രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിനെക്കുറിച്ച് ചിന്തിച്ചു. അപ്പോൾ രാജാവിന്റെ ഹൃദയം നന്ദികൊണ്ടു നിറഞ്ഞു. തന്റെ ആധ്യാത്മിക ഉന്നമനത്തിന് ഏറെ സഹായിച്ച ആ ഗുരുവിന് എന്തു സമ്മാനം നൽകാൻ സാധിക്കുമെന്നായി ആ രാജാവിന്റെ അടുത്ത ചിന്ത.
അടുത്ത ദിവസം ഗുരുവിനെ കണ്ടപ്പോൾ രാജാവ് ചോദിച്ചു. ""എന്തു സമ്മാനമാണ് അങ്ങേയ്ക്കു വേണ്ടത്? അങ്ങ് എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ടല്ലോ?''
ഉടൻ ഗുരു പറഞ്ഞു: ""ദൈവം സഹായിച്ച് എന്റെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുണ്ട്. എനിക്ക് പ്രത്യേക ആവശ്യങ്ങളൊന്നുമില്ല.''
അപ്പോൾ രാജാവ് പറഞ്ഞു: ""അങ്ങനെ പറയരുത്. അങ്ങേയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ അത് എനിക്കു വലിയ സന്തോഷം നൽകും.''
ഇത്ര നിസാരമോ?
""അങ്ങനെയെങ്കിൽ എനിക്ക് ഒരു ചെറിയ ഉപകാരം മാത്രം ചെയ്താൽ മതി.'' - ഗുരു പറഞ്ഞു.
""എന്റെ ചുറ്റിലും പറന്നുനടന്ന് എന്നെ ശല്യപ്പെടുത്തുന്ന ഈച്ചകളെ ഓടിച്ചുവിടാൻ സാധിച്ചാൽ അതു വലിയ ഉപകാരമാകുമായിരുന്നു.''
""ഇത്ര നിസാര കാര്യമാണോ എന്നോടു ചോദിക്കുന്നത്? ഞാൻ അത് ഉടൻ ചെയ്തുതരാം.'' - രാജാവ് പറഞ്ഞു.
""അങ്ങനെയെങ്കിൽ ശ്രമിച്ചുനോക്കൂ.'' - ഗുരു ആവശ്യപ്പെട്ടു.
രാജാവ് ഉടനെ ഗുരുവിനെ ശല്യപ്പെടുത്തുന്ന ഈച്ചകളെ ഓടിക്കാൻ ശ്രമിച്ചു. എന്നാൽ, ഓരോ തവണ ഓടിച്ചുവിടുന്പോഴും അവ വീണ്ടും തിരികെ വന്നുകൊണ്ടിരുന്നു.
ഇതു കണ്ടപ്പോൾ രാജാവിനു വലിയ വിഷമമായി. തന്റെ അധികാരവും അഭിമാനവും ഒരുപോലെ ചോർന്നുപോയ പ്രതീതി. അദ്ദേഹം പറഞ്ഞു: ""ഞാൻ ഉദാരവാനായതുകൊണ്ടു പണമോ ആവശ്യമുള്ള എന്തെങ്കിലും സാധനമോ അങ്ങു ചോദിക്കുമെന്നാണു കരുതിയത്. എന്നാൽ, നിസാരമെന്നു തോന്നാമെങ്കിലും എളുപ്പം സാധിക്കാവുന്ന കാര്യമല്ല അങ്ങു ചോദിച്ചത്. തന്മൂലം എനിക്കുള്ള പരിമിതി ഞാൻ സമ്മതിക്കുന്നു.''
ഉടനെ ഗുരു പറഞ്ഞു: ""ചെയ്തുതരാൻ പറ്റാത്ത കാര്യമാ അങ്ങയോടു ചോദിച്ചത്. എന്നോട് ക്ഷമിക്കുക. അങ്ങയെ ലജ്ജിപ്പിക്കാനായിരുന്നില്ല എന്റെ പദ്ധതി. രാജാവായതിനാൽ എന്തും സാധിക്കുമെന്നുള്ള അഹങ്കാരം മാറ്റിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. ഞാൻ അങ്ങയുടെ ഗുരുവായതിനാൽ അങ്ങയെ എളിമ പഠിപ്പിക്കേണ്ടത് എന്റെ കടമയായി കരുതി. തന്മൂലമാണ് ഇങ്ങനെയൊരു നടപടിക്കു ഞാൻ മുതിർന്നത്.''
""വിനയമാണ് എല്ലാ സദ്ഗുണങ്ങളുടെയും ഉറച്ച അടിസ്ഥാനം'' എന്നു ചൈനീസ് തത്വചിന്തകനായ കൺഫ്യൂഷ്യസ് പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്. വിനയമില്ലെങ്കിൽ മറ്റെന്തു സദ്ഗുണങ്ങളുണ്ടെങ്കിലും അവയൊന്നും നമുക്കു ശരിയായ ഗുണം ചെയ്യില്ല എന്നതാണു വാസ്തവം. ഈ വസ്തുത അറിഞ്ഞിരുന്നതുകൊണ്ടാണ് രാജാവിന് എളിമയുടെ പ്രാധാന്യം മനസിലാക്കിക്കൊടുക്കാൻ ഗുരു ശ്രമിച്ചത്.
അഹങ്കാരവും വിനയവും
സെന്റ് അഗസ്റ്റിൻ പറയുന്നു: ""അഹങ്കാരമാണ് മാലാഖമാരെ പിശാചുക്കളാക്കി മാറ്റിയത്. വിനയമാണ് മനുഷ്യരെ മാലാഖമാരാക്കി മാറ്റുന്നത്.'' അഹങ്കാരികളായ മനുഷ്യരാണ് നാമെങ്കിൽ അതിവേഗം പിശാചുക്കളെപ്പോലെയാകും എന്നതാണ് വാസ്തവം. തന്മൂലമാണ് ദൈവവചനം പറയുന്നത്, ""അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്. വിനയം ബഹുമതിയുടെയും''(സുഭാഷിതങ്ങൾ 18:12).
അഹങ്കരിക്കാൻ തക്കതായി നമ്മുടെ ജീവിതത്തിൽ ഒന്നുമില്ല എന്നതാണ് വാസ്തവം. നമുക്ക് എന്തെങ്കിലും കഴിവോ സദ്ഗുണങ്ങളോ സാന്പത്തികഭദ്രതയോ ആരോഗ്യമോ എന്തൊക്കെയുണ്ടെങ്കിലും അവയുടെയെല്ലാം അടിസ്ഥാനം ദൈവത്തിന്റെ കൃപ എന്നതാണ് യാഥാർഥ്യം. തന്മൂലമാണ് സെന്റ് പോൾ എഴുതിയത്, ""ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാകുന്നു''(1 കോറിന്തോസ് 15:10).
ശരിയാണ്, നമ്മിലുള്ള പല കഴിവുകളും സദ്ഗുണങ്ങളുമൊക്കെ നാം ബോധപൂർവം വളർത്തിയെടുത്തവ തന്നെയായിരിക്കാം. എങ്കിലും അവയ്ക്കു പിന്നിലും ദൈവകൃപ ഉണ്ടെന്നതു മറക്കരുത്. സെന്റ് പോൾ തുടരുന്നു: ""എന്റെ മേൽ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമായിപ്പോയില്ല. നേരേമറിച്ച്, മറ്റെല്ലാവരെയുംകാൾ അധികം ഞാൻ അധ്വാനിച്ചു. എന്നാൽ, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്''(1 കോറിന്തോസ് 15:10).
നമ്മിലുള്ള എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണ്. ഈ യാഥാർഥ്യം അംഗീകരിച്ച് ദൈവത്തിനു നാം എന്നും നന്ദി പറയുന്നവരാണെങ്കിൽ അഹങ്കാരത്തിന്റെ ചതിക്കുഴിയിൽ നാം വീഴില്ല. എന്നു മാത്രമല്ല, അതു നമ്മെ ഏറെ വിനയമുള്ളവരാക്കും.
വിനയത്തെക്കുറിച്ച് സെന്റ് അഗസ്റ്റിൻ പറയുന്ന മറ്റൊരു കാര്യം നമുക്കു ശ്രദ്ധിക്കാം. ""ഉന്നതനാകാൻ നീ ആഗ്രഹിക്കുന്നുവോ? അടിയിലേക്കു താഴ്ന്നിറങ്ങിക്കൊണ്ട് അതിനു ശ്രമിക്കുക. മേഘങ്ങളെ തുളച്ചുകയറുന്ന ഒരു ഗോപുരം പണിയാനാണോ നിന്റെ പദ്ധതി? എങ്കിൽ വിനയത്തിന്റെ അടിത്തറയിൽ അതു പണിതുയർത്തുക.''
അതേ, ജീവിതത്തിന്റെ അടിത്തറ വിനയമായിരിക്കട്ടെ. അപ്പോൾ നമ്മുടെയെല്ലാം ഉടയവനായ ദൈവത്തെ മറക്കാതെ അവിടുത്തെ ആശ്രയിച്ചുകൊണ്ട് എന്നും മുന്നോട്ടുപോകാനാകും. അപ്പോൾ, നമ്മുടെ കഴിവുകളെയും കഴിവുകേടുകളെയുംകുറിച്ചു ശരിയായ അവബോധമുണ്ടാകും. മറ്റുള്ളവരുടെ കഴിവുകളെ ആദരിക്കാനും കഴിവുകേടുകളിൽ അവരെ ശക്തിപ്പെടുത്താനും ശ്രമിക്കും.
പുതിയ കാര്യങ്ങൾ പഠിക്കാനും മറ്റുള്ളവരെ കേൾക്കാനും നാം തയാറാകും. എന്നു മാത്രമല്ല, നമ്മുടെ തെറ്റുകൾ തിരുത്താനും അവയ്ക്കു പരിഹാരം ചെയ്യാനും നാം മുന്നിട്ടിറങ്ങും. വിനയത്തിൽ നാം ഉന്നതരാകുമെങ്കിൽ നാം ഏറ്റവും ഉന്നതരുടെ അടുത്തെത്തും എന്നു രവീന്ദ്രനാഥ ടാഗോർ പറഞ്ഞിരിക്കുന്നതു മറക്കാതിരിക്കാം. വിനയത്തിലൂടെയാണു നമ്മുടെ ഉന്നതി. കാരണം, ""സ്വയം താഴ്ത്തുന്നവൻ ഉയർത്തപ്പെടും''(മത്തായി 23:12) എന്നാണല്ലോ ദൈവപുത്രനായ യേശുനാഥൻ പഠിപ്പിച്ചിരിക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ