷിത പറഞ്ഞു. ഭർത്താവ് തയാറാക്കുന്ന ചായയ്ക്ക് പ്രത്യേക രുചിയുണ്ടെന്നാണ് ഹർഷിതയുടെ സാക്ഷ്യം.
ഈ പോലീസ് കുടുംബത്തിന് കേരളത്തെ ഏറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് തിരുവനന്തപുരത്ത് വീടുവയ്ക്കാൻ താൽപര്യപ്പെട്ടതും. കേരളത്തിൽതന്നെ കൊച്ചിയോട് സ്നേഹം അൽപം കൂടുതലാണ്. കേരളത്തിലെ ജനങ്ങൾക്ക് ട്രാൻസ്പരൻസിയുണ്ട്. എന്ത് അഴിമതി കണ്ടാലും ജനം പ്രതികരിക്കും. അങ്ങനെയുള്ളതുകൊണ്ട് ഇവിടെ സത്യസന്ധമായി ജോലി ചെയ്യാം. ചുറ്റുപാടിലും എന്താണ് നടക്കുന്നതെന്ന് ജനങ്ങൾക്ക് നല്ല വ്യക്തതയുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇതു കാണാനാവില്ല- ഐപിഎസ് ദന്പതികൾ കേരളത്തിന്റെ നന്മയെക്കുറിച്ച് വാചാലരായി.
മകൻ സിദ്ധാർത്ഥ ചകിലം തിരുവനന്തപുരത്ത് പന്ത്രണ്ടാം ക്ലാസിലും മകൾ അപൂർവ മധുലിക ചകിലം ഒന്പതാം ക്ലാസിലും പഠിക്കുന്നു.
സീമ മോഹൻലാൽ