പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
Saturday, May 6, 2023 11:18 PM IST
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതിപത്തി പുലർത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഹേസ്റ്റിംഗ്സ്. ഉർദുവിലും ബംഗാളിയിലും പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം പ്രാദേശിക കലാ സംസ്കാരങ്ങളെ ഏറെ പ്രണയിച്ചിരുന്നു. പക്ഷേ, അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ ഹേസ്റ്റിംഗ്സിനെ ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ച് ചെയ്തു പുറത്താക്കുകയായിരുന്നു.
1773 മുതൽ 1785 വരെ പന്ത്രണ്ടു വർഷമാണ് വാറൻ ഹേസ്റ്റിംഗ്സ് ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായി പ്രവർത്തിച്ചത്. ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. അതുപോലെതന്നെയാണ് കോൽക്കത്ത നഗരവുമായും ആ ബ്രിട്ടീഷുകാരന്റെ ജീവിതം ചരിത്രപരമായി ഇഴചേർന്നു നിൽക്കുന്നതും.
കോൽക്കത്തയിലെ ആലിപ്പൂരിലാണ് ഹേസ്റ്റിംഗ്സിന്റെ കൊട്ടാരസമാനമായ നിർമിതികൾ ഏറെയുള്ളത്. ബെൽവെദേരെ എസ്റ്റേറ്റിലാണ് അദ്ദേഹം ഏറെക്കാലം കഴിഞ്ഞിരുന്നത്. നിലവിൽ ഈ മന്ദിരം നാഷണൽ ലൈബ്രറിയായി പ്രവർത്തിക്കുകയാണ്. ബ്രിട്ടീഷുകാർ ബംഗാളിന്റെ നവാബായി നിയമിച്ച മിർ ജാഫറിന്റെ വസതിയായിരുന്നു ആദ്യം ബെൽവെദേരെ എസ്റ്റേറ്റ്.
സിറാജ് ദൗളയ്ക്കെതിരേ നടന്ന പ്ലാസിയുദ്ധത്തിൽ തങ്ങൾക്കൊപ്പം നിലയുറപ്പിച്ചതിന് ബ്രിട്ടീഷുകാർ പാരിതോഷികമായി നൽകിയതാണ് മിർ ജാഫറിന് നവാബ് പദവി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ കൈകളിലെ വെറുമൊരു പാവയായിരുന്നു മിർ ജാഫർ. അയാളുടെ കഴിവില്ലായ്മ ഏറെ വൈകാതെ തന്നെ ബോധ്യപ്പെട്ട ബ്രിട്ടീഷുകാർ നവാബ് സ്ഥാനത്തുനിന്നു മാറ്റി മരുമകനായ മിർ ക്വാസിമിന് ആ പദവി നൽകി. അതിജീവനത്തിന് പെൻഷൻ സഹിതം നവാബ് പദവിയിൽനിന്നു നിഷ്കാസിതനായപ്പോൾ തന്റെ സുഹൃത്തായിരുന്ന വാറൻ ഹേസ്റ്റിംഗ്സിന് പാരിതോഷികമായി മിർ ജാഫർ 1760ൽ സമ്മാനിച്ചതാണ് ബെൽവെദേരെ കൊട്ടാരം. മൂർഷിദാബാദിൽ ബ്രിട്ടീഷുകാരുടെ റസിഡന്റായി പ്രവർത്തിക്കുന്ന കാലം മുതൽ ഹേസ്റ്റിംഗ്സ് മിർ ജാഫറിന്റെ സുഹൃത്തായിരുന്നു.
പതിനേഴാമത്തെ വയസിലാണ് ഹേസ്റ്റിംഗ്സ് ഇന്ത്യയിലെത്തുന്നത്. പിന്നീടു വളർച്ചയുടെ കാലങ്ങളിലെല്ലാം ഇവിടെത്തന്നെയായിരുന്നു. 24-ാം വയസിൽ കോസിംബസാറിൽ ഉദ്യോഗത്തിൽ ഇരിക്കുന്പോഴാണ് മേരി ബുക്കാനനെ വിവാഹം കഴിക്കുന്നത്. അവർക്ക് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടായെങ്കിലും ഇരുവരും ചെറുപ്പത്തിൽതന്നെ മരിച്ചു.
മേരിയും ചെറു പ്രായത്തിൽതന്നെ മരണമടഞ്ഞു. അതിനാൽ 1772-ൽ ബെൽവെ ദേരെയിലേക്ക് ഏകനായാണ് ഹേസ്റ്റിംഗ്സ് താമസം മാറുന്നത്. അതിനുശേഷം ലണ്ടനിൽ പോയി കടൽമാർഗം ഇന്ത്യയിലേക്ക് തിരിച്ചുവരും വഴിയാണ് ഹേസ്റ്റിംഗ്സ് മരിയൻ എന്ന യുവതിയുമായി അടുപ്പത്തിലാകുന്നത്. ജർമൻകാരനായ ബാരോണ്‍ ഇംഹോഫിന്റെ പത്നിയായിരുന്നു മരിയൻ. ആദ്യ കൂടിക്കാഴ്ചയിൽതന്നെ മരിയനും ഹേസ്റ്റിംഗ്സും പ്രണയത്തിലായി. കപ്പൽ മദ്രാസ് തുറമുഖത്ത് അടുത്തപ്പോൾതന്നെ മരിയൻ ജർമൻകാരനായ ഭർത്താവിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. സഹിക്കാൻ കഴിയാത്ത അയാളുടെ ദേഷ്യമായിരുന്നു പ്രധാന കാരണം. ജർമനിയിലെ നിയമനടപടിക്രമങ്ങളിൽ കുടുങ്ങി ആറു വർഷം കൊണ്ടാണ് വിവാഹമോചനം സാധ്യമായത്. അക്കാലമത്രയും വിവാദങ്ങൾക്ക് ഇടംകൊടുക്കാതെ ഹേസ്റ്റിംഗ്സും മരിയനും ക്ഷമയോടെ കാത്തിരുന്നു. 1777ൽ തന്റെ 45-ാമത്തെ വയസിലാണ് ഹേസ്റ്റിംഗ്സ് മരിയനെ വിവാഹം കഴിക്കുന്നത്. അദ്ദേഹത്തെക്കാൾ 15 വയസ് ഇളയതായിരുന്നു മരിയൻ.
ഹേസ്റ്റിംഗ്സാണ് ബ്രിട്ടീഷ് ആസ്ഥാനം മൂർഷിദാബാദിൽ നിന്ന് കോൽക്കത്തയിലേക്ക് മാറ്റുന്നത്. അദ്ദേഹം കറൻസി സംവിധാനങ്ങൾ ഏകീകരിച്ചു. പോസ്റ്റൽ സർവീസ് ആരംഭിച്ചു. പണ്ഡിതനായ വില്യം ജോണ്‍സുമായി ചേർന്ന് ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചു. ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായി ബെൽവെദേരെ എസ്റ്റേറ്റ് തലയെടുപ്പോടെ നിന്നു. എന്നാൽ, അതിനേക്കാളൊക്കെ കുപ്രസിദ്ധിയാർജിച്ച ഒരു വൈരത്തിനുകൂടി ബെൽവെദേരെ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഹേസ്റ്റിംഗ്സിനെ ഗവർണർ ജനറലായി നിയമിച്ചപ്പോൾ ബ്രിട്ടീഷ് സർക്കാർ റെഗുലേറ്റിംഗ് ആക്ട് പാസാക്കിയിരുന്നു. ഹേസ്റ്റിംഗ്സ് ഗവർണർ ജനറൽ ആയിരുന്നെങ്കിലും നാലംഗ സുപ്രീം കൗണ്‍സിൽ കൂടി ഭരണ നിർവഹണത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു. മാത്രമല്ല, ഗവർണർ ജനറലിന് വീറ്റോ അധികാരവും നൽകിയിരുന്നില്ല. നാലംഗ കൗണ്‍സിലിലെ അംഗമായിരുന്ന ഫിലിപ്പ് ഫ്രാൻസിസും ഹേസ്റ്റിംഗ്സും തമ്മിൽ അധികാര കലഹങ്ങൾ പതിവായി. കൗണ്‍സിലർമാർ കോൽക്കത്തയിൽ കാലുകുത്തിയ അന്നുതന്നെ വൈരം ഉടലെടുത്തു. 21 ഗണ്‍ സല്യൂട്ടുകൾ പ്രതീക്ഷിച്ചെത്തിയ ഫിലിപ്പ് ഫ്രാൻസിസിന് ലഭിച്ചത് പക്ഷേ 17 എണ്ണം മാത്രമായിരുന്നു. ഹേസ്റ്റിംഗ്സ് ആകട്ടെ അനൗദ്യോഗിക വസ്ത്രങ്ങൾ ധരിച്ചാണ് കൗണ്‍സിൽ അംഗങ്ങളെ സ്വീകരിക്കാൻ എത്തിയതും. തുരുന്പുപിടിച്ച ഒരു ഷർട്ട് ധരിച്ചാണ് അയാൾ വന്നതെന്നാണ് ഇതേക്കുറിച്ച് പിന്നീട് ഫിലിപ്പ് ഫ്രാൻസിസ് എഴുതിയത്. മാത്രമല്ല, ഹേസ്റ്റിംഗ്സിന്റെ ഗവർണർ ജനറൽ പദവിയിലും ഫിലിപ്പ് ഫ്രാൻസിസിന് കണ്ണുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വൈരം നാൾക്കുനാൾ ഏറിവന്നു.
1780 ഓഗസ്റ്റ് 14ന് ഫ്രാൻസിസിനെതിരേ ഹേസ്റ്റിംഗ്സ് പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കുകയും കഴിവുകെട്ടവൻ എന്ന് പരിഹസിക്കുകയും ചെയ്തു. അതോടെ പിടിവിട്ട ഫ്രാൻസിസ്, ഹേസ്്റ്റിംഗ്സിനെ ഒരു പോരാട്ടത്തിന് വെല്ലുവിളിച്ചു. അങ്ങനെ 1780 ഓഗസ്റ്റ് 17ന് ഇരുവരും തമ്മിലുള്ള പോരാട്ടം നിശ്ചയിച്ചു. ഈ പോരാട്ടം നടന്ന സ്ഥലം ഇന്നും ഡ്യുവൽ അവന്യൂ എന്നാണ് അറിയപ്പെടുന്നത്. ഓഗസ്റ്റ് 17ന് പുലർച്ചെ വരെ ഹേസ്റ്റിംഗ്സ് ഉറങ്ങിയിരുന്നില്ല. ഏറ്റുമുട്ടലിൽ താൻ കൊല്ലപ്പെട്ടാൽ ഭാര്യക്ക് നൽകാനുള്ള ഒരു കത്തെഴുതുകയായിരുന്നു അയാൾ. പിന്നീട് പുലർച്ചെ നാലുവരെ ഒരു കസേരയിൽ ചാഞ്ഞിരുന്നുറങ്ങി. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ കേണൽ തോമസ് ഡീൻ പിയേഴ്സ് വന്നു വിളിച്ചുണർത്തും വരെ കിടപ്പ് തുടർന്നു.
രാവിലെ 5.30നാണ് ഇരുവരും തമ്മിലുള്ള പോരാട്ടം നിശ്ചയിച്ചിരുന്നത്. രസകരമായ വസ്തുത ഫ്രാൻസിസിനും ഹേസ്റ്റിംഗ്സിനും പിസ്റ്റൾ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നുപോലും വശമുണ്ടായിരുന്നില്ലെന്നതാണ്. അവരുടെ അനുചരൻമാരായ മിലിട്ടറി ഉദ്യോഗസ്ഥരാണ് തോക്കുകൾ തയാറാക്കി നൽകിയത്. ഇരുവരും 14 അടി അകലത്തിൽ മുഖാമുഖം നിലയുറപ്പിച്ചു. ഒരേ സമയം വെടിയുതിർന്നു. ഹേസ്റ്റിംഗ്സിന്റെ വെടിയുണ്ട മാത്രമാണ് ലക്ഷ്യം കണ്ടത്.
ഫ്രാൻസിസ് വെടിയേറ്റ് നിലംപതിച്ചു. പതിഞ്ഞ ശബ്ദത്തിൽ ഞാൻ മരിക്കുന്നു എന്ന് പറഞ്ഞാണ് അയാൾ മറിഞ്ഞുവീണത്. പക്ഷേ, മരിച്ചില്ല. തന്റെ നടുവ് തകർന്നുപോകുന്നതുപോലെ തോന്നി എന്നാണ് പിന്നീട് വെടിയേറ്റ നിമിഷത്തെക്കുറിച്ചു ഫ്രാൻസിസ് പറഞ്ഞിട്ടുള്ളത്. പിന്നീട് ഡോക്ടർമാരെത്തി അയാളുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്തു. നാലു മാസത്തേക്ക് നിശബ്ദനായിരുന്നു. അതിനുശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയെങ്കിലും അയാളുടെ വൈരം അടങ്ങിയിരുന്നില്ല. ഹേസ്റ്റിംഗ്സിനെ ഇംപീച്ച് ചെയ്തു പുറത്താക്കാൻ മുന്നിൽ നിന്നതും ഫിലിപ്പ് ഫ്രാൻസിസ് തന്നെയായിരുന്നു.
അങ്ങനെ അത്യപൂർവമായ ഒരു ചരിത്രവിശേഷം കൂടി ആലിപ്പൂരിലെ ബെൽവെദേരെ എസ്റ്റേറ്റിന് പറയാനുണ്ട്. ഇറ്റാലിയൻ ശൈലിയിൽ നിർമിച്ചിരിക്കുന്ന ബെൽവെദേരെ മന്ദിരം അതിവിശാലമാണ്. ഇരുവശത്തും നീളൻ വരാന്തകൾ. ഉയർന്ന മച്ചുകളും വിശാലമായ അകത്തളങ്ങളും ഈ മന്ദിരത്തിന് പ്രൗഡി കൂട്ടുന്നു. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.
സെബി മാത്യു