ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
Sunday, June 26, 2022 1:20 AM IST
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർലമെന്റിന് സമീപത്തെ വിജയ് ചൗക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഫൂലൻ ദേവിയുടെ കൈയിൽ കുലച്ചു വച്ചിരുന്ന വില്ലിലെ അന്പ് ലക്ഷ്യമാക്കിയിരുന്നത് പാർലമെന്റിലേക്കായിരുന്നു.
ചന്പൽക്കാടുകളെ വിറപ്പിച്ച ഫൂലൻ ദേവിയുടെ ഡൽഹിവാസം ഭൂതകാല ഛായയിൽനിന്നേറെയകന്നു മാറി തികഞ്ഞ ജനാധിപത്യ പശ്ചാത്തലത്തിലായിരുന്നു. 2001 ജൂലൈ 25ന് പാർലമെന്റിൽ നിന്ന് ഉച്ചയൂണ് കഴിക്കാനായി അശോകാ റോഡിലെ വസതിയിലേക്കെത്തിയ ഫൂലൻദേവിയെ മുഖം മറച്ച മൂന്ന് അക്രമികൾ വെടിവെച്ചു കൊല്ലുകയായിരുന്നു.
മരിച്ച് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും കാടും നാടും വിറപ്പിച്ച കുപ്രസിദ്ധ കൊള്ളക്കാരി എന്നതിനുപ്പുറം അടിച്ചമർത്തപ്പെട്ടവന്റെ അനിവാര്യമായ പോരാട്ടം എന്നൊരു ഏടുകൂടി എഴുതിച്ചേർത്തിട്ടാണ് ഫൂലൻ ദേവി അവരുടെ ഭൂമിയിലെ ആത്മകഥ അടച്ചുവച്ചത്.
വിഖ്യാത എഴുത്തുകാരനായ ഖുശ്വന്ത് സിംഗ് അവരെ ഇന്ത്യയുടെ പൂമൊട്ട് എന്നു വിളിച്ചു. ദാസ്യൂ സുന്ദരി, വിക്രം മല്ലയ്യ കി പ്രേയസി (കൊള്ളക്കാരിയായ സുന്ദരി, വിക്രം മല്ലയുടെ പ്രേയസി) എന്നൊരു വിളിപ്പേരുകൂടി ചന്പൽക്കാടുകളിലെ ജീവിതം അവർക്കു നൽകിയിരുന്നു.
കൊള്ളക്കാരിയുടെ കുതിരപ്പുറത്ത് നിന്നിറങ്ങി ഫൂലൻദേവി ചന്പൽക്കാട് എന്ന മേൽവിലാസവും ഉപേക്ഷിച്ച് ഡൽഹിയിൽ മറ്റൊരു ജീവിതത്തിലേക്ക് കടക്കാൻ കാത്തു നിൽക്കുന്ന കാലം. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുൻപായ് ദി ന്യൂയോർക്കറിന്റെ ലേഖിക മേരി ആനി വീവർ ഒരു അഭിമുഖത്തിൽ അവരോട് ചോദിച്ചു:
കൊള്ളക്കാരിയായി ചന്പലിൽ കഴിഞ്ഞിരുന്ന ആ കാലം കടന്ന് ഇവിടെ വരെ എത്തി നിൽക്കുന്പോൾ നഷ്ടപ്പെട്ടു എന്നു തോന്നുന്നത് എന്താണ് ? കരുത്തും അധികാരവും തന്നെ. നൊടിയിടപോലും ആലോചിക്കാതെയായിരുന്നു ഫൂലൻ ദേവിയുടെ മറുപടി.
അവർ ഒന്നുകൂടി വിശദീകരിച്ചു. ‘ഡൽഹിയിലെ ജീവിതവും ചന്പൽ താഴ്വരയിലും മലയിടുക്കുകളിലുമുള്ള ജീവിതവും തമ്മിൽ ഏറെ അന്തരമുണ്ട്. രണ്ടു വ്യത്യസ്തതരം രീതികളാണ്. ഒന്നു പരന്പരാഗത തുടർച്ചകളിലൂടെ കടന്നു പോകുന്നു. മറ്റൊന്ന് നിയമത്തിന്റെ വഴികളിലൂടെ നീങ്ങുന്നു.
ന്യൂഡൽഹിയിൽ ആളുകൾ അത്ര തെളിമയോടെ പെരുമാറുന്നവരല്ല. പറയുന്നതൊന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്. പല വാഗ്ദാനങ്ങളും നിങ്ങളുടെ മുഖത്ത് നോക്കി നഗരത്തിൽ ആളുകൾ പറയും. നിങ്ങളുടെ തൊട്ടു പിന്നിൽനിന്ന് അതിന് നേർവിപരീതമായി പ്രവർത്തിക്കുകയും ചെയ്യും.
എന്നാൽ, ചന്പലിൽ അങ്ങനെയല്ല. പറയാനുള്ളത് അവർ നേരേ നോക്കി പറയും. വേണമെങ്കിൽ പുരപ്പുറത്തു കയറി നിന്ന് ഒച്ചയിൽ തന്നെ പറയും. ആ പറയുന്നത് തന്നെ പ്രവർത്തിക്കുകയും ചെയ്യും. ഡൽഹിയിൽ നിങ്ങൾക്ക് കോടതികളുണ്ട്. പക്ഷേ, ചന്പലിൽ അങ്ങനെയല്ല. അവിടെ കാര്യങ്ങളിൽ അവരുടേതായ രീതികളിൽ നേരിട്ടു തീർപ്പുണ്ടാക്കും. ദൈവത്തിന്റെ തീരുമാനം നടപ്പാക്കപ്പെടും. ‘ ഞാൻ അനുഭവിച്ചതും ഇനി അനുഭവിക്കാനിരിക്കുന്നതുമായ അധികാരത്തിന്റെ രണ്ടു വശങ്ങളെ ആത്മകഥയെന്ന പോലെ അവർ വിവരിച്ചത് ഇങ്ങനെയായിരുന്നു.
ചന്പൽ വിട്ട ഫൂലൻ ദേവി വീണ്ടും മറ്റൊരു അധികാരത്തിന്റെ ഭാഗമാകുന്നത് ഡൽഹിയിലെത്തിയാണ്. രണ്ടു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 ൽ തിഹാർ ജയിലിൽനിന്നു മോചിതയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് ഫൂലൻ ദേവി ഡൽഹി ഗുൽമോഹർ പാർക്കിലുള്ള മൂന്നു നില ബംഗ്ലാവിലേക്ക് തന്റെ ഭർത്താവ് ഉമേദ് സിംഗിനൊപ്പം താമസം മാറ്റി.
ഫൂലൻ ദേവിയെ കാണുന്നതിനായി ആ വീട്ടിലേക്ക് കടന്നുചെന്ന അനുഭവത്തെക്കുറിച്ച് മേരി ആനി വീവർ പിന്നീട് ഇങ്ങനെ ഓർമിച്ചു: കയറിച്ചെന്നപ്പോൾ തന്നെ അതൊരു ക്ഷേത്രമാണോ എന്നു ഞാൻ സംശയിച്ചു. ഭിത്തിയിൽ നിറയെ ദുർഗാദേവിയുടെയും ശ്രീബുദ്ധന്റെയും ചിത്രങ്ങൾ. മാല ചാർത്തിയ ഒട്ടനവധി ദേവീരൂപങ്ങളും ബുദ്ധപ്രതിമകളും വേറെയും.
എല്ലാറ്റിനും നടുവിലായി ഒരു ചെറിയ ശ്രീകോവിൽ. അതിനു മുന്നിലായി ചെറിയ ഹോമകുണ്ഡത്തിൽ എരിഞ്ഞുതീർന്ന ചെറിയ വിറകുകൊള്ളികൾ. ടെലിവിഷൻ സെറ്റ് വച്ചിരിക്കുന്നതിന് മുകളിലായി യേശുക്രിസ്തുവിന്റെ വലിയൊരു ചിത്രവും കാണാം. ഈ ദേവരൂപങ്ങളേക്കാൾ വലിയൊരു രൂപത്തിൽ ഡോ. അംബേദ്കറിന്റെ ചിത്രവുമുണ്ട്. ‘ആകെ മൊത്തം വിസ്മയങ്ങളുടെ വിരുന്നുമുറി എന്നാണ് വീവർ ആ സ്വീകരണമുറിയെ വിശേഷിപ്പിച്ചത്.
ഫൂലൻ ദേവിയുടെ ജീവിതത്തെ അധികരിച്ചെടുത്ത സിനിമ ബാൻഡിറ്റ് ക്വീൻ എന്ന സിനിമയെക്കുറിച്ചും അവർ വീവറിനോട് പ്രതികരിച്ചു. ‘ശരിക്കും ആ സിനിമ എന്റെ ജീവിതകഥയൊന്നുമല്ല. പിന്നെങ്ങനെയാണ് അവർക്ക് അക്കാര്യം അവകാശപ്പെടാൻ കഴിയുന്നത്. എന്റെ ജീവിതത്തിലെ നിത്യ സാന്നിധ്യമായിരുന്ന മൈയാദിനെക്കുറിച്ച് സിനിമയിൽ ഒരു പരാമർശം പോലുമില്ല.
എന്റെ കുടുംബവുമായി ഉണ്ടായ ഭൂമിതർക്കത്തെക്കുറിച്ചും സിനിമയിൽ പറയുന്നില്ല. ആ സിനിമയിലുടനീളം നിത്യദുഖിതയായൊരു വനിതയായാണ് എന്നെ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലൊരിക്കലും സ്വബോധത്തോടെ ഒരു തീരുമാനവും എടുത്തിട്ടില്ലാത്ത സ്ത്രീയെപ്പോലെ. വീണ്ടും വീണ്ടും മാനഭംഗപ്പെടുത്തുന്നത് പോലെയാണ് എനിക്കത് കണ്ടപ്പോൾ തോന്നിയത്.’
തന്നെ മാനഭംഗപ്പെടുത്തിയതിനും പിച്ചിച്ചീന്തിയതിനും പ്രതികാരമായി 1981 ഫെബ്രുവരി 14ന് താക്കൂർ സമുദായത്തിൽപ്പെട്ട 22 പുരുഷൻമാരെ കൊന്നുതള്ളിയ ചന്പൽറാണിയെ താൻ നേരിട്ടു കാണുകയായിരുന്നു എന്നാണ് ചന്പൽ റാണിയുടെ പ്രതികരണത്തെക്കുറിച്ച് വീവർ പിന്നീട് കുറിച്ചിട്ടത്.
മധ്യപ്രദേശിലും ഡൽഹിയിലുമായി പതിനൊന്നു വർഷത്തെ ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയ ഫൂലൻ ദേവിയെ തേടി രാഷ്ട്രീയരംഗത്തുനിന്ന് നിരവധി വാഗ്ദാനങ്ങളെത്തി. ഒടുവിൽ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്ന് 1996 ൽ ലോക്സഭാംഗമായി. എംപിയെന്ന നിലയിൽ പാരീസും ജപ്പാനും സന്ദർശിച്ചു.
പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദളിതരുടെയും ഇടയിൽ നിന്ന് ഉയർന്നുവന്ന വനിതാനേതാവ് എന്ന നിലയിലാണ് രാഷ്ട്രീയജീവിതത്തിൽ ഫൂലൻ ദേവി തന്നെത്തന്നെ അടയാളപ്പെടുത്തിയത്. അതിന്റെ ഭാഗമായി ഏകലവ്യ സേന എന്നൊരു പാർട്ടിയും അവർ ഡൽഹിയിൽ രൂപീകരിച്ചു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശ സംരക്ഷണമായിരുന്നു ഏകലവ്യ സേനയുടെ ലക്ഷ്യം. ഉത്തരേന്ത്യയിലെ അതിരൂക്ഷമായ ജാതി വിവേചനങ്ങളോട് എതിരിട്ടു നിൽക്കുക യെന്നതും ഫൂലൻ ദേവിയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർലമെന്റിന് സമീപത്തെ വിജയ് ചൗക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഫൂലൻ ദേവിയുടെ കൈയിൽ കുലച്ചു വച്ചിരുന്ന വില്ലിലെ അന്പ് ലക്ഷ്യമാക്കിയിരുന്നത് പാർലമെന്റിലേക്കായിരുന്നു.
ഏകലവ്യ സേനയുടെ ഒരു യോഗത്തിൽ ഫൂലൻ ദേവി ഇങ്ങനെ പ്രസംഗിച്ചു:‘ ദരിദ്രരുടെ നേരേ അടിച്ചമർത്തലും അക്രമങ്ങളും നടക്കുന്പോൾ ചുട്ട മറുപടി നൽകാൻ ഏകലവ്യ സേന മുന്നോട്ടു വരും. ഏകലവ്യ സേനയിൽ അംഗങ്ങളായ യുവാക്കൾ അക്രമങ്ങൾക്ക് നേരേ മൗനം പാലിച്ചു മുഖം തിരിച്ചു നിൽക്കില്ല. നിയമം എന്തു പറയുന്നു എന്നാലോചിച്ചു നിൽക്കാതെ അവർ ചുട്ട മറുപടി നൽകിയിരിക്കും. ഏകലവ്യനാണ് നമ്മുടെ മുൻഗാമി. ചൂഷകർ അദ്ദേഹത്തിന്റെ തള്ളവിരൽ ദക്ഷിണയായി മുറിച്ചു വാങ്ങി കാട്ടിലേക്കയച്ചു. എന്നാൽ ഇപ്പോൾ സമയം മാറിയിരിക്കുന്നു. ഇന്ന് നൂറുകണക്കിന് ഏകലവ്യൻമാർ നമുക്കു ചുറ്റുമുണ്ട്. തള്ളവിരൽ മുറിച്ചു വാങ്ങാൻ വരുന്നവരുടെ കൈ അരിഞ്ഞു നമ്മൾ താഴെയിടും. ഏകലവ്യ സേനയിലെ എല്ലാ അംഗങ്ങളും തങ്ങളുടെ പെണ്കുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകിയിരിക്കണം. അവരെ ഒന്നിനും കൊള്ളാത്തവരും അടിമകളുമായി വളർത്തരുത്. ആരെങ്കിലും ഒരു തവണ അവരെ അടിച്ചാൽ രണ്ടടി തിരിച്ചടിക്കാൻ പാകത്തിന് കരുത്തേകി വേണം പെണ്മക്കളെ വളർത്താൻ‘.
കൊല്ലപ്പെടുന്ന സമയത്ത് ഫൂലൻ ദേവി താമസിച്ചിരുന്ന ഡൽഹി അശോകാ റോഡിലെ 44 ാം നന്പർ വസതിയെ ചുറ്റിപ്പറ്റി ഇന്നും ചില ദുരൂഹതകളുണ്ട്. ഫൂലൻ ദേവിയുടെ മരണശേഷം രാജസ്ഥാനിൽ നിന്നുള്ള എംപി കൈലാഷ് മേഘ്വാളിനാണ് ഈ വസതി ലഭിച്ചത്. എന്നാൽ, ഫൂലൻ ദേവിയുടെ ആത്മാവ് അവിടെയുണ്ടെന്നും ആ വീട് സ്മാരകമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് അവരുടെ ബന്ധുക്കൾ രംഗത്തു വന്നു. പക്ഷേ, സർക്കാർ വഴങ്ങിയില്ല. പിന്നീട് മലയാളി എംപിമാർ ഉൾപ്പെടെ പലരും ഇവിടെ ദീർഘകാലം താമസിച്ചിരുന്നു.
സെബി മാത്യു