"പൂ​ജ​രാ​ജാ​ക്ക​ന്മാ​ർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികളും മുതിർന്നവരും... ക്രിസ്മസും നോന്പും പോലെ രുചികളും ആഘോഷങ്ങളും ജീവിതമൊട്ടാകെയും അവരാൽ എത്രമാത്രം സ്വാധീനിക്കപ്പെട്ടിരുന്നു എന്നു തിരിഞ്ഞുനോക്കുകയാണ് ലേഖകൻ...

യേശു​ക്രി​സ്തു​വി​ന്‍റെ ജ​ന​ന​മു​ഹൂ​ർ​ത്ത​ത്തി​ൽ കി​ഴ​ക്കു​ദി​ച്ച ഒ​രു വാ​ൽ​ന​ക്ഷ​ത്രം ഒ​രു രാ​ജ​കു​മാ​ര​ന്‍റെ ജ​ന്മ​സൂ​ച​ന​യാ​ണെ​ന്ന് ഗ​ണി​ച്ച് കി​ഴ​ക്ക​ൻ നാ​ടു​ക​ളി​ൽ​നി​ന്ന് മൂ​ന്നു രാ​ജാ​ക്ക​ൻ​മാ​ർ ബെ​ത്‌ലഹേം ല​ക്ഷ്യ​മാ​ക്കി യാ​ത്ര തുടങ്ങി. ന​ക്ഷ​ത്രം അ​വ​രെ കാ​ലി​ത്തൊ​ഴു​ത്തി​ൽ ഉ​ണ്ണി​യു​ടെ ദി​വ്യസ​വി​ധ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും അ​വ​ർ കൊ​ണ്ടു​വ​ന്ന പൊ​ന്ന്, മി​റ, കു​ന്തി​രി​ക്കം എ​ന്നി​വ ഉ​ണ്ണി​യേ​ശു​വി​നു സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു (മ​ത്താ​യി എ​ഴു​തി​യ സു​വി​ശേ​ഷം ര​ണ്ടാം അ​ധ്യായം). ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ചൈ​ന, പേ​ർ​ഷ്യ, എ​ത്യോ​പി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നി​ൽ​നി​ന്നാ​ണ് ഇ​വ​രു​ടെ ആ​ഗ​മ​ന​മെ​ന്ന് കരുതപ്പെടുന്നു.

എ​ന്നാ​ൽ ഇ​വി​ടെ പ​രാ​മ​ർ​ശി​ക്കു​ന്ന "പൂ​ജ​രാ​ജാ​ക്ക​ന്മാ​ർ​' ഏ​താണ്ട് അ​റു​പ​തു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കേ​ര​ള​ത്തി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ ജീ​വി​ച്ചി​രു​ന്ന സാ​ധാ​ര​ണ​മ​നു​ഷ്യ​രാ​ണ്. മു​തി​ർ​ന്ന​വ​രോ​ടൊ​പ്പം കു​ട്ടി​ക​ൾ ഓ​രോ വ​ർ​ഷ​വും ഈ ​പൂ​ജ​രാ​ജാ​ക്ക​ന്മാ​രെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കും. ക്രി​സ്മ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ ഇ​വ​ർ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​ങ്ങും.

അവരുടെ വരവ്

ജ​ന്മി​കു​ടി​യാ​ൻ വ്യ​വ​സ്ഥ നി​ല​നി​ന്നി​രു​ന്ന കാ​ലം. ക്രി​സ്മ​സ് (ഇ​രു​പ​ത്തി​യ​ഞ്ച് നോ​മ്പ്) ആ​രം​ഭി​ക്കു​ന്ന​തു ത​ന്നെ തൂ​മ്പ​യു​മാ​യി വ​ന്നു വീ​ടും പ​രി​സ​ര​വും പു​ല്ലുചെ​ത്തി വൃ​ത്തി​യാ​ക്കു​ന്ന, ക്ലേ​ശ​ക​ര​മാ​യ പ​ണി​ക​ൾ ചെ​യ്യാ​ൻ ശ​ക്തി​യി​ല്ലാ​ത്ത പ​ണി​ക്കാ​രു​ടെ വ​ര​വോ​ടെ​യാ​ണ്. ത​ങ്ങ​ൾ എ​ത്തി​യെ​ന്നു വീ​ട്ടു​കാ​രെ അ​റി​യി​ക്കാ​ൻ വീ​ടി​നു സ​മീ​പ​മെ​ത്തി മൂ​ന്നുനാ​ലു തവണ ചു​മ​ച്ച് ശ​ബ്ദ​മു​ണ്ടാ​ക്കും. ഉ​ട​നെ​ത്ത​ന്നെ തൂ​മ്പ മ​ണ്ണി​ല​മ​രു​ന്ന ശ​ബ്ദം കേ​ൾ​ക്കാം. ര​ണ്ടു മൂ​ന്നു മ​ണി​ക്കൂ​ർ​കൊ​ണ്ട് പ​ണി ക​ഴി​ച്ച്, ചെ​ത്തി​യ പു​ല്ല് വാ​രിമാ​റ്റി വീ​ണ്ടും ചു​മ​യ്ക്കു​മ്പോ​ഴേ​ക്കും മാ​പ്ലാ​ര് (വീ​ട്ടു​ട​മ) പൂ​മു​ഖ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടും. കു​ശ​ലാ​ന്വേ​ഷ​ണം ക​ഴി​യു​മ്പോ​ഴേ​ക്കും നാ​ണ​യ​വും, പ​റ​ക്കൊ​ട്ട​യി​ൽ നെ​ല്ലും റെ​ഡി. "കാ​ണാം​' എ​ന്ന് ജ​ന്മി പ​റ​യു​മ്പോ​ഴേ​ക്കും വ​ലി​യ ഭ​വ്യ​ത​യോ​ടെ തൊ​ഴു​ത് പൂ​ജ​രാ​ജാ​വ് യാ​ത്ര​യാ​കും.

ക്രി​സ്മ​സി​നും വ​ലി​യ​പെ​രു​ന്നാ​ളു​ക​ൾ​ക്കു​മൊ​ക്കെ വ​ലി​യ വാ​യ്‌വട്ട​മു​ള്ള അ​ല്പം പ​ര​ന്ന മ​ൺ​ച​ട്ടി​യി​ലാ​ണ് മീ​ൻ​കൂ​ട്ടാ​ൻ ത​യാ​റാ​ക്കു​ക. പെട്ടെന്നാർ​ക്കും മ​ന​സി​ലാ​കാത്ത ഒ​രു ഭാ​ഷ​യി​ൽ അ​തി​വേ​ഗം സം​സാ​രി​ക്കു​ന്ന പ​ണി​ക്കാ​രി​ക​ളാ​ണ് വ​ലി​യ കു​ട്ട​ക​ളി​ൽ പ​ല ആ​കൃ​തി​യി​ലും വ​ലി​പ്പ​ത്തി​ലു​മു​ള്ള മ​ൺ​പാ​ത്ര​ങ്ങ​ളു​മാ​യി താ​ള​ത്തി​ൽ ചു​വ​ടു​വ​ച്ച് വ​ന്നി​രു​ന്ന​ത്. ഈ ​വ​ലി​യ കു​ട്ട താ​ഴെ​യി​റ​ക്കാ​ൻ വീ​ട്ടി​ലെ സ്ത്രീ​ക​ളു​ടെ സ​ഹാ​യം വേ​ണം.

മീ​ൻ​കൂ​ട്ടാ​ന് പ​ര​ന്ന ച​ട്ടി, വ​ട്ടേ​പ്പ​ക്കൂ​ട്ട് വെ​യി​ല​ത്തു​വച്ച് പ​ത​പ്പി​ച്ചെ​ടു​ക്കാ​ൻ വാ​യ്‌വട്ടം കു​റ​ഞ്ഞ് അ​ൽ​പ്പം വ​ലിപ്പ​മു​ള്ള മ​ൺ​ക​ലം, വേ​വി​ച്ച ചോ​റ് വാ​ങ്ങി​വെ​ക്കാ​ൻ സു​ഷി​ര​ങ്ങ​ളു​ള്ള ക​ലം, വെ​ള്ളേ​പ്പ​ച്ച​ട്ടി എ​ന്നി​വ വീ​ട്ട​മ്മ​മാ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് കു​ട്ടി​ക​ൾ കൗ​തു​ക​ത്തോ​ടെ നോ​ക്കി​നി​ൽ​ക്കും. ദൃ​ശ്യ​മാ​കാ​ത്ത വി​ള്ള​ൽ ഉ​ണ്ടോ എ​ന്ന് നോ​ക്കാ​ൻ വീ​ട്ട​മ്മ​മാ​രു​ടെ ക​ഴി​വ് അ​പാ​രം. മ​ൺ​പാ​ത്രം ക​യ്യി​ലെ​ടു​ത്ത് പ​ല ഭാ​ഗ​ങ്ങ​ളി​ൽ കൈ​വി​ര​ൽ മ​ട​ക്കി ത​ട്ടി​നോ​ക്കും. വി​ള്ള​ലു​ണ്ടെ​ങ്കി​ൽ ശ​ബ്ദ​ത്തി​ന് മു​ഴ​ക്ക​വ്യ​ത്യാ​സം ഉ​ണ്ടാ​കു​ന്ന​ത് മ​ന​സി​ലാ​ക്കി മാ​റ്റി​യെ​ടു​ക്കും. ഈ ​വി​ദ്യ പി​ന്നെ ഞാ​ൻ ക​ണ്ട​ത് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് ശ​രീ​ര​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു വി​ര​ൽ വ​ച്ച് മ​റ്റേ കൈയിലെ വി​ര​ലു​കൊ​ണ്ട് മു​ട്ടി​നോ​ക്കു​മ്പോ​ഴാ​യി​രി​ക്കു​ന്നു. അ​തി​നെ "പെ​ർ​ക​ഷ​ൻ’ എ​ന്നാ​ണു പ​റ​യു​ക.

മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ പെ​ർ​ക​ഷ​ൻ ന​ട​ത്തി​യ​ശേ​ഷം വി​ല​പേ​ശ​ലി​ന്‍റെ ക​ല​പി​ല​യാ​യി. അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ൽ മൂ​ന്നുനാ​ല് ഭാ​ഷ​ക​ളു​ടെ "കൂ​ട്ട​പ്പൊ​രി​ച്ച​ിലും​' മു​റു​ക്കാ​ൻ നീ​ട്ടി​ത്തു​പ്പി​യു​ള്ള പ്ര​തി​ഷേ​ധ​വും, ഒ​ടു​വി​ൽ ഒ​ത്തു​തീ​ർ​പ്പോ​ടെ കാ​ശ് കൈ​മാ​റി വ​ലി​യ സ്നേ​ഹ​ത്തോ​ടെ കു​ട്ട ത​ല​യി​ലെ ചു​മ്മാ​ടി​ലേ​ക്ക് ക​യ​റ്റി വ​യ്ക്കു​ന്ന​തോ​ടെ എല്ലാം ശുഭം. അ​ന്ന​ന​ട​യോ​ടെ "പൂ​ജ​രാ​ജ്ഞി​' വേ​ലി​യി​ലെ ക​ഴ​യി​ലൂ​ടെ അ​ടു​ത്ത വീ​ട്ടി​ലേ​ക്ക്....കൊച്ചിപ്പലഹാരത്തിന്‍റെ ഗന്ധം

"സാ​യ്പ്’ എ​ന്ന് കു​ട്ടി​ക​ൾ വി​ളി​ക്കു​ന്ന പോ​ക്ക​ർ സാ​ഹി​ബി​ന്‍റെ വ​ര​വ​ല്ലേ രാ​ജ​കീ​യം! ആ​റ​ടി പൊ​ക്ക​വും ഒ​ത്ത ത​ടി​യും, വ​ടി​ച്ച ത​ല​യും, നീ​ട്ടി​യ താ​ടി​യും, ക​ള്ളി​മു​ണ്ടും സാ​ന്‍റോ ബ​നി​യ​നു​മാ​ണ് സ്ഥി​രം വേ​ഷം. ചു​മ​ലി​ലെ കാ​വി​ൽ പ​ത്തു വ​യ​സു​കാ​ര​ന് ഇ​രി​ക്കാ​വു​ന്ന​ത്ര വ​ലി​പ്പ​മു​ള്ള ര​ണ്ടു ചൂ​ര​ൽക്കുട്ട​ക​ൾ. അ​ടു​ത്തെ​ത്തു​മ്പോ​ഴേ​ക്കും കൊ​ച്ചി​പ്പ​ല​ഹാ​ര​ത്തി​ന്‍റെ എ​സെ​ൻ​സ് ഗ​ന്ധം. പ​ണ്ടു ബേ​ക്ക​റി​ക​ൾ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലു​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ചി​ല സ്ഥ​ല​ങ്ങ​ളി​ലു​ള്ള ബോ​ർ​മ​ക​ളി​ൽ ത​യാ​റാ​ക്കു​ന്ന ബി​സ്കറ്റ്, കൊ​ട്ട​ക്കേ​ക്ക്, സ്പോഞ്ച്കേ​ക്ക്, ചി​ല്ലു ക​ട​ലാ​സി​ൽ (ബ​ട്ട​ർ പേ​പ്പ​ർ) പൊ​തി​ഞ്ഞ പ്ലം ​കേ​ക്ക് എ​ന്നി​വ​യാ​ണു് സാ​യ്പി​ന്‍റെ ചൂ​ര​ൽ​ക്കൊ​ട്ട​യി​ലെ സ്റ്റോ​ക്ക്.

എ​ന്തോ ഈ ​പൂ​ജ​രാ​ജാ​വി​നോ​ട് വീ​ട്ടു​കാ​ർ വി​ല​പേ​ശു​ന്ന​ത് കാ​ണാ​റി​ല്ല. പ​റ​ഞ്ഞ​വി​ല കൊ​ടു​ത്തു വാ​ങ്ങും. പി​ണ​ങ്ങി​പ്പോ​യാ​ൽ ക്രി​സ്മ​സി​ന്‍റെ ശോ​ഭ മ​ങ്ങി​ല്ലേ. കാ​വ് ചു​മ​ലി​ലേ​റ്റുംമു​മ്പ് മ​ടി​ശീ​ല​യി​ൽ സൂ​ക്ഷി​ച്ച ചെ​റി​യ കു​പ്പി​യി​ൽ​നി​ന്ന് മു​ല്ല​പ്പൂ അ​ത്ത​ർ ക​യ്യി​ൽ പു​ര​ട്ടി​ത്ത​രും. പ​ക്ഷെ കൊ​ച്ചി​പ്പ​ല​ഹാ​ര​ത്തി​ന്‍റെ മനംമയക്കുന്ന ഗ​ന്ധ​ത്തെ തോ​ൽ​പ്പി​ക്കാ​ൻ അ​ത്ത​റ് പോ​ര. (അ​ച്ച​പ്പം, കു​ഴ​ല​പ്പം, ഉ​ണ്ട തു​ട​ങ്ങി​യ പ​ല​ഹാ​ര​ക്കൂ​ട്ടി​നെ നാ​ട​ൻ പ​ല​ഹാ​രം, പ​ച്ച​പ്പ​ല​ഹാ​രം എ​ന്നി​ങ്ങ​നെ​യാ​ണ് വി​ളി​ച്ചി​രു​ന്ന​ത്). ബേ​ക്ക​റി സു​ഗ​ന്ധം വാ​യു​വി​ൽ അ​ലി​ഞ്ഞു​തീ​രു​ന്ന​തു​വ​രെ കു​ട്ടി​ക​ൾ പൂ​ജ​രാ​ജാ​വി​ന്‍റെ പോ​ക്ക് നോ​ക്കി​നി​ൽ​ക്കും. പ​ല​ഹാ​രം വാ​യു​ക​ട​ക്കാ​ത്ത വ​ലി​യ ബി​സ്കറ്റ് ചെ​പ്പു​ക​ളി​ൽ കു​ട്ടി​ക​ൾ അ​ടി​ച്ചു​മാ​റ്റാ​ത്ത പൂ​ട്ടു​ള്ള അ​റ​യി​ലേ​ക്ക് നീ​ക്കും.

വ​ട്ട​യ​പ്പം (വ​ട്ടേ​പ്പം) വെ​ന്തു ക​ഴി​ഞ്ഞാ​ൽ ചൂ​ടാ​റുംവ​രെ സൂ​ക്ഷി​ക്കാ​ൻ പു​ത്ത​ൻ മു​റ​ങ്ങ​ൾ വേ​ണ​മെ​ന്ന കാ​ര്യം വീ​ട്ടു​കാ​രേ​ക്കാ​ൾ മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന പൂ​ജ​രാ​ജാ​വ് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ വീ​ട്ടു​മു​റ്റ​ത്തെ​ത്തും. കാ​വി​ന്‍റെ ഒ​ര​റ്റ​ത്ത് ന​ല്ല പ​ച്ച​മു​ള​ച്ചീ​ളു​ക​ൾ​കൊ​ണ്ട് ക​ലാ​വി​രു​തോ​ടെ നി​ർ​മി​ച്ച ഒ​രു​കൂ​ട്ടം മു​റ​ങ്ങ​ൾ, പ​ര​ന്ന​മു​റം, കൊ​മ്പോ​റം തു​ട​ങ്ങി​യ​വ, മ​റു​വ​ശ​ത്ത് പ​ല​വ​ലു​പ്പ​ത്തി​ലു​ള്ള കു​ട്ട​ക​ളും വ​ടി​ക​ളും, ചോ​റ് ഊ​റ്റി​യെ​ടു​ക്കാ​നു​ള്ള നീ​ണ്ട​പി​ടി​യു​ള്ള ക​യി​ൽ​ക്കൊ​ട്ട, ചി​ര​ട്ട​ക്ക​യി​ലു​ക​ൾ. ചു​രു​ക്ക​ത്തി​ൽ ഒ​രു മി​നി കാ​വ​ടി​ത​ന്നെ. ഈ ​മു​ള​യു​ൽ​പ്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത് പു​രു​ഷ​ന്മാ​രാ​ണ്. വി​ല​പേ​ശ​ൽ ക​ടു​ക്കു​മ്പോ​ൾ ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ നി​ല​പാ​ടി​നെ താ​ങ്ങാ​ൻ ക​ടു​പ്പി​ച്ച ശ​ബ്ദ​വു​മാ​യി എ​ത്തും. അ​വ​സാ​നം മം​ഗ​ള​ഗാ​നം പാ​ടി​പ്പി​രി​യും. ഈ ​മു​ള​മു​റ​ത്തി​ന് പ​ക​രം പ്ലാ​സ്റ്റി​ക് മു​റ​ങ്ങ​ൾ കാ​ണു​മ്പോ​ൾ വ​ലി​യ നി​രാ​ശ! റെ​ഡി​മെ​യ്ഡി​ന്‍റെ കാ​ല​മ​ല്ലേ. ഭൂ​മി​യു​ടെ മ​ലി​ന​ഭാ​രം വ​ർ​ധിപ്പി​ക്കാ​ൻ മാ​ത്ര​മ​ല്ലേ ഇ​തു​കൊ​ണ്ടാ​കൂ.നീലവും വെണ്ണിലാവും

ദാ ​വ​രു​ന്നു, ത​ല​യി​ൽ ഭാ​ണ്ഡ​ക്കെ​ട്ടു​മാ​യി മ​റ്റൊ​രു പൂ​ജ​രാ​ജ്ഞി ചോ​മ. ആ​ധു​നിക​ർ​ക്ക് ഈ ​പ​ദം ഒ​ട്ടും മ​ന​സി​ലാ​കി​ല്ല. ഇ​തു പ​ര​ന്ത്രീ​സൊ​ന്നു​മ​ല്ല, അ​ക്കാ​ല​ത്ത് അ​ലക്കു​കാ​രി ഇ​ങ്ങ​നെ​യാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. പ്രാ​ദേ​ശി​ക​മാ​യി വെ​ളു​ത്തേ​ട​ത്തി​യു​ടെ പേ​ര് വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം. ചോ​മ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കി വെ​ളു​പ്പി​ച്ചു​കൊ​ണ്ടു​വ​രും. കാ​ര​വും സോ​പ്പും ചേ​ർ​ത്ത് പു​ഴു​ങ്ങി​യെ​ടു​ത്താ​ണ​ത്രെ അ​വ​ർ വ​സ്ത്രം അ​ല​ക്കി​യെ​ടു​ക്കു​ക. റോ​ബി​ൻ നീ​ല​വും ചേ​ർ​ത്താ​ൽ വ​സ്ത്ര​ങ്ങ​ൾ​ക്ക് വെ​ൺനി​ലാ​വി​ന്‍റെ നി​റം. ഏ​താ​യാ​ലും ക്രി​സ്മ​സി​ന് ര​ണ്ടുദി​വ​സം മു​മ്പ് വീ​ടി​ന്‍റെ പി​ന്നാ​മ്പു​റ​ത്ത് ചോ​മ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പ്.

ക്രി​സ്മ​സസി​ന് ഏ​റ്റ​വും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു പൂ​ജ​രാ​ജാ​ക്ക​ന്മാ​ർ കൂ​ടി എ​ത്തി​ച്ചേ​രും. വാ​യ്‌വട്ട​മി​ല്ലാ​ത്ത കോ​ണി​ക്ക​ൽ ആ​കൃ​തി​യു​ള്ള മീ​ൻ​കു​ട്ട കാ​വി​ന്‍റെ ഒ​ര​റ്റ​ത്തും, മ​ട​ക്കി​ത്തൂ​ക്കി​യി​ട്ട വ​ല മ​റു​ഭാ​ഗ​ത്തു​മാ​യി വ​രു​ന്ന പെ​രു​ന്നാ​ൾ മീ​ൻ സ്പെ​ഷലി​സ്റ്റ്. ഐ​സി​ലി​ട്ട് സൂ​ക്ഷി​ക്കു​ന്ന രീ​തി​യൊ​ന്നും അ​ന്നി​ല്ലാ​ത്ത​തി​നാ​ൽ പി​ട​യ്ക്കു​ന്ന മീ​നു​മാ​യാ​ണ് വ​ര​വ്. നോയ​മ്പു​വീ​ടലിന് മീ​നു​ക​ൾ നി​ർ​ബ​ന്ധ​മാ​ണ്- ബ്രാ​ൽ (വ​രാ​ൽ), വാ​ള. ര​ണ്ടും പു​ഴ​മ​ൽ​സ്യ​ങ്ങ​ൾ. ഇ​തി​ല്ലെ​ങ്കി​ൽ നോ​മ്പ് പൂ​ർ​ണമാ​കി​ല്ലെ​ന്ന് ശ​പ​ഥ​മെ​ടു​ത്ത​വ​രു​ടെ "വീ​ക്ക്നെ​സ്‌​' അ​റി​യു​ന്ന മീ​ൻ​പി​ടിത്ത​ക്കാ​ർ നോ​മ്പി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത​ദി​വ​സം മാ​ത്ര​മേ തു​റു​പ്പ് പു​റ​ത്തെ​ടു​ക്കു. പൂ​ജ​രാ​ജാ​വ് വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യി​ട്ടേ മ​ട​ങ്ങി​പ്പോ​കൂ.

പ​ണം കി​ട്ടു​മെ​ന്നു​ള്ള ചി​ന്ത​യി​ല​ല്ല, ചി​ല കു​ടി​യാ​ന്മാ​ർ അ​വ​ർ വ​ള​ർ​ത്തു​ന്ന ര​ണ്ടു പൂ​വ​ൻ​കോ​ഴി​ക​ളു​മാ​യി എ​ത്തു​ന്ന​ത്. അ​തൊ​രു ക്രി​സ്മ​സ് ഗി​ഫ്റ്റാ​ണ്. സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്ക​ൽ. ത​ല​മു​റ​ക​ളാ​യു​ള്ള ബ​ന്ധ​മാ​ണ​ല്ലോ. ഈ ​പൂ​ജ​രാ​ജാ​ക്ക​ന്മാ​രോ​ട് കേ​ര​ളം ക​ട​പ്പെ​ട്ടി​ട്ടി​രി​ക്കു​ന്നു. അ​വ​ർ ത​ല​മു​റ​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു.

ബൈ​ബി​ളി​ലെ പൂ​ജ​രാ​ജാ​ക്ക​ന്മാ​രു​ടേ​ത് എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ ജ​ർ​മ​നി​യി​ലെ കൊ​ളോ​ൺ ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണപേ​ട​ക​ത്തി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. നാ​ട്ടി​ലെ പൂ​ജ​രാ​ജാ​ക്ക​ന്മാ​ർ അ​നാ​ർ​ഭാ​ട​മാ​യി ഈ ​മ​ണ്ണി​ൽ​ത്ത​ന്നെ അ​ലി​ഞ്ഞു​ചേ​ർ​ന്നു. ആ ​പൂ​ജ​രാ​ജാ​ക്ക​ന്മാ​രു​ടെ സ്മ​ര​ണ​യ്ക്ക് മു​മ്പി​ൽ ഒ​രു മ​ൺ​ചി​രാ​ത് തെ​ളി​യി​ക്ക​ട്ടെ.

ഫാ. ​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട്