മണിപ്പുർ
Saturday, June 10, 2023 11:41 PM IST
1972ൽ നിലവിൽ വന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുർ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്നു. മണിപ്പുരിയും ഇംഗ്ളീഷുമാണ് ഒൗദ്യോഗിക ഭാഷകൾ. നിരവധി ഗോത്രഭാഷകളും ഇവിടെ പ്രചാരത്തിലുണ്ട്. വടക്ക് നാഗാലാൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് ആസാം, കിഴക്ക് മ്യാൻമർ എന്നിവയാണ് അതിർത്തികൾ. കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ പതിനാറ് ജില്ലകളിലായി സംസ്ഥാനത്തിന്റെ 67 ശതമാനവും വനപ്രദേശമാണ്.
34 ലക്ഷമാണ് മണിപ്പൂരിലെ ജനസംഖ്യ. മണിപ്പുരിൽ അക്രമവും കലാപവും ഏറെക്കാലമായുണ്ട്. മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനു പുറമേ, മെയ്തെയ്കളും നാഗരും തമ്മിൽ ഏറ്റുമുട്ടാറുണ്ട്, നാഗരും കുക്കികളും തമ്മിലും സംഘട്ടനങ്ങളുണ്ട്.
മെയ്തെയ്കൾ ഇന്ത്യൻ സൈന്യവുമായും പലപ്പോഴും ഏറ്റുമുട്ടുന്നതും പട്ടാളക്യാന്പുകൾ കൊള്ളയടിച്ച് ആയുധങ്ങൾ അപഹരിക്കുന്നതും പതിവാണ്. സായുധ പരിശീലനം നേടിയ സ്ത്രീകൾ ഉൾപ്പെടുന്ന പോരാളികളും മെയ്തെയ് വിഭാഗത്തിലുണ്ട്. കൊള്ളയും കൊലയും നടത്തുന്ന ഈ സംഘങ്ങളെ നിയന്ത്രിക്കാൻ പട്ടാളത്തിനും സാധിക്കു ന്നില്ല.
കുക്കികൾ 2008ൽ സൈന്യവുമായി കരാറുണ്ടാക്കി സമാധാനം പുലർത്തുന്നു. മെയ്തെയ്കൾ ഭൂരിപക്ഷവും ഹിന്ദുക്കളും കുക്കികൾ ഏറെയും ക്രൈസ്തവരുമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒളികേന്ദ്രങ്ങളിലിരുന്ന് എട്ട് മെയ്തെയ് തീവ്രവാദ ഗ്രൂപ്പുകളാണ് ഇപ്പോൾ കുക്കി വംശജരെ ഉന്മൂലനം ചെയ്യാൻ കലാപം നടത്തുന്നത്. സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് കൈവശപ്പെടുത്തിയ തോക്കുശേഖരവും ആധുനിക തോക്കുകൾ ഉപയോഗിക്കാൻ പരിശീലനം നേടിയ തീവ്രവാദികളും ഇവർക്കൊപ്പമുണ്ട്.
ഈ ഗ്രൂപ്പുകളിൽ പ്രമുഖമായവ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ), യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) എന്നിവയാണ്. 2008ലെ ഉടന്പടിപ്രകാരം കുക്കികൾ അക്രമത്തിൽ നിന്ന് പിന്തിഞ്ഞെങ്കിലും അവരിൽ ചിലർ കരാർ ലംഘിച്ച് കുക്കി ഭൂരിപക്ഷ മേഖലകളിൽ മെയ്തെയ്കൾക്കെതിരേ അതിക്രമങ്ങൾ നടത്തിയതായി ആ വിഭാഗം ആരോപിക്കുന്നു.
വികസനത്തിന്റെ അഭാവമാണ് മണിപ്പൂരിന്റെ അടിസ്ഥാന പ്രശ്നം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നാക്ക ദേശമായ മണിപ്പൂരിൽ 36.9 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കൃഷിയാണ് പ്രധാന തൊഴിൽ. ടൂറിസത്തിന് ഏറെ സാധ്യതകളുണ്ടെങ്കി ലും അതൊന്നും നേട്ടമായിട്ടില്ല.
ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തിലും പരിതാപകരമാണ് അവസ്ഥ. ജോലിയും തൊഴിലും നേടാനുള്ള മത്സരംകൂടിയാണ് മെയ്തെയ്കളും കുക്കികളും തമ്മിലുള്ള ശത്രുതയുടെ പ്രധാന കാരണങ്ങളിലൊന്ന്. മണിപ്പുർ നിയമസഭയിലെ അറുപത് സീറ്റുകളിൽ നാൽപതെണ്ണവും മെയ്തെയ് ഭൂരിപക്ഷമേഖലയായ ഇംഫാൽ താഴ് വരയിലാണ്.