ജീവിതത്തിന്റെ ഗുണനിലവാരം
Sunday, August 29, 2021 3:17 AM IST
തുടർപരിചരണഘട്ടം കഴിയുന്പോൾ രോഗിയെ സ്വാഭാവിക ജീവിതത്തിലേക്കു മടക്കി അയയ്ക്കാനുള്ള സംവിധാനങ്ങളായി. പുറത്തു പോകാനും സന്ദർശനങ്ങൾ നടത്താനും ആഗ്രഹമുള്ളവർക്ക് ട്രാൻസ്പോർട്ട് സജ്ജീകരിക്കും. ഷോപ്പുകൾ, പ്രാർഥനാലയം, ജിം, ലൈബ്രറി തുടങ്ങിയവയെല്ലാം ലിസ്റ്റിലുണ്ട്. ദേശീയത കണക്കാക്കി പ്രായമായവർക്ക് പ്രത്യേക ഉല്ലാസകേന്ദ്രങ്ങൾ ഉണ്ട്. ഇന്ത്യക്കാരുടെ ഗ്രൂപ്പിൽ ദേശഭാഷകൾ സംസാരിക്കാനും ഇന്ത്യൻ ഭക്ഷണം കഴിക്കാനും കലകൾ ആസ്വദിക്കാനും സൗകര്യമുണ്ട്.
പോക്കുവരവിനും മറ്റുമായി നാമമാത്രമായ ഒരു തുക ഗുണഭോക്താവ് കൊടുക്കണം. ഒരാൾ പോലും തനിക്ക് അവശതയാണെന്നു ധരിച്ച് വീട്ടിൽ ചടഞ്ഞുകൂടരുത്. കൂടുതൽ ക്ഷീണിതരാണെങ്കിൽ വീട്ടിൽ തുടർന്നും സഹായികളെ അയച്ചുകൊടുക്കും. കാലപരിധിയില്ല. ഏകാന്തത അനുഭവിക്കുന്നവരുടെ അടുത്തുപോയിരുന്ന് വെറുതെ സംസാരിക്കാൻ പോലും പരിശീലനം നേടിയ പെൺകുട്ടികളുണ്ട്. ഒരുത്തരെയും "എഴുതിത്തള്ളാൻ' ഓസ്ട്രേലിയൻ സർക്കാർ ഒരുക്കമല്ല!
പക്ഷേ ഒന്നുണ്ട്. മക്കളുടെയും കൊച്ചുമക്കളുടെയും ദർശനവും സ്പർശനവും കിട്ടാക്കനികളാണ്. പാരന്പര്യം നിലനിർത്തുന്ന അപൂർവം ചില കുടുംബങ്ങൾ ഉണ്ടുതാനും. അവിടെ മക്കളുടെകൂടെ താമസിക്കാനെത്തിയ ഒരു വയോധികനു പേരക്കുട്ടികളുടെ കൈപിടിച്ച് അടുത്തുള്ള ഒരു പാർക്കുവരെ പോകാൻ ഭാഗ്യമുണ്ടായി. തിരിച്ചുവന്ന് ഏറെ സന്തോഷത്തോടെ മകനോട് ഇക്കാര്യം പങ്കുവച്ചപ്പോൾ അയാൾ സ്നേഹത്തോടെ പറയുകയാണ് "അപ്പൻ എന്തിനാണു കുട്ടിയെ ബുദ്ധിമുട്ടിച്ചത്. ഒരു വടി പോരെ? നല്ല വാക്കിംഗ് സ്റ്റിക്ക് വാങ്ങിത്തരാം'.
എന്തു പറയാൻ: ഒന്നിനും കുറവില്ല. ഭൗതിക സുഖങ്ങൾ വേണ്ടുവോളം. പക്ഷേ, സ്വസന്താനങ്ങൾക്കു മാത്രം നൽകാൻ കഴിയുന്ന ആത്മനിർവൃതിയും സംതൃപ്തിയും വിലയ്ക്കു വാങ്ങാൻ കഴിയില്ലല്ലോ. ജീവിതത്തിന്റെ ഗുണനിലവാരം എത്ര ഉയർന്നെന്നു പറഞ്ഞാലും.