ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗരാജന്, കര്‍ണാടക സംഗീതത്തിലെ അതികായന്. ട്രെഡ് മില്‍ ടെസ്റ്റിന്റെ സൂക്ഷ്മതയും ഇരുമ്പിന്റെ കരുത്തുമുണ്ടായിരുന്നു ടിഎംടിയുടെ സംഗീത നിലപാടുകള്‍ക്ക്. അദ്ദേഹത്തിന്റെ 101-ാം ജന്മദിനം ചൊവ്വാഴ്ച...
ശിഷ്യഗണങ്ങള്‍ക്കു മുന്നില്‍ ടി.എം. ത്യാഗരാജന് എന്ന ഗുരുവിന് ഒറ്റ നിര്‍ബന്ധമേയുണ്ടായിരുന്നുള്ളൂ- സ്വരജ്ഞാനം വേണം. അതെങ്ങനെ കിട്ടും? കഠിനാധ്വാനം ചെയ്യണം. വര്‍ണം പാടിക്കൊണ്ടിരിക്കുന്ന ശിഷ്യരോട് നിമിഷാര്ധത്തിലായിരിക്കും നിര്‍ത്താന്‍ പറയുക. ഉടന്‍ ചോദ്യവും വരും- വര്‍ണത്തില്‍ ഇപ്പോള്‍ പാടിനിര്‍ത്തിയ സ്വരം ഏത്? അതു പറയാനുള്ള കഴിവുണ്ടാക്കുകയാണ് ശിഷ്യരുടെ ഉത്തരവാദിത്തം. ഇത്തരം ഇന്‍സ്റ്റന്റ് ടെസ്റ്റുകള്‍ അതേ വേഗത്തില്‍ അറിവു പകരുമെന്നായിരുന്നു ത്യാഗരാജന്റെ പക്ഷം.
ഇത്രയും നിര്‍ബന്ധമുള്ള ഗുരുവിനു ക്ലാസുകളില്‍ മറ്റു കടുംപിടിത്തങ്ങളൊന്നുമില്ല. ചിലപ്പോള്‍ 15 മിനിറ്റുകൊണ്ട് ഒരു ക്ലാസ് തീര്‍ക്കും. ഇഷ്ടവിനോദമായ ശീട്ടാട്ടത്തിന് (ചീട്ടുകളി) ഇരിക്കും. ടിവിയില്‍ ക്രിക്കറ്റ് മാച്ചോ ടെന്നീസ് കളിയോ ഉണ്ടെങ്കില്‍ ആ ആവേശത്തില്‍ ക്ലാസ് പിറ്റേ ദിവസത്തേക്കു മാറ്റിയെന്നും വരും.
ഇതൊന്നും പക്ഷേ സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് എതിരായില്ല. സമയത്തിനും ഭാഷയ്ക്കും മതത്തിനും അതീതമാണ് സംഗീതമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പരീക്ഷണങ്ങള്‍ സംഗീതത്തെ കൊല്ലാക്കൊല ചെയ്യുന്നതാകരുതെന്നു ശഠിച്ചു. സംഗീതം നിങ്ങള്‍ക്കു വേണ്ടിയല്ല, മറിച്ച് നിങ്ങള്‍ സംഗീതത്തിനു വേണ്ടിയുള്ളതാണെന്ന് പിന്തലമുറകളെ ഓര്‍മിപ്പിക്കുകയും ചെയ്തു.
കച്ചേരി കുടുംബം
തഞ്ചാവൂരില്‍ സംഗീത, നൃത്ത പാരമ്പര്യമുള്ള കുടുംബത്തിലാണ് ടി.എം. ത്യാഗരാജന്റെ ജനനം. ബറോഡ സഭകളില്‍ ആസ്ഥാന വിദ്വാന്മാരായിരുന്നു മുത്തച്ഛനും മുതുമുത്തച്ഛനും. തഞ്ചാവൂര്കര് എന്ന കുടുംബപ്പേരുള്ള പിന്മുറക്കാര് ഇന്നും വഡോദരയിലുണ്ട്.
മൃദംഗ വിദ്വാനായിരുന്ന പിതാവ് മഹാലിംഗം പിള്ളയില്‍നിന്നാണ് ത്യാഗരാജന് ആദ്യസ്വരങ്ങള്‍ പഠിച്ചത്. പിന്നീട് സാക്ഷാല്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായതും അദ്ദേഹത്തിനു സ്വന്തം മകനെപ്പോലെയായതും ചരിത്രം.
എട്ടാം വയസില്‍ തിരുവയ്യാറ് സഭയിലായിരുന്നു ത്യാഗരാജന്റെ ആദ്യത്തെ കച്ചേരി. വളരെ സീനിയറായിരുന്ന വിദ്വാന് പുതുക്കോട്ടൈ ദക്ഷിണാമൂര്‍ത്തി പിള്ളയാണ് അന്നു മൃദംഗത്തില്‍ ഒപ്പം. പയ്യന്റെ പ്രകടനത്തില്‍ അദ്ദേഹം അക്ഷരാര്‍ഥത്തില്‍ അന്തംവിട്ടുപോയി. കച്ചേരിയുടെ ഒടുക്കം ത്യാഗരാജനെ കൈകളില്‍ എടുത്തുയര്‍ത്തിയാണ് അദ്ദേഹം അനുഗ്രഹിച്ചത്. എന്തൊരു മോഹനമായ നിമിഷം!
ആദ്യകാലത്ത് പിതാവും സഹോദരന് തമ്പുസ്വാമിയും ത്യാഗരാജന്റെ കച്ചേരികള്‍ക്കു പതിവായി മൃദംഗം വായിക്കുമായിരുന്നു. വയലിനില്‍ ഒപ്പമുണ്ടാകുക മറ്റൊരു സഹോദരന് ബാലസുബ്രഹ്മണ്യനും. അങ്ങനെ കച്ചേരികള്‍ക്കു മിക്കപ്പോഴും ഫാമിലി ടീം അണിനിരന്നു. രണ്ടു സഹോദരങ്ങളും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു.
ഏഴു മക്കളുണ്ടായിട്ടും അവരിലാരെയും നിര്‍ബന്ധിച്ചു സംഗീതരംഗത്തേക്കു കൊണ്ടുവരാന്‍ ത്യാഗരാജന് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയം. സ്വന്തം വഴികള്‍ തെരഞ്ഞെടുക്കാന്‍ അവരെ സ്വതന്ത്രമായി വിടുകയാണ് അദ്ദേഹം ചെയ്തത്.
ടിഎംടി എന്ന പ്രസ്ഥാനം
വായ്പ്പാട്ടുകാരനില്നിന്നു രചയിതാവായും കമ്പോസര്‍ ആയും സ്ഥാപനമേധാവിയായും അനേകരുടെ പ്രിയപ്പെട്ട ഗുരുനാഥനായും ത്യാഗരാജന് സഞ്ചരിച്ചു. സംഗീത പാരമ്പര്യത്തെക്കുറിച്ചും തിയറിയെക്കുറിച്ചും ആഴത്തിലുള്ള അറിവു നേടി. ചെന്നൈയിലെ സര്‍ക്കാര്‍ സംഗീത കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. 81ല്‍ വിരമിച്ച ശേഷം ചെന്നൈ മ്യൂസിക് അക്കാദമിയുടെ സംഗീതാധ്യാപകര്ക്കുള്ള കോളജിന്റെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.
അറിയപ്പെടാത്ത രചയിതാക്കളുടെ അപൂര്‍വമായ കൃതികള്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കാന്‍ ത്യാഗരാജന് പ്രത്യേകം ശ്രദ്ധ ചെലുത്തി. ഇവരില്‍ ചെങ്കല്‍വരായ ശാസ്ത്രി, രാമസ്വാമി ശിവന്, അണ്ണയ്യ തുടങ്ങിയവരും ഉള്‍പ്പെടും. ആണ്ടാളുടെ തിരുപ്പാവൈ, മാണിക്യവാസകരുടെ തിരുവെമ്പാവൈ എന്നിവയ്ക്ക് ഈണമിട്ട് നൊട്ടേഷനുകള്‍ അടക്കം പ്രസിദ്ധീകരിച്ചു. പ്രഗത്ഭരായ ശിഷ്യരുടെ നീണ്ടനിര തന്നെയുണ്ട് ടിഎംടിക്ക്.
ശെമ്മാങ്കുടിയുടെ കീഴില്‍ അഭ്യസിച്ചതിനാല്‍ ഗുരുകുല സമ്പ്രദായത്തിന്റെ ഗുണങ്ങളെയും പോരായ്മകളെയും കുറിച്ച് ടിഎംടിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത്യാവശ്യം പക്വത നേടുംവരെ ശിഷ്യരെ കനപ്പെട്ട രാഗങ്ങള്‍ തലയില്‍ വച്ചുകൊടുത്തു കഷ്ടപ്പെടുത്താറില്ല. പല്ലവിയും അനുപല്ലവിയും തെറ്റുകൂടാതെ പാടിയിട്ടേ ചരണത്തിലേക്കു കടക്കാന്‍ സമ്മതിക്കൂ. കച്ചേരി നടത്തുകയല്ല, സംഗീതം പഠിക്കുക എന്നതായിരിക്കണം ലക്ഷ്യമെന്ന് അദ്ദേഹം ശിഷ്യരെ എക്കാലവും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
അവര്‍ക്കു മുന്നില്‍ ചിട്ടസ്വരങ്ങള്‍ ഏറ്റവും അഴകോടെ വച്ചു. നൊട്ടേഷനുകള്‍ മാറ്റുകയെന്നത് ഒരിക്കലും അംഗീകരിച്ചില്ല. അനുകരിക്കാന്‍ പ്രയാസമുള്ള രീതികളിലൂടെയാണ് അദ്ദേഹം ശിഷ്യരെ അഭ്യസിപ്പിച്ചത്. എങ്കിലും അതെല്ലാം സഫലമായി. ശെമ്മാങ്കുടിയുടെ ശിഷ്യനായിരുന്നിട്ടും സ്വന്തം ബാണി രൂപപ്പെടുത്തി. സംഗീതത്തെ കാലാതീതമാക്കി.
നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം 2007 ജൂണ്‍ 27നായിരുന്നു ടി.എം. ത്യാഗരാജന്റെ അന്ത്യം. സംഗീത കലാനിധി ബഹുമതി, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, സംഗീത ചൂഡാമണി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഹരിപ്രസാദ്