വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
Sunday, May 8, 2022 3:51 AM IST
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്തും ലഹരിക്ക് അടിമപ്പെട്ടും അലഞ്ഞുതിരിയുന്നതിനിടെയാണ് ഇവരിൽ ഏറെപ്പേരും അക്രമത്തിനിരയാവുകയോ അപകടങ്ങളിൽപ്പെടുകയോ ചെയ്തിട്ടുള്ളത്. നാലു പതിറ്റാണ്ടിനിടെ പാതയോരങ്ങളിൽ നിന്ന് കണ്ടെടുത്തവരിൽ പലരും വലിയ പ്രമാണികളും സന്പന്നരുമൊക്കെയായിരുന്നുവെന്ന തിരിച്ചറിവ് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
മുപ്പതു വർഷം മുൻപ് ശബരിമല തീർഥാടനെത്തിയ ഒരാൾ കോട്ടയത്ത് കൂട്ടം തെറ്റി. മാനസികപ്രശ്നങ്ങൾ അലട്ടിയിരുന്ന അദ്ദേഹം സമനില നഷ്ടപ്പെട്ട് നഗരത്തിലൂടെ അക്രമാസക്തനായി ബഹളം വച്ച് ഓടിനടന്നു. കഠിനഹൃദയരായ ആരോ രാത്രിയിൽ അദ്ദേഹത്തെ കുതികാലിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. ചോരവാർന്ന് ബോധരഹിതനായി കിടന്ന ആ വ്യക്തിയെ അക്കാലത്ത് കോട്ടയം മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഞാൻ വാഹനത്തിൽ തിയറ്ററിലെത്തിച്ചു. ബന്ധുക്കളാരും കൂടെയില്ലാത്തവർക്ക് ചികിത്സ നൽകില്ലെന്ന സാഹചര്യം വന്നതോടെ അപരിചിതന്റെ ബന്ധുവായി എഴുതിക്കൊടുത്ത് പരിചരണം നൽകി.
ബോധം വീണ്ടുകിട്ടിയപ്പോൾ അദ്ദേഹം തമിഴിൽ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. എന്നാൽ കൃത്യമായ വിലാസം പറഞ്ഞതുമില്ല. തിരുനക്കര ക്ഷേത്രത്തിലെത്തി ഞാൻ അയ്യപ്പസേവാ സംഘം ഭാരവാഹികളുടെ സഹായം തേടുകയും അവർ വാർത്ത തമിഴ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ആ വ്യക്തിയെ അന്വേഷിച്ച് കോയന്പത്തൂരിൽനിന്നും ബന്ധുക്കളെത്തി. ഇന്ത്യൻ പാർലമെന്റിൽ ഉന്നത പദവി വഹിച്ചിട്ടുള്ള റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു മരണാസന്നനായി കിടന്നിരുന്ന ആ വ്യക്തി. അദ്ദേഹത്തെ ബന്ധുക്കൾക്കൊപ്പം ട്രെയിനിൽ മടക്കി അയച്ചു.
സമാനമായ മറ്റൊരു സംഭവം കുറിക്കട്ടെ. കോട്ടയം നഗരത്തിൽ തലയ്ക്കു പിന്നിൽ വെട്ടേറ്റ് ഗുരുതര നിലയിൽ ഒരാളെ കണ്ടെത്തി. മെഡിക്കൽ കോളജിലെത്തിച്ചു ചികിത്സ നൽകി ബോധം വീണ്ടെടുത്തതോടെ എന്തു ചോദിച്ചാലും കൊല്ലം, കൊല്ലം എന്ന് അദ്ദേഹം തുടരെ പറഞ്ഞുകൊണ്ടിരുന്നു. വാർത്ത കൊടുത്തതോടെ കൊല്ലത്തുനിന്നും ബന്ധുക്കളുടെ വിളിയെത്തി. വെട്ടേറ്റു കിടന്നയാൾ സിംഗപ്പൂർ ഹൈമ്മീഷണറേറ്റിൽ ഒന്നാം പദവി അലങ്കരിച്ചിരുന്ന പ്രമുഖനായിരുന്നു. ഒപ്പം പ്രശസ്തമായ ഒരു ആശുപത്രിയുടെ ഉടമയും. ഡോക്ടറായ മരുമകൻ അദ്ദേഹത്ത വീട്ടിലേക്കു തിരികെ കൊണ്ടുപോയി.
കുമരകം സന്ദർശിക്കാനെത്തിയ ആ നയതന്ത്രജ്ഞൻ മദ്യപിച്ച് ലക്കുകെട്ട് കിടന്നവേളയിൽ അക്രമികൾ പരിക്കേൽപ്പിച്ച് പണവും രേഖകളും ഉൾപ്പെടെ ബാഗ് മോഷ്ടിക്കുകയായിരുന്നു.
മനസിന്റെ വഴിതെറ്റലുകൾ പലരുടെയും ജീവിതങ്ങളെ അനാഥമായ പെരുവഴിയിലാക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസവും പദവികളും ആർജിക്കുന്നതിൽ മാത്രം ഒരാള്ക്കും ജീവിതം സന്തോഷകരമാവില്ല. ജീവിക്കുന്ന സാഹചര്യവും ഇടപെടുന്ന സമൂഹവും വ്യക്തി ജീവിതത്തിൽ പ്രധാനമാണ്.
ജോലിയിൽ സത്യസന്ധത പുലർത്തുന്ന ഉദ്യോഗസ്ഥൻ ഉന്നതരുടെ സമ്മർദങ്ങൾക്കു വിധേയനാകേണ്ടിവന്നാൽ മനസ് തകർന്നുപോകുമെന്ന ബോധ്യം ഇത്തരം സംഭവങ്ങൾ എന്നെ പഠിപ്പിച്ചു. ജോലി ഭാരമാകുന്പോൾ രാജിവയ്ക്കാൻപോലും നിർബന്ധിതരായേക്കാം. വ്യക്തി ജീവിതത്തിലെ തകർച്ചയിൽ ലഹരിക്ക് അടിമപ്പെട്ട ഉന്നതന്റെ അവസ്ഥാന്തരം വേറെയും വസ്തുതകൾ പഠിപ്പിക്കുന്നു. ഉന്നത നിലകളിൽ എത്തിയാലും പണം സന്പാദിച്ചാലും പദവികൾ അലങ്കരിച്ചാലും സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടാൽ ജീവിതത്തിന് അർത്ഥമില്ല.
ഒരു പക്ഷെ, ഭാര്യയും മക്കളും മരുമക്കളും പുലർത്തുന്ന അവഗണനയോ വീഴ്ചകളോ ആവാം ഇത്തരം ഒളിച്ചോട്ടങ്ങൾക്കും ഉൗരുചുറ്റലുകൾക്കും കാരണമാവുക. കുടുംബ ഭദ്രത തകന്ന വ്യക്തിയുടെ ജീവിതം അടിത്തറ ഇളകിയ വീടിനു സമാനമാണ്. വ്യക്തിജീവിത്തിൽ ഇടർച്ച സംഭവിക്കുന്നവർ ഏതു ജീവിതാന്തസിൽ കഴിഞ്ഞാലും ആധ്യാത്മികമായും ധാർമികമായും തകരും. ഒരുപാട് സംഘർഷങ്ങൾക്കും വെല്ലുവിളികൾക്കും മത്സരങ്ങൾക്കും നടുവിലാണ് ഇക്കാലത്ത് ഏറെപ്പേരുടെയും ജീവിതം. നേരിന്റെയും നെറിവിന്റെയും പക്ഷം ചേരാൻ ആഗ്രഹിക്കുന്നവരെപ്പോലും ബാഹ്യശക്തികൾ പിന്തിരിക്കുകയോ തകർക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകാം. എത്ര വലിയ പ്രതിസന്ധികളുണ്ടായാലും ദൈവാശ്രയത്തിൽ ഉറച്ചുനിന്ന് പ്രാർഥനയിൽ ശക്തിതേടുകയെന്നതാണ് പിടിച്ചുനിൽക്കാനുള്ള പോംവഴി. വ്യക്തികളുടെയും കുടുംബങ്ങളുടെയും കെട്ടുറപ്പാണ് ജീവിത ഭദ്രതയുടെയും സന്തോഷത്തിന്റെയും അടിസ്ഥാനം. അതിന് ധാർമികബോധത്തിന്റെ അടിത്തറ കൂടിയേ തീരൂ.
പി.യു. തോമസ്, നവജീവൻ