ഹൃദയത്തിൽനിന്നെടുക്കുന്ന തീരുമാനങ്ങൾ
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, September 6, 2025 10:33 PM IST
കുടുംബബന്ധങ്ങളിലെ മുറിവുകൾ ഉണക്കാൻ വിനയംകലർന്ന സ്നേഹം അനിവാര്യമാണ്. ഹൃദയത്തിൽനിന്നു വേണം തീരുമാനങ്ങളുണ്ടാവാൻ...
കന്നഡ സാഹിത്യത്തിലെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ബാനു മുഷ്താക്. പത്രപ്രവർത്തക, റേഡിയോ ജേർണലിസ്റ്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അവർ ആറു ചെറുകഥാ സമാഹാരങ്ങൾ, ഒരു നോവൽ, ഒരു ലേഖനസമാഹാരം, ഒരു കവിതാ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ ചില കൃതികൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ഉറുദു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു.
1999ൽ കന്നഡ സാഹിത്യ അക്കാദമി അവാർഡ് നേടിയ ബാനുവിന്റെ ചില ചെറുകഥകൾ ഹാർട്ട് ലാന്പ് (ഹൃദയദീപം) എന്ന പേരിൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ദീപാ ഭാസ്തി വിവർത്തനംചെയ്ത ഈ ചെറുകഥാസമാഹാരത്തിന് 2025ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ചു. കന്നഡയിൽനിന്നു വിവർത്തനം ചെയ്യപ്പെട്ട ഒരു ചെറുകഥാസമാഹാരത്തിന് ആദ്യമായാണ് ബുക്കർ സമ്മാനം ലഭിക്കുന്നത്.
ഹൃദയദീപം എന്ന ചെറുകഥാ സമാഹാരത്തിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു ചെറുകഥയാണ് ഹൃദയത്തിന്റെ തീരുമാനം എന്ന അർഥം വരുന്ന "എ ഡിസിഷൻ ഓഫ് ദ ഹാർട്ട്'. കുടുംബബന്ധങ്ങളുടെ സങ്കീർണതയും അവ ഉയർത്തുന്ന വെല്ലുവിളികളും അതിമനോഹരമായി അവതരിപ്പിക്കുന്ന ഒരു കഥയാണിത്.
ഈ കഥയിൽ മൂന്നു പ്രധാന കഥാപാത്രങ്ങളാണുള്ളത്. ആദ്യത്തേത് യൂസഫ് എന്ന സാധാരണക്കാരൻ. അയാളുടെ ഭവനാംഗങ്ങളായി രണ്ടുപേരുണ്ട്- അമ്മയും ഭാര്യയും. അമ്മയോട് ഏറെ ബഹുമാനവും ഭാര്യയോട് വലിയ സ്നേഹവും അയാൾക്കുണ്ട്. എന്നാൽ അയാളുടെ ഹൃദയം തേങ്ങുകയാണ്. കാരണം തന്റെ ഭാര്യയായ അഖില അമ്മയോട് അത്ര താത്പര്യത്തിലല്ല. നേരേമറിച്ച് വലിയ ശത്രുതയിലാണ്.
ഭർത്താവിന്റെ സ്നേഹം വിഭജിച്ചുപോകുന്നതിലാണ് അവൾക്കു ദുഃഖം. സന്തോഷകരമായ കുടുംബജീവിതത്തിന് ഭർത്താവിന്റെ അമ്മ തടസമായി നിൽക്കുന്നു എന്നതാണ് അവളുടെ നിരന്തര പരാതി. തന്നെ കൊത്തിവിഴുങ്ങാൻ നിൽക്കുന്ന ഒരു കഴുകനെപ്പോലെയാണ് അവൾ ആ അമ്മയെ കാണുന്നത്.
എന്നാൽ അവൾ വിചാരിക്കുന്നതുപോലുള്ള സ്ത്രീയല്ല യൂസഫിന്റെ അമ്മ.
മരുമകളിൽനിന്ന് അവഗണനയും അധിക്ഷേപവും ഉണ്ടാകുന്പോൾ ആ സ്ത്രീ മകനോട് പരാതിപറയുന്നില്ല. സ്നേഹവും സേവനവും ത്യാഗവും നിറഞ്ഞ ഒരു ജീവിതമാണ് അവരുടേത്. അത് യൂസഫിന് നന്നായി അറിയുകയും ചെയ്യാം. അതാണ് അയാളെ ഏറെ ദുഃഖിതനാക്കുന്നതും.
ഭാര്യ തന്റെ അമ്മയുടെ നന്മ മനസിലാക്കി അവരെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന് യൂസഫ് ആഗ്രഹിക്കാത്ത ദിവസങ്ങളില്ല. എന്നാൽ തന്റെ എതിരാളിയായി മാത്രമേ അഖിലയ്ക്ക് തന്റെ അമ്മായിയമ്മയെ കാണാൻ സാധിക്കുന്നുള്ളൂ. അവരെ സ്നേഹിക്കാനോ ശുശ്രൂഷിക്കാനോ അവൾ തയാറല്ല. അവർ മാറിപ്പോയിരുന്നെങ്കിലെന്ന് അവൾ ആശിച്ചു.
ഇവർ രണ്ടുപേരെക്കാളും ഏറെ വേദനിച്ചത് യൂസഫായിരുന്നു. തന്റെ ഭാര്യയുടെ പോരായ്മകൾ അറിഞ്ഞുകൊണ്ടുതന്നെ അയാൾ അവളെ സ്നേഹിച്ചു. അതേസമയം അമ്മയെ ആ തടവറയിൽനിന്നു രക്ഷിക്കണമെന്നും അയാൾ തീരുമാനിച്ചു. അങ്ങനെയാണ് ആരും പ്രതീക്ഷിക്കാത്ത ഒരു തീരുമാനത്തിൽ അയാളെത്തിയത്. വിധവയായ തന്റെ അമ്മയെ സ്നേഹസന്പന്നനായ ഒരുവന് വിവാഹം കഴിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു ആ തീരുമാനം.
യാഥാസ്ഥിതികരായ ബന്ധുക്കളും സുഹൃത്തുക്കളും ആ തീരുമാനത്തെ എതിർത്തു. എന്നാൽ യൂസഫ് തന്റെ തീരുമാനം നടപ്പാക്കി. അങ്ങനെ സ്നേഹസന്പന്നനായ ഒരാളെ ആ വിധവയ്ക്ക് ഭർത്താവായി ലഭിച്ചു. കാര്യങ്ങൾ ഇപ്രകാരം പുരോഗമിച്ചപ്പോൾ അഖിലയ്ക്കു കുറ്റബോധമുണ്ടായി. അവൾ ഭർതൃമാതാവിനോട് മാപ്പപേക്ഷിച്ചു. അങ്ങനെ യൂസഫിന്റെ ധീരമായ ഒരു തീരുമാനം ആ കുടുംബത്തിൽ സമാധാനം പുനഃസ്ഥാപിച്ചു.
എന്താണ് ഈ കഥ നൽകുന്ന സന്ദേശം? അമ്മായിയമ്മ വിധവയാണെങ്കിൽ അവരെ കെട്ടിച്ചയയ്ക്കാൻ മരുമകളും മകനും മുൻകൈയെടുക്കണമെന്നോ? ഒരിക്കലുമല്ല. അമ്മായിയമ്മ വിധവയും ചെറുപ്പവുമാണെങ്കിൽ അവർക്കു വീണ്ടും വിവാഹംകഴിക്കാൻ സാധിച്ചാൽ അതു നല്ലകാര്യംതന്നെ. യൂസഫ് എടുത്ത ആ തീരുമാനം അയാളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു നല്ലകാര്യമായിരുന്നു. നിരന്തരമായ ഒരു കുടുംബകലഹം തീർക്കാൻ അതു സഹായിച്ചു.
എന്നാൽ എല്ലാ കുടുംബങ്ങളുടെയും കാര്യത്തിൽ സ്വീകരിക്കാവുന്ന ഒരു നടപടിയല്ല ഇത്. പ്രത്യേകിച്ചും ചില സാമൂഹിക പശ്ചാത്തലങ്ങളിൽ ഇത് അചിന്തനീയവുമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കുടുംബാംഗങ്ങൾ എന്താണു ചെയ്യേണ്ടതെന്ന ആഴമുള്ള പല സന്ദേശങ്ങളും ഈ കഥയിലുണ്ട്.
അതിൽ പ്രധാനപ്പെട്ടത് ഓരോരുത്തരുടെയും വ്യക്തിത്വത്തെ മാനിക്കാൻ പഠിക്കുക എന്നതാണ്. അമ്മായിയമ്മയുടെ വ്യക്തിത്വത്തെ മാനിക്കാൻ സാധിക്കാതെപോയതായിരുന്നു അഖിലയുടെ പരാജയം. അതു മനസിലാക്കാനും തിരുത്താനും അമ്മായിയമ്മയ്ക്ക് ഒരു വിവാഹം വേണ്ടിവന്നത് അഖിലയുടെ മറ്റൊരു പരാജയം.
കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്പോൾ പലരും ചെയ്യുക അവയെ നിശബ്ദമായി അവഗണിച്ചു മുന്നോട്ടുപോവുക എന്നതാണ്. പ്രശ്നപരിഹാരം എളുപ്പമല്ലെങ്കിൽ ഒന്നും ചെയ്യാതെ അവർ മുന്നോട്ടുപോകും. എന്നാൽ യൂസഫ് തെരഞ്ഞെടുത്തത് അതല്ലായിരുന്നു. പ്രത്യുത അയാളുടെ കുടുംബത്തിൽ സ്നേഹവും സമാധാനവും സ്ഥാപിക്കാനുള്ള മാർഗമായിരുന്നു. അതിന് കുറേയേറെ ആത്മധൈര്യം വേണ്ടിവന്നു എന്നതു വേറേകാര്യം.
വിപ്ലവകരമായ നടപടിയായിരുന്നു യൂസഫിന്റേത്. എന്നാൽ ഈ നടപടിയെ പ്രതീകാത്മകമായിമാത്രം നാം മനസിലാക്കിയാൽ മതി. അതായത് കുടുംബകലഹങ്ങളും മറ്റു പ്രശ്നങ്ങളും തീർക്കാൻ ഭാവനാപൂർണമായ നടപടികൾ നാം സ്വീകരിക്കണമെന്നു സാരം.
ഈ കഥയിലെ മറ്റൊരു സന്ദേശം കുടുംബബന്ധങ്ങളിലെ മുറിവുകൾ ഉണക്കാൻ വിനയംകലർന്ന സ്നേഹം അനിവാര്യമാണെന്നതാണ്. അഖിലയുടെ കാര്യത്തിൽ അതു സംഭവിച്ചപ്പോഴാണ് ആ കുടുംബത്തിൽ യഥാർഥ സമാധാനമുണ്ടായത്. ഹൃദയത്തിൽനിന്നെടുത്ത ഒരു തീരുമാനംവഴിയാണ് യൂസഫ് തന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും പുനഃസ്ഥാപിച്ചത്. നാം എടുക്കുന്ന തീരുമാനങ്ങൾ ഹൃദയംനിറഞ്ഞ സ്നേഹത്തിൽനിന്നെടുക്കുന്നവയാണെങ്കിൽ അവ എപ്പോഴും കുടുംബങ്ങളിൽ സമാധാനം സംസ്ഥാപിക്കുകതന്നെ ചെയ്യും.