പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആരുണ്ട്..? പഴയ തലമുറയ്ക്കു മാത്രമല്ല ന്യൂജെൻ താരങ്ങൾക്കും പ്രിയമാണീ വരികൾ. പി. ഭാസ്കരന്റെ 17-ാം ചരമവാര്‍ഷികദിനം ഇന്ന്. 1924 ഏപ്രില്‍ 21നു ജനിച്ച പി. ഭാസ്കരന്റെ ജന്മശതാബ്ദി വര്‍ഷം കൂടിയാണിത്. നിർമല കവിതകള്‍ രചിച്ച, നിര്‍മലമായ മനസുമായി ജീവിച്ച പി. ഭാസ്കരന്റെ ജീവിതത്തിലെ മിന്നിത്തിളങ്ങുന്ന അധ്യായമായിരുന്നു ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർസ്ഥാനം. അനിശ്ചിതത്വത്തിന്റെ ഇരുൾ മൂടിയ ജീവിതത്തിനു മുന്നിൽ പകച്ചുനിൽക്കുന്പോഴാണ് ദീപിക അദ്ദേഹത്തിന്റെ വഴിയിൽ പ്രകാശമായി മാറിയത്.
മദ്രാസിൽ (ഇന്നത്തെ ചെന്നൈ) നിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്പോൾ ആ കൺകോണുകളിലെവിടെയോ ഒരിറ്റു കണ്ണീർ പൊടിഞ്ഞിരുന്നു. സർവപ്രതാപിയായി കഴിഞ്ഞിരുന്ന സിനിമാനഗരത്തിൽനിന്നു വെറും കൈയോടെ മടക്കം. തല ഉയർത്തിപ്പിടിച്ചു നടന്നിരുന്ന വീഥികളിൽനിന്നു തല കുന്പിട്ടു യാത്ര. ചുറ്റും ഇരുൾ പരക്കുന്നതായി അദ്ദേഹത്തിനു തോന്നി. കൂടെയുള്ള കുടുംബാംഗങ്ങളുടെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. ഒരിക്കൽ സൗഭാഗ്യങ്ങളെല്ലാം തരികയും പിന്നീട് ചോദിക്കാതെ പിടിച്ചുവാങ്ങുകയും ചെയ്ത നഗരത്തിൽനിന്ന് എത്രയും വേഗം രക്ഷപ്പെടണമെന്ന് അവർക്കു തോന്നി.
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളായ പി. ഭാസ്കരൻ മടങ്ങുകയാണ്, തെന്നിന്ത്യയുടെ സിനിമാസാമ്രാജ്യത്തിൽനിന്ന്. ഗാനരചയിതാവ്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ എത്രയോ പ്രതിഭകൾക്കു ചവിട്ടുപടികൾ ഇട്ടുകൊടുത്ത മലയാള സിനിമയുടെ എക്കാലത്തെയും വലിയ പ്രതിഭകളിൽ ഒരാൾ പദവിയും പത്രാസും അഴിച്ചവച്ചു ജന്മനാട്ടിലേക്കു മടങ്ങുന്നു.
സിനിമയിൽ സർവപ്രതാപിയായി നിൽക്കുന്പോൾ നിർമാതാവ് എന്ന വേഷം കെട്ടിയതാണ് അദ്ദേഹത്തിന്റെ വെറും കൈയോടെയുള്ള മടക്കത്തിനു കാരണം. അപ്രതീക്ഷിതമായി കടക്കെണി വരിഞ്ഞുമുറുക്കിയപ്പോൾ കെട്ടിപ്പടുത്തതും സ്വരുക്കൂട്ടിയതുമൊക്കെ ഒന്നൊന്നായി നഷ്ടമായി. അവസാനം കടം വീട്ടാൻ ചെന്നൈയിൽ അവശേഷിച്ചിരുന്ന വീടും സ്ഥലവും കൂടി വിൽക്കേണ്ടിവന്നു.. അങ്ങനെയാണ് ഈ മടക്കം. എന്നാൽ, ജന്മനാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചെങ്കിലും ശേഷം എന്ത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു.
ഇരുണ്ട കാലം
മലയാളത്തിന്റെ കാവ്യപ്രസാദമായ പി. ഭാസ്കരന്റെ ചലച്ചിത്ര ജീവിതത്തില്‍ അധികമാരുമറിയാത്ത ഒരു ഏകാന്ത ഇരുള്കാലമുണ്ട്. നാടന്‍ നറുമണമുള്ള ആയിരക്കണക്കിനു മധുരാര്‍ദ്ര ചലച്ചിത്ര ഗാനങ്ങളും ദേശീയ അംഗീകാരങ്ങള്‍ നേടിയ നീലക്കുയില്‍ പോലെയുള്ള സിനിമകളും മലയാളത്തിനു സമ്മാനിച്ച മാസ്റ്റര്‍ അപ്രതീക്ഷിതമായി സാമ്പത്തിക പ്രതിസന്ധിയുടെയും കടബാധ്യതകളുടെയും കെണിയിലകപ്പെട്ട ഇരുണ്ട കാലം. ഭാരിച്ച കടം തീര്‍ക്കാന്‍ ഒടുവിൽ ബാലാജി ഫിലിം സ്റ്റുഡിയോയ്ക്കു സമീപമുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങി. 1978-79 കാലഘട്ടത്തിലായിരുന്നു അത്.
തിരുവനന്തപുരത്തു കുടുംബവുമൊത്തു വന്നിറങ്ങുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിൽക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. പി. ഭാസ്കരന് നടന്ന വിപ്ലവത്തിന്റെ ചെങ്കല്പാതകളിലെ പോരാളികളോ അനുഭാവികളോ അദ്ദേഹത്തിന്റെ വരികൾ ഹൃദയത്തിലേറ്റിയും ഉറങ്ങുന്പോഴും ഉണരുന്പോഴും മൂളിയുമൊക്കെ കഴിയുന്നവരോ ആരും! കടം കയറി മുടിയുന്ന എല്ലാവരും നേരിടുന്ന അതേ പ്രതിസന്ധി. അടുത്തിടപഴകിയിരുന്നവരും പരിചയക്കാരും പോലും കണ്ടില്ലെന്ന മട്ടിൽ മുഖംതിരിച്ചു നടന്നുകളയും.
അപാരസുന്ദര നീലാകാശം, ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ, നാഴിയുരിപ്പാലു കൊണ്ട് നാടാകെ കല്യാണം... തുടങ്ങി ഭാസ്കരന്റെ ഓമല്പാട്ടുകളില് ആറാടിയ ഒരു ആസ്വാദകനും ആ കൈകള്‍ പിടിക്കാന്‍ വഴിയിടങ്ങളില്‍ എത്തിയില്ല. പലരും പി. ഭാസ്കരന്റെ ഹൃദയവ്യഥകള് അറിഞ്ഞിരുന്നില്ല എന്നതും ഒരു സത്യം. അറിഞ്ഞവര്‍ ആകട്ടെ അടുത്തേക്കു വന്നതുമില്ല. ഗാനരചയിതാവായും സംവിധായകനായും നിര്‍മാതാവായും മലയാള സിനിമാലോകം അടക്കിവാണ പി. ഭാസ്കരന് വെള്ളിവെളിച്ചത്തിന്റെ വലിയ ലോകത്തില്‍നിന്ന് അകന്നുമാറി തിരുവനന്തപുരത്തെ ജവഹര്‍ നഗറിലെ വാടകവീട്ടില്‍ ചേക്കേറി. പിന്നീടു പലപല വാടക വീടുകളില്‍ മാറിമാറി താമസിക്കേണ്ടി വന്നു.
സർവത്ര അനിശ്ചിതത്വം
നാഴിയിടങ്ങഴി മണ്ണു പോലും സ്വന്തമായി ഇല്ലാത്ത പി. ഭാസ്കരന്റെ അന്നത്തെ ജീവിതത്തെക്കുറിച്ചു കവി പെരുമ്പുഴ ഗോപാലകൃഷ്ണന് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "പി. ഭാസ്കരന് ഉറങ്ങാത്ത തംബുരു’ എന്ന ജീവചരിത്ര പുസ്തകം വിശദമാക്കുന്നുണ്ട്. വീടിറക്കവും വീടുകേറലും ഉണ്ടാക്കിയ വേദനകള്‍ ചെറുതായിരുന്നില്ല. എങ്കിലും പണ്ട് പാടിയ പാട്ടിന്റെ മാധുര്യവും നുകര്‍ന്ന് അദ്ദേഹം ദിവസങ്ങൾ തള്ളിനീക്കിയെന്നു പറയാം.
തൃശൂർ കൊടുങ്ങല്ലൂരിൽ കവിയും അഭിഭാഷകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന നന്തിലത്ത് പത്മനാഭമേനോന്റെയും പുല്ലൂട്ടുപാടത്ത് അമ്മാളു അമ്മയുടെയും ഒമ്പതു മക്കളിൽ ആറാമത്തെ സന്തതിയായി 1924 ഏപ്രിൽ 21-നാണ് പി. ഭാസ്കരന്റെ ജനനം. ജീവിതമാര്‍ഗത്തിനു വേണ്ടിയുള്ള അപേക്ഷാ സ്വരങ്ങളും കാര്യസാധ്യ കരുനീക്കങ്ങളും അദ്ദേഹത്തിന് അപരിചിതമായിരുന്നു. ജീവിതം എടുത്താൽ പൊങ്ങാത്ത വലിയൊരു ചുമടായി തലയ്ക്കു മുകളിൽ നിൽക്കുന്നതായി അദ്ദേഹത്തിനു തോന്നി.
എല്ലാം സഹിച്ച് ഒപ്പം നിൽക്കുന്ന സഹധര്‍മിണിയായ ഇന്ദിര, മക്കൾ രാജീവൻ, വിനയൻ, അജിതൻ, രാധിക... അവരുടെ മുഖത്തേക്കു നോക്കുന്പോൾ നെഞ്ചിനു ഭാരമേറുന്നതായി കവിക്കു തോന്നും. അവരുടെ പഠനം, ഭാവി... എല്ലാം ഉത്തരമില്ലാത്ത ചോദ്യമായി മുന്നിലുണ്ട്. സർവത്ര അനിശ്ചിതത്വം. എല്ലാ വഴികളും അടയുന്പോഴും ഒരു വാതിൽ തുറന്നുകിട്ടുമെന്നു പറയുന്നതു പിന്നീടു പി. ഭാസ്കരന്റെ ജീവിതത്തിൽ യാഥാർഥ്യമാവുകയായിരുന്നു.
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയാണ് പി. ഭാസ്കരൻ എന്ന മഹാപ്രതിഭയുടെ മുന്നിലേക്കു പ്രതീക്ഷയുടെ പുതിയ വാതിൽ തുറന്നുനൽകിയത്. പ്രശസ്ത നോവലിസ്റ്റും മനുഷ്യസ്നേഹിയുമായ ജി. വിവേകാനന്ദനാണ് ഇതിനു നിമിത്തമാകുന്നത്. പെരുമ്പുഴയുടെ "ഉറങ്ങാത്ത തമ്പുരുവില്‍' ദീപിക എന്ന ഒരു അധ്യായം തന്നെ ചേർത്തിട്ടുണ്ട്. ദീപിക ആഴ്ചപ്പതിപ്പിന്റെയും പി. ഭാസ്കരന്റെയും രണ്ടാം ജന്മത്തിനു തുടക്കം കുറിക്കുന്നതും ഇവിടെ നിന്നാണ്. ആകെ തകർന്നുനിന്ന ഭാസ്കരനു ജീവിതത്തിലേക്കു തിരികെ പിടിച്ചുകയറാനുള്ള ഉറപ്പുള്ള കൈയാണ് ദീപിക അന്നു നീട്ടിനൽകിയത്.
ദീപികയിലേക്ക്
മലയാള സാഹിത്യ സാംസ്കാരിക രംഗത്തു നല്ല സ്വാധീനം ചെലുത്തിയിരുന്ന ദീപിക ആഴ്ചപ്പതിപ്പ് 1950കളുടെ തുടക്കത്തിൽ പല കാരണങ്ങളാലും നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. പിന്നീട് ആഴ്ചപ്പതിപ്പിനെ പുനപ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമായി. ഇതിന്റെ ഒരുക്കങ്ങളും ആലോചനകളും നടക്കുന്നതിനിടയിലാണ് ഒരു നിയോഗം പോലെ പി. ഭാസ്കരന് എന്ന പേര് ദീപിക അധികൃതർക്കു മുന്നിലേക്ക് എത്തുന്നത്. പിന്നെ തീരുമാനം വൈകിയില്ല. അങ്ങനെ നിരവധി മഹാപ്രതിഭകൾക്കു തറവാട് ആയിട്ടുള്ള ദീപികയിലേക്കു പി. ഭാസ്കരനും ചുവടുവച്ചു. 1979 ഏപ്രില്‍ 15ലെ ഈസ്റ്റര്‍- വിഷുപ്പുലരിയില്‍ ദീപിക ആഴ്ചപ്പതിപ്പ് വീണ്ടും മലയാളത്തിനു മുന്നില്‍ എത്തി. അന്നു മുതൽ മൂന്നു വര്‍ഷക്കാലം പി. ഭാസ്കരന് ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി ചുമതല വഹിച്ചു.
ദീപികയ്ക്കും പി. ഭാസ്കരനും ഭാഗ്യരാശിയായി മാറിയ ഒരു സംഗമമായിരുന്നു അത്. പുരോഗമനവാദിയും തീവ്രകമ്യൂണിസ്റ്റ് സഹയാത്രികനുമായ പി. ഭാസ്കരന് എന്ന പത്രാധിപര്‍ പൗരോഹിത്യ മേൽനോട്ടമുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ അമരത്തിരിക്കുന്നതിനെ അന്ന് അദ്ഭുതത്തോടെയാണ് പലരും കണ്ടത്. ഇതിനെക്കുറിച്ച് ആശങ്കകൾ ഉയർത്തിയവരുമുണ്ട്. എന്നാല്‍, എല്ലാ സംശയങ്ങളെയും ദൂരീകരിച്ചുകൊണ്ടുള്ള ഒരു സാംസ്കാരിക മുന്നേറ്റമായിരുന്നു ദീപിക ആഴ്ചപ്പതിപ്പില്‍ പിന്നീട് നടന്നത്. പി. ഭാസ്കരന്റെ മനസും സര്‍ഗസിദ്ധികളും തിരിച്ചറിഞ്ഞ മാനേജ്മെന്റ് അദ്ദേഹത്തിനു പൂര്‍ണ ഉത്തരവാദിത്വവും സ്വാതന്ത്ര്യവും അനുവദിച്ചു.
ഫാ. വിക്ടര്‍ നരിവേലി സിഎംഐ മാനേജിംഗ് എഡിറ്ററും ഫാ. അലക്സാണ്ടര്‍ പൈകട ആഴ്ചപതിപ്പിന്റെ ചീഫ് എഡിറ്ററുമായിരുന്നു. പ്രശസ്ത നര്‍മ സാഹിത്യകാരന് വേളൂര്‍ കൃഷ്ണന്‍കുട്ടി, തേക്കിന്‍കാട് ജോസഫ് എന്നിവരായിരുന്നു സഹപത്രാധിപന്മാര്. ഫാ. വിക്ടര്‍ നരിവേലിയുടെയും ഫാ. അലക്സാണ്ടർ പൈകടയുടെയും പൂര്‍ണ പിന്തുണ പി. ഭാസ്കരനു വലിയൊരു അനുഗ്രഹവും ആവേശവുമായി മാറി.
എണ്ണം പറഞ്ഞ സൃഷ്ടികൾ
ഭാസ്കരന്റെ അടിസ്ഥാന വിശ്വാസ പ്രമാണം എന്തുതന്നെയായിരുന്നാലും അദ്ദേഹം മനുഷ്യബന്ധങ്ങളുടെ മഹനീയതയെ മാനിക്കുകയും അതു വകഭേദമില്ലാതെ നിലനിര്‍ത്തുകയും ചെയ്ത ഒരു അനുഗൃഹീത പ്രതിഭാശാലിയായിരുന്നു എന്നു ദീപിക വാരികയുടെ ചീഫ് എഡിറ്ററായിരുന്ന ഫാ. അലക്സാണ്ടര്‍ പൈകട പിന്നീട് കുറിച്ചു.
ഫാ. അലക്സാണ്ടര്‍ പൈകട ചീഫ് എഡിറ്ററും പി. ഭാസ്കരന് പത്രാധിപരുമായിരുന്ന കാലത്തു ദീപിക ആഴ്ചപ്പതിപ്പ് മലയാളത്തിലെ മികച്ച സാഹിത്യ സൃഷ്ടികളുടെ നിറക്കാഴ്ചയായി. വൈലോപ്പിള്ളി, പാലാ നാരായണന് നായര്‍, വെണ്ണിക്കുളം, നാലാങ്കല്‍, എന്‍.എന്‍. കക്കാട് മുതല്‍ അന്നത്തെ യുവകവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വരെ കവിതകള്‍ ദീപികയിൽ അച്ചടിച്ചു വന്നു.
തകഴി, കാനം, മലയാറ്റൂര്‍ രാമകൃഷ്ണന്, എം. മുകുന്ദന്, ജി. വിവേകാനന്ദന്, സി. രാധാകൃഷ്ണന്, പുനത്തില്‍ കുഞ്ഞബ്ദുള്ള, തിക്കോടിയന് അങ്ങനെ മാറ്റുരച്ച കഥാകാരന്മാര്... തകഴിയുടെ ഒരു മനുഷ്യന്റെ മുഖം, മലയാറ്റൂരിന്റെ തുടക്കം ഒടുക്കം, വൈക്കം ചന്ദ്രശേഖരന് നായരുടെ പ്രേമം എന്ന കടംകഥ, ഡോ. ജോര്‍ജ് ഓണക്കൂറിന്റെ കാമന തുടങ്ങിയ പ്രശസ്ത നോവലുകള്‍ പ്രസിദ്ധീകരിച്ചതും ദീപികയില്‍ത്തന്നെ.
പ്രതിഭാസംഗമം
പ്രഫ.എം. കൃഷ്ണന് നായര്‍, പ്രഫ. സുകുമാര്‍ അഴീക്കോട് തുടങ്ങിയ സാഹിത്യ വിമര്‍ശകരും ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി എഴുതിയിരുന്നു. പോലീസ് മേധാവികളായിരുന്ന എം.കെ. ജോസഫും എം. കൃഷ്ണന് നായരും എഴുതിയ പോലീസ് കുറ്റാന്വേഷണ കഥകള്‍, പ്രഫ.കെ.എം. തരകന്, ഗുരു നിത്യചൈതന്യ യതി തുടങ്ങിയവര്‍ നടത്തിയ വിശിഷ്ട ഗ്രന്ഥങ്ങളുടെ നിരൂപണങ്ങള്‍ അങ്ങനെ ഈടുറ്റ സംഭാവനകള്‍ മലയാളത്തിനു സമ്മാനിക്കാൻ ദീപിക ആഴ്ചപ്പതിപ്പിനു കഴിഞ്ഞു. യേശുദാസൻ, സുകുമാർ, രാജു നായർ എന്നിവരുടേത് ഉള്‍പ്പെടെയുള്ള പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ കാര്‍ട്ടൂൺ വിരുന്നുകളും വായനക്കാരെ ഹരംകൊള്ളിച്ചു.
വനിതാ പംക്തി, സിനിമ, ആരോഗ്യ പംക്തി, സ്പോര്‍ട്സ് തുടങ്ങിയ സ്ഥിരം പംക്തികളും ആഴ്ചപ്പതിപ്പിനെ സമ്പന്നമാക്കി. പത്രാധിപര്‍ പി. ഭാസ്കരന് എഴുതിയ കണ്ണടയും ചക്രവാളവും എന്ന ലേഖന പരമ്പരയും പുതുമയുള്ളതായി. സിനിമാനിരൂപണം എഴുതാന്‍ അക്കാലത്തെ യുവചലച്ചിത്ര ഗാനനിരൂപകന്‍ ടി.പി. ശാസ്തമംഗലത്തെയാണ് പി. ഭാസ്കരന് ചുമതലപ്പെടുത്തിയത്.
കോട്ടയത്തെ സിഎംഎസ് കോളജിന്റെ പരിസരത്തുള്ള ഒരു ചെറിയ വീട്ടിലായിരുന്നു അന്നു പി. ഭാസ്കരനും കുടുംബവും താമസിച്ചിരുന്നത്. അക്കാലത്തിലേക്കു പെരുമ്പുഴ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. സ്വപ്നങ്ങള്‍ എന്‍ സമ്പാദ്യങ്ങള്‍ അവ സ്വര്‍ഗത്തില്‍ ബാങ്കില്‍ കിടക്കുന്നു... എന്നു മൂളിക്കൊണ്ട് പുതിയ സാഹചര്യവുമായി അലിഞ്ഞുചേര്‍ന്ന പി. ഭാസ്കരനെ ഓര്‍മിക്കുന്നത് അനന്തരവള്‍ ജ്യോതിയാണ്. ദീപികയും കോട്ടയവുമായുമുള്ള പി. ഭാസ്കരന്റെ ബന്ധം സാഹിത്യലോകം തൊട്ടറിഞ്ഞിരുന്നു. പി. ഭാസ്കരന്റെ ഇളയ മകന് അജിതന് കോട്ടയത്താണ് ബിരുദപഠനം പൂര്‍ത്തിയാക്കിയതും.
ദീപിക എല്ലാ അര്‍ഥത്തിലും ഭാസ്കരന് മാസ്റ്ററുടെ സ്വന്തം ഇടമായി മാറുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു ദശാസന്ധി ദീപിക പകർന്ന വെളിച്ചത്തിൽ പി. ഭാസ്കരന്റെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോയി. ദീപികയില്‍നിന്നു പി. ഭാസ്കരന് പോകുന്നതു സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചെയര്മാന് സ്ഥാനത്തേക്കാണ്. പിന്നീട് ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനായും.
അതുല്യ പ്രതിഭ
• പി. ഭാസ്കരൻ
(പുല്ലൂട്ടുപാടത്ത് ഭാസ്കരൻ)
• 250 സിനിമകളിലടക്കം
3000ൽ ഏറെ ഗാനങ്ങൾ
• 44 സിനിമകളുടെ സംവിധായകൻ
• 3 ഡോക്കുമെന്ററികൾ
• 6 സിനിമകളുടെ നിർമാതാവ്
• നിരവധി സിനിമകളിൽ അഭിനേതാവ്.
• പ്രധാന കൃതികൾ: ഓർക്കുക
വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംബുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടുന്ന മൺതരികൾ, ഓടക്കുഴലും ലാത്തിയും
എസ്. മഞ്ജുളാദേവി