അനശ്വര കലാസൃഷ്ടിയായി യേശുവിനെ അനാവരണം ചെയ്ത വിഖ്യാത ചിത്രകാരനാണ് യൂസഫ് അറയ്ക്കൽ. അന്ത്യാത്താഴം, കുരിശുമരണം, ഉത്ഥാനം തുടങ്ങി പതിനഞ്ച് ചിത്രങ്ങളിലൂടെ സഹസ്രാബ്ദങ്ങളുടെ വ്യക്തിയായി ഇദ്ദേഹം യേശുവിനെ അവതരിപ്പിച്ചു. സഹനത്തിനും മരണത്തിനുമപ്പുറം വരാനിരിക്കുന്ന പ്രത്യാശയുടെ സന്ദേശം പകരുകയാണ് ഇതിലെ വരകളും വർണങ്ങളും.
പിന്നിട്ട രണ്ടു സഹസ്രാബ്ദങ്ങളിൽ മനുഷ്യരാശിയെ ഏറ്റവുമധികം സ്വാധീനിച്ച മഹദ് വ്യക്തിത്വം ഏതായിരിക്കാം? 1999ൽ വിഖ്യാതചിത്രകാരൻ യൂസഫ് അറയ്ക്കൽ തന്റെ പഠനത്തിനും ചിന്തയ്ക്കും ഒടുവിൽ ഉത്തരം കണ്ടെത്തി-യേശുക്രിസ്തു.
ഇതോടെ മഹത്തായ ഒരു കലാസൃഷ്ടിയായി യേശുവിനെ അനാവരണം ചെയ്യാൻ യൂസഫ് പദ്ധതിയിട്ടു. 1999 ഡിസംബർ 31ന് യേശുവിന്റെ കുരിശുമരണവും തിരുവുത്ഥാനവും സമന്വയിപ്പിച്ച് എട്ടടി നീളവും എട്ടടി വീതിയുമുള്ള കാൻവാസിൽ ചിത്രം പൂർത്തിയാക്കി. മുൾക്കിരീടവും ഇരുന്പാണികളും വശങ്ങളിൽ ചിത്രീകരിച്ചു. കാലവും സ്ഥലവും കുരിശിന്റെ തിരശ്ചീനവും ലംബവുമായ ഖണ്ഡങ്ങളായി കാലാതിവർത്തിയായി നിലകൊള്ളുന്നു.
ഇരുണ്ടുമറിഞ്ഞ മേഘങ്ങളുടെ അകലങ്ങളിൽ സൂര്യോദയവും യേശുവിന്റെ ഉത്ഥാനവും പ്രതിഫലിക്കുന്നു. മരണത്തിന്റെ കാളിമയും നിരാശയുടെ നിരാലംബതയും പകുത്തുമാറ്റുന്ന പ്രഭാത സൂര്യകിരണങ്ങളും ഉയിർപ്പിന്റെ പ്രത്യാശയും ചിത്രത്തിൽ പ്രകടമാണ്. സഹനങ്ങളുടെയും വേദനകളുടെയും നെരിപ്പോടിലൂടെ ജീവിതം പടുത്തുയർത്തിയ യൂസഫിന് ക്രിസ്തുവിന്റെ ഉയിർപ്പ് എന്നും പ്രത്യാശ പകരുന്നതായിരുന്നു. ബാല്യത്തിൽ പാലയൂർ പള്ളിമൈതാനത്ത് കാൽപന്ത് കളിക്കുന്പോൾ അവിടെ കണ്ട കന്യകാമറിയത്തിന്റെയും യേശുവിന്റെയും തിരുരൂപങ്ങളും പള്ളിയുടെ മനോഹാരിതയും യൂസഫിനെ ഏറെ ആകർഷിച്ചിരുന്നു. മനസിൽ യേശു വലിയൊരു ചൈതന്യമായി അന്നേ കുറിക്കപ്പെട്ടു.
ക്രിസ്തുരഹസ്യം ആവാഹിച്ച് കുരിശുമരണത്തിന്റെയും തിരുവുത്ഥാനത്തിന്റെയും അനശ്വര മാസ്മരികത 1999ൽ ഇദ്ദേഹം തനതായ രീതിയിൽ അനാവരണം ചെയ്തു. പലസ്തീനിയനും ഏഷ്യക്കാരനുമായ യേശുവിനെ സഹസ്രാബ്ദങ്ങളുടെ വ്യക്തിയായി വരകളിലും വർണങ്ങളിലും വിഖ്യാതചിത്രകാരൻ അവതരിപ്പിച്ചു. യേശുവിന്റെ ഉപാസകനായി പതിനഞ്ചോളം വലുതും ചെറുതുമായ ചിത്രങ്ങൾക്ക് യൂസഫ് മിഴിവേകി. ബൃഹദ് ചിത്രങ്ങളായ കുരിശുമരണവും തിരുവുത്ഥാനവും റോമിലെത്തി മാർപാപ്പയ്ക്കു സമർപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ന്യൂ എവാഞ്ചലൈസേഷന്റെ അധ്യക്ഷനായിരുന്ന ആർച്ച്ബിഷപ് ഫിസിഷെല്ലാവഴി അതിനുള്ള അനുമതിയും ലഭിച്ചു.
റോമിൽനിന്ന് ബിഷപ് ബർത്തലോമ്യോ അഡക്കോനു വന്ന് കാണുകയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിനു ചുറ്റുമുള്ള കൊളോണേഡിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവാദം ലഭിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ബെനഡിക്ട് മാർപാപ്പയുടെ സ്ഥാനത്യാഗവും ഫ്രാൻസിസ് മാർപാപ്പയുടെ തെരഞ്ഞെടുപ്പും വന്നതോടെ ആ ആഗ്രഹം സഫലമായില്ല. ഇന്ന് യൂസഫ് ജീവിച്ചിരിപ്പില്ലെങ്കിലും എന്നെങ്കിലും അതു സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. റോമിൽ നടത്തിയ ആ ശ്രമങ്ങളിൽ യൂസഫിനെ സഹായിച്ചത് ലേഖകനായിരുന്നു.
യേശുവിന്റെ മാമ്മോദീസ, കലുഷമായ കടലിനു മീതെ നടക്കുന്നത്, ശിഷ്യർക്ക് അന്ത്യത്താഴവേളയിൽ അപ്പം മുറിച്ചുനൽകുന്നത്, ഗദ്സമെൻ തോട്ടത്തിൽ വേദന ഘനീഭവിച്ച് പ്രാർഥിക്കുന്നത്, കുരിശിൽ ഉയർത്തപ്പെടുന്നത്, കുരിശിൽ പിടയുന്ന പുത്രനെ തന്റെ സ്വർഗീയ പിതാവ് കരങ്ങളിൽ ചേർത്തുപിടിക്കുന്നത്, പരിശുദ്ധാരൂപിയുടെ വെളിച്ചം യേശുവിന്റെ ഹൃദയത്തിലേക്കും മുഖത്തേക്കും പടരുന്നത്, പിയത്തയ്ക്ക് തുല്യമായ കച്ചയിൽ പൊതിഞ്ഞ യേശുവിന്റെ ശരീരം തുടങ്ങി പതിനഞ്ച് ചിത്രങ്ങൾ യൂസഫ് ആവിഷ്കരിച്ചു. അത്തരത്തിൽ ക്രിസ്തുരഹസ്യത്തിന്റെ നിതാന്ത ഉപാസകനായി അദ്ദേഹം മാറുകയായിരുന്നു.
ദീർഘകാലം അസുഖബാധിതനായിരിക്കെ, മരണത്തിനു രണ്ടു ദിവസം മുൻപ് ഞാൻ സന്ദർശിച്ചപ്പോൾ, നെറ്റിയിൽ കുരിശുവരച്ച് പ്രാർഥിക്കണമെന്ന് യൂസഫ് താൽപര്യപ്പെട്ടു. ഞാൻ പ്രാർഥിക്കുകയും യൂസഫ് എന്നോട് യേശു എന്നെ രക്ഷിക്കുമെന്നു പറഞ്ഞ് യാത്ര പറയുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷം 2016 ഒക്ടോബർ നാലിന് യൂസഫ് എഴുപത്തിയൊന്നാം വയസിൽ ബംഗളുരുവിലെ വസതിയിൽ അന്തരിച്ചു. വലിയ മനസിന്റെ ഉടമയായിരുന്ന യൂസഫിന് എല്ലാ മതങ്ങളോടും ആദരവുണ്ടായിരുന്നു.
ജീവിതത്തിന്റെ അവസാന കാലത്ത് യേശുചിത്രങ്ങൾ വരയ്ക്കുന്നതിലായിരുന്നു താത്പര്യം. അനശ്വരമായ ആ വരകൾക്ക് മിഴിവും ഭാവവും അർഥവും മെനയാനും സംശയങ്ങൾക്ക് ഉത്തരംകൊടുക്കാനും ആശയങ്ങളിലൂടെ കൂടുതൽ ചാരുത പകരാനും സാധിച്ചതിൽ ഞാനും കൃതാർഥനാണ്.
ഈ വിശുദ്ധ വാരത്തിൽ ആ ചിത്രങ്ങളിലൂടെ കണ്ണോടിക്കുന്പോൾ ക്രിസ്തുരഹസ്യത്തിന്റെ അനിർവചനീയമായ ആവിഷ്കാരമാണ് മനസിൽ നിറയുക. ഭാവവും ഭാവനയും ഒത്തുചേർന്ന കുരിശുമരണവും തിരുവുത്ഥാനവും സമന്വയിക്കുന്ന മഹത്തായ രചനയാണ് ഏറ്റവും മികച്ച സൃഷ്ടി. സഹനങ്ങളുടെ കണ്ണീർ പൊഴിയുന്ന ദുഃഖവെള്ളിയിലെ കുരിശുമരണം പ്രത്യാശയുടെ ഞായർ പുലരിയിലെ ഉയിർപ്പിലേക്കു നയിക്കുമെന്ന് അതിലെ ആശയം അടയാളപ്പെടുത്തുന്നു. ദുരിതങ്ങളും ദാരിദ്ര്യവും നിറഞ്ഞ ബാല്യത്തിലും ബംഗളുരുവിലെ നിരത്തുകളിൽ അലഞ്ഞ യൗവ്വനത്തിലും യൂസഫിന്റെ വികാരത്തിലും വിചാരത്തിലും യേശു ആശ്വാസദൂതനായി മനസിലുണ്ടായിരുന്നു.
കുരിശിലെ സന്നിഗ്ധഘട്ടത്തിൽ ആശ്വാസകരങ്ങൾ നീട്ടുന്ന പിതാവും ഇരുൾച്ചുഴിയിൽ തനിക്കുമേൽ ചൊരിയപ്പെടുന്ന പരിശുദ്ധാരൂപിയുടെ പ്രകാശവും ത്രിത്വത്തിന്റെ ചിഹ്നമാണ്. ത്രിത്വരഹസ്യം ആവിഷ്കരിക്കുന്ന റൂബിളോവിന്റെ ചിത്രമായ മൂന്നു സന്ദർശകരെപ്പോലെ യൂസഫിന് ത്രിത്വചിഹ്നവും ആകർഷകവും ചിന്തനീയവുമാണ്. ഈ രചനകൾ വിശുദ്ധ വാരത്തെ ധ്യാനനിരതമാക്കാനും ജീവിതത്തിലെ കുരിശുകളെയും ദുഃഖവെള്ളികളെയും നേരിട്ട് പ്രത്യാശയുടെ ഉയിർപ്പിലേക്ക് കടക്കാനും ഏവരെയും സഹായിക്കും.
വരകളുടെ പൊരുൾ
ചെറുപ്പത്തിൽ വല്യമ്മയിൽനിന്നു കേട്ടറിഞ്ഞ ബൈബിൾകഥകളെ ആസ്പദമാക്കി യൂസഫ് വരച്ച യേശു ചിത്രങ്ങൾ ബംഗളൂരുവിൽ അലഞ്ഞ കാലത്ത് അന്നമായിത്തീർന്നു. മനുഷ്യജീവിതത്തിന്റെ അർഥവും അസ്തിത്വവും ഏകാകിയായ യൂസഫ് അനുഭവിച്ചറിഞ്ഞു. അതു മനസിൽ കോറിയിട്ടത് പിൽക്കാലത്ത് ചിത്രങ്ങളായി പിറവിയെടുക്കുകയായിരുന്നു.
മുൾക്കിരീടവും മുറിവുകളും ഉയർത്തപ്പെട്ട കുരിശും വിദൂരതയിലേക്കും ഉന്നതങ്ങളിലേക്കും തെരയുന്ന കണ്ണുകളും ഏകാകിയുടെ അന്തക്ഷോഭങ്ങളുടെ നിദർശനമാണ്. ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്പോൾ ഏകാകിയുടെ അന്തർധാരകൾ പങ്കുവയ്ക്കുന്ന അപ്പമായും സൗഖ്യമാക്കുന്ന മുറിവുകളായും കടലലകളെ ശാന്തമാക്കുന്ന സാന്നിധ്യമായും ദുഃഖവെള്ളികളെ ഉയിർപ്പിക്കുന്ന പ്രത്യാശയായും രചനകളിലൂടെ മിഴിവാർന്നു.
തളരുന്ന യേശുവിനെ ചേർത്തുപിടിക്കുന്ന പിതൃസാന്നിധ്യമായും നിരാശ പന്തലിച്ച് മൃതമായ ബോധ്യങ്ങളിൽ വെളിച്ചം പകരുന്ന അരൂപിയുടെ നിറവായും ആവിഷ്കരിക്കാൻ കഴിഞ്ഞു. മർത്യനായ യേശുവും അമർത്യനായ ദൈവപുത്രനും ഇദ്ദേഹത്തിന്റെ മിഴികളിൽ അഭൂതപൂർവമായി സമന്വയിച്ച് ക്രിസ്തുരഹസ്യങ്ങളുടെ അഗാധതയും മാസ്മരികതയും പ്രതിഫലിപ്പിക്കുന്നു.
കുരിശുമരണവും തിരുവുത്ഥാനവും അനുദിനാനുഭവങ്ങളായി യൂസഫിന്റെ ക്രിസ്തുരചനകളിൽ പകർന്നാടുന്നു. ശരീരവും രക്തവും പങ്കുവച്ച്, ലോകത്തിന്റെ വിശാലതയിൽ ഉയർത്തപ്പെട്ട കുരിശായി, അഗാധങ്ങളിലേക്കു നിപതിക്കുന്ന ശരീരമായി, വെളിച്ചം പടർത്തുന്ന അഗ്നിജ്വാലകൾ വിതറി മരണത്തെയും നിരാശയെയും കാൽക്കീഴിലമർത്തുന്ന ഉയിർപ്പ് ചിഹ്നമായി യേശുക്രിസ്തു ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
മൈക്കലാഞ്ചലോയും സാൽവദോർദാലിയും ഉൾപ്പെടെ വിഖ്യാതപ്രതിഭകളുടെ രചനാശൈലികളും ഏഷ്യയുടെ മാനവികതയും ആത്മീയാന്വേഷണ സപര്യയും ഇതിൽ സമഞ്ജസിപ്പിച്ചിരിക്കുന്നു. മുറിക്കപ്പെട്ട ശരീരവും ചിന്തപ്പെട്ട രക്തവുമായി മാറി മാനവരാശിക്ക് ഉപ്പായും പ്രകാശമായും മാറാൻ ശിഷ്യരെ പ്രചോദിപ്പിക്കുന്ന രചനയാണ് അന്ത്യാത്താഴം. അവിടെ യേശുശിഷ്യരെല്ലാം യേശുവിന്റെ മുഖശ്രീയായി മാറുന്നു.
യൂസഫ് അറയ്ക്കൽ
ചാവക്കാട് വലിയകത്ത് കുഞ്ഞിമൊയ്തീന്റെയും അറയ്ക്കൽ മുംതാസിന്റെയും പുത്രനാണ് യൂസഫ് അറയ്ക്കൽ. അറയ്ക്കൽ മുസ്ലീം രാജകുടുംബാംഗമായിരുന്ന മാതാവും ബിസിനസുകാരനായ പിതാവും മരിച്ചതോടെ ഇല്ലായ്മകളുടെതായി ബാല്യകാലം. എട്ടാം ക്ലാസ് വരെ പഠിച്ചശേഷം പല വഴികൾ താണ്ടി ബംഗളുരുവിലെത്തി കർണാടക ചിത്ര കലാ പരിഷത്ത് കോളജ് ഓഫ് ഫൈൻ ആർട്സിൽ പരിശീലനം നേടി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിലെ ജോലി ഉപേക്ഷിച്ച് 1988 മുതൽ മുഴുവൻ സമയം കലാപ്രവർത്തനങ്ങളിൽ മുഴുകി. 2016 ഒക്ടോബർ നാലിന് അന്തരിച്ചു.
ചിത്രങ്ങൾ, പെയിന്റിംഗുകൾ, മ്യൂറലുകൾ, ശിൽപങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിനു പുറമേ ഈ വിഷയങ്ങളിൽ നിരവധി പുസ്തകങ്ങളും യൂസഫ് അറയ്ക്കൽ രചിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല ഒട്ടേറെ വിദേശരാജ്യങ്ങളിലെ ആർട്ട് ഗാലറികളിലും ഇദ്ദേഹത്തിന്റെ കാലസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്, ഫ്ളോറൻസ് ബിനാലെയിലെ ലോറെൻസോ മെദീച്ചി പുരസ്കാരം, ഡാക്കയിലെ ഏഷ്യൻ ആർട്ട് ബിനാലെ പുരസ്കാരം, കർണാടക രാജ്യോത്സവ അവാർഡ്, കേരള സർക്കാരിന്റെ രാജാ രവിവർമ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് അർഹനായി. ഭാര്യ സാറ. മകൻ ഷിബു.
ഡോ. മാത്യു ചന്ദ്രൻകുന്നേൽ
സിഎംഐ