നിള എന്ന സംസ്കൃതി
Saturday, April 29, 2023 10:45 PM IST
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുതന്നെ അതിന്റെ നീളത്തിൽ നിന്നാണെന്നു പറയാം. തമിഴ്നാട്ടിലൂടെ ഒഴുകുന്ന 46 കിലോമീറ്റർകൂടി ഉൾപ്പെടുത്തിയാൽ നിളയൊഴുകുന്നത് 255 കിലോമീറ്റർ നീളത്തിലാണ്. നദികളിൽ ഒന്നാമതെന്നു രേഖകളിലുള്ള പെരിയാറിന് 244 കിലോമീറ്റർ നീളമേയുള്ളൂവെന്നാണ് അവരുടെ വാദം. ഉത്ഭവം മുതൽ ലയനം വരെയുള്ളതാണല്ലോ നദിയുടെ ദൈർഘ്യം.
പശ്ചിമഘട്ടത്തിലെ ആനമല നിരകളുടെ ഭാഗമായ ത്രിമൂർത്തി മലയിൽ ഉത്ഭവിച്ചു വടക്കോട്ടൊഴുകി കേരളം കടന്ന് പലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലൂടെ പടിഞ്ഞാറോട്ടൊഴുകി പൊന്നാനിയിൽവച്ച് നിള അറബിക്കടലിൽ ചേരുന്നു.
നീളം എത്രയുമാകട്ടെ, നിള അറിയപ്പെടുന്നത് അതിന്റെ പ്രൗഢസന്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകംകൊണ്ടുകൂടിയാണ്. കേരളത്തിലെ നദികളിൽ മറ്റൊന്നിനും നിളയോളം കഥകൾ പറയാനുമില്ല. സംസ്കൃതിയുടെ ഈറ്റില്ലങ്ങളായ കൽപ്പാത്തിയും കിള്ളിക്കുറിശിമംഗലവും തിരുവില്വാമലയും ചെറുതുരുത്തിയും തൃക്കണ്ടിയൂരും തിരുനാവായയുമൊക്കെ നിളാതീരത്താണ്. മാമാങ്കം നടന്നിരുന്നതും ഈ മഹാനദിയുടെ മണൽപ്പുറത്താണ്.
ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻ നന്പ്യാർ, വള്ളത്തോൾ, വി.കെ.എൻ., പി.കുഞ്ഞിരാമൻനായർ, കെ.പി. കേശവമേനോൻ, കുട്ടിക്കൃഷ്ണമാരാർ, ഒളപ്പമണ്ണ, ഉറൂബ്, ഇടശേരി, എം. ഗോവിന്ദൻ, വി.ടി. ഭട്ടതിരിപ്പാട്, ഒ.എൻ.വി. കുറുപ്പ്, സി. രാധാകൃഷ്ണൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയ പ്രതിഭകളെല്ലാം പ്രചോദനം ഉൾക്കൊണ്ടത് നിളയുടെ സൗന്ദര്യത്തിൽനിന്നാണ്. ഇം.എം.എസ്. നന്പൂതിരിപ്പാടിന്റെ ബാല്യവും നിളയുടെ തീരത്തായിരുന്നു.
വടക്കൻ കാസർഗോട്ടെ കാഞ്ഞങ്ങാട് ജനിച്ച പി. കുഞ്ഞിരാമൻ നായരും കൊല്ലം ചവറയിൽ ജനിച്ചു തെക്കുള്ള തിരുവനന്തപുരത്തുകാരനായി മാറിയ ഒ.എൻ.വി. കുറുപ്പും വള്ളുവനാട്ടിലൂടെ ഒഴുകുന്ന നിളയുടെ നിത്യകാമുകന്മാരായി സാഹിത്യലോകത്ത് അറിയപ്പെടുന്നുവെങ്കിൽ, ഈ പുഴയുടെ കാന്തികശക്തി എത്രയോ അപാരമാണ്.
മൂർത്തീദേവി പുരസ്കാരം നേടിയ സി. രാധാകൃഷ്ണന്റെ ജന്മസ്ഥലം ചമ്രവട്ടമാണ്. സമീപവാസികളും അല്ലാത്തവരുമായ നിരവധി സാഹിത്യകാരന്മാരുടെ പ്രചോദന സ്രോതസായ നിള അറബിക്കടലിൽ പതിക്കുന്നതിനു തൊട്ടുമുന്നെയുള്ള അഴിപ്രദേശം. രാധാകൃഷ്ണന്റെ രചനകളിൽ, പുഴയും കടലും തീരദേശത്തെ സാധാരണ മനുഷ്യരും സമൃദ്ധിയിൽ സ്ഥാനം പിടിച്ചത് അതിനാൽ സ്വാഭാവികം.
2018 ൽ ഇരന്പിയെത്തിയ മഹാപ്രളയത്തെ കരുതലാക്കാൻ അറബിക്കടലിന് കഴിയാതെ വന്നപ്പോൾ ഭാരതപ്പുഴ കര കവിഞ്ഞൊഴുകി. ഗ്രാമങ്ങളെയും നഗരങ്ങളെയും പൈതൃക മന്ദിരങ്ങളെയും തിങ്ങിപ്പൊങ്ങിയ നിള മുക്കിക്കളഞ്ഞു. എന്നാൽ, പുഴസംസ്കൃതി ഉള്ളിലേക്കാവാഹിച്ച ഈ എഴുത്തുകാരന്റെ വീടു മാത്രം വിഘ്നമൊന്നുമില്ലാതെ നിള കാത്തുവച്ചത് അക്കാലത്തെ ഉദ്വേഗം ജനിപ്പിച്ച പ്രാദേശിക വാർത്തയായിരുന്നു.
‘പുഴ മുതൽ പുഴ വരെ’യും ‘എല്ലാം മായ്ക്കുന്ന കടലും’ രചിച്ച സാഹിത്യകാരനോട് പുഴ ചെയ്ത ഉപകാരസ്മരണയായി പലരും അതിനെ വിലയിരുത്തി. പാരിസ്ഥിതിക മൂല്യങ്ങളും പ്രാദേശിക സംസ്കൃതിയും രാധാകൃഷ്ണന്റെ രചനകളുടെ സ്ഥാവരമായ മുഖമുദ്രകളാകാൻ തന്നെ പ്രചോദിപ്പിച്ചത് നിളയാണെന്ന് രാധാകൃഷ്ണൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അറുപതിലേറെയുള്ള പുസ്തകങ്ങളിൽ മിക്കവയിലും ഒരു നിളാപരാമർശമെങ്കിലും വായനക്കാരനു കണ്ടെത്തുവാൻ കഴിയും.
അഗ്നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകൾ, പ്രിയ, തുലാവർഷം, പാൽക്കടൽ, പിൻനിലാവ് തുടങ്ങിയവ രാധാകൃഷ്ണൻ സംവിധാനം ചെയ്തതോ, തിരക്കഥ എഴുതിയതോ ആയ ചലച്ചിത്രങ്ങളാണ്. നിളാപുളിനങ്ങളാണ് അവയുടെ പല നിർണായക ദൃശ്യങ്ങൾക്കും ജീവൻ നൽകിയിരിക്കുന്നത്.
മലപ്പുറം, പാലക്കാട് ജില്ലകളുടെ അതിർത്തിയിലുള്ള കുന്പിടിയാണ് ജ്ഞാനപീഠ ജേതാവ് എം.ടി.വാസുദേവൻനായരുടെ ജന്മസ്ഥലം. നിളയുടെ വശ്യസൗന്ദര്യം അത്യന്തമുള്ളൊരു ഗ്രാമമാണിത്. കോലായിൽ ഇരുന്നാൽ നിളയുടെ വശ്യത ആസ്വദിക്കാമെന്നു പറഞ്ഞാണ് കുടുംബവീട്ടിൽനിന്ന് ഭാരതപ്പുഴയുടെ ഓരത്തു നിർമിച്ച ഒരു ചെറിയ വീട്ടിലേക്കു കഥാപുരുഷൻ താമസം മാറിയത്.
അരുവികളും ചോലകളും നീർച്ചാലുകളും ഉൾപ്പെടെ നിളാനദിക്ക് ആയിരത്തിലേറെ കൈവഴികളുണ്ട്. പ്രധാന പോഷകനദികളായി കണ്ണാടിപ്പുഴയും കൽപ്പാത്തിപ്പുഴയും ഗായത്രിപ്പുഴയും തൂതപ്പുഴയും തിരൂർപുഴയും. അവ ഓരോന്നിലും വന്നെത്തുന്ന നിരവധി നീർവാഹിനികളുമാകുന്പോൾ നിളാനദീതടത്തിന് കേരളത്തിലെ ഏറ്റവും വ്യാപ്തിയുള്ള ജലസംഭരണി (6,200 ചതുരശ്ര കിലോമീറ്റർ) എന്ന പ്രമുഖ സ്ഥാനം സ്വന്തമാകുന്നു.
പോഷകനദിയായ കുന്തിയുടെ തീരങ്ങളിലാണ് കേരളത്തിലെ ഏക കന്യാവനമായ സൈലന്റ് വാലി. സകല സവിശേഷതകളുമുള്ള ഈ ദേശീയോദ്യാനത്തിൽ ആയിരമിനം പുഷ്പിക്കുന്ന സസ്യങ്ങളും അഞ്ഞൂറിനം ചിത്രശലഭങ്ങളും ഇരുന്നൂറിനം പക്ഷികളുമുണ്ട്.
മലയാള മണ്ണിൽ രൂപംകൊണ്ട ശാസ്ത്രീയ നൃത്തകലകൾ പരിശീലിക്കാനും അതിൽ ഗവേഷണം നടത്താനും സ്വദേശികളും വിദേശികളും എത്തുന്ന കേരള കലാമണ്ഡലം പ്രവർത്തിക്കുന്നതും ഭാരതപ്പുഴയുടെ തീരത്തു തന്നെ. നിളയുടെ ഒടുവിലത്തെ പോഷകനദിയായ തിരൂർപുഴ മലയാളത്തിന്റെ ഗുരുകുലമായ തുഞ്ചൻപറന്പ് പ്രദക്ഷിണം ചെയ്തതിനു ശേഷമാണ് തന്റെ മാതാവിൽ ലയിക്കുന്നത്.
നിളയിലും ഉപനദികളിലുമായി മലന്പുഴ, വാളയാർ, മംഗലം, പോത്തുണ്ടി, മീങ്കാര, ചുള്ളിയാർ എന്നീ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. ഈ പദ്ധതികൾ മൊത്തം 800 ച.കി.മീ ഭൂപ്രദേശത്ത് നിലവിൽ ജലമെത്തിക്കുന്നു. ചിറ്റൂരിലും കാഞ്ഞിരപ്പുഴയിലും പുതിയ ഡാമുകൾ പണിതു വരുന്നു.
നെല്ലറയെന്നു വിശേഷിപ്പിക്കാവുന്ന പാലക്കാടിനെയും തൃശൂരിലെ കോൾനിലങ്ങളെയുമൊക്കെ നനച്ച് പച്ചപ്പ് അണിയിക്കാനും അതു നാടിന് അന്നമാകാനും നിളയുടെ ജലസമൃദ്ധിയാണ് അടിസ്ഥാനം. സാഹിത്യ-സാംസ്കാരിക മേഖലകളിൽ മാത്രമല്ല, സാമൂഹിക, സാന്പത്തിക മുന്നേറ്റത്തിലും ഭാരതപ്പുഴയുടെ സംഭാവന ചെറുതല്ല. നിളയുടെയും തീരങ്ങളുടെയും വശ്യസൗന്ദര്യം സിനിമാ രംഗത്തെ കുറച്ചൊന്നുമല്ല ആകർഷിച്ചുകൊണ്ടിരിക്കുന്നത്. ആറാംതന്പുരാൻ, നരസിംഹം, ഒടിയൻ തുടങ്ങി നൂറിലേറെ സിനിമകൾ ചിത്രീകരിച്ചിട്ടുള്ളത് ഭാരതപ്പുഴയുടെ പശ്ചാത്തലത്തിലാണ്.
തിരക്കഥകളെഴുതാനും അവ അഭ്രപാളികളിലേയ്ക്കു പകർത്താനും തനിക്ക് നിളാതീരം തന്നെ വേണമെന്നു പറഞ്ഞ പ്രശസ്ത സംവിധായകൻ ലോഹിതദാസ് നിളാതീരത്തുള്ള ലക്കിടിയിൽ വീടു വാങ്ങി താമസം തുടങ്ങി. ലോഹിയുടെ വാത്സല്യവും, ഭൂതക്കണ്ണാടിയും മുതൽ ഒടുവിലത്തെ പടമായ നിവേദ്യംവരെ നാൽപതോളം ചലച്ചിത്രകാവ്യങ്ങളുടെ തിരക്കഥകൾ പിറവികൊണ്ടത് ഈ ഭവനത്തിലാണ്. സമീപത്തുള്ള വരിക്കാശേരി മനയും കുന്നത്ത് വീടും അദ്ദേഹത്തിന്റെ ഇഷ്ട ലൊക്കേഷനുകളായത് സ്വാഭാവികം.
പ്രശസ്ത ചലച്ചിത്രകാരൻ ജി.അരവിന്ദൻ 1978 ൽ സംവിധാനം ചെയ്ത തന്പ് നിളയുടെ തീരത്താണ് ചിത്രീകരിച്ചത്. മൂന്നു ദേശീയ പുരസ്കാരങ്ങൾ നേടിയ ഈ സിനിമയുടെ സൗന്ദര്യ സന്നിവേശം പൂർണമായും നിളയിൽനിന്നു പകർത്തിയതാണ്. നിളാതീരത്തേക്കാൾ യോഗ്യമായ മറ്റൊരിടമുണ്ടാകുമായിരുന്നില്ല എം. പത്മകുമാർ സംവിധാനം ചെയ്തു മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ മാമാങ്കത്തിന്.
2021ൽ പ്രദർശനത്തിനെത്തിയ, മണിലാലിന്റെ കന്നി സംരംഭത്തിന്റെ പേരുതന്നെ ഭാരതപ്പുഴ എന്നാണ്. സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഈ ഭാരതപ്പുഴ ഏറെ ചർച്ചകൾക്ക് അവസരം നൽകി. നിളയിൽ ഒരിക്കൽപോലും ഇറങ്ങി കുളിച്ചിട്ടില്ലാത്ത ഒ.എൻ.വി. കുറുപ്പ്, മുപ്പത്തിയേഴു വർഷം മുന്നെ, നഖക്ഷതങ്ങൾ എന്ന പടത്തിനു വേണ്ടി ‘നീരാടുവാൻ നിളയിൽ നീരാടുവാൻ...’ എന്നു തുടങ്ങുന്ന ഗാനം രചിച്ചപ്പോൾ, അത് കലാസ്നേഹികളെപ്പോലും ആശ്ചര്യപ്പെടുത്തി. എന്നാൽ, കാലം അറിയുന്നു, അടയാളപ്പെടുത്തുന്നു നിള ഒരു നദി മാത്രമല്ല മഹത്തായൊരു സംസ്കൃതിയുമാണെന്ന്.
വിജയ് സി. എച്ച്