ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതുകളുടെ വസന്തം എന്നാണ്. കാര്യം ശരിതന്നെ- പഴയ പാട്ടുകൾ മനോഹരമാണ്. എന്നാൽ, പുതിയ തലമുറയും പാട്ടുകളുണ്ടാക്കുന്നുണ്ട്, ആസ്വദിക്കുന്നുണ്ട്. ഇക്കൊല്ലം മലയാളം ഏറ്റുപാടിയ പാട്ടുകളിലൂടെ...
വസന്തം ഒരു സുന്ദര ഋതുവാണ്. പക്ഷേ, എഴുപതുകളുടെ വസന്തം എന്നു വിശേഷിപ്പിക്കപ്പെട്ടാൽ അത് അനല്പമായ കളിയാക്കലിൽ പെടും. അമ്മാവൻ സിൻഡ്രോം എന്നു വിളിക്കുന്ന പരുവം. അതായത് ഇന്നത്തെ യാതൊന്നും ശരിയല്ല, പണ്ടത്തെയാണ് ബെസ്റ്റ് എന്നു ചിന്തിച്ചിരിക്കുന്നവർ.
സദാ ഉപദേശവും വിമർശനവുമാണ് ഇവരുടെ മെയിൻ. പാട്ടിലുമുണ്ട് ഈ പറഞ്ഞ വസന്തങ്ങളത്രേ. പുതിയ പാട്ടൊന്നും പാട്ടേയല്ലെന്നു പറഞ്ഞുകളയും കക്ഷികൾ. അത്തരക്കാരോട് ന്യൂജൻ ടീംസ് പാട്ടിലൂടെതന്നെ പറയുന്നൊരു മറുപടിയുണ്ട്- നിങ്ങൾക്കാദരാഞ്ജലി നേരട്ടേ!... പിന്നെ പെട്ടിയും പായയുമെടുത്തു സ്ഥലംവിടുകയേ രക്ഷയുള്ളൂ!
പാട്ടുകളെ കൊല്ലക്കണക്കിൽ തളച്ചിടാൻ ശ്രമിക്കുന്നതിൽ ഒരർഥവുമില്ല, അതിനു സാധിക്കുകയുമില്ല. എന്നാൽ, കേൾവിയുടെ കണക്കുകളെടുത്താൽ ഇന്നുതീരുന്ന ഈ വർഷം കൂടുതൽ കേട്ട പാട്ടുകൾ, കൂടുതൽ ഏറ്റുപാടിയവ എന്നിങ്ങനെ നന്പറിട്ടുവയ്ക്കാം. കേൾക്കാത്തവർക്കു കേൾക്കുകയുമാവാം.
ജിൽ ജില്ലെന്നു പാട്ടുകൾ
കൂടുതൽ തവണ കേട്ടതുകൊണ്ട് ഒരു പാട്ടും മനോഹരമാകണമെന്നില്ല. കേൾക്കാൻ മാത്രമാവില്ല, കാണാനും കൂടിയാവും യു ട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിംഗ് സൈറ്റുകളിൽ ആളുകൾകൂടുന്നത്. എന്നിരിക്കിലും ഈണം ഇഷ്ടമാവാതെ വീണ്ടും വീണ്ടും കേൾക്കില്ലെന്ന യുക്തിയുമുണ്ട്.
പൊതുവേ ഫാസ്റ്റ് നന്പറുകളാണ് 2023ന്റെ ഇഷ്ടലിസ്റ്റുകളിൽ മുൻനിരയിലുള്ളത്. ഒട്ടും പ്രവചിക്കാനാവാത്തവിധം വാക്കുകൾ അടങ്ങുന്ന വരികളും പുതുമയുള്ള സംഗീതവും പാട്ടുകളെ പ്രിയങ്കരമാക്കി. തെന്നിന്ത്യയിലെ പൊന്നുംവിലയുള്ള സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒരാഘോഷഗാനത്തിൽ പാടാനെത്തി എന്നതാണ് ഏറ്റവും വലിയ കൗതുകം.
നീല നിലവേ...
അപ്രതീക്ഷിത സൂപ്പർ ഹിറ്റായിരുന്നു മൂന്നു നായകന്മാരുടെ ആർഡിഎക്സ് എന്ന സിനിമ. ഇക്കൊല്ലം യു ട്യൂബിലടക്കം ഏറ്റവുമധകം തവണ പ്ലേ ചെയ്യപ്പെട്ടത് കപിൽ കപിലന്റെ ശബ്ദത്തിലുള്ള ഈ പാട്ടാണ്. ഈ കുറിപ്പ് തയാറാക്കുന്പോൾ യു ട്യൂബിൽ 75 ദശലക്ഷത്തിലേറെ തവണ ഈ പാട്ട് പ്ലേ ചെയ്യപ്പെട്ടിട്ടുണ്ട്.
മനു മൻജിത് വരികൾ എഴുതി സി.എസ്. സാം ഈണമിട്ടതാണ് പാട്ട്. പ്രണയത്തിന്റെ പ്രസരിപ്പാണ് ഇതു പകരുന്നത്. മലയാളികൾ അല്ലാത്തവർ പോലും പാട്ട് ഏറെ ഇഷ്ടത്തോടെ കേൾക്കുന്നുവെന്നാണ് യു ട്യൂബിലെ കമന്റുകൾ തെളിയിക്കുന്നത്.
ജിൽ ജിൽ ജിൽ, ഹാലാകെ...
60 ദശലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു സുലൈഖ മൻസിൽ എന്ന ചിത്രത്തിലെ ജിൽ ജിൽ ജിൽ എന്ന ഗാനം. വിഷ്ണു വിജയ് ഈണമിട്ട പാട്ടിന്റെ വരികൾ എഴുതിയത് മു.രി യാണ്. മീര പ്രകാശ്, വർഷ രഞ്ജിത്ത് എന്നിർക്കൊപ്പം വിഷ്ണുവും ശബ്ദം നൽകിയിരിക്കുന്നു. ഇതേ ചിത്രത്തിലെ ഹാലാകെ മാറുന്നേ എന്ന പാട്ട് 45 ദശലക്ഷത്തോളം തവണ പ്ലേ ചെയ്യപ്പെട്ടു.
വിഷ്ണു വിജയിനൊപ്പം പുഷ്പവതി പൊയ്പ്പാടത്ത്, ആഹി അഹി അജയൻ എന്നിവർ പാടിയിരിക്കുന്നു. യുവ സംഗീതജ്ഞരിൽ പ്രശസ്തനായ മോമിൻ ഖാന്റെ സാരംഗി പാട്ടിൽ ശ്രദ്ധേയം. സലിം കോടത്തൂർ ഒരുക്കിയ എത്ര നാൾ എന്ന പാട്ടും ഇതേ ചിത്രത്തിലുണ്ട്. 39 ദശലക്ഷത്തോളം തവണ കേട്ടുകഴിഞ്ഞു ഈ പാട്ട്. മുന്പ് ഒരു തലമുറ ഏറ്റുപാടിയ ഈ പാട്ടിന് ഇന്നും ആരാധകരുണ്ടെന്നാണ് സുലൈഖ മൻസിൽ വേർഷൻ തെളിയിക്കുന്നത്.
കലാപക്കാരാ...
ദുൽഖർ ചിത്രമായ കിംഗ് ഓഫ് കൊത്തയിലെ പാട്ട്. പ്ലേ ചെയ്യപ്പെട്ടത് 43 ദശലക്ഷത്തിലേറെ തവണ. ജോ പോളിന്റെ വരികൾ ഈണമിട്ടത് ജേക്ക്സ് ബിജോയ്. ശ്രേയാ ഘോഷാൽ, ബെന്നി ദയാൽ എന്നിവർക്കൊപ്പം ജേക്ക്സിന്റെ ശബ്ദവുമുണ്ട് ഈ പാട്ടിൽ. ഒറ്റത്തവണ കേട്ടപ്പോൾ ഇഷ്ടമാകാത്ത, എന്നാൽ പതിയെപ്പതിയെ ഇഷ്ടംകൂടിവന്ന പാട്ടാണെന്ന് ശ്രോതാക്കൾ പറയുന്നു. ശ്രേയയുടെ ആലാപനം അതിമനോഹരം.
ആദരാഞ്ജലി, തലതെറിച്ചവർ...
കടന്നുപോകുന്ന വർഷം 23 ദശലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു സൂപ്പർ ഹിറ്റ് ചിത്രമായ രോമാഞ്ചത്തിലെ ആദരാഞ്ജലിപ്പാട്ട്. റീൽസിനെ അടക്കിഭരിച്ച പാട്ടുകളിൽ ഇതാണ് മുൻനിരയിൽ. വിനായക് ശശികുമാറിന്റെ അണ്പ്രെഡിക്ടബിൾ വരികൾക്ക് ഈണമിട്ടത് സുഷിൻ ശ്യാം. മധുവന്തി നാരായണും സുഷിനും പാടി. വേറെ ലെവൽ പാട്ടെന്നാണ് വിശേഷണം.
ഇതേ ചിത്രത്തിലെ തലതെറിച്ചവർ എന്ന പാട്ട് വിനായക് ശശികുമാറിന്റെ കിടിലൻ വരികൾകൊണ്ട് ഹിറ്റായ മറ്റൊന്നാണ്. സിയ ഉൾ ഹഖ് ആണ് ആലാപനം. 19 ദശലക്ഷത്തോളം തവണ ഇതു യു ട്യൂബിൽ പ്ലേ ചെയ്യപ്പെട്ടു.
മാരന്റെ പെണ്ണല്ലേ...
18 പ്ലസ് എന്ന ചിത്രത്തിലെ ഈ പാട്ട് ഒരു ഡാൻസ് നന്പറാണ്. വൈശാഖ് സുഗുണന്റെ വരികൾക്ക് ഈണമിട്ടത് ക്രിസ്റ്റോ സേവ്യർ. യോഗി ശേഖറിന്റേതാണ് ശബ്ദം. നാലരദശലക്ഷത്തോളം തവണ പ്ലേ ചെയ്യപ്പെട്ടു. ഡാൻസ് കളിച്ചു ചത്തു ഭായ് എന്ന് ഒരു കമന്റ്.
നറുചിരിയുടെ മിന്നായം...
ശ്രദ്ധിക്കപ്പെട്ട സിനിമയാണ് പ്രണയവിലാസം. വിനായക് ശശികുമാർ എഴുതി ഷാൻ റഹ്മാൻ ഈണമൊരുക്കി മിഥുൻ ജയരാജ് പാടിയ നറുചിരിയുടെ മിന്നായം എന്ന പാട്ട് മനസുകളിൽ കുളിരു നിറയ്ക്കുന്നു. നാലു ദശലക്ഷത്തോളം തവണ പ്ലേചെയ്യപ്പെട്ട ഇത് ഇപ്പോഴും ഏറ്റുപാടുന്നവരുണ്ട്.
കല്യാണി പ്രിയദർശൻ നായികയായി എത്തിയ ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിനു വേണ്ടിയാണ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ പാട്ടുപാടാൻ എത്തിയത്. ടട്ട ടട്ടറ എന്ന പാട്ടിന്റെ വരികൾ സുഹൈൽ കോയയുടേതാണ്. ഈണമിട്ടത് ഹിഷാം അബ്ദുൾ വഹാബ്. ഫുട്ബോളിന്റെ ആവേശം നിറയ്ക്കുന്ന ഈണവും ആലാപനവും പാട്ടിനെ വ്യത്യസ്തമാക്കി.
ഇഷ്ടങ്ങൾ വ്യക്തികൾക്കനുസരിച്ചു മാറിമറിയാം. ഓണ്ലൈനിൽ അല്ലാതെ പലതവണ കേട്ട പാട്ടുകൾ വേറെയും ഉണ്ടാകാം. മറ്റു ഭാഷകളിലെ പാട്ടുകൾ നൂറുകണക്കിനു ദശലക്ഷം കേൾവികൾ കടന്നു മുന്നേറുന്നുണ്ട്. എന്നാൽ, പുതുസ്വരങ്ങളും പാട്ടുപ്രേമികൾ നെഞ്ചേറ്റുന്നു എന്നത് സന്തോഷകരമായ കാര്യം.
ഹരിപ്രസാദ്