ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി: ""സീയോൻപുത്രി, അതിയായി ആനന്ദിക്കുക. ജറൂസലെം പുത്രീ ആർപ്പുവിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്.
അവൻ വിനയാന്വിതനായി കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറി വരുന്നു (സഖറിയ 9:9-10).'' പ്രവാചകനിലൂടെ ദൈവം മുൻകൂട്ടി അരുൾചെയ്തതുപോലെ, ജനതകളുടെ രക്ഷകനായ പ്രതാപവാനും ജയശാലിയുമായ രാജാവ് വന്നു. ആ രാജാവായിരുന്നു നസ്രായൻ എന്നു വിളിക്കപ്പെട്ട ഈശോ.
അവിടന്ന് ദൈവത്തിന്റെ ഏകജാതനായിരുന്നു. ലോകത്തിലുള്ള സകല മനുഷ്യരും രക്ഷപ്രാപിക്കുവാൻ ദൈവം ലോകത്തിലേക്കയച്ച ഏകജാതൻ (യോഹന്നാൻ 3:16). രാജാധിരാജനായ അവിടന്നു തന്റെ രക്ഷാകരദൗത്യം പൂർത്തിയാക്കി മനുഷ്യരെ രക്ഷിക്കാൻ ജറൂസലെം നഗരത്തിൽ പ്രവേശിച്ചത് ആഡംബരപൂർവമായിരുന്നില്ല. പ്രത്യുത, ഒരു കഴുതക്കുട്ടിയുടെ പുറത്തു വിനയാന്വിതനായിട്ടായിരുന്നു.
അപ്പോൾ, ജനക്കൂട്ടത്തിൽ വളരെ പേർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു. മറ്റു ചിലരാകട്ടെ, വൃക്ഷങ്ങളിൽനിന്നു ചില്ലകൾ മുറിച്ചു വഴിയിൽ നിരത്തി. ഈശോയുടെ മുന്പിലും പിന്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തുവിളിച്ചു: ""ദാവീദിന്റെ പുത്രനു ഹോസാന, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ. ഉന്നതങ്ങളിൽ ഹോസാന'' (മത്തായി 21: 8-9).
അധികാരവും വിനയവും
രണ്ടായിരം വർഷം മുന്പ് നടന്ന ഈശോ യുടെ ജറൂസലെമിലേക്കുള്ള ഈ രാജകീയ പ്രവേശം ലോകം മുഴുവൻ ഇന്ന് അനുസ്മരിക്കുകയും ആഘോഷിക്കുകയുമാണ്. എന്നാൽ, ഈശോയുടെ രാജകീയ പ്രവേശത്തോടെ ആരംഭിക്കുന്ന ഈ വലിയ ആഴ്ച അവസാനിക്കുന്നത് അവിടുത്തെ അന്ത്യത്താഴത്തോടും പീഡാനുഭവത്തോടും കുരിശുമരണത്തോടും സംസ്കാരത്തോടും കൂടിയാണെന്നതു നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു.
ലോകത്തെ മുഴുവൻ മാറ്റിമറിച്ച ഒരാഴ്ചയായിരുന്നു അത്. അധികാരം ആഡംബരം കൂട്ടാനുള്ളതല്ല, പ്രത്യുത അതു വിനയാന്വിതനായി മാറുവാനുള്ള അവസരമാണെന്ന് ജറൂസലെമിലേക്കുള്ള തന്റെ രാജകീയ പ്രവേശം വഴി ഈശോ ഓർമിപ്പിച്ചു. അതേത്തുടർന്ന്, തന്റെ അന്ത്യത്താഴ സമയത്ത് എളിമയുടെ മറ്റൊരു പാഠംകൂടി പഠിപ്പിച്ചുകൊണ്ട്, അധികാരം സേവനത്തിനുള്ളതാണെന്ന് അവിടന്ന് ഓർമപ്പെടുത്തി.
അന്ത്യത്താഴ സമയത്ത്, ശിഷ്യരെക്കൊണ്ട് തന്റെ പാദങ്ങൾ കഴുകിക്കുന്നതിനു പകരം, ശിഷ്യരുടെ പാദങ്ങൾ കഴുകി അവർക്കൊരു മാതൃക നല്കിക്കൊണ്ട് അവിടന്നു പറഞ്ഞു: ""നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ, ഞാൻ നിങ്ങൾക്കു ചെയ്തതു പോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കൊരു മാതൃക നല്കിയിരിക്കുന്നു'' യോഹന്നാൻ 13:14-15).
ഈശോ നല്കിയ ഉദാത്തമായ ഈ മാതൃക ആർക്കു വിസ്മരിക്കാൻ കഴിയും? തന്മൂലമല്ലേ, അവിടുത്തെ അനുയായികൾ ലോകമെന്പാടും നിസ്വാർഥ സേവനത്തിന്റെ മാതൃക ഇപ്പോഴും തുടരുന്നത്? ശിഷ്യരുടെ കാലുകൾ കഴുകി അവർക്ക് ഏറ്റവും വിശിഷ്ടമായ ഈ മാതൃക നല്കിയശേഷം അവിടന്നു പുതിയ ഒരു കല്പനയും നല്കി: ""ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നല്കുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ, നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ'' (യോഹന്നാൻ 13:34-35).
ഈശോ എങ്ങനെയാണ് തന്റെ ശിഷ്യരെ സ്നേഹിച്ചത്? വിനയാന്വിതനായി ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ തക്കവിധം. അതു മാത്രമോ? അവരുടെയും മനുഷ്യരാശിയുടെ മുഴുവന്റെയും രക്ഷയ്ക്കുവേണ്ടി കുരിശിൽ മരിക്കാൻ തയാറായിക്കൊണ്ടു കൂടിയല്ലേ അവിടുന്നു സ്നേഹം പ്രകടമാക്കിയത്?
മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി സ്വയം വിസ്മരിച്ചുകൊണ്ട് കുരിശിൽ മരിക്കാൻ തയാറായ ഈശോയുടെ ആ മഹാത്യാഗം അവിടുത്തേക്കു നമ്മോടുള്ള സ്നേഹം ഏതു തരത്തിലുള്ളതാണെന്നു വ്യക്തമാക്കുന്നതല്ലേ? ഈശോ നമ്മെ സ്നേഹിച്ചതു നമുക്കുവേണ്ടി പീഡകൾ സഹിച്ചു മരിക്കാൻ തയാറായിക്കൊണ്ടുകൂടിയാണ്. ഇതുപോലെ, സ്വയം മറന്ന്, മറ്റുള്ളവരെ സ്നേഹിക്കാനാണ് ഈശോ പഠിപ്പിച്ചത്.
മറ്റുള്ളവരുടെ നന്മ
ക്രൈസ്തവ ലോകം പ്രാർഥനാപൂർവമാണ് ഈശോയുടെ രാജകീയ നഗരപ്രവേശവും അന്ത്യത്താഴവും പീഡാനുഭവുമൊക്കെ ഈ വലിയ ആഴ്ചയിൽ അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്നത്. അതിന്റെ കാരണം, ഈ അനുസ്മരണം ചില ചരിത്രസംഭവങ്ങളുടെ ഓർമ മാത്രമല്ല, അത് അവിടത്തെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയുമൊക്കെ രക്ഷാകര രഹസ്യത്തിൽ പങ്കുചേരാനുള്ള ഒരു അവസരം കൂടിയാണ്.
പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയുമാണ് അവിടന്നു ലോകരക്ഷ സാധിച്ചത്. അവിടത്തെ ഈ സഹനത്തിലും ത്യാഗത്തിലും നാം പങ്കുപറ്റുന്പോഴാണ് മറ്റുള്ളവർക്ക് ഭൗതികവും ആത്മീയവുമായിട്ടുള്ള രക്ഷ നേടിക്കൊടുക്കാൻ നമുക്കു സാധിക്കുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ നാം വഹിക്കുന്ന കുരിശുകൾ വഴി മറ്റുള്ളവർക്കു രക്ഷ നേടിക്കൊടുക്കാൻ നമുക്കു സാധിക്കും എന്നു സാരം.
വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറയുന്നതു പോലെ, ""നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രെ'' (1 കൊറിന്തോസ് 1:8). ദൈവത്തിന്റെ ഈ ശക്തിയിലാശ്രയിച്ചു മുന്നോട്ടു പോയാൽ, നമ്മുടെയും മറ്റുള്ളവരുടെയും ലോകത്തെ നന്മയ്ക്കായി മാറ്റിമറിക്കാൻ നമുക്കു സാധിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ