ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക്കാലത്ത് ഇറങ്ങിയിരുന്ന ആൽബങ്ങളായാലും ഓർമയിൽനിന്ന് മായാതെ നിൽക്കുന്ന, ഇന്നും ഏറ്റുപാടുന്ന പാട്ടുകൾ.., പൂക്കൂടനിറയെ. ഇപ്പോഴിതാ, വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം രണ്ടാം തവണയും യേശുദാസിന്റെ ശബ്ദത്തിൽ തരംഗിണിയുടെ ഓണപ്പാട്ട് ഇറങ്ങിയിരിക്കുന്നു...
ഗാനരചന: ശ്രീകുമാരൻ തന്പി.,
പാടിയത്: യേശുദാസ്.,
ലേബൽ: തരംഗിണി.
പഴയകഥയല്ല. ഈ ഓണക്കാലത്തെ കാര്യമാണ്. സ്വാഭാവികമായും ഉയരുന്ന അടുത്ത ചോദ്യം ഇതായിരിക്കും- ആരാണ് സംഗീതം?
സൽജിൻ കളപ്പുര എന്ന പേര് അധികംപേർക്ക് പരിചയംകാണില്ല. എന്നാൽ ഈ യുവ സംഗീതസംവിധായകൻ ഒരുക്കിയ തരംഗിണിയുടെ ഇക്കൊല്ലത്തെ ഓണപ്പാട്ട് ലക്ഷക്കണക്കിനു പേർക്ക് പ്രിയങ്കരമായിരിക്കുന്നു. ശ്രോതാക്കൾ ആശംസകൾകൊണ്ടു മൂടുന്നു. സംഗീതസംവിധായകനാകട്ടെ, വലിയൊരു ടെൻഷനിൽനിന്ന് പുറത്തുകടന്ന ആശ്വാസത്തിൽ ആഹ്ലാദത്തോടെയിരിക്കുന്നു, പേടികൊണ്ട് ശരീരഭാരം രണ്ടുകിലോ കുറഞ്ഞെങ്കിലും!!
പാട്ടിലായത് പെട്ടെന്ന്
കോട്ടയം പാലായ്ക്കടുത്ത ചെമ്മലമറ്റം സ്വദേശിയായ സൽജിൻ കലാപാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ചയാളാണ്. സ്കൂൾകാലം മുതൽ പാട്ടുമായി ബന്ധമുണ്ട്. എന്നാൽ സംഗീതസംവിധാന രംഗത്തേക്കു വന്നത് തീർത്തും യാദൃച്ഛികമായി. ഒന്നരവർഷംകൊണ്ട് മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ ഗായകരും സൽജിന്റെ ഈണത്തിൽ പാടിയെന്നതാണ് എടുത്തുപറയേണ്ടകാര്യം.
ഒരു പാട്ട് പ്രൊഡ്യൂസ് ചെയ്യാമോ എന്ന ആവശ്യവുമായി സുഹൃത്ത് കൊണ്ടുവന്ന വരികൾ ഈണമിട്ടാണ് സൽജിന്റെ തുടക്കം. അങ്ങനെയത് സൽജിന്റെ പാട്ടായി. മൃദുല വാര്യർ പാടിയ ആ പാട്ട് ഹിറ്റാവുകയും ചെയ്തു.
തുടർന്ന് ഭക്തിഗാനങ്ങളും ആൽബങ്ങളും ചെയ്തു. തമിഴിൽ അടക്കം പാട്ടുകൾ. മിക്കവയും കേൾവിക്കാരുടെ മനസുകളിൽ കൊണ്ടു.
അങ്ങനെ കഴിഞ്ഞ ഡിസംബറിൽ ചെയ്ത ഒരു ക്രിസ്മസ് ഗാനമാണ് ഈ ഓണപ്പാട്ടിലേക്കു നയിച്ചത്. ചിത്രയാണ് ക്രിസ്മസ് ഗാനം പാടിയത്. പാട്ടുകേട്ട എല്ലാവർക്കും ഇഷ്ടമായി. അടുത്ത ഉത്സവസീസണായ ഓണത്തിന് നല്ലൊരു പാട്ടുചെയ്യണമെന്ന ആഗ്രഹം വന്നതും അങ്ങനെയാണ്. സംഗീത രംഗത്തെ സുഹൃത്തുക്കളുമായി ഈ ആശയം പങ്കുവച്ചപ്പോൾ തരംഗിണിയെ സമീപിക്കാം എന്ന നിർദേശം വന്നു.
ചിത്രയും എം.ജി. ശ്രീകുമാറും മധു ബാലകൃഷ്ണനുമെല്ലാം പാടിയ പാട്ടുകൾ റഫറൻസായി നൽകി തരംഗിണി അധികൃതരുമായി ബന്ധപ്പെട്ടു. ഓണപ്പാട്ടിന്റെ ഈണം അയച്ചുകൊടുക്കാനായിരുന്നു അവിടെനിന്നു കിട്ടിയ നിർദേശം. ദാസ് സാറിന് പാട്ട് ഇഷ്ടപ്പെട്ടാൽ മുന്നോട്ടുപോകാമെന്നും അറിയിച്ചു.
വരികൾ, 17 മിനിറ്റിൽ
മനസിൽനിന്നു മായാത്ത, വ്യത്യസ്തമായൊരു പാട്ടുചെയ്യണമെന്നായിരുന്നു ആഗ്രഹം. എല്ലാവരും ഓർത്തിരിക്കുന്നത് ദാസ് സാറിന്റെ പഴയപാട്ടുകളാണ്, പഴയ ഓണക്കാലവും. അതുകൊണ്ടുതന്നെ പഴമയുടെ ഗന്ധമുള്ള പാട്ട് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയൊന്ന് എഴുതുന്നത് പഴയൊരു ലെജൻഡ് തന്നെ ആവണമെന്നു തോന്നി. ആ തോന്നൽ എന്നെ കൊണ്ടുചെന്നെത്തിച്ചത് ശ്രീകുമാരൻ തന്പിസാറിലാണ്- സൽജിൻ പറയുന്നു.
ഈണം ഒരുക്കിയശേഷം സാറിനെ സമീപിച്ചു. അദ്ദേഹം ചെറിയ അസുഖത്തെതുടർന്ന് വിശ്രമത്തിലായിരുന്നു. വേറെ ആരെക്കൊണ്ടെങ്കിലും എഴുതിക്കാൻ ശ്രമിക്കൂ,. അല്ലെങ്കിൽ ചിലപ്പോൾ വൈകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാറിനു സുഖമാകുന്നതുവരെ കാത്തിരിക്കാമെന്നായിരുന്നു എന്റെ തീരുമാനം. ദിവസങ്ങൾക്കുശേഷം വീണ്ടും മെസേജ് അയച്ചു. ഞാൻ ഇപ്പോൾ ഓക്കേയാണ്, വിളിക്കൂ എന്ന് മറുപടിയും കിട്ടി. അപ്പോൾത്തന്നെ വിളിച്ച് മനസിലെ ആശയം പറഞ്ഞു. ഓർക്കാൻ ഇഷ്ടപ്പെടുന്ന, തിരിച്ചുകിട്ടണമെന്ന് ആഗ്രഹിക്കുന്ന ഓണം. തന്പിസാർ പറഞ്ഞു- ട്യൂണ് തരൂ ചെയ്യാം.
അയച്ചുകൊടുത്ത ഈണം കേട്ടശേഷം, തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് സാറിന്റെ മെസേജ് വരുന്പോൾ ഞാൻ ജോലിസ്ഥലത്താണ്. കടലാസും പേനയും തയാറാക്കിവച്ച് വിളിച്ചു. ഞാൻ ഈണം മൂളിക്കേൾപ്പിക്കും, തന്പിസാർ തിരിച്ചു വരികൾ പറഞ്ഞുതരും. 17 മിനിറ്റുകൊണ്ട് വരികൾ പൂർണമായി. പാട്ടായി പാടിക്കേൾപ്പിച്ചപ്പോൾ സാർ പറഞ്ഞു: നല്ലതാണ്, മെലഡിയുണ്ട്. ദാസിന് ഇഷ്ടപ്പെടും.
മെലഡിയുടെ ആഘോഷം
ഫെസ്റ്റീവ് മൂഡിലുള്ള പാട്ടും മെലഡിയും ഒന്നിച്ചൊരുക്കുക എന്നതായിരുന്നു വെല്ലുവിളി. നൊസ്റ്റാൾജിയ കൊണ്ടുവരാൻ മെലഡി എന്തായാലും വേണം. പുതുമുഖ സംഗീതസംവിധായകൻ എന്ന നിലയിൽ പാട്ട് എങ്ങനെയാവും സ്വീകരിക്കപ്പെടുക, ദാസ് സാറിന് ഇഷ്ടപ്പെടുമോ എന്നെല്ലാമുള്ള പേടിയുണ്ട്. ലെജൻഡ്സ് ആയവർക്കൊപ്പം പ്രവർത്തിക്കുന്നു എന്ന ടെൻഷൻ വേറെ. ഉൗണും ഉറക്കവും ഇല്ലാതായി. ശരീരഭാരം രണ്ടരക്കിലോ കുറഞ്ഞു.
അങ്ങനെ ട്രാക്ക് തയാറാക്കി. പേടിയോടെതന്നെ ദാസ് സാറിന് അയച്ചു. നന്നായിരിക്കുന്നു, ഇഷ്ടപ്പെട്ടു എന്നായിരുന്നു ട്രാക്ക് കേട്ടശേഷം അദ്ദേഹത്തിന്റെ മറുപടി. ഒരു ചെറിയ നൊട്ടേഷൻ പോലും വ്യത്യാസപ്പെടുത്താൻ ആവശ്യപ്പെട്ടില്ല.
തുടർന്ന് ഫീമെയിൽ വോയ്സിനായി ശ്വേതയിലേക്ക് എത്തി. ചെന്നൈയിൽ ചെന്ന് അവരെ ട്രാക്ക് കേൾപ്പിച്ചപ്പോഴും മികച്ച അഭിപ്രായമാണ് പറഞ്ഞത്. ശ്വേതയും ആസ്വദിച്ചു പാടി. പാട്ടു പുറത്തിറങ്ങി അഞ്ചു ദിവസംകൊണ്ട് യുട്യൂബിൽ രണ്ടര ലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. ഒരുപാടുപേർ നല്ല അഭിപ്രായം അറിയിച്ചു. നൂറുകണക്കിനു കമന്റുകൾ വന്നുകൊണ്ടിരിക്കുന്നു. പഴയകാലത്തിന്റെ ഓർമകൾ വീണ്ടും തിളങ്ങുന്ന സന്തോഷമാണ് കമന്റുകളിൽ നിറയുന്നത്.
ദാസ് സാറും കുടുംബവും ശ്രീകുമാരൻ തന്പിസാറും അഭിനന്ദനങ്ങൾ അറിയിച്ചു. കഠിനാധ്വാനത്തിന്റെ ഫലമാണ്, ഇനിയും കൂടുതൽ പാട്ടുകൾ ചെയ്യണമെന്നായിരുന്നു തന്പിസാറിന്റെ നിർദേശം. ഇതെല്ലാം വലിയ അംഗീകാരമായാണ് അനുഭവപ്പെടുന്നതെന്ന് സൽജിൻ പറയുന്നു.
നിയമബിരുദധാരിയായ സൽജിൻ ദുബായിയിലാണ് ജോലിചെയ്യുന്നത്. ഭാര്യയും രണ്ടുമക്കളും ഒപ്പമുണ്ട്. വലിയൊരു പ്രോജക്ടിലൂടെ സിനിമയിലേക്കു കാലെടുത്തുവയ്ക്കാൻ ഒരുങ്ങുകയാണ് സൽജിൻ ഇപ്പോൾ. ഹിന്ദിയിലും തമിഴിലും പാട്ടുകൾ ഒരുക്കാൻ അവസരമുണ്ട്.
ഉണരുമോർമതൻ പൂക്കളം
ഉയരും പൂവിളി മേളനം
പണ്ടു പാടിയ പാട്ടിൻ വരികളെ
വാരിപ്പുണരുകയായ് -എന്നിങ്ങനെയുള്ള ശ്രീകുമാരൻ തന്പിയുടെ വരികൾ യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുന്പോൾ മനസുകളിൽ തുന്പയും മുക്കുറ്റിയും വിടരുന്നുണ്ട്...
ഹരിപ്രസാദ്