നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെയ്ത് സംരക്ഷിക്കുന്നു. 2016ൽ ദേശീയ ജനിതക സംരക്ഷണ പുരസ്കാരത്തിന് അർഹനായി. 2011ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് രാമനാണ്.
കാട്ടിറച്ചിയും പുഴമീനും കൂട്ടിയുള്ള തിരുവോണസദ്യ എന്നു കേൾക്കുന്പോൾ ചിലരെങ്കിലും അതിശയിച്ചേക്കാം. ഞങ്ങൾ വയനാട്ടിലെ കുറിച്ച്യരുടെ ഓണസദ്യയിലെ കറിക്കൂട്ടത്തിൽ ഇറച്ചിയും മീനും പ്രധാനമാണ്. ചെറുപ്പത്തിൽ ഞങ്ങൾ കൂട്ടം ചേർന്ന് കാട്ടിൽ വേട്ടയ്ക്കു പോകും. കാടിളക്കി മൃഗങ്ങളെ അടുപ്പിക്കാൻ വേട്ടനായ്ക്കളും കൂടെയുണ്ടാകും. പുള്ളിമാൻ, മ്ലാവ്, കാട്ടുപന്നി, കാട്ടാട് തുടങ്ങിയവയെ വേട്ടയാടി രുചികരമായ ഇറച്ചി ഓണത്തിലേക്ക് കരുതിവയ്ക്കും.
കുറേ ഇറച്ചി ഉണക്കിവയ്ക്കുകയും ചെയ്യും. കുറിച്ച്യരുടെ പരന്പരാഗത മുറയാണല്ലോ അന്പും വില്ലും ഉപയോഗിച്ചുള്ള വേട്ടയാടൽ. കൂടാതെ മൃഗങ്ങളെ കെണിവച്ചു പിടിക്കുന്ന രീതിയുമുണ്ട്. മൃഗങ്ങളെ വീഴ്ത്താനുള്ള തനതു മാർഗങ്ങൾ അക്കാലത്ത് വശമായിരുന്നു. അന്നൊക്കെ വയനാട് വനവും വയലുമായിരുന്നു. മാനന്തവാടി കമ്മനയിൽ ഞങ്ങളുടെ വീടിനടുത്ത് വനമുണ്ടായിരുന്നു. ഉൾക്കാട്ടിൽ കയറി നായാടുന്നതിന് അന്നു നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പകൽസമയത്താണ് മാനന്തവാടി പുഴയിൽ മീൻ പിടിക്കാൻ പോകുക. മീനുകളെ പൊത്തിപ്പിടിക്കാനും വലയിൽ പിടിക്കാനും തനതു രീതികൾ വശമുണ്ടായിരുന്നു. വാള തുടങ്ങി വലിയ മീനുകളെ കിട്ടിയാൽ കഷണങ്ങളാക്കി മഞ്ഞളും മുളകും ഉപ്പും ചേർത്ത് വറക്കും. പരൽ, കുറുവ, കൂരൽ തുടങ്ങിയ മീനുകളെ ഉണക്കിയാണ് വറക്കുക.
ഓണത്തിന് പത്തുനാൾ മുൻപേ തീർത്തുവയ്ക്കും കൃഷിപ്പണികൾ. ഓണം ഉത്സവമായി ഘോഷിക്കാനും സന്തോഷിക്കാനുമുള്ള തയാറെടുപ്പിലാണ് പാടത്തെയും പറന്പിലെയും പണികൾ പക്കംനോക്കി നേരത്തേ തീർത്തുവയ്ക്കുക. ഉത്രാടം മുതൽ ചതയം വരെ നാലു ദിവസമായിരുന്നു ഓണാഘോഷം. ഉത്രാട ഒരുക്കവും തിരുവോണാഘോഷവും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
അമ്മാവനും അമ്മായിയും അമ്മയും അമ്മൂമ്മയുമൊക്കെയുണ്ടായിരുന്ന കൂട്ടുകുടുബത്തിൽ അംഗങ്ങളായി എഴുപതോളം പേരുണ്ടായിരുന്നു. കളിക്കാനും കുളിക്കാനും പൂക്കളമിടാനും കുട്ടികൾതന്നെ പത്തിരുപതു പേരുണ്ടാകും.
കാടും തോടും പുഴയും കുന്നുമൊക്കെയുള്ള കാർഷിക ഗ്രാമമായിരുന്നു കമ്മന. ഇവിടെ പൂക്കൾക്ക് പഞ്ഞമൊന്നുമില്ല. മുറ്റത്തും പറന്പിലുമുണ്ടാകും കുട്ട നിറയെ പറിച്ചെടുക്കാൻ പാകത്തിൽ ഇലകളും പൂക്കളും. ജമന്തി, ചെത്തി, ബന്തി, വാടാമുല്ല, തുളസി, തെച്ചി, മന്ദാരം തുടങ്ങി ഒട്ടേറെ ഇനങ്ങൾ. ഒരു പൂക്കളമല്ല തീർക്കുക, കുട്ടികൾ കൂട്ടംകൂടി മുറ്റം നിറയെ പൂക്കളങ്ങൾ തീർക്കുകയായിരുന്നു പതിവ്. അഴകിലും ആകൃതിയിലുമൊക്കെ വ്യത്യസ്തമായ പൂക്കളങ്ങൾ.
ഓണം വിളന്പുന്നതിൽ മുന്നിൽ ഇറച്ചിയും മീനുമായിരുന്നെന്നു പറഞ്ഞല്ലോ. പിന്നാലെ അവിയൽ, തോരൻ, പരിപ്പ്, രസം, സാന്പാർ, പപ്പടം, പുളിശേരി, എരിശേരി തുടങ്ങി പലരുചി കറികളുണ്ടാകും. അച്ചാറിന്റെ കാര്യം പറഞ്ഞാൽ തീരില്ല. കടുമാങ്ങാ മുതൽ കണ്ണിമാങ്ങാവരെ മാങ്ങാ അച്ചാറുകൾ. തൊടിയിലും പാടവരന്പിലും നിരയായി നിറയെ നാട്ടുമാവുകളുണ്ടായിരുന്നതിനാൽ മാങ്ങായ്ക്ക് ഒരു ക്ഷാമവുമില്ല.
അമ്മയമ്മായിമാരും മൂപ്പത്തികളും ഓണത്തിലേക്ക് പാകത്തിൽ കണ്ണിമാങ്ങാ അച്ചാർ മാസങ്ങൾ മുൻപേ ഭരണിയിൽ കരുതിയിട്ടുണ്ടാകും. നാരങ്ങയും നെല്ലിക്കയുമൊക്കെയായി വേറെയും അച്ചാറുകൾ. വാഴപ്പഴങ്ങളിൽ പൂവനും ഞാലിപ്പൂവനും കണ്ണനും കദളിയുമൊക്കെയുണ്ടാകും.
തൊടിനിറയെ അക്കാലത്ത് നാട്ടുവാഴകളുണ്ടായിരുന്നു. വലിപ്പമുള്ള ഇളംതൂശനിലയിലാണ് ഓണസദ്യ ഉണ്ണുക.
തിരുവോണനാളിൽ പ്രഭാതഭക്ഷണം ദോശയോ അപ്പമോ പുട്ടോ ഒക്കെയാകാം. എന്തായാലും കറിയായി ഇറച്ചിയുണ്ടാകും.
നെല്ലിന്റെ നാടായ വയനാട്ടിൽ അരിപ്പായസത്തിന് പഞ്ഞമില്ലല്ലോ. പോരെങ്കിൽ അക്കാലത്ത് കുടുംബത്തിന് ഇരുപതേക്കറോളം പാടമുണ്ടായിരുന്നു. ചെന്പകം, ചെന്തൊണ്ടി, ചെന്താടി, മുണ്ടകൻ, ചോമാല, പാൽ വെളിയൻ, അടുക്കൻ, കോതാണ്ടൻ, കരിന്പാലൻ, വെള്ളിമുത്ത്, കുറുന്പാളി, ഗന്ധകശാല, ജീരകശാല, കയമ, തവളക്കണ്ണൻ, ഓണമൊട്ടൻ, പാൽ തൊണ്ടി, കല്ലടിയാരൻ എന്നിങ്ങളനെ നൂറ്റൻപതോളം നെല്ലിനങ്ങൾ വയനാടിന് സ്വന്തമായിരുന്നു.
അതിനാൽ അരിപ്പായസത്തിന് ഒരിക്കലും മുടക്കമില്ല. ഓണസദ്യ കഴിഞ്ഞാൽ പിന്നെ കളികളായി. പഴമയുടെ മറ്റൊന്നുകൂടി പറയട്ടെ, തിരുവോണത്തിന് വീട്ടിൽ പനങ്കള്ള് ആവോളമുണ്ടാകും. പറന്പിൽ വനംപോലെ പനകളുള്ള കാലമായിരുന്നു അത്. ലഹരി കുറഞ്ഞ ഇളവൻ കള്ളാവും വിശേഷാൽ ഓണപ്പാനീയം. ഇക്കാലത്തേതുപോലെ വിദേശമദ്യമോ മാരക ലഹരികളോ ഒന്നും അക്കാലത്തില്ല. മായം തുള്ളിപോലും ചേരാത്തതും ലഹരിയില്ലാത്തതുമായ ഇളംകള്ളായിരുന്നു അത്.
വലിയ മുറ്റത്ത് പകലന്തിയോളം ഒരേ കുടുംബത്തിലെ എഴുപതോളം പേരുടെ കളിയാരവം. ചതുരംഗം, കിളി, കൈബന്ധിച്ചുള്ള കളികൾ തുടങ്ങി പലതരം രസങ്ങൾ. വൈകുന്നേരംവരെ കളികഴിഞ്ഞ് പുഴയിൽ മുങ്ങിക്കുളിച്ച് കേമനൊരു അത്താഴവുംകൂടി കഴിച്ചാണ് ഉറക്കം.
പുല്ലുമേഞ്ഞ് തറ മെഴുകിയ മണ്ണുവീട്ടിൽ നിലത്ത് പായ വിരിച്ചായിരുന്നു ഉൗണും ഉറക്കവും. ഇന്നും നൂറ്റൻപതാണ്ട് പഴക്കമുള്ള അതേ പുല്ലുവീട്ടിൽതന്നെയാണ് ഞാനും കുടുംബവും കഴിയുന്നത്.
വിളവെടുപ്പിന്റെ ആഘോഷം
പോയകാലത്തെ ഓണവിഭവങ്ങളുടെ രുചിഭേദം പറഞ്ഞറിയിക്കാൻവയ്യ. വീട്ടിൽ വിളയുന്നതല്ലാതെ മായം ചേർന്നതൊന്നും അന്നില്ല. പകരം വയ്ക്കാനില്ലാത്ത ഉത്സവവും ഉത്സാഹവുമായിരുന്നു ബാല്യത്തിലെ ഓണക്കാലം. പ്രകൃതിയുടെ അലങ്കാരംപോലെ നാടെങ്ങും ഓണപ്പൂക്കൾ. കർക്കടകം ചിങ്ങത്തിനു വഴിമാറുന്നതോടെ സൂര്യൻ അത്തം മുതൽ പത്തു ദിവസം വെട്ടിത്തിളങ്ങും. ആ പ്രഭയിൽ വീടിനു ചുറ്റും വിരുന്നുകാരെപ്പോലെ സ്വർണത്തുന്പികൾ പറന്നുകളിക്കും. പാടത്തും പുൽനാന്പുകളിലും മഞ്ഞുതുള്ളികൾ തൂങ്ങിനിൽക്കും.
അമ്മാവൻ സമ്മാനിക്കുന്ന ഉടുപ്പും തോർത്തുമുണ്ടും ബ്ലൗസും പാവാടയുമാണ് ഓണക്കാലത്തിന്റെ കുട്ടിക്കാല നീക്കിയിരിപ്പ്.
ഓണത്തിനുണ്ണുന്ന അരിയുടെ ചോറിനുമുണ്ടൊരു കരുതലും കൈപ്പുണ്യവും. എല്ലാക്കാലത്തും ഓണത്തിന് ഞങ്ങൾ ഉണ്ണുന്നത് സുഗന്ധനെല്ലാണ്. അതിൽ പ്രധാനം മുള്ളൻകൈമയും ഗന്ധകശാലയുമാണ്. ചോറ് മുള്ളൻകൈമയുടേതെങ്കിൽ പായസം ഗന്ധകശാലയുടേതായിരിക്കും. രണ്ടും ഒന്നിനൊന്നു കേമം.
പൈതൃക നെല്ലിനങ്ങളെ തിരികെപ്പിടിക്കാനുള്ള എന്റെ ശ്രമം തടരുകയാണ്. കാലം കൈമോശം വരുത്തിയ പരന്പരാഗത നെല്ലിനങ്ങളിൽ 55 ഇനങ്ങൾ അൻപതാണ്ടിലെ അന്വേഷണത്തിൽ എനിക്ക് തിരികെയെത്തിക്കാനായിട്ടുണ്ട്. പൈതൃകവിത്തുകളിൽ പലതും കാട്ടിൽനിന്നാണു കണ്ടെത്തിയത്. മറ്റു വിളകളെപ്പോലെ നെൽവിത്തുകളും കാട്ടുവിത്തുകളാണെന്ന് പറയട്ടെ. കാടിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു ചെടികളെപ്പോലെ വളരുന്നവയാണു നെല്ലും. തിരികെപ്പിടിച്ച വിത്തുകൾ കൈമോശം വരാതിരിക്കാൻ എല്ലാ ഇനങ്ങളും കുറേശേ വിതയ്ക്കുന്നു.
ഇക്കാലത്ത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, ഓണത്തിനു മാത്രമല്ല ആണ്ടിലൊരിക്കൽപ്പോലും കടകളിൽ പോയി ഞങ്ങൾ ഓണസാധനങ്ങൾ വാങ്ങിയിരുന്നില്ലെന്ന്. വേണ്ട വിഭവങ്ങളൊക്കെ വീട്ടിലും കാട്ടിലുംനിന്ന് ആവോളം കിട്ടിയിരുന്നു. ആകെ വാങ്ങാനുള്ളത് ഉപ്പും ഉള്ളിയും മല്ലിയും വെളിച്ചെണ്ണയും വെളുത്തുള്ളിയും പോലെ നാലഞ്ച് ഇനങ്ങൾ മാത്രം. തെങ്ങും നാളികേരവും അക്കാലത്ത് വയനാട്ടിൽ കുറവായിരുന്നു.
ഓണക്കാലത്തും വിശേഷവേളകളിലും കോഴിക്കോട്ടുനിന്ന് കച്ചവടക്കാർ ചുരമില്ലാത്ത ഭാഗത്തെ ഇടപ്പാതകൾ താണ്ടി മാനന്തവാടിയിലെ ഗ്രാമങ്ങളിൽ സാധനങ്ങൾ വിൽക്കാൻ വരും. കാവ് എന്നു വിളിപ്പേരുണ്ടായിരുന്ന ഒരുതരം ചുമടുമായാണ് സാധനങ്ങളുമായി അവരുടെ വരവ്. വീടുകൾ കയറിയിറങ്ങിയായിരുന്നു അവരുടെ വിൽപന. കാലം മാറിയപ്പോൾ കാവുകൾ വരാതായി. കച്ചവടം ചന്തകളിലേക്കും കടകളിലേക്കും മാളുകളിലേക്കും വളർന്നു.
വയനാട്ടിൽ കുറിച്ച്യര്ക്ക് പരന്പരാഗതമായി ഏറെ ഭൂമിയും തനതു കൃഷിപാരന്പര്യവുമുണ്ട്. ഞങ്ങളുടെ കുടുംബത്തിന് 22 ഏക്കർ പാടവും 18 ഏക്കർ കരയുമുണ്ടായിരുന്ന പഴയ കാലം. കാലപ്പിഴവിൽ കലഹിച്ചും കൈമോശം വരുത്തിയും കൃഷിയിടമെല്ലാം കൈമോശം വരുത്തി. ഇപ്പോൾ എനിക്ക് അധ്വാനിച്ചു ജീവിക്കാൻ മൂന്നേക്കർ പാടവും മൂന്നേക്കർ കരയുമുണ്ട്.
. ജീവനും ജീവിതവും മണ്ണിൽ
എല്ലാ ദിവസവും പൊന്നോണമായിരിക്കണമെന്ന ആഗ്രഹത്തിലാണ് എഴുപത്തിമൂന്നാം വയസിലും എന്റെ അധ്വാനം. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ പണിയും. അഞ്ചാം ക്ലാസ് വരെയേ ഞാൻ പഠിച്ചിട്ടുള്ളു. അമ്മാവന്റെ നിർദേശത്തിൽ പത്താം വയസിൽ പാടത്തിറങ്ങിയതാണ്. ഇക്കാലത്തും പന്ത്രണ്ടു മാസം ഉണ്ണാനുള്ള നെല്ല് പത്താഴത്തിൽ കരുതലുണ്ട്. വിത്ത് ബാങ്ക് എന്നു പറയാവുന്നവിധം നൂറായിരം ഇനം വിത്തുകൾ മുളങ്കൂടയിലും കുട്ടയിലും അതിഭദ്രമാണ്. ചേന്പും ചേനയും കാച്ചിലും കപ്പയുമൊക്കെ വിളവെടുക്കാൻ പാകത്തിനു പറന്പിലുണ്ട്.
ചീരയും മത്തനും കോവലും പാവലും വഴുതനയും അമരയും തുവരയും പയറും ചുരയ്ക്കയും തുടങ്ങി കൈമോശം വന്നുതുടങ്ങിയ പല പച്ചക്കറി ഇനങ്ങളും എന്റെ കൃഷിയിടത്തിൽ എക്കാലത്തുമുണ്ട്. തൊഴുത്തും പശുക്കളുമില്ലാത്ത കാലമുണ്ടായിട്ടില്ല. പശുക്കളില്ലാതൊരു കാർഷികസംസ്കൃതി അസാധ്യമാണല്ലോ. പാൽ മനുഷ്യന് കരുത്ത് നൽകുന്പോൾ ചാണകം മണ്ണിന് കരുതൽ നൽകുന്നു എന്നതാണ് എന്റെ കാർഷിക അനുഭവം.
എന്റെ മണ്ണ് ഒരിക്കൽപോലും വിഷലിപ്തമല്ല. അതിൽ കോടാനുകോടി സൂക്ഷ്മജീവികളും വേണ്ടത്ര മൂലകങ്ങളും മണ്ണിരകളുമുണ്ട്. വാരി വിതച്ചാൽപോലും വട്ടിയും വല്ലവും നിറയെ വിളവെടുക്കാവുന്നവിധം ഫലഭൂയിഷ്ടം. രാസവളവും കീടനാശിനിയും ഇന്നേവരെ കൈയിലോ മണ്ണിലോ തൊടാത്ത ജീവിതമാണ് എന്റേത്. ചാരവും ചാണകവും പച്ചിലയുമൊക്കെയാണു വളം. കീടങ്ങളെ തുരത്താൻ ഇലമരുന്നും കെണിയുമൊക്കെയുണ്ടല്ലോ.
വേപ്പും മാവും കൊന്നയുമൊക്കെ വളർത്തിയാൽ അതു വളവുമാകും, കീടങ്ങളെ തുരത്താൻ മരുന്നുമാകും. അപൂർവമായ ഒൗഷധച്ചെടികളും ഞാൻ സംരക്ഷിക്കുന്നുണ്ട്. എന്റെ മണ്ണ് ഗവേഷകർക്കുവരെ കൃഷിപാഠമായത് സമർപ്പിതമായ അധ്വാനവും അനുഭവവും കൊണ്ടു മാത്രമാണ്.
കള്ളക്കർക്കടകത്തിൽ പട്ടിണിക്കാലത്തുള്ള ആഘോഷമായിരുന്നല്ലോ പഴമയുടെ ഓണം. പട്ടിണി ഇല്ലാതായാൽ എന്നും ഓണമല്ലേ. തിന്നാനും കുടിക്കാനും വേണ്ടതെല്ലാം തനിച്ച് മണ്ണിൽ വിളയിക്കാനായാൽ എന്നും ഓണം ആയിരിക്കും. കറിവേപ്പില മുതൽ മുരിങ്ങക്കായവരെ വിലകൊടുത്തു വാങ്ങേണ്ടിവരുന്നവർക്കല്ലേ ഓണം ഭാരമാകുന്നത്. ഓണം സ്വയംപര്യാപ്തതയുടെ കാർഷികാഘോഷമായി മാറണമെന്നാണ് എന്റെ ആഗ്രഹം.
മുൻപൊക്കെ വയനാടിന്റെ കാർഷികസമൃദ്ധിയുടെ അടിസ്ഥാനം മഴയും കാറ്റുമായിരുന്നു. മഴയുടെയും കാറ്റിന്റെയും ഗതി മാറിയതോടെ കൃഷി അപ്പാടെ താളംതെറ്റിവരികയാണ്.
പഴമയുടെ ഓർമയിൽ മായാതെ നിൽക്കുന്നത് ഓണം മുന്നിൽ കണ്ടുള്ള കൂട്ടുകൃഷിയാണ്. ഇടമുറിയാത്ത ഇടവപ്പെയ്ത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് കൃഷിപ്പാട്ടുകൾ പാടിയാണ് വിതയും കളപറിക്കലുമൊക്കെ നടത്തിയിരുന്നത്. ഇന്ന് കൃഷി സുരക്ഷിതമായ തൊഴിലല്ലാതായി. കാർഷിക കലണ്ടർ താളംതെറ്റി. സമയത്തിന് മഴയും വെയിലും മഞ്ഞും കിട്ടുന്നില്ല. കൃഷിച്ചെലവ് കൂടി.
ആയുസില്ലാത്ത സങ്കരയിനം വിത്തുകൾ വന്നു. പഴയ വിത്തുകൾ പ്രകൃതി തന്നതാണ്. അത് എത്രകാലം വേണമെങ്കിലും സൂക്ഷിക്കാൻ കഴിയും. (പരന്പരാഗത നെൽവിത്തുകളുടെ വീണ്ടെടുപ്പുകാരനും കരുതലാളുമായ ചെറുവയൽ രാമനെ കാർഷിക മേഖലയിൽ നൽകി സംഭാവനകളെ മാനിച്ച് പത്മശ്രീ ബഹുമതി നൽകി കഴിഞ്ഞ വർഷം രാഷ്ട്രം ആദരിച്ചു).
പത്മശ്രീ ചെറുവയൽ രാമൻ