കാന്തല്ലൂരിൽ ആപ്പിൾ വസന്തം
Saturday, September 10, 2022 11:00 PM IST
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്നത്. ഒരേക്കർ മുതൽ അഞ്ചേക്കർ വരെ സ്ഥലത്ത് ആപ്പിൾ ക്യഷി നടത്തുന്ന കർഷകർ ഇവിടെയുണ്ട്.
മറയൂർ മലനിരകളിൽ ഇത് അപ്പിൾ വിളവെടുപ്പുകാലമാണ്. മറയൂർ, കാന്തല്ലൂർ മലനിരകളിലെ ആപ്പിൾതോട്ടങ്ങളിൽ നേരിട്ടെത്തി പഴം വാങ്ങാൻ സഞ്ചാരികളുടെ തിരക്ക്. ശീതകാല പച്ചക്കറിക്കൊപ്പം കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക സ്ഥലമാണ് കാന്തല്ലൂർ.
മറയൂരിൽ നിന്ന് 14 കിലോമീറ്റർ കുത്തനെയുള്ള മലകൾ താണ്ടിയാൽ കാന്തല്ലൂർ ആപ്പിൾ തോട്ടങ്ങളിലെത്താം. കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ആപ്പിളുകൾ കേരളത്തിലെ മാർക്കറ്റുകളിൽ കുറയുന്നതോടെയാണ് കാന്തല്ലൂരിലെ തോട്ടങ്ങളിൽ ആപ്പിൾ വിളവെടുപ്പിനൊരുങ്ങുന്നത്.
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്നത്. ഒരേക്കർ മുതൽ അഞ്ചേക്കർ വരെ സ്ഥലത്ത് ആപ്പിൾ ക്യഷി നടത്തുന്ന കർഷകർ ഇവിടെയുണ്ട്.
കാന്തല്ലൂരിലെ പെരുമല പുത്തൂർ ഗുഹനാഥപുരം പ്രദേശങ്ങളിലാണ് ആപ്പിൾ തോട്ടങ്ങൾ ഏറ്റവുമധികമുള്ളത്. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ പൂവിടുന്ന ചെടിയുടെ വിളവെടുപ്പ് കാലം ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണ്.
വളർച്ചയെത്തിയ ഒരു ആപ്പിൾ മരത്തിൽനിന്ന് 50 കായ്കൾ ലരെ ലഭിക്കും. കാന്തല്ലൂരിലെ ശീതകാലാവസ്ഥ മുൻനിറുത്തി ആപ്പിൾ കൃഷിക്കുള്ള സാധ്യത മനസിലാക്കിയ കർഷകരാണ് 15 വർഷങ്ങൾക്കു മുന്പ് പരീക്ഷണാടിസ്ഥാനത്തിൽ ആപ്പിൾ നട്ടു നോക്കിയത്. ഇത് വൻ വിജയമായതോടെ നിരവധി കർഷകരാണ് നിലവിൽ ആപ്പിൾ കൃഷി ചെയ്തു വരുന്നത്.
ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെ വിളയുന്നത്. വലിപ്പത്തിൽ ഏറെയും ഇടത്തരം. ആപ്പിൾകൃഷിയും വിളവും നേരിൽ കാണാൻ എല്ലാ തോട്ടങ്ങളിലും തിരക്കുണ്ട്. അതിനാൽ ഫാം ടൂറിസം കാന്തല്ലൂരിൽ ഏറെ കർഷകർക്ക് നേട്ടമായിരിക്കുന്നു.
കാന്തല്ലൂരിലെ ചീനി ഹിൽസ് ഫാമിലാണ് ഏറ്റവുമധികം ആപ്പിൾ മരങ്ങളുള്ളത്. കൂടാതെ തോപ്പിൽ ജോർജ്, കൊച്ചുമണ്ണിൽ ബാബു, ഐസക്, പെരുമാൾ സാമി, പുതുശേരി ജോർജ്, കൂട്ടിങ്കൽ റോയ് തുടങ്ങിയവരുടെ തോട്ടങ്ങളിലും ആപ്പിൾ വിളവെടുപ്പുണ്ട്.
ആപ്പിളിനൊപ്പം പ്ലംസ്, സ്ട്രോബറി, സബർജിൽ, പാഷൻ ഫ്രൂട്ട്, ഓറഞ്ച്, എഗ് ഫ്രൂട്ട്, മാതള നാരങ്ങ, മരത്തക്കാളി, പീച്ച് പഴവർഗങ്ങളും ഈ തോട്ടങ്ങളിൽ ധാരാളമായി ക്യഷിചെയ്തു വരുന്നു.
ചിറയ്ക്കൽ കുരുവിള
മറയൂരിലെ ശീത കാലവസ്ഥ പരമാവധി പ്രയോജന പെടുത്തി ആപ്പിൾ കൃഷി ചെയ്യുകയാണ് റിട്ട. ഉദ്യോഗസ്ഥൻ. അങ്കമാലി ചിറയ്ക്കൽ സി.റ്റി. കുരുവിള 2002 ലാണ് വിശ്രമജീവിതം നയിക്കാൻ മറയൂർ മലനിരകളിലെ കാന്തല്ലൂർ കുളച്ചിവയലിൽ എത്തിയത്.
കൃഷിയോട് ആഭിമുഖ്യം ഉണ്ടായിരുന്ന കുരുവിളയ്ക്ക് ഏതുതരം കൃഷി ചെയ്യണമെന്ന് ആദ്യം നിശ്ചയമില്ലായിരുന്നു. സുഹൃത്തുക്കളാണ് ആപ്പിൾ കൃഷി ചെയ്യാൻ ഉപദേശിച്ചത്. കൃഷിയിലെ വൈവിധ്യത്തോടെ താത്പര്യം ഉണ്ടായിരുന്നതിനാൽ ആപ്പിൾ കൃഷി ചെയ്യാൻ നിശ്ചയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൊടൈക്കനാലിൽ നിന്നും തൈകൾ എത്തിച്ച് പരീക്ഷണ അടിസ്ഥാനത്തിൽ കൃഷിചെയ്തത് വൻ വിജയമായി. ഇതോടെ ഒൻപത് ഏക്കറിൽ ആപ്പിൾ ഉൾപ്പെടെ വിവിധ പഴവർഗ്ഗങ്ങൾ വച്ചുപിടിപ്പിക്കുകയായിരുന്നു.
നാനൂറ്റി അൻപതോളം ആപ്പിൾ മരങ്ങളാണ് തോട്ടത്തിൽ വളർന്ന് ഫലം തരുന്നത്. ഇതിൽ കൂടുതലും ഹിമാചൽ പ്രദേശിൽ നിന്നെത്തിച്ച എച്ച് ആർ എം എൻ 99 ആണ്. കെഎസ്ഇബിയിൽ നിന്നും വിരമിച്ച ശേഷമുള്ള വിശ്രമ ജീവിതത്തിൽ ആപ്പിൾ കൃഷി നേട്ടമായി മാറിയിരിക്കുന്നു.
ഇതോടൊപ്പം ആപ്പിൾ കൃഷിയിൽ താത്പര്യമുള്ളവർക്ക് തൈകളും ഇദ്ദേഹം വിൽപനയ്ക്കായി ഒരുക്കിയിട്ടുണ്ട്. കിളികളിലും വാവലുകളിലുംനിന്നു സംരക്ഷണം ഒരുക്കുന്നതിനുമായി ആപ്പിൾ മരങ്ങൾ വല ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുകയുമാണ്. ചാണകം മാത്രമാണ് ഇദ്ദേഹം ആപ്പിളുകൾക്കും മറ്റു ഫലവൃക്ഷങ്ങൾക്കും വളമായി നൽകുന്നത്.
ജിതേഷ് ചെറുവള്ളിൽ