കേൾക്കാത്ത കാതുകളും പാടും!
Sunday, October 1, 2023 5:41 AM IST
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്‍ഹത ഒരു പാട്ടുകാരനോ പാട്ടുകാരിക്കോ അല്ലേ? അതെ! ഒരു സ്നേഹവചനമോ കിളിക്കൊഞ്ചലോ പോലെ ചെവികൊണ്ട് ഏറ്റവുമധികം കൗതുകത്തോടെ കേള്‍ക്കാവുന്നത് പാട്ടുകള്‍തന്നെ. അതു കേള്ക്കാനാവില്ലെങ്കിലോ! ഇതാ, ഒരു പാട്ടുകാരി ബധിരര്‍ക്കുവേണ്ടി നിശബ്ദമായി പ്രവര്‍ത്തിക്കുന്നു.
അമ്പതു വര്‍ഷങ്ങളായി ഹിന്ദി ചലച്ചിത്രലോകം അനുരാധ പൗഡ്വാളിന്റെ സുന്ദരശബ്ദം കേട്ടുതുടങ്ങിയിട്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും അവര്‍ പാടിയ പാട്ടുകള്‍ ഇന്നും രാജ്യത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും അലയടിക്കുന്നുണ്ട്. റാഫി, മുകേഷ്, കിഷോര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം പാടിയ പുതിയ കാലഘട്ടത്തിലെ ഗായികയാണ് അനുരാധ. ഗായകന് കുമാര്‍ സാനുവിന് ഹിന്ദി സിനിമകളില്‍ ബ്രേക്ക് നല്കിയതും അനുരാധയാണ്. ഭക്തിഗാനങ്ങളും ഭജനുകളും ഇഷ്ടപ്പെടുന്നവരുടെയും പ്രിയഗായികയാണ് അവര്‍.
1954 ഒക്ടോബര്‍ 27ന് കര്‍ണാടകയില്‍ ജനിച്ച അനുരാധയുടെ യഥാര്‍ഥ നാമം അല്‍ക നട്കര്ണി എന്നാണ്. വിദ്യാഭ്യാസംകൊണ്ട് ഉയര്‍ന്ന നിലയിലുള്ള കുടുംബം സിനിമയെ നോക്കിക്കണ്ടിരുന്നത് അല്പം ആശങ്കയോടെയാണ്. നല്ല കുടുംബത്തിലെ പെണ്‍കുട്ടികള്‍ സിനിമകളിലേക്കു തിരിയില്ലെന്ന വിശ്വാസമായിരുന്നു അനുരാധയുടെ പിതാവിന്. അതുകൊണ്ടുതന്നെ പാട്ടിനോട് ഇഷ്ടമുണ്ടായിട്ടും സിനിമയില്‍ പാടുക എന്നതു സ്വപ്നത്തില്‍പ്പോലും കണ്ട കാര്യമല്ല. പക്ഷേ, കല്യാണം കഴിച്ചത് സംഗീത സംവിധായകന് എസ്.ഡി. ബര്‍മന്റെ സഹായിയായ അരുണ്‍ പൗഡ്വാളിനെയായിരുന്നു.
അടുക്കള ടു സ്റ്റുഡിയോ
സിനിമയിലേക്കു വന്ന വഴിയെക്കുറിച്ച് അനുരാധ പറയുന്നു: റഫറന്‍സ് ആവശ്യത്തിനായി ഒരു ശിവസ്തുതി വീട്ടില്‍വച്ചു ഭര്‍ത്താവ് റിക്കാര്‍ഡ് ചെയ്തിരുന്നു. എസ്.ഡി. ബര്‍മന്റെ ഈണത്തിലുള്ള ആ ശ്ലോകം അദ്ദേഹം കേള്‍ക്കാനിടയായി. ഇതാരാണ് പാടിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ചോദ്യം.
ഒട്ടും വൈകാതെ ഫൈനല്‍ റിക്കാര്‍ഡിംഗിനുള്ള വിളി വന്നു. അടുക്കളയിലായിരുന്ന ഞാന്‍ ഒരു മണിക്കൂര്‍ സമയംകൊണ്ട് സ്റ്റുഡിയോയിലെ മൈക്രോഫോണിനു മുന്നില്‍ നിന്നു! അങ്ങനെ പാട്ടുകളാല്‍ പ്രശസ്തമായ അഭിമാന് എന്ന സിനിമയിലെ "ഓംകാരം ബിന്ദു സംയുക്തം' എന്ന ശിവസ്തുതി പാടി അനുരാധ പൗഡ്വാള് ചലച്ചിത്ര പിന്നണി ഗായികയായി. തുടര്‍ന്ന് എഴുപതുകളില്‍ ഏതാനും ഹിറ്റ് ഗാനങ്ങള്‍ പാടി. ഹീറോ എന്ന ചിത്രത്തിലെ തൂ മേരാ ജാനൂ ഹേ എന്ന പാട്ടിലൂടെ പ്രശസ്തയായി.
മുഹമ്മദ് അസീസിനൊപ്പം പാടിയ പാട്ടുകൾ സൂപ്പര്‍ ഹിറ്റുകളായതോടെ മങ്കേഷ്കര്‍ സഹോദരിമാര്‍ക്കു പകരം ആദ്യം പരിഗണിക്കുന്ന പേരുകളിലെ മുന്‍നിരയിലേക്ക് അനുരാധ പൗഡ്വാള് എത്തി. രാജ്യത്തെ പ്രധാന ഗായകര്‍ക്കെല്ലാം ഒപ്പം അനുരാധ പാടി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഹിന്ദി സിനിമാപ്പാട്ടുകളെ രാജ്യമെങ്ങുമെത്തിച്ച സൂപ്പര്‍ഹിറ്റുകളായ ആഷിഖി, ദില്‍ ഹേ കെ മാന്താ നഹീ, സഡക്, ദില്‍, ബേട്ടാ, സാജന് എന്നീ ചിത്രങ്ങളിലെ പാട്ടുകളിലെല്ലാം അനുരാധയുടെ സ്വരമുണ്ട്. ഒപ്പം മറാത്തിയിലും ഹിറ്റുകള്‍ പിറന്നു. ദേശീയ പുരസ്കാരം അടക്കമുള്ളവ അനുരാധയെ തേടിയെത്തി.
കേള്വിക്കായി കനിവോടെ
പാട്ടില്‍നിന്നുള്ള വരുമാനം അനുരാധ പൗഡ്വാള് വിനിയോഗിക്കുന്നത് കനിവോടെയാണ്. യുദ്ധങ്ങളില്‍ വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കല്‍, നിര്‍ധന കുടുംബങ്ങള്‍ക്കു വൈദ്യുതി എത്തിക്കല്‍, പോഷകാഹാരക്കുറവ് പരിഹരിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ അവര്‍ നിരന്തരം ചെയ്തുവന്നു. കോവിഡ് കാലത്ത് മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും ആശുപത്രികള്‍ക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്കി.
കേള്‍വിയില്ലാത്തവര്‍ക്ക്, പ്രത്യേകിച്ചു കുട്ടികള്‍ക്ക് സഹായമെത്തിക്കാന്‍ അവര്‍ നിരന്തരം പ്രവര്‍ത്തിച്ചു. ‘കേള്‍വിക്കുറവുള്ള കുട്ടികളെ തെരയുന്നത് തുടരുകയാണ് ഞാന്‍. അവര്‍ക്കായി കേള്വിയുപകരണങ്ങളും ബാറ്ററികളും സൗജന്യമായി വിതരണം ചെയ്തുവരുന്നുണ്ട്. ദൈവാനുഗ്രഹത്താല്‍ സൂര്യോദയ ഫൗണ്ടേഷന് എന്ന എന്റെ സ്വന്തം സംരംഭത്തിലൂടെയാണ് ഇതെല്ലാം ചെയ്യുന്നത്.കൂടുതല്‍ സംഘടനകള്‍ ഇതിനായി ഒപ്പം ചേരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിലൂടെ കേള്‍വിക്കു പ്രയാസമുള്ള ഓരോ കുട്ടിയിലേക്കും എനിക്ക് ശബ്ദം എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ’- അനുരാധ പറയുന്നു.
ഇതിനകം ആയിരം കുട്ടികള്‍ക്കു ശ്രവണോപകരണങ്ങള്‍ വിതരണംചെയ്തു. കേള്‍വിക്കുറവുള്ളവരെ സഹായിക്കാനും, ഈ പ്രശ്നത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കാനും അനുരാധ സൈലന്റ് കാവോസ് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം നിര്‍മിച്ചിരുന്നു. മിഹിര്‍ ഉപാധ്യായ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഞായറാഴ്ചയാണ് റിലീസ് ചെയ്തത്. ലോകം കേള്‍ക്കുകയും കാണുകയും ചെയ്യട്ടെ.
ഒരു ദിവസം, 10 ഗാനങ്ങള്‍
കാസറ്റ് രാജാവ് ഗുല്‍ഷന്‍ കുമാറിന്റെ ടി-സീരീസ് കമ്പനിയുടെ ആല്‍ബങ്ങളിലെ സ്ഥിരം ഗായിക അനുരാധയായിരുന്നു. ഒരു നവരാത്രിക്കാലത്ത് ടി-സീരീസിനുവേണ്ടി ഒറ്റ ദിവസം 10 ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്ത ചരിത്രവുമുണ്ട്. പത്തു പാട്ടുകളുടെ സൗണ്ട് ട്രാക്ക് തയാറാണ്.
ഒരു ദിവസംകൊണ്ട് എല്ലാം പാടാന്‍ കഴിയുമോ എന്നായിരുന്നു ഗുല്‍ഷന്‍ കുമാറിന്റെ ചോദ്യം. ശ്രമിക്കാം എന്ന് അനുരാധ മറുപടിയും നല്കി. ഒന്നൊന്നായി പാടിത്തുടങ്ങി. ഒപ്പം മിക്സിംഗ് നടന്നുകൊണ്ടിരുന്നു. കവറുകള്‍ തയാറായി. നോയിഡയില്‍ വച്ചായിരുന്നു റിക്കാര്‍ഡിംഗ്.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒപ്പം നടന്നു. അങ്ങനെ ഒരു ചരിത്രം പിറക്കുകയും ചെയ്തു. ഒരേസമയം ഒരു ലക്ഷം കാസറ്റ്് നിര്‍മിക്കാനുള്ള ശേഷിയുണ്ടായിരുന്നു ടി-സീരീസിന്. വൈകുന്നേരം ആറിന് അനുരാധ റിക്കാര്‍ഡിംഗ് പൂര്‍ത്തിയാക്കി. ഒരു മണിക്കൂറിനകം കാസറ്റ് തയാര്‍. ഫാക്ടറിയുടെ ഗേറ്റില്വച്ചുതന്നെ കാസറ്റുകള്‍ വിറ്റുപോയി എന്നതാണ് യാഥാര്‍ഥ്യം.
ഹരിപ്രസാദ്