St. Anthony Mary Claret Anionted and Sent
Dr. Noble Mannarath CMF/ Page: 560, Price -450,/Atma Books, Kozhikode/ Phone: 0495 4022600, 9746077500
തീക്ഷ്ണമതിയായ പ്രേഷിതപ്രവർത്തകനും സന്യാസസഭാ സ്ഥാപകനും ക്യൂബയിൽ ബിഷപ്പുമായിരുന്ന വി. ആന്റണി മേരി ക്ലാരറ്റിന്റെ പ്രചോദനാത്മകമായ ജീവചരിത്രം. അദ്ദേഹത്തിന്റെ ആധ്യാത്മിക, സന്യാസാദർശങ്ങളുടെ താത്വികാവലോകനവും ഉണ്ട്. ലളിതമായ ഇംഗ്ലീഷിൽ അയത്നലളിതമായ രചന.
കരുതലിന്റെ കരങ്ങൾ
വിവർത്തകൻ& എഡിറ്റർ: നോബിൾ തോമസ് പാറയ്ക്കൽ
പേജ്: 272, വില: 270/ ആത്മ ബുക്സ്, കോഴിക്കോട് /ഫോണ്: 0495 4022600, 9746077500
ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യാൻ കത്തോലിക്കാസഭയിലും രാഷ്ട്രസംവിധാനത്തിലുമുള്ള നടപടിക്രമങ്ങൾ വിശദമാക്കുന്നു. നിയമങ്ങളും നിയമ വ്യാഖ്യാനങ്ങളും മാത്രമല്ല, കെസിബിസിയുടെ ലിംഗനീതി പ്രഖ്യാപനനയരേഖ, കത്തോലിക്കാ സഭയുടെ സുരക്ഷിത ചുറ്റുവട്ട ( സേഫ് എൻവയൺമെന്റ്) പദ്ധതിയെക്കുറിച്ചുള്ള വിശകലനങ്ങൾ എന്നിവ അനുബന്ധത്തിൽ. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ പഠനാർഹമായ അവതാരിക.
പദശുദ്ധികോശം
ഡോ. ഡേവിസ് സേവ്യർ
പേജ്: 584, വില: 590/ ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം
ഫോൺ: 9447536240
പാലാ സെന്റ് തോമസ് കോളജ് മലയാള വിഭാഗം തലവൻ ഡോ. ഡേവിസ് സേവ്യർ രചിച്ച പദശുദ്ധി കോശത്തിന്റെ പരിഷ്കരിച്ച നാലാം പതിപ്പ് പരിചയപ്പെടുത്താൻ ഡോ. എം. ലീലാവതി ടീച്ചർ എഴുതിയ അവതാരികയെ ആശ്രയിക്കുന്നതിനേക്കാൾ ഗുണകരമായ മറ്റൊരു മാർഗമുണ്ടെന്നു തോന്നുന്നില്ല. "അതുകൊണ്ട് അമ്മമൊഴിയോടു സ്നേഹവും ആദരവുമുള്ള ആർക്കും ഈ ശബ്ദകോശം അർഥകോശം തന്നെയായിരിക്കും. ഈ വിശിഷ്ട ഗ്രന്ഥം പദപ്രയോഗങ്ങളിലെ തെറ്റും ശരിയും വ്യക്തമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു മഹോദ്യമമാണ്.
വെറുതെ ഇന്നതു തെറ്റ് ഇന്നതു ശരി എന്നു പറഞ്ഞുപോവുകയല്ല. ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പരിശോധിക്കുകയും പ്രതിപാദനം രസകരമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്നു. സംസ്കൃതത്തിലുള്ള പാണ്ഡിത്യവും മലയാളത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട കൃതികളുടെ വായനയിലുള്ള വൈപുല്യവും ഭാഷാശാസ്ത്രം, വ്യാകരണം മുതലായ വിജ്ഞാന വിഭാഗങ്ങളിലുള്ള ആഴമേറിയ അറിവും ഈ കൃതിയെ മറ്റെല്ലാ സമാനാന്വേഷണങ്ങളിൽനിന്നും വ്യത്യസ്തമാക്കുക മാത്രമല്ല അവയെക്കാളെല്ലാം ഉയർന്ന വിതാനത്തിലെത്തിക്കുകയും ചെയ്തിരിക്കുന്നു.
കഥയും നോവലും വായിച്ചു രസിക്കുംപോലെ ഈ കൃതി വായിച്ചു രസിക്കാം എന്നതാണ് ഈ കൃതിയിലെ പ്രതിപാദനശൈലിയുടെ ഏറ്റവും വലിയ മികവ്. മൂന്നു കൊല്ലത്തിനുള്ളിൽ മൂന്നു പതിപ്പുകളുണ്ടായത് ഇതിന്റെ മഹിമയ്ക്കും മഹിമ തിരിച്ചറിയാൻ മലയാള മക്കൾക്കുള്ള കഴിവിനും തെളിവാണ്.