ഗിരിയും താരയും...പൂങ്കാവനം ബസും
Sunday, July 31, 2022 12:55 AM IST
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്തി. പക്ഷെ, ജാതകപ്പൊരുത്തക്കേടിൽ വിവാഹത്തിന് വീട്ടുകാർ തടസമായി. പിന്നെയും തുടർന്നു ഇരുപതു വർഷത്തെ പ്രണയം.
പൂങ്കാവനം പോലെ അലങ്കരിച്ച കെഎസ്ആർടിസി ബസിന്റെ വളയം പിടിക്കുന്നത് ഗിരി. കണ്ടക്ടറായി ഭാര്യ താര. ഹരിപ്പാട് ഡിപ്പോയിൽനിന്ന് ആലപ്പുഴ-കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും ദന്പതികളാണെന്നതിൽ തീരുന്നില്ല വിശേഷങ്ങൾ.
രണ്ടു പതിറ്റാണ്ടു നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. നിമിത്തംപോലെ ഇരുവരും കെഎസ്ആർടിസിയിൽ ഒരേ ബസിലെ നായകനും നായികയുമായി മാറുകയും ചെയ്തു. ഒരേ ജില്ലയിൽ ഒരേ ഡിപ്പോയിൽ ഒരേ ബസിൽ രാവിലെ മുതൽ വൈകുന്നേരം വരെ ജീവിതം. സഫലമായ മധുരപ്രണയത്തിന്റെ മധുരവുമായി ഇരുവരും ഒരുമിക്കുകയാണ് വീട്ടിലും ബസിലും.
ഇവരുടെ ബസിനുമുണ്ട് പ്രത്യേകത. ഇതിൽ നിറയെ വർണാഭമായ അലങ്കാരപ്പാവകൾ, മിനുങ്ങുകൾ, എമർജൻസി അലാം, സിസിടിവി കാമറ, എൽഇഡി ഡിസ്പ്ലേ ബോർഡ്, മ്യൂസിക് സിസ്റ്റം, സാനിറ്റൈസർ, എയർ ഫ്രഷ്നർ... ഒരു ലക്ഷ്വറി ടൂറിസ്റ്റ് ബസിൽ യാത്രചെയ്യുന്ന പ്രതീതിയാണ് യാത്രക്കാർക്കുണ്ടാവുക. ഇതെല്ലാം ഗിരി-താര ദന്പതികൾ ബസിനോടും ജോലിയോടുമുള്ള ആത്മാർഥതയിൽ സ്വന്തം ചെലവിൽ ചെയ്തതാണ്.
’ബസ് ഞങ്ങൾക്ക് സ്വന്തം വീടുപോലെയാണ്. ഇതിൽ യാത്ര ചെയ്യുന്നവർ ബന്ധുക്കളെയും മിത്രങ്ങളെയും പോലെയും. അധികാരികളുടെ അറിവിലും അനുവാദത്തിലുമാണ് ബസിൽ ഈ സംവിധാനമെല്ലാം ക്രമീകരിച്ചിരിക്കുന്നത്. ഡിപ്പോയിൽ മൂന്ന് വർഷമായി ആർഎസ്എ 220 എന്ന ഒരേ ബസിൽ ജോലി ചെയ്യാൻ സഹപ്രവർത്തകർ കാണിക്കുന്ന ആത്മാർഥത വലിയ മനസുതന്നെ’- താര പറയുന്നു.
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്തി. പക്ഷെ, ജാതകപ്പൊരുത്തക്കേടിൽ വിവാഹത്തിന് വീട്ടുകാർ തടസമായി. പിന്നെയും തുടർന്നു ഇരുപതു വർഷത്തെ പ്രണയം. 2019ൽ ഗിരിയുടെ അച്ഛൻ മരിച്ചു.
കോവിഡ് കാലത്ത് ആഘോഷമില്ലാതെ 2020ൽ താലികെട്ട് നടത്തി. 2007ൽ നെയ്യാറ്റിൻകരയിലായിരുന്നു ഗിരിക്ക് ആദ്യ നിയമനം. പിന്നെ ഹരിപ്പാട് ഡിപ്പോയിലെത്തി.
2010 ൽ താര ഹരിപ്പാട് ഡിപ്പോയിൽ കണ്ടക്ടറായി ജോലിയിൽ കയറിയതാണ്. ഇരുവരും പുലർച്ചെ ഒന്നേകാലിനുണരും. രണ്ടിന് ഡിപ്പോയിലെത്തി ബസ് വൃത്തിയാക്കി 5.30ന് ആദ്യ ട്രിപ്പു തുടങ്ങും. രാത്രി 8.30 ന് അവസാന ട്രിപ്പിനുശേഷം ഒൻപതിന് വീട്ടിലെത്തുകയാണ് പതിവ്.
ഇവരുടെ ബസിൽ മാത്രം യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നവർ ഏറെപ്പേരാണ്. ഇഷ്ടപ്പെട്ട പാട്ടുകളും സൗഹൃദങ്ങളും നിറഞ്ഞ ഓർഡിനറി ഒരു സ്നേഹവാഹനമാണ് അവർക്കൊക്കെ. പരാതിയുടെയും പരിഭവത്തിന്റെയും കാർമേഘങ്ങൾ സദാ ഉരുണ്ടുകൂടുന്ന കെഎസ്ആർടിസിയുടെ കുണ്ടുകുഴികൾ താണ്ടുന്ന സർവീസിനിടെ പ്രത്യാശയുടെ വാഹനമായിരിക്കുന്നു ആർഎസ്എ 220. അതിലെ താരകങ്ങളായി ഗിരി ഗോപിനാഥനും താര ദാമോദരനും.
എം. ജോസ് ജോസഫ്