വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
Sunday, July 31, 2022 1:25 AM IST
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും വർണക്കൊക്കുകളുടെ പേരിലാണ് കൂന്തൻകുളം പ്രശസ്തി നേടിയിട്ടുള്ളത്.
എന്നാൽ വർണക്കൊക്കുകളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന പ്രദേശമാണ് തമിഴ്നാട്ടിലെ തിരുനെൽവേലിക്കടുത്തുള്ള കൂന്തൻകുളം പക്ഷിഗ്രാമം. പ്രജനനത്തിനായി വർഷംതോറും ആയിരക്കണക്കിന് വർണക്കൊക്കുകളാണ് ഇവിടെയെത്തുന്നത്. തലങ്ങും വിലങ്ങും പറക്കുന്ന വർണക്കൊക്കുകൾ കൂന്തൻകുളത്തെ നയനമനോഹരമായ കാഴ്ചയാണ്.
വാലറ്റത്തെ കടുത്ത പിങ്ക് നിറമാണ് ഇവയ്ക്ക് വർണക്കൊക്ക് എന്ന പേര് സമ്മാനിച്ചത്. നീളമുള്ള കാലുകൾക്കും പിങ്ക് നിറം. മൂന്നര കിലോ വരെ തൂക്കവുമുണ്ടാകും. ശരാശരി 25 വർഷമാണ് ആയുർദൈർഘ്യം.
കൊക്ക് മഞ്ഞനിറമുള്ളതും താഴേക്ക് വളഞ്ഞതുമാണ്. മറ്റു പക്ഷികളിൽ നിന്നു വിഭിന്നമായി മുഖത്ത് തൂവലുകളില്ലെന്നതും പ്രത്യേകതയാണ്. ജലാശയങ്ങളിൽ ഇരതേടുന്നതിന് അനുയോജ്യമായ ശരീരഘടനയാണ്.
മത്സ്യങ്ങൾ, ജലജീവികൾ, പുഴുക്കൾ, ചെറുതവളകൾ, പ്രാണികൾ തുടങ്ങിയവയൊക്കെയാണ് ഭക്ഷണം. വെള്ളക്കെട്ടിനോടു ചേർന്നുള്ള ചെറുമരങ്ങളിലാണ് സാധാരണയായി കൂടൊരുക്കുന്നത്. വളരെ നീളമുള്ള കാലുകൾ ആഴം കുറഞ്ഞ ജലാശയങ്ങളിലൂടെയും ചതുപ്പ് പ്രദേശങ്ങളിലൂടെയും നടന്ന് ഇരതേടുന്നതിന് സഹായകരമാണ്. തണ്ണീർത്തടങ്ങളും ജലാശയങ്ങളും ചതുപ്പു പ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് വർണക്കൊക്കുകളുടെ ജീവിതത്തിന് ഏറെ അനുയോജ്യം
.
ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് വർണക്കൊക്കുകൾ കൂന്തൻകുളത്ത് എത്തിത്തുടങ്ങുന്നത്. പല ഘട്ടങ്ങളായി വന്നെത്തുന്ന പക്ഷിക്കൂട്ടം ജൂണ്‍-ജൂലൈ മാസത്തോടെ മടങ്ങും. പക്ഷിസങ്കേതത്തിനുള്ളിലെ ജലാശയത്തിലുള്ള ചെറുമരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇവ കൂടൊരുക്കുക.
വൻതോതിൽ പക്ഷിക്കൂട്ടം എത്തുന്നതോടെ ഗ്രാമത്തിലെ ഓരോ മരങ്ങളും വർണക്കൊക്കുകൾക്ക് സ്വന്തമാകും. ചുള്ളിക്കന്പുകൾ കൊണ്ട് ഈ മരച്ചില്ലകളിലാണ് കൂടൊരുക്കുന്നതും മുട്ടയിട്ട് വിരിയിക്കുന്നതും. അടയിരിക്കുന്ന പെണ്‍പക്ഷിയുടെ സംരക്ഷണം ആണ്‍പക്ഷി ഉറപ്പുവരുത്തുന്നു.
സാധാരണ രണ്ടു മുതൽ നാലു വരെ മുട്ടകളാണ് ഇടുന്നത്. പതിനേഴു ദിവസമാണ് മുട്ടകൾ വിരിയാൻ വേണ്ടത്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ ആണ്‍പക്ഷിയും പെണ്‍പക്ഷിയും ചേർന്ന് പരിപാലിക്കും. കുഞ്ഞുങ്ങളുടെ നിറം വെള്ളയും കറുപ്പും ചാരനിറവും കലർന്നതാണ്. കൊക്കിനും ചാരനിറമാണ്.
പൂർണവളർച്ച എത്തുന്പോൾ മാത്രമാണ് കുഞ്ഞുങ്ങൾക്കും ആകർഷകമായ നിറം ലഭിക്കുക. മൂന്നു മാസം പ്രായമെത്തുന്പോഴാണ് കുഞ്ഞുങ്ങൾ പറക്കാറാകുന്നത്. തുടർന്ന് കുഞ്ഞുങ്ങൾ സ്വന്തമായി ഇരതേടാൻ തുടങ്ങും.
പതിറ്റാണ്ടുകളായി ദേശാടനപക്ഷികൾ വന്നുപോകുന്നുണ്ടെങ്കിലും 1994-ലാണ് കൂന്തൻകുളത്തെ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. പക്ഷിസ്നേഹി ബാൽ പാണ്ടിയുടെ പ്രയത്നമാണ് ഇതിനു വഴിവച്ചത്.
നാൽപ്പത്തിമൂന്നിനം പക്ഷികളെയാണ് കൂന്തൻകുളത്ത് ഇതോടകം കണ്ടെത്തിയിട്ടുള്ളത്. പെലിക്കൻ ഉൾപ്പെടെ വിവിധ ജാതി നീർപക്ഷികളും ഇവിടെ കൂടൊരുക്കാറുണ്ട്. ഒന്നേകാൽ ചതുരശ്ര കിലോമീറ്ററിൽ വിസ്തൃതമായ പ്രദേശമാണ് കൂന്തൻകുളം പക്ഷിസങ്കേതം.
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും വർണക്കൊക്കുകളുടെ പേരിലാണ് കൂന്തൻകുളം പ്രശസ്തി നേടിയിട്ടുള്ളത്.
മിലോ വർഗീസ്